കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി
text_fieldsതദ്ദേശഭരണ തെരഞ്ഞെടുപ്പു ഫലങ്ങളോട് ഓരോ പാർട്ടിയുടെയും പ്രതികരണങ്ങൾ പുറത്തുവന്നുകഴിഞ്ഞു. 2015നേക്കാൾ ഇടതുപക്ഷത്തിന് നല്ല മുന്നേറ്റമുണ്ടായി. യു.ഡി.എഫ് കൂടുതൽ ദുർബലപ്പെട്ടു. അതിെൻറ ബഹുജനാടിത്തറയിൽ ചോർച്ചയുണ്ടായി. മധ്യകേരളത്തിൽ മാണി കേരള കോൺഗ്രസ് കൂടി ഉൾപ്പെട്ട ഇടതുപക്ഷം കോൺഗ്രസ്കോട്ടകളിൽ പരാജയം ഉറപ്പിച്ചു.
ഫലപ്രഖ്യാപനത്തിനുശേഷമുള്ള വോട്ടിങ്ങിലെ രാഷ്ട്രീയ പ്രാതിനിധ്യമല്ല ഇവിടെ ചർച്ചചെയ്യുന്നത്. തെരഞ്ഞെടുപ്പ് രംഗത്ത് കാണാൻ കഴിഞ്ഞ ചില പ്രത്യേക പ്രവണതകളെക്കുറിച്ചാണ് ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫ് കോൺഗ്രസിന്‍റെയും ലീഗിന്‍റെയും മാത്രം മുന്നണിയായി ചുരുങ്ങി. മാത്രമല്ല, കോൺഗ്രസിന്‍റെ മേൽ ലീഗ് കൂടുതൽ ആധിപത്യം ഉറപ്പിക്കുന്നതാണ് കാണാൻ കഴിയുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ കോൺഗ്രസിന്‍റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന പല കോൺഗ്രസുകാരുമായും ചർച്ചചെയ്യാൻ അവസരം ലഭിച്ചു.
സ്വാതന്ത്ര്യത്തിനുശേഷം ഗാന്ധി-നെഹ്റു പാരമ്പര്യത്തിൽ അഭിരമിച്ചാണ് കോൺഗ്രസുകാർ പ്രവർത്തിച്ചത്. അതോടൊപ്പം അധികാരത്തിെൻറ തണലിലും. കേന്ദ്രവും സംസ്ഥാനങ്ങളും കോൺഗ്രസ്തന്നെ ഭരിച്ച കാലമായിരുന്നു അധികം. എന്നാൽ, 1957ൽ കേരളത്തിലും 1967ൽ ഇന്ത്യയിലെ ഒമ്പതു സംസ്ഥാനങ്ങളിലും കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. അപ്പോെഴല്ലാം കേന്ദ്രാധികാരം കോൺഗ്രസിന്‍റ കൈയിൽതന്നെ. എന്നാൽ, ഈ അധികാരത്തുടർച്ചക്ക് 30ാം വർഷം, 1977ൽ, തിരശ്ശീല വീണു. അഖിലേന്ത്യതലത്തിൽ കോൺഗ്രസ് തകർച്ചയുടെ പടവുകൾ ഇറങ്ങുന്നതാണ് കണ്ടത്. ഇപ്പോഴാവട്ടെ, സംസ്ഥാനങ്ങളിൽപോലും കോൺഗ്രസ് ഗവൺമെൻറുകൾ താഴെ വീഴുകയും പകരം ബി.ജെ.പി അധികാരത്തിൽ വരുകയും ചെയ്തു.
കോൺഗ്രസിനെ തോൽപിച്ച് 1977ൽ ജനതപാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നു. എന്നാൽ, ആ തകർച്ചയിൽനിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കോൺഗ്രസിനായില്ല. ഇന്നിപ്പോൾ ബി.ജെ.പിയുടെ കൈയിൽ കേന്ദ്രാധികാരം ആറു വർഷമായി തുടരുകയാണ്. ഭരണത്തിൽനിന്നുള്ള നിഷ്കാസനം കോൺഗ്രസിെൻറ ബഹുജനാടിത്തറയിൽ ശോഷിപ്പ് ഉണ്ടാക്കി. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്കാണ് ഇതര സംസ്ഥാനങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്. മാത്രമല്ല, സുപ്രധാന നയപ്രശ്നങ്ങളിൽപോലും കോൺഗ്രസിന് വ്യക്തമായ നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല. പലപ്പോഴും അവസരവാദപരമായ നിലപാടാണ് കോൺഗ്രസ് കൈക്കൊള്ളുന്നത്. ഇതിൻഫലമായി ആശയപരമായ വൻ പ്രതിസന്ധിയിലാണ് കോൺഗ്രസിലെ അണികളും നേതാക്കളും.
സംഘ്പരിവാറാവട്ടെ, ആശയപരമായി പ്രതിസന്ധിയിലായ കോൺഗ്രസിനെ കൂടുതൽ ദുർബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമത്തിലുമാണ്. അഖിലേന്ത്യ കോൺഗ്രസ് നേതൃത്വത്തിലെ 23 പേർ ഒപ്പിട്ട ഭിന്നാഭിപ്രായക്കുറിപ്പിെൻറ പശ്ചാത്തലം ഇതാണ്. കൂട്ടത്തിൽ പ്രബലനായ കപിൽ സിബൽ കൃത്യമായി പറഞ്ഞുവെച്ചു: ഇന്നത്തെ കോൺഗ്രസിന് ഒരു ബദൽശക്തിയാവാൻ കഴിയുന്നില്ല.
ഈ നിലപാടില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് കേരളത്തിലെ കോൺഗ്രസിനകത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ദേശീയ പ്രസ്ഥാനത്തിെൻറ കാലം മുതൽ കോൺഗ്രസിനുള്ളിൽ ഇടതുപക്ഷത്തിനെതിരായി കോൺഗ്രസിലെ വലതുപക്ഷം ശക്തമായ ഏറ്റുമുട്ടൽ നടത്തിയിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായി ആശയ-രാഷ്ട്രീയപ്രചാരണവും പ്രവർത്തനവും നടത്തിയാണ് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ചരിച്ചത്. അതേ വാർപ്പുമാതൃകയാണ് ഇപ്പോഴും പിന്തുടരുന്നത്. എന്നാൽ, ദേശീയരാഷ്ട്രീയം അതിവേഗം മാറി. അഖിലേന്ത്യതലത്തിൽ പാർലമെൻറിന് അകത്തും പുറത്തും ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണാൻ പറ്റാത്ത സാഹചര്യം രൂപപ്പെട്ടു. അതേസമയം, സംഘ്പരിവാർ ആവട്ടെ, ന്യൂനപക്ഷവിരുദ്ധ വികാരം ശക്തിപ്പെടുത്തി ബഹുജനാടിത്തറ വിപുലമാക്കുകയും ഇടതുപക്ഷത്തെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. കോൺഗ്രസിനെ അതിവേഗം കീഴ്പ്പെടുത്താമെന്ന് സംഘ്പരിവാർ കണക്കുകൂട്ടുന്നു. ഇടതുപക്ഷമാണ് ആശയപരമായ ഉറച്ച നിലപാടോടെ ഫാഷിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസിനെ ചെറുക്കുന്നത്. ത്രിപുരയിലെ ഇടതുപക്ഷ സർക്കാറിനെ തകർത്തശേഷം അടുത്ത ലക്ഷ്യം കേരളമാണെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചു. ഇതിെൻറ ഭാഗമായി കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെ അസ്ഥിരീകരിക്കാനുള്ള പദ്ധതികൾ സംഘ്പരിവാർ ആവിഷ്കരിച്ചു. ഇത്തരം പദ്ധതികൾ വിജയിച്ചാൽ അതിെൻറ നേട്ടം തങ്ങൾക്കായിരിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.
കോൺഗ്രസിെൻറ പ്രഖ്യാപിതനിലപാടുകളിൽ വെള്ളംചേർക്കാൻ ഒരു വിഭാഗം നേതാക്കൾക്ക് ഒരു മടിയുമില്ല. 2020 ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി മോദി രാമക്ഷേത്രത്തിന് ശിലയിടുന്ന ചടങ്ങിൽ തങ്ങളെക്കൂടി പെങ്കടുപ്പിക്കേണ്ടിയിരുന്നു എന്ന ചില കോൺഗ്രസ് നേതാക്കളുടെ അഭിപ്രായപ്രകടനം ആശയപാപ്പരത്വത്തിെൻറ ആഴം ബോധ്യപ്പെടുത്തുന്നു. സാധാരണ കോൺഗ്രസുകാരിൽ അടിച്ചേൽപിച്ച കമ്യൂണിസ്റ്റ്-ഇടതുപക്ഷവിരുദ്ധ ജ്വരം കേരളത്തിലെ കോൺഗ്രസിലെ ഒരു വിഭാഗത്തെ സംഘ്പരിവാർ കൂടാരത്തിൽ എത്തിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനെതിരെ ആയിരം നാവുകൾകൊണ്ട് സംസാരിക്കുകയും സംഘ്പരിവാറിനെതിരെ ഒന്നും സംസാരിക്കാതിരിക്കുകയും ചെയ്യുക അത്തരം നേതാക്കളുടെ ശീലമായിത്തീർന്നിട്ടുണ്ട്. ഇതിൻഫലമായി കോൺഗ്രസ് അണികളും സംഘ്പരിവാറും തമ്മിലുള്ള അടുപ്പം കുറെക്കൂടി ശക്തിപ്പെട്ടിരിക്കുകയാണ്. ഈ ഐക്യത്തിെൻറ പാരമ്യമാണ് ശബരിമല സംരക്ഷണപ്രക്ഷോഭത്തിൽ കണ്ടത്. ആർ.എസ്.എസും എൻ.എസ്.എസും ചേർന്നുനടത്തിയ ആചാരസംരക്ഷണ പ്രക്ഷോഭത്തിൽ കോൺഗ്രസ് കൂടി പങ്കുചേർന്നു. ഇത് ലോക്സഭ തെരഞ്ഞെടുപ്പിൽ തങ്ങളെ വലിയതോതിൽ സഹായിച്ചുവെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ, അതോടെ സംഘ്പരിവാറുമായി പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് ഗാഢബന്ധമായി. ഇത് കേരളത്തിലെ ലോക്സഭ സീറ്റുകളിൽ കോൺഗ്രസിന് വിജയം സമ്മാനിച്ചെങ്കിലും ഒരു സ്വയംസേവകെൻറ മനസ്സ് പടിപടിയായി സാധാരണ കോൺഗ്രസ് പ്രവർത്തകരിൽ അങ്കുരിപ്പിക്കാനാണ് ഇടയായത്.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, ബി.ജെ.പി അന്തർധാര പലയിടത്തും പ്രകടമായി. എന്നാൽ, ഇത് ഒരു വിഭാഗം കോൺഗ്രസ് അണികളെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. ബി.ജെ.പിക്ക് സീറ്റ് ലഭിച്ച ഒരു നഗരസഭ വാർഡിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിക്കു കിട്ടിയ വോട്ട് 17. ആ വാർഡിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 65 വോട്ട് കൈപ്പത്തി ചിഹ്നത്തിൽ ലഭിച്ചിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥിയെ മൂന്നു വോട്ടിന് പരാജയപ്പെടുത്താൻ കഴിഞ്ഞത് ബി.ജെ.പി-കോൺഗ്രസ് അന്തർധാരയുടെ ഫലം. മറ്റൊരു പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 285 വോട്ട് കിട്ടിയ യു.ഡി.എഫ് ഇത്തവണ ആ വാർഡ് വെൽഫെയർ പാർട്ടിക്ക് നൽകി. അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചതിനേക്കാൾ ഇത്തവണ 120 വോട്ട് വർധിച്ചു. അതിലേറെയും കോൺഗ്രസ് വോട്ടുകളാണെന്ന് വ്യക്തം. വെൽഫെയർ ബന്ധത്തിൽ എതിർപ്പുള്ള കോൺഗ്രസുകാർ താമരക്ക് വോട്ടുകുത്തി. അവിടെ എൽ.ഡി.എഫ് വിജയിച്ചു.
നിലപാടില്ലായ്മ താഴെതലത്തിലെ കോൺഗ്രസുകാരെ ബി.ജെ.പിയുടെ അണികളിലേക്കാണ് എത്തിക്കുന്നത്. ഈ തെരഞ്ഞെടുപ്പ്ഫലത്തിൽ അതാണ് കാണാൻ കഴിയുന്നത്. ശബരിമല വിഷയത്തിൽ സംഘ്പരിവാർ അനുകൂല നിലപാടെടുത്ത് വോട്ടർമാരെ തങ്ങൾക്ക് അനുകൂലമായി മാറ്റിയെങ്കിൽ എൽ.ഡി.എഫ് സർക്കാറിനെതിരെ ബി.ജെ.പിക്കൊപ്പം തെരുവുകലാപം നടത്തിയ യു.ഡി.എഫിന് നഷ്ടക്കച്ചവടമാണ് ഉണ്ടായത്. ഇടതുപക്ഷത്തിനെതിരെ പൊരുതാനുള്ള സഖ്യശക്തിയായി സംഘ്പരിവാറിനെ ഒരു വിഭാഗം കോൺഗ്രസുകാർ കണക്കാക്കുന്നു. മുച്ചീട്ടുകളിക്കാരെൻറ മുന്നിൽ പണം വെച്ചാൽ ആദ്യം നാലിരട്ടി നേട്ടം! പിന്നീട് കീശയിലെ പണം കാലിയാകും. ഈ അനുഭവമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായത്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തിരിച്ചടിക്ക് വെൽഫെയർ ബന്ധവും ഇടയായി. ഇൗ തെരഞ്ഞെടുപ്പ് ധാരണ അഖിലേന്ത്യ നേതൃത്വത്തിന് സമ്മതിക്കാൻ കഴിയില്ല. അതേസമയം, കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് തള്ളിപ്പറയാനും വയ്യ. ഈ ആശയക്കുഴപ്പത്തിനിടയിലാണ് ലീഗ് നേതൃയോഗം ചേർന്ന് മുല്ലപ്പള്ളിക്കെതിരായ പടനീക്കത്തിന് തീരുമാനിച്ചത്. കോൺഗ്രസ് ദുർബലമായ സാഹചര്യത്തിലാണ് ലീഗിെൻറ കുതിരകയറ്റം! ബാബരി മസ്ജിദ് തകർന്നപ്പോൾപോലും കോൺഗ്രസ് നേതൃത്വത്തിനെതിരെ നീങ്ങാത്ത ലീഗ് നേതൃത്വം ഇപ്പോൾ കാണിക്കുന്ന ധൈര്യം കോൺഗ്രസിെൻറ ദുർബലാവസ്ഥ തിരിച്ചറിഞ്ഞാണ്.
ചുരുക്കത്തിൽ, കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം വലിയ പ്രതിസന്ധിയെ നേരിടുകയാണ്. മതനിരപേക്ഷതയുടെ കാര്യത്തിൽ ഉറച്ച നിലപാടെടുത്തും വർഗീയ തീവ്രവാദശക്തികളുമായുള്ള ബന്ധം അവസാനിപ്പിച്ചും മാത്രമേ മുന്നോട്ടുപോകാനാവൂ എന്ന തിരിച്ചറിവ് അണികളിൽ പ്രബലമായുണ്ട്. ഈ അണികളുടെ വികാരവിചാരങ്ങൾക്കൊപ്പം നിൽക്കണമെങ്കിൽ നിലവിലെ നിലപാടുകൾ നേതൃത്വം തിരുത്തണം. അതുണ്ടാകുമോ എന്നാണ് മതനിരപേക്ഷ കേരളം ഉറ്റുനോക്കുന്നത്.l

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.