മതേതരത്വ പ്രതിബദ്ധതയുടെ ആൾരൂപം
text_fieldsകേരളരാഷ്ട്രീയത്തിലെ അതികായൻ എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് 87ാമത്തെ വയസ്സിൽ നമ്മോട് വിടവാങ്ങിയിരിക്കുന്ന ആര്യാടൻ മുഹമ്മദ്. മുസ്ലിം സാമുദായിക രാഷ്ട്രീയത്തിന്‍റെ ഇന്ത്യയിലെതന്നെ ശക്തികേന്ദ്രമായി തുടരുന്ന മലപ്പുറം ജില്ലയിൽ അതിനെതിരെ വീറോടെ പോരാടി നാഷനൽ കോൺഗ്രസിനെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആര്യാടൻ, മുസ്ലിംലീഗിനെ ഒഴിച്ചുനിർത്തി സംസ്ഥാനം ഭരിക്കാനൊക്കില്ലെന്നു തന്‍റെ പാർട്ടി തിരിച്ചറിഞ്ഞു ലീഗിനെ രണ്ടാമത്തെ മുഖ്യഘടകമാക്കി യു.ഡി.എഫ് കെട്ടിപ്പടുത്ത ശേഷവും സാമുദായിക രാഷ്ട്രീയത്തോടുള്ള മൗലിക വിയോജിപ്പ് തുറന്നു പറയാതിരുന്നില്ല.
കോഴിക്കോട് ജില്ല പിളർത്തി ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി സർക്കാർ 1969ൽ മുസ്ലിം ഭൂരിപക്ഷ മലപ്പുറം ജില്ല രൂപവത്കരിക്കാനൊരുങ്ങിയപ്പോൾ അതിനെതിരെ ശക്തമായി നിലയുറപ്പിച്ചു ആര്യാടൻ. അന്നദ്ദേഹത്തിന്‍റെ കൂട്ട് ഭാരതീയ ജനസംഘമായിരുന്നു എന്നതും ചരിത്രസത്യം. പക്ഷേ, മിനി പാകിസ്താൻ മുറവിളികളെ തള്ളി മലപ്പുറം ജില്ല നിലവിൽ വന്നപ്പോൾ കോൺഗ്രസിനും ആര്യാടനും കളം മാറ്റിച്ചവിട്ടേണ്ടി വന്നു.
കാലാവധി തികക്കാനാവാതെ ഇ.എം.എസ് സർക്കാർ രാജിവെച്ചൊഴിയേണ്ടി വന്നപ്പോൾ മുസ്ലിംലീഗിനെ ചേർത്തുപിടിച്ചു ഐക്യജനാധിപത്യമുന്നണി രൂപവത്കരിക്കാൻ കെ. കരുണാകരൻ രംഗത്തിറങ്ങി. അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ സഹകരണത്തോടെ യു.ഡി.എഫ് നിലവിൽവന്നപ്പോൾ ആര്യാടൻ മുഹമ്മദിന്‍റെ പ്രായോഗികബുദ്ധി അദ്ദേഹത്തെ മുന്നണിയുടെ നേതൃനിരയിലെത്തിച്ചു. പിന്നീട് നിലവിൽവന്ന മൂന്നു യു.ഡി.എഫ് മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. അതേസമയം, തന്‍റെ മതേതരത്വ പ്രതിബദ്ധത തെളിയിക്കേണ്ട സന്ദർഭങ്ങളിലൊന്നും അദ്ദേഹം അത് പ്രകടമാക്കാൻ മറന്നതുമില്ല.
1985-86 കാലത്ത് ഇ.എം.എസ് നമ്പൂതിരിപ്പാട് മുസ്ലിം വ്യക്തിനിയമത്തിനെതിരെ ശരീഅത്ത് വിരുദ്ധ പ്രചാരണം ആരംഭിച്ചപ്പോൾ ഇപ്പോൾ രാജ്ഭവനിലിരുന്ന് പിണറായിക്കെതിരെ യുദ്ധം നയിക്കുന്ന ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൽ കൊണ്ടുവന്ന് ഇ.എം.എസിന്‍റെ ശരീഅത്ത് വിരുദ്ധ കാമ്പയിന് കരുത്തുപകരുന്നതിൽ ആര്യാടൻ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും മതസംഘടനകളും ഒറ്റക്കെട്ടായി ശരീഅത്തിന്‍റെ സംരക്ഷണത്തിനും പ്രതിരോധത്തിനും അണിനിരന്നപ്പോൾ കോൺഗ്രസിന്‍റെ പ്ലാറ്റ്ഫോറത്തിൽനിന്നുതന്നെ മുസ്ലിം വ്യക്തിനിയമത്തിനുനേരെ ആര്യാടൻ വെടിയുതിർത്തു.
ഇത്രത്തോളം തീവ്രനിലപാട് ഹിന്ദുത്വത്തിനെതിരെ ഒരു കാലത്തും അദ്ദേഹം സ്വീകരിച്ചു കണ്ടിട്ടില്ലെന്നാണ് എന്‍റെ തോന്നൽ. അതിനുള്ള കാരണം പക്ഷേ, ജീവിതസായാഹ്നത്തിൽ വിശ്രമജീവിതം നയിക്കുന്ന വേളയിലാണ് ഒരു നീണ്ട ടെലിഫോൺ സംഭാഷണത്തിലൂടെ ഞാനുമായി പങ്കിട്ടത്.കേന്ദ്രത്തിലും ഒട്ടുവളരെ സംസ്ഥാനങ്ങളിലും ബി.ജെ.പി-ആർ.എസ്.എസ് ടീം അധികാരമുറപ്പിച്ച് തങ്ങളുടെ മതനിരപേക്ഷ വിരുദ്ധ അജണ്ട നടപ്പാക്കിത്തുടങ്ങിയപ്പോഴായിരുന്നു ഞങ്ങൾ തമ്മിലെ സംഭാഷണം. ഇടവേളകളിൽ രാത്രി അൽപം വൈകി എന്നെ വിളിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
ശരീഅത്ത് വിരുദ്ധ കാമ്പയിൻ കാലത്ത് അദ്ദേഹവും ഞാനും പരസ്പരം വീറോടെ പൊരുതിക്കൊണ്ടിരുന്നതും ജമാഅത്തെ ഇസ്ലാമിയുമായുള്ള എന്‍റെ ബന്ധവുമൊക്കെ വേണ്ടവിധം ഉൾക്കൊണ്ടുതന്നെ വ്യക്തിപരമായ സൗഹൃദവും ആശയവിനിമയവും ജീവിതാന്ത്യം വരെ തുടർന്നതാണ് ആ മുതിർന്ന നേതാവിന്‍റെ എടുത്തുപറയേണ്ട സവിശേഷത. ഒടുവിലത്തെ സംഭാഷണത്തിൽ ഇന്ത്യ വിഭജനമാണ് സകലപ്രശ്നങ്ങളുടെയും മൂലകാരണമെന്ന് ചരിത്രവസ്തുതകളുദ്ധരിച്ച് ബോധ്യപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചപ്പോൾ അതിൽ ശരിയുണ്ടെന്നു സമ്മതിക്കാൻ എനിക്കു വൈമനസ്യമുണ്ടായില്ല.
പാകിസ്താൻ എന്ന ആവശ്യം ഉന്നയിക്കുക വഴി സ്വന്തം അസ്തിത്വത്തിനു തന്നെ കത്തിവെക്കുകയാണ് ഇന്ത്യൻമുസ്ലിംകൾ ചെയ്തതെന്നു ആര്യാടൻ ഖേദപൂർവം ഓർക്കുകയായിരുന്നു. മുമ്പൊരിക്കൽ വ്യത്യസ്ത പരിപാടികളിൽ പങ്കെടുക്കാൻ ഞാനും അദ്ദേഹവും കുവൈത്തിൽ സന്ദർശനത്തിനെത്തിയപ്പോഴും താൻ താമസിക്കുന്ന ഹോട്ടലിലേക്ക് എന്നെ വിളിച്ചുവരുത്തി മണിക്കൂറുകളോളം അദ്ദേഹം സംവദിച്ചിരുന്നു. വൈദ്യുതിമന്ത്രിയായിരിക്കെ ഒരിക്കൽ കോഴിക്കോട്ടു വെച്ചും നീണ്ട സംഭാഷണങ്ങൾ നടന്നു. അഗാധമായ രാഷ്ട്രീയബോധവും പരിജ്ഞാനവും ആര്യാടനെ സമകാലീനരിൽ നിന്നു വേർതിരിച്ചു നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.