സർഗാത്മക പ്രതിപക്ഷത്തിൻെറ നാളുകൾ
text_fieldsനൂറു ദിവസം പിന്നിടുന്ന പിണറായി സർക്കാർ തുടർച്ചയായി ലഭിച്ച ജനവിധി എന്തു ജനവിരുദ്ധ സമീപനം തുടരാനുമുള്ള ലൈസൻസായാണ് കാണുന്നത്. കോവിഡ് നിയന്ത്രണത്തിൽ സർക്കാർ അേമ്പ പരാജയമാണ്. ജനദുരിതം പഠിക്കാൻ കോവിഡ് ദുരന്തനിവാരണ കമീഷൻ രൂപവത്കരിക്കണമെന്ന പ്രതിപക്ഷ നിർദേശത്തോടും അസഹിഷ്ണുതയാണ് പ്രകടിപ്പിച്ചത്. അതിനിടയിലാണ് സർക്കാർ ആശുപത്രിയിലെ കോവിഡാനന്തര ചികിത്സക്ക് പണം നൽകണമെന്ന ഉത്തരവ്. സുപ്രീംകോടതി നിർദേശ പ്രകാരം കേന്ദ്രം നൽകേണ്ട നഷ്ടപരിഹാരം, മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപ്പെടാതിരിക്കാനാണ് കോവിഡ് മരണക്കണക്ക് ശരിയാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ സർക്കാർ ഒഴിഞ്ഞുമാറുന്നു.
കോവിഡ് രണ്ടാം തരംഗത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായവർക്കായി വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല. ആയിരക്കണക്കിന് ജപ്തി നോട്ടിസുകളാണ് വീടുകളിലേക്കെത്തുന്നത്. ജീവിതമാർഗം വഴിമുട്ടി 65 ദിവസത്തിനിടെ 35 പേർ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്. മഹാമാരിക്കാലത്ത് അന്നം തേടി ഇറങ്ങുന്നവരെ കൊള്ളയടിച്ച് ഖജനാവ് നിറക്കണമെന്ന നിർദേശമാണ് പൊലീസിന് സർക്കാർ നൽകിയിരിക്കുന്നത്. അട്ടപ്പാടി ഊരുമൂപ്പനെയും മകനെയും പൊലീസ് ക്രൂരമായി മർദിച്ചത് ഇത്തരം ജനവിഭാഗങ്ങളോട് സർക്കാറിന് എത്രത്തോളം കരുതലുണ്ടെന്നതിനു തെളിവാണ്. ഭരണകക്ഷിയുമായി ബന്ധമുള്ള ഭൂമാഫിയക്കു വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് ആക്ഷേപം.
കേരളം കണ്ട ഏറ്റവും വലിയ മരംകൊള്ളയാണ് വയനാട് മുട്ടിലിൽ നടന്നത്. കൊള്ളക്ക് വഴിവെച്ച വിവാദ റവന്യൂ ഉത്തരവ് മാത്രം മതി വേരുകൾ ഏതറ്റം വരെ നീളുന്നുവെന്ന് മനസ്സിലാക്കാൻ. സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽപെടുത്താൻ ശ്രമിച്ചവരെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിക്ക്. കണ്ണൂർ ചക്കരക്കല്ലിൽ വനം മാഫിയക്കെതിരെ മൊഴി നൽകിയ യുവാവിനെ കൊലപ്പെടുത്തി കനാലിലെറിഞ്ഞ സംഭവവും ഭരണകൂടം ആർക്കൊപ്പമെന്നതിെൻറ ദൃഷ്ടാന്തമാണ്. പാർശ്വവത്കൃത വിഭാഗങ്ങളിലെ കുട്ടികൾ ഇപ്പോഴും ഓൺലൈൻ അധ്യയനത്തിന് പുറത്താണ്. അവർ അനുഭവിക്കുന്ന ദുരവസ്ഥക്ക് പരിഹാരം കണ്ടെത്താൻ ഭരണകൂടത്തിന് സാധിച്ചില്ലെന്ന യാഥാർഥ്യമാണ് കണ്ണൂർ കണ്ണവം വനമേഖലയിൽ മൊബൈലിൽ റേഞ്ചില്ലാത്തതിനാൽ പഠനാവശ്യത്തിന് മരത്തിനു മുകളിൽ കയറിയ വിദ്യാർഥി താഴെ വീണ് ഗുരുതര പരിക്കേറ്റ സംഭവം വെളിപ്പെടുത്തുന്നത്.
കോഴിക്കോട് രാമനാട്ടുകരയിൽ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സ്വർണക്കടത്ത് മാഫിയകൾക്കു ബന്ധമുണ്ടെന്ന വാർത്ത പുറത്തു വന്നതോടെയാണ് ഭരണകക്ഷിയുടെ സൈബർ പോരാളിയായ അർജുൻ ആയങ്കി അറസ്റ്റിലാകുന്നത്. സ്വർണക്കടത്തു സംഘത്തിന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ സഹായം നൽകിയെന്നും ഇയാൾ കസ്റ്റംസിനു മൊഴി നൽകി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ ജയിലിലിരുന്നുകൊണ്ട് ക്വട്ടേഷൻ നടപ്പാക്കുന്നതെങ്ങനെയെന്നു വിശദീകരിക്കാൻ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.
ഏറെ കോളിളക്കമുണ്ടാക്കിയ കൊടകര കുഴൽപണ കേസിൽ ബി.ജെ.പി നേതാക്കൾ പ്രതികളാകില്ലെന്നാണ് മാധ്യമ റിപ്പോർട്ട്. ഇത് കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിെല ധാരണയുടെ ഫലമാണ്. നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നിർദേശിച്ച വി. ശിവൻകുട്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ തയാറാകാത്തത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. യുവതിയെ കടന്നുപിടിച്ച കേസിൽ പരാതിക്കാരിയുടെ പിതാവിനെ വിളിച്ച് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട മന്ത്രി ശശീന്ദ്രൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനവും ഇരയെ ഭീഷണിപ്പെടുത്തലുമാണ്.
പെരിയ ഇരട്ടക്കൊലപാതകം, ഷുഹൈബ് വധം കേസുകളിലുൾപ്പെടെ പാർട്ടി നേതാക്കളോ ബന്ധുക്കളോ ഉൾപ്പെട്ട കേസുകളിലെ പ്രതികളെ രക്ഷിച്ചെടുക്കാൻ ശ്രമിച്ച് 19 കോടി രൂപയാണ് പിണറായി സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചത്.
മനഃസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ സംഭവമാണ് വണ്ടിപ്പെരിയാറിൽ മൂന്നുവർഷത്തോളം പീഡനത്തിന് ഇരയാക്കിയശേഷം ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന കേസ്. ഭരണകക്ഷിയുടെ പ്രാദേശിക നേതാവാണ് പ്രതിപ്പട്ടികയിൽ. വാളയാർ കേസിലുണ്ടായ അട്ടിമറി വണ്ടിപ്പെരിയാറിൽ ഉണ്ടാകരുതെന്ന് പ്രതിപക്ഷം വീണ്ടും ആവശ്യപ്പെടുന്നു. ആഗസ്റ്റ് നാലിന് 500ഓളം പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് അവസാനിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് സമരംചെയ്ത ഉദ്യോഗാർഥികൾക്ക് സർക്കാർ നൽകിയ ഉറപ്പ് പിന്നീട് പാലിച്ചില്ല. സമരം ചെയ്ത ഉദ്യോഗാർഥികളോട് ശത്രുതാ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്.
പ്രളയകാലത്ത് ആയിരക്കണക്കിന് പേരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാറിനുണ്ട്. അശാസ്ത്രീയ നിർമാണങ്ങളെ തുടർന്ന് തിരുവനന്തപുരം അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ആറു വർഷത്തിനിടെ 60 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. വിഷയം അടൂർ പ്രകാശ് എം.പി കേന്ദ്രത്തിെൻറ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഒരു പ്രശ്നവും ഇല്ലെന്നതരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് സംസ്ഥാന സർക്കാർ നൽകിയത്.
കുട്ടനാടിനെ സഹായിക്കാനെന്ന പേരിൽ തോട്ടപ്പള്ളി സ്പിൽ വേയിൽ മണ്ണുനീക്കലല്ല കരിമണൽ ഖനനമാണ് നടക്കുന്നത്.കഴിഞ്ഞ നൂറു ദിവസവും പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും തിരുത്തൽ ശക്തിയായിരുന്നു. സർഗാത്മക പ്രതിപക്ഷമെന്നത് പ്രവൃത്തിയിലൂടെ തെളിയിക്കുകയായിരുന്നു ഞങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.