മദ്യത്തിെൻറ സാമ്പത്തികശാസ്ത്രം
text_fieldsഏതാനും മാസങ്ങൾ മുമ്പ് കോഴിക്കോട് സർവകലാശാലയിലെ ഇ.ടി.െഎ (എംപാനൽഡ് ട്രൈനിങ് ഇൻസ്റ്റിറ്റ്യൂട്ട്) സെൻറിൽ മദ്യാസക്തിയുമായി ബന്ധപ്പെട്ട ഒരു ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ ഒരു കോളജ് അധ്യാപകൻ ചോദിച്ചു: ''മദ്യം ഉള്ളതുകൊണ്ടല്ലേ നമ്മുടെയൊക്കെ സാലറി നടന്നുപോവുന്നത്?'' ഇത് അയാളുടെ മാത്രം ചോദ്യമല്ല. ഒരു പക്ഷേ, നാളെ ഗൾഫുകാരെ പറയുന്ന മട്ടിൽ 'മദ്യപർ ഉള്ളതു കൊണ്ടാണ് നമ്മൾ കഞ്ഞികുടിക്കുന്നത്' എന്നു പറയുന്നതിലേക്ക് കാര്യങ്ങെളത്തിയേക്കാം.
ഓരോ വർഷവും ഓണത്തിന്, ക്രിസ്തുമസിന്, ഇപ്പോൾ പെരുന്നാളിനും ഇത്ര കോടി രൂപക്ക് മദ്യം വിറ്റു എന്ന നിലയിലെത്തിയിട്ടുണ്ട്. കേരളത്തിൽ 17 ലക്ഷത്തോളം ആളുകൾ മോശമായ രീതിയിൽ തന്നെ മദ്യത്തിനടിമപ്പെട്ടിട്ടുണ്ട്. എട്ടു ലക്ഷത്തോളം ആളുകൾ മദ്യപാനം ഒരു ശീലം എന്ന പോലെയായവരാണ്. മൂന്നു ശതമാനം സ്ത്രീകളും മദ്യപാനസ്വഭാവമുള്ളവരാണ്.
2018 -2019 സാമ്പത്തികവർഷം കേരളം മദ്യത്തിലൂടെ നേടിയത് 14,505 കോടി രൂപയാണ്. ഇത് മുൻവർഷത്തേക്കാൾ 1567 കോടി കൂടുതലാണ്. നമ്മുടെ നാട് വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പെട്ട് യാതനകളനുഭവിക്കുന്ന സമയത്തുപോലും മദ്യത്തിെൻറ വിറ്റുവരവ് 1264.69 കോടിയായിരുന്നു. അപ്പോഴും നമ്മൾ ആവർത്തിക്കുന്നു, 'നിയന്ത്രണമാണ് വേണ്ടത്' എന്ന്. 2010 ൽ 7500 കോടിയാണ് മദ്യത്തിനായി കേരളം ചെലവിട്ടത്. എന്നാൽ, അരിക്കുവേണ്ടി നമ്മൾ ചെലവിട്ടത് 2880 കോടി മാത്രമായിരുന്നു. 2010 നും 2017 നും ഇടയിൽ ഇന്ത്യയിൽ മൊത്തം പരിഗണിച്ചാൽ മദ്യത്തിെൻറ ഉപയോഗത്തിൽ 38 ശതമാനം വർധനയുണ്ടായെന്നാണ് പല പഠനങ്ങളും പറയുന്നത്.
കേരളത്തിെൻറ വരുമാനത്തിൽ ഏകദേശം 20 മുതൽ 23 ശതമാനം വരെ മദ്യം ഉണ്ടാക്കുന്നു എന്നാണ് കണക്ക്. സർക്കാറും മാധ്യമങ്ങളും പറയുന്ന ലാഭം ഇതാണ്. എന്നാൽ, മദ്യം വിൽക്കുമ്പോൾ കിട്ടിയ കണക്ക് മാത്രമാണിത്. അതിലൂടെയുള്ള നഷ്ടം നമ്മുടെ കൈയിലില്ല എന്നതാണ് വസ്തുത. എന്നാൽ, അമേരിക്കപോലുള്ള രാജ്യങ്ങളിൽ ഒരു ഡോളർ മദ്യത്തിലൂടെ ലഭിക്കുമ്പോൾ ഏഴു ഡോളറോളം മറ്റു പല ഇനത്തിലും നഷ്ടമാണ് എന്ന കണക്കുണ്ട്. നമ്മുടെ നാട്ടിലും കഥ തിരിച്ചാവില്ല. ഇനി ലാഭമാണെങ്കിൽ തന്നെ ഒരു രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥ മദ്യത്തിൽനിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്നത് അപകടകരമാണ്.
മദ്യം ലാഭമോ നഷ്ടമോ?
ഏതു ഉൽപന്നവും വിൽപന നടത്തി കിട്ടുന്ന ലാഭം കൃത്യമായി കണക്കാക്കാൻ അവ വിറ്റുകിട്ടുന്ന പണത്തിൽനിന്ന് ഉൽപാദനചെലവും മറ്റു നഷ്ടങ്ങളും കുറക്കണം. മദ്യത്തിെൻറ ലാഭം പറയുമ്പോൾ അതിെൻറ മറ്റു നഷ്ടങ്ങളും ചെലവുകളും കൂടി പരിഗണിക്കണം. ഇൗ ചെലവുകൾ മൂന്നു തരമുണ്ട്.
1). നേരിട്ടുള്ള ചെലവ്: മദ്യം കഴിക്കുന്നതിലൂടെ ഒരാൾക്കുണ്ടാകുന്ന ശാരീരിക, മാനസിക രോഗങ്ങളുടെ ചികിത്സക്കു വേണ്ടി വരുന്ന ചെലവാണിത്. ഇത്തരം ആളുകൾ ഉൾപ്പെടുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നീതിനിർവഹണത്തിനായി സർക്കാറിന് വേണ്ടി വരുന്ന െചലവും ഇതിെൻറ കൂടെ കാണണം. മദ്യപർ നശിപ്പിക്കുന്ന വസ്തുക്കളുടെയും സമ്പത്തിെൻറയും നഷ്ടം പരിഗണിക്കുമ്പോൾ ചെലവിെൻറ പട്ടിക നീളുന്നു. മദ്യവുമായി ബന്ധപ്പെട്ട ഭരണനിർവഹണത്തിെൻറ കണക്ക് നമ്മൾ നോക്കാറേയില്ല. അതോടൊപ്പം മദ്യം ഉൽപാദിപ്പിക്കുന്നതിനായി വരുന്ന ചെലവും മൊത്തം വിറ്റുവരവിൽനിന്ന് കുറക്കേണ്ടതുണ്ട്. ഇതെല്ലാം ചേർന്നതാണ് നേരിട്ടുള്ള ചെലവ്.
2). നേരിട്ടല്ലാത്ത െചലവ്: മദ്യപരുടെ അകാലമരണം മൂലമുണ്ടാകുന്ന നഷ്ടം. ഒരാൾ നന്നായി മദ്യത്തിനടിമപ്പെടുമ്പോൾ അയാളുടെ ജോലിക്ഷമത കുറയുകയും പലപ്പോഴും ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു. ഇത് വമ്പിച്ച ഒരു നഷ്ടമാണ് രാജ്യത്തിെൻറ സാമ്പത്തികമേഖലയിലുണ്ടാക്കുന്നത്. ബ്രിട്ടനിൽ മദ്യപരിൽ ഏകദേശം 28 ശതമാനം ആളുകളും, ആസ്‌ട്രേലിയയിൽ മദ്യം മൂലം ശാരീരിക മാനസിക ബുദ്ധിമുട്ടുള്ളവരിൽ 53 ശതമാനം ആളുകളും പലപ്പോഴും ജോലിയിൽ നിന്നു വിട്ടുനിൽക്കുന്നു. ഇംഗ്ലണ്ടിൽ 2015 ലെ കണക്കനുസരിച്ചു ഒരു വർഷം 1,67,000 തൊഴിൽദിവസങ്ങൾ നഷ്ടപ്പെടുന്നു. മദ്യം ഉണ്ടാക്കുന്ന പ്രശ്നം മൂലം ജോലി നഷ്ടപ്പെടുകയോ നേരത്തേ വിരമിക്കേണ്ടി വരുന്നവരുടെയോ കണക്ക് നമ്മുടെ കൈയിലില്ല. ചികിത്സക്കെത്തുന്നവരിൽ ഒരുപാടുപേർ ഇങ്ങനെയുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ജയിലിലാവുന്നവരുടെയും ചെലവ് ഇവിടെ ചേർത്തുവെക്കാം. ഇവക്കെല്ലാം പുറമെ കുറ്റകൃത്യത്തിന് ഇരകളായവരുടെ നഷ്ടവും നേരിട്ടല്ലാത്ത ചെലവിൽ കൂട്ടേണ്ടതാണ്.
3. അളന്നു തിട്ടപ്പെടുത്താൻ കഴിയാത്ത ചെലവ്: മദ്യപാനം മൂലം ഒരു വ്യക്തിയും കുടുംബവും അനുഭവിക്കുന്ന വേദനയുടെയും ദുരന്തങ്ങളുടെയും നഷ്ടമാണ്. ഇതിനുപരി അവരുടെ ജീവിതത്തിെൻറ ഗുണനിലവാരം കുറഞ്ഞുവരുന്നു.
കണക്കുകൾ സത്യാവസ്ഥ വെളിപ്പെടുത്തട്ടെ
മദ്യത്തിെൻറ ആകത്തുക കൂട്ടിക്കിഴിച്ചാൽ വ്യക്തിക്കും സമൂഹത്തിനും രാഷ്ട്രത്തിനും നഷ്ടം തന്നെയാണ് എന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. അമേരിക്കയടക്കം പന്ത്രണ്ടോളം തെരഞ്ഞെടുത്ത രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ 0 .45 ശതമാനം മുതൽ 5.44 ശതമാനം വരെ മാത്രമേ മദ്യം അവിടത്തെ ജി.ഡി.പിയിൽ സ്വാധീനം ചെലുത്തുന്നുള്ളൂ എന്നാണ് വെളിപ്പെട്ടത്. സ്കോട്ടിഷ് ഗവൺമെൻറ് 2007 ൽ നടത്തിയ പഠനം പരിഗണിച്ചാൽ ഏകദേശം 866 ദശലക്ഷം ഡോളർ സാമ്പത്തികച്ചെലവ് മദ്യവുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിട്ടുണ്ട്.
കേരളത്തിൽ 1987 മുതൽ 2014 വരെ മദ്യത്തിലൂടെയുള്ള ലാഭ നഷ്ട കണക്കുകളെ പറ്റി ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെൻറർ (ADIC -INDA ) ഒരു പഠനം നടത്തി. 1987 - 88 സാമ്പത്തികവർഷം 81.42 കോടിയുടെ വിൽപന നടന്നു. ഇതിൽ സംസ്ഥാനത്തിെൻറ ലാഭവിഹിതം എന്നത് 40.74 കോടിയാണ്. എന്നാൽ, ആ വർഷത്തെ മദ്യം മൂലമുള്ള പൊതുചെലവ് 203 .58 കോടിയാണ്! എന്നാൽ, 2013-14 സാമ്പത്തിക വർഷത്തിൽ നടന്ന വിൽപന 9535.74 കോടിയുടേതാണ്. ഇതിലൂടെയുള്ള സംസ്ഥാനത്തിെൻറ ലാഭവിഹിതം 7511 കോടി രൂപയായിരുന്നു. എന്നാൽ, മദ്യം മൂലമുള്ള പൊതുചെലവ് 26218.48 കോടിയോളമായിരുന്നു.
മദ്യത്തിെൻറ ലാഭ നഷ്ടം തിരിച്ചറിഞ്ഞുള്ള പുതിയ ഒരു മദ്യനയം രൂപവത്കരിക്കുന്നതിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധരും സാമൂഹികക്ഷേമവകുപ്പും ആരോഗ്യവിദഗ്ധരും സർക്കാറും ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതോടൊപ്പം തന്നെ പുതുതലമുറയെ ലഹരിയുടെ ഇരുട്ടറകളിലേക്ക് എത്തിപ്പെടുന്നത് തടയുന്ന ഒരു വിദ്യാഭ്യാസനയവും രൂപപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.