മണിപ്പൂരിന്‍റെ വിധി ഡൽഹിയുടെ കൈയിൽ
text_fieldsവടക്കുകിഴക്കേ ഇന്ത്യയിൽ മ്യാന്മറുമായി അതിർത്തി പങ്കിടുന്ന ചെറിയ സംസ്ഥാനമായ മണിപ്പൂർ ശിശിരത്തണുപ്പിൽനിന്നു തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. പ്രകടനങ്ങളും പൊതുയോഗങ്ങളും തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയെങ്കിലും ഇത്തവണയും ആവേശം കുറയാനിടയില്ല. ഫെബ്രുവരി 27, മാർച്ച് മൂന്ന് എന്നിങ്ങനെ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്.
ദീർഘകാലം കോൺഗ്രസ് ഭരണത്തിലായിരുന്നു മണിപ്പൂർ. 2002 മുതൽ 2017 വരെ ഒക്രം ഇബോബി സിങ് ആണ് ഭരിച്ചത്. 2017ൽ 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അധികാരത്തിന് പുറത്തുനിൽക്കേണ്ടി വന്നു കോൺഗ്രസിന്. ഭരണം പോയത് മൂന്നു സീറ്റിന്‍റെ കുറവിൽ. കാരണം ലളിതം. ഡൽഹിയിൽ അധികാരം വാഴുന്നവരാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വാഴ്ത്തും വീഴ്ത്തും തീരുമാനിക്കുന്നത്.
മുമ്പ് അധികാരത്തിന്‍റെ 'ഐശ്വര്യകാലത്ത്' കോൺഗ്രസ് ചെയ്തുവന്ന ജോലി ഇപ്പോൾ ബി.ജെ.പി കുറേക്കൂടി ഭംഗിയായി ചെയ്യുന്നു. 21 സീറ്റുള്ള ബി.ജെ.പി ഭരണമുറപ്പിക്കുമെന്നു കണ്ടപ്പോൾ കോൺഗ്രസിൽനിന്നു എട്ടുപേരും മറുകണ്ടം ചാടി. നാലു സീറ്റു വീതം നേടിയിരുന്ന നാഗാ പീപ്ൾസ് ഫ്രണ്ടിനെയും നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) യെയും കൂടെ കൂട്ടി അംഗബലം 30 ആക്കി. മുൻ ലോക്സഭ സ്പീക്കർ പരേതനായ പി.എ. സങ്മയുടെ മകൻ കോൺറാഡ് സങ്മ നയിക്കുന്ന എൻ.പി.പി മേഘാലയയിൽ ബി.ജെ.പിയുടെ കൂട്ടുകക്ഷിയാണ്; കോൺറാഡ് മുഖ്യമന്ത്രിയും.
കൂറുമാറ്റം പ്രോത്സാഹിപ്പിച്ച് നില ഭദ്രമാക്കിയ ബി.ജെ.പി ഇത്തവണ സ്വന്തം നിലയിൽ മത്സരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു. ബി.ജെ.പി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അടക്കം മത്സരത്തിന് കച്ചമുറുക്കിയ മന്ത്രിമാരും സീറ്റുമോഹികളും അധികവും മുൻകോൺഗ്രസുകാരാണ്. തെരഞ്ഞെടുപ്പ് കണ്ട് ഇപ്പോഴും കോൺഗ്രസിൽനിന്നു ചാട്ടം തുടരുന്നുണ്ട്. ഞായറാഴ്ചയും കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ചാൽതോൻലീൻ ആമു ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് നേതാവ് ഇബോബി സിങ്ങിന്‍റെ അനന്തരവനും ഇപ്പോൾ ബി.ജെ.പി പാളയത്തിലാണ്.
നാഗാ ഗോത്രക്കാർക്കിടയിൽ സ്വാധീനമുള്ള എൻ.പി.എഫ് ഇത്തവണ അംഗബലം പത്താക്കി ഉയർത്താമെന്ന പ്രതീക്ഷയിലാണ്. എൻ.പി.പിക്കുമുണ്ട് 15 സീറ്റുകളുടെ മോഹം. രണ്ടായാലും ഇരുകക്ഷികളും വോട്ടെണ്ണി ഫലം വന്ന ശേഷമാണ് തങ്ങൾ ഏതു പാർട്ടിയുടെ കൂടെ എന്നു തീരുമാനിക്കുക. അവരാകും മണിപ്പൂരിന്‍റെ ഭരണം നിയന്ത്രിക്കുക. പശ്ചിമബംഗാളും തൃണമൂലും അയൽപക്കത്തുണ്ടെങ്കിലും മണിപ്പൂരിൽ ഇത്തവണ മമത ബാനർജിക്ക് കണ്ണില്ല. മേഘാലയ മുൻമുഖ്യമന്ത്രി മുകുൾ സങ്മ അടക്കമുള്ള പ്രമുഖ നേതാക്കൾ പലരും ടി.എം.സിയുടെ ഭാഗമായുണ്ടെങ്കിലും തെക്ക് ഗോവയിൽ ശ്രദ്ധയൂന്നാനാണ് ഇത്തവണ പാർട്ടിയുടെ പരിപാടി.
കോൺഗ്രസിനു നേതാവുണ്ട്; ഫണ്ടില്ല
73കാരനായ ഒക്രം ഇബോബി സിങ്ങിനെ മുൻനിർത്തിയാണ് കോൺഗ്രസിന്‍റെ പോരാട്ടം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നേതൃനിരയിലേക്ക് യുവനേതാവിനെ മുന്നോട്ടുവെക്കാൻ സാധിക്കാത്തത് പോരായ്മയായി മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും ഇബോബിയുടെ ജനകീയതയിലാണ് പ്രതീക്ഷ. എന്നാൽ, തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും ആരെയും മുഖ്യമന്ത്രിയായി ഉയർത്തിക്കാണിക്കേണ്ട എന്നാണ് കോൺഗ്രസ് ഹൈകമാൻഡിന്‍റെ തീരുമാനം. വടക്കുകിഴക്ക് ബി.ജെ.പിക്കും പ്രാദേശികകക്ഷികൾക്കും വിട്ടുകൊടുത്ത മട്ടിലാണ് കോൺഗ്രസ്. മറ്റൊന്നുമല്ല കാരണം, ഫണ്ടിന്‍റെ അഭാവം തന്നെ. 2018ൽ രണ്ടു പതിറ്റാണ്ടുകാലം കൈയിലിരുന്ന നാഗാലാൻഡ് കൈവിട്ടതും വെറുതെയല്ല.
ഏറെക്കാലമായി കോൺഗ്രസ് ഭരണത്തിലായിരുന്നു മണിപ്പൂർ. ഇബോബി സിങ് 2002നും 2017നും ഇടയിൽ തുടർച്ചയായി മൂന്ന് തവണ സംസ്ഥാനം ഭരിച്ചു. അഞ്ച് വർഷം മുമ്പ് ഇബോബിയുടെ കീഴിൽ തന്നെയാണ് കോൺഗ്രസ് 28 സീറ്റുകൾവരെ നേടിയതും. അതുകൊണ്ട് തന്നെ ഇബോബി സിങ്ങിലൂടെ തിരിച്ചുവരാനുള്ള കഠിനപ്രയത്നത്തിലാണ് കോൺഗ്രസ്. 60 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് നിലവിൽ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. എൻ.ഡി.എ സഖ്യത്തിനൊപ്പമുണ്ടായിരുന്ന നാഗാ പീപ്ൾസ് ഫ്രണ്ടും (എൻ.പി.എഫ്), എൻ.പി.പിയും മിക്കയിടത്തും സ്ഥാനാർഥികളെ നിർത്തിക്കഴിഞ്ഞു.
''വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മത്സരിക്കുക ചെലവേറിയ കാര്യമാണ്. ബി.ജെ.പിക്ക് നല്ല സാമ്പത്തികസ്രോതസ്സുണ്ട്. അതിനാൽ പാർട്ടി ടിക്കറ്റിന് തിരക്കേറും. കോൺഗ്രസിന് കാശില്ല. നാഗാലാൻഡിൽ 2018ലെ തെരഞ്ഞെടുപ്പിൽ ഫണ്ടിന്‍റെ ദൗർലഭ്യം കാരണം 60 സീറ്റുകളിലും സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല''-പ്രമുഖ കോൺഗ്രസ് നേതാവ് 'മാധ്യമ'ത്തോടു പറഞ്ഞു.
ഭരണവിരുദ്ധ വികാരവും പണാധികാരം മറികടക്കും
ഇപ്പറഞ്ഞതിനർഥം തെരഞ്ഞെടുപ്പ് തീർത്തും ഏകപക്ഷീയമാവും എന്നല്ല. സംസ്ഥാനത്ത് ഭരണവിരുദ്ധ വോട്ടുകളിൽ ബി.ജെ.പി വിരുദ്ധർക്ക് ആവശ്യത്തിനു മുതൽക്കൂട്ടാനായെന്നു വരും. 1972 ജനുവരി 21ന് സംസ്ഥാനപദവി ലഭിച്ച മണിപ്പൂർ ഇപ്പോഴും വികസനത്തിൽ ഏറെ പിറകിലാണ്. കൂനിന്മേൽ കുരു കണക്കെ, വിവിധ വംശീയവിഭാഗങ്ങളിലായി അനേകം സായുധഗ്രൂപ്പുകളുടെ സജീവസാന്നിധ്യവുമുണ്ട്. ഇക്കഴിഞ്ഞ നവംബറിലും ശക്തമായ തീവ്രവാദി ആക്രമണമുണ്ടായി. സീനിയർ സൈനിക ഉദ്യോഗസ്ഥൻ കേണൽ വിപ്ലബ് ത്രിപാഠിയും ഭാര്യയും ഒമ്പതു വയസ്സുള്ള കുഞ്ഞുമകനും കൊല്ലപ്പെട്ടു.
വടക്കുകിഴക്കൻ അതിർത്തിദേശങ്ങളിലെ നിത്യശാപമായ സായുധസേന പ്രത്യേകാധികാര നിയമം (AFSPA) സമാധാനം പകരുന്നതിലേറെ സ്വൈരജീവിതത്തെ പലപ്പോഴും അവതാളത്തിലാക്കുന്നുണ്ട്. പൈശാചികനിയമം നടപ്പിലാക്കിയിട്ടും തീവ്രവാദി സംഘടനകൾ നാൾക്കുനാൾ ശക്തിപ്രാപിച്ചുവരുന്നതാണ് അനുഭവം. എന്നാൽ, ഇതൊന്നും തെരഞ്ഞെടുപ്പിൽ കാര്യമായി ഏശാനിടയില്ല. അവിടെ പണവും കേന്ദ്രഭരണവും കൈയിലിരിക്കുന്നവർക്കു തന്നെ മുൻതൂക്കം. ഡൽഹിയും മണിപ്പൂരും തമ്മിൽ ഒരു അന്തർധാര നിലവിലുണ്ട്. ''ഡൽഹിക്കു തണുക്കുമ്പോൾ തുമ്മാനാണ് ഞങ്ങളുടെ സംസ്ഥാനത്തിന്‍റെ വിധി'' -സ്റ്റേറ്റ് പവർ കോർപറേഷനിൽനിന്നു വിരമിച്ച ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് വെറും തമാശയല്ല. അതിനിടയിലും ടിക്കറ്റ് വിതരണം തുടങ്ങിക്കഴിയുമ്പോൾ വിമതശല്യം രൂക്ഷമാകുന്നത് എങ്ങനെ നേരിടും എന്നതാണ് ബി.ജെ.പിയെ അലട്ടുന്നത്.
മാധ്യമപ്രവർത്തകനും വടക്കുകിഴക്കൻ രാഷ്ട്രീയവിദഗ്ധനും ഗ്രന്ഥകാരനുമാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.