വരാനിരിക്കുന്നത് വ്യവസായ കുതിപ്പിന്റെ നാളുകൾ
text_fieldsവ്യവസായം, മൈനിങ്, നിയമം,കയർ, കശുവണ്ടി, പ്ലാേൻറഷൻ തുടങ്ങി സുപ്രധാന വകുപ്പുകൾ വഹിക്കുന്ന മന്ത്രി പി. രാജീവിന് ഓരോ മേഖലയുെടയും വികസനം സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടുണ്ട്. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ മേഖലയിലെ വിദഗ്ധരും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പദ്ധതികൾ തയാറാക്കുന്ന തിരക്കിലാണ് മന്ത്രി. തെൻറ ചുമതലയിലുള്ള വകുപ്പുകളിൽ അടിയന്തരമായി െചയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതികളും നടപടികളും മന്ത്രി വ്യക്തമാക്കുന്നു.
വ്യവസായ നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനമാണ് തുടക്കം മുതൽ ലക്ഷ്യമിടുന്നത്. ഒരുവർഷത്തിനകം ആദ്യ 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ എത്തിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. പുതിയ വ്യവസായങ്ങൾ തുടങ്ങുേമ്പാൾ സംരംഭകർ നേരിടേണ്ടിവരുന്ന തടസ്സങ്ങൾ കുറക്കുകയാണ് ആദ്യശ്രമം. ഇതിെൻറ ഭാഗമായി വ്യവസായ സംരംഭങ്ങൾക്കുള്ള തടസ്സങ്ങൾ എത്രയും വേഗം പരിഹരിക്കുന്ന സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിന് രൂപം കൊടുക്കാൻ ആദ്യ കാബിനറ്റ് യോഗത്തിൽതന്നെ തീരുമാനമായി. വ്യവസായ വകുപ്പിെൻറയടക്കം നടപടികൾ പൂർത്തിയായാലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിെൻറയും മറ്റ് വകുപ്പുകളുെടയും അനുമതി ലഭിക്കാത്ത അവസ്ഥ പരാതിയായി വരുന്നുണ്ട്. ഇത്തരം ഓരോ വകുപ്പുമായി ബന്ധപ്പെട്ട പരാതികളുമായി വ്യവസായ സംരംഭകന് സ്റ്റാറ്റ്യൂട്ടറി സംവിധാനത്തെ സമീപിക്കാം. അവർ വിഷയം പരിഗണിച്ച് നിയമാനുസൃതം പ്രശ്നപരിഹാരമുണ്ടാക്കി എത്രയും വേഗം വ്യവസായം തുടങ്ങാനുള്ള സാഹചര്യം ഒരുക്കും. വ്യവസായ സംരംഭകത്വ മേഖലയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന സ്റ്റാറ്റ്യൂട്ടറി സംവിധാനം സംബന്ധിച്ച് ഒരുമാസത്തിനകം നിയമം കൊണ്ടുവരും.
പൊതുമേഖല സ്ഥാപനങ്ങൾക്ക് മാസ്റ്റർപ്ലാൻ
ഓരോ പൊതുമേഖല സ്ഥാപനത്തിെൻറയും പ്രശ്നങ്ങൾ പ്രത്യേകം വിലയിരുത്തി ഓരോന്നിനും പ്രത്യേക മാസ്റ്റർപ്ലാനുകൾ നടപ്പാക്കും. ഇതിെൻറ ഭാഗമായി പൊതുമേഖല സ്ഥാപന മേധാവികളെ പെങ്കടുപ്പിച്ചുള്ള ആദ്യ യോഗം ബുധനാഴ്ച നടക്കും. ൈവദ്യുതി പ്രധാന അസംസൃത വസ്തുവായ വ്യവസായശാലകളുമായി ബന്ധപ്പെട്ട് നിലവിൽ വലിയ പ്രശ്നങ്ങളില്ല. വൈദ്യുതി ലഭ്യതയോ അതുമായി ബന്ധപ്പെട്ട പരാതികളോ പരിഗണനയിലുമില്ല. റബർ അധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിന് കൊച്ചി വിമാനത്താവളം മാതൃകയിൽ രൂപവത്കരിച്ച കേരള റബർ ലിമിറ്റഡ് പ്രവർത്തനം എത്രയും വേഗം തുടങ്ങാനുള്ള നടപടി ആരംഭിക്കും. സംസ്ഥാന സർക്കാർ എറ്റെടുത്ത എച്ച്.എൻ.എലിെൻറ ഭൂമി പദ്ധതിക്കുവേണ്ടി വിനിയോഗിക്കാനുള്ള നടപടികൾക്കും ആക്കം കൂട്ടും. നേരേത്തതന്നെ പ്രഖ്യാപിക്കപ്പെട്ട പദ്ധതി കൂടുതൽ ഊർജിതപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ ക്ലസ്റ്റർ രൂപവത്കരണം ലക്ഷ്യമിടുന്ന പെട്രോകെമിക്കൽ കോംപ്ലക്സ് പദ്ധതി വിലയിരുത്താൻ കെ.എസ്.ഇ.ബി, വ്യവസായ വകുപ്പ്, വാട്ടർ അതോറിറ്റി, കലക്ടർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവരെകൂടി പങ്കെടുപ്പിച്ച് ചൊവ്വാഴ്ച യോഗം നടത്തുന്നുണ്ട്.
ചെറുകിട വ്യവസായങ്ങളോടുള്ള സമീപനം
ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുക. നിലവിലെ ഇത്തരം സംരംഭങ്ങളുടെ അവസ്ഥ പഠിച്ച് റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം പഠിച്ചശേഷം ആവശ്യമായ ഉത്തേജന നടപടികൾ സ്വീകരിക്കും. 10 വർഷംകൊണ്ട് മൂന്ന് ലക്ഷം ചെറുകിട വ്യവസായങ്ങളും ആറ് ലക്ഷം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇലക്ട്രോണിക് ഹാർഡ്വെയർ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് തീരുമാനം. കെൽട്രോൺ പുനരുജ്ജീവന പദ്ധതി ഉൗർജിതപ്പെടുത്തുന്നതിനൊപ്പം ഇലക്ട്രോണിക് ഹാർഡ്വെയർ മേഖലയിൽ സ്ഥാപനത്തിെൻറ സേവനം കൂടുതൽ ഉപയോഗപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക് എത്രയും വേഗം പൂർത്തീകരിക്കാൻ ശ്രമിക്കും. കോവിഡുകാലം പരിഗണിച്ച് ചെറുകിട സംരംഭങ്ങൾക്ക് കൂടുതൽ ആശ്വാസ പദ്ധതികൾ നടപ്പാക്കും. ഇലക്ട്രിക് വാഹന നിർമാണത്തിന് സംസ്ഥാനത്ത് കൂടുതൽ ഊന്നൽ നൽകാൻ പദ്ധതിയുണ്ട്.
പരമ്പരാഗത, കാർഷികോൽപന്ന വ്യവസായങ്ങൾ
സംസ്ഥാനത്ത് ഏറ്റവുമധികം തൊഴിലാളികൾ ജോലിചെയ്യുന്ന പരമ്പരാഗത കയർ, കൈത്തറി, കശുവണ്ടി, പ്ലാേൻറഷൻ മേഖലയിൽ സമഗ്രപുരോഗതിയും മാറ്റങ്ങളും ലക്ഷ്യമിടുന്നു. കയറുൽപാദനം 70,000 ടൺ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപകമായി ഉൽപാദിപ്പിക്കപ്പെടുന്ന ചക്ക, മാങ്ങ, മുള, പൈനാപ്പിൾ തുടങ്ങിയ കാർഷികവിളകളെ അടിസ്ഥാനമാക്കി കാർഷികോൽപന്ന വ്യവസായമേഖല ഉദ്ദേശിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ ചുമതലയേറ്റ പിറ്റേ ദിവസംതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഭക്ഷ്യസംസ്കരണം, ഗുണമേന്മ വർധന പദ്ധതികൾ ഇൗ മേഖലയിൽ നടപ്പാക്കും. മുൻ കാലങ്ങളിൽ അധികം ശ്രദ്ധിക്കാതെപോയ കാർഷികോൽപന്ന വ്യവസായമേഖലയിലൂടെ പുതിയ തൊഴിലവസരങ്ങളും പുരോഗതിയും കൊണ്ടുവരാനാകും.
െകാച്ചി-–ബംഗളൂരു വ്യവസായ ഇടനാഴി
വ്യവസായ ഇടനാഴി സംബന്ധിച്ച അവലോകനയോഗം അടുത്തയാഴ്ച നടക്കുന്നുണ്ട്. ഇടനാഴി സംബന്ധിച്ച രൂപരേഖയും തയാറാക്കും. പദ്ധതി എേപ്പാൾ തീർക്കാൻ പറ്റും, േമൽനോട്ടം വഹിക്കേണ്ടത് ആരൊക്കെ തുടങ്ങിയ കാര്യങ്ങളിൽ പദ്ധതി തയാറാക്കും. ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് എതിർപ്പില്ലാത്ത വിധം പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. ഭൂവുടമകൾക്ക് നഷ്ടമില്ലാത്ത വിധം നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിൽ നിയമം ഇപ്പോൾ ഗുണകരമാണ്. അതിനാൽ, സ്ഥലമെടുപ്പിനും പദ്ധതി നടത്തിപ്പിനും ആക്കം കൂട്ടാനാവും. ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങിക്കഴിഞ്ഞാൽ എല്ലാ കാര്യത്തിലും തീരുമാനങ്ങളുണ്ടാകും.
പ്രതീക്ഷ നൽകുന്ന കെ.എസ്.ഡി.പി
കോവിഡ് മഹാമാരിക്കാലത്ത് സർക്കാർ മേഖലയിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി) വലിയ പ്രതീക്ഷയാണ് നൽകുന്നത്. കോവിഡ് ഭേദമാക്കുമെന്ന് കണ്ടെത്തിയ ടു ഡിജി എന്ന ഔഷധം ഇവിടെ നിർമിക്കുന്നത് സംബന്ധിച്ച് വിദഗ്ധസമിതി പഠനം നടത്തുന്നുണ്ട്. റിപ്പോർട്ട് അനുകൂലമായാൽ സ്ഥാപനത്തിെൻറ പ്രവർത്തനവുമായി ബന്ധപ്പെട്ട വലിയ വഴിത്തിരിവായിരിക്കുമത്. കോവിഡ് വാക്സിൻ നിർമാണം സംബന്ധിച്ച സാധ്യതപഠനം നടത്തിയെങ്കിലും റിപ്പോർട്ട് അനുകൂലമായില്ല. കെ.എസ്.ഡി.പിയുമായി ബന്ധപ്പെട്ട് മറ്റ് ഒട്ടേറെ പുതിയ പദ്ധതികൾ ആലോചനയിലുണ്ട്.
മൈനിങ് ജിയോളജി വകുപ്പ്
മൈനിങ് ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ചുവരുകയാണ്. സർക്കാർ ഭൂമിയിൽ ക്വാറി പ്രവർത്തനത്തിന് സ്വകാര്യകക്ഷികൾക്ക് അനുമതി നൽകുന്നതിന് പകരം സർക്കാർതന്നെ അത് ഏറ്റെടുത്ത് നടത്തുന്നതടക്കം കാര്യങ്ങൾ പഠിച്ചശേഷം മാത്രമേ തീരുമാനിക്കാനാവൂ. ഖനനത്തിന് സ്വകാര്യമേഖലക്കുള്ള നിയമങ്ങൾ സർക്കാറിനും ബാധകമാണ്. സർക്കാർ നേരിട്ട് നടത്തുന്നതുമൂലമുള്ള ഗുണദോഷങ്ങൾ വിലയിരുത്തേണ്ടതുണ്ട്. മൈനിങ് ജിയോളജിക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ആലോചനക്കുശേഷം തീരുമാനിക്കും.
തയാറാക്കിയത്: പി.എ. സുബൈർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.