ഇന്ത്യൻ ജനാധിപത്യത്തിന്റെ 'ജനറൽ ഡയർ മുഹൂർത്തം'
text_fieldsഭരണഘടനയും നിയമങ്ങളും കൊണ്ടുമാത്രം ജനാധിപത്യം പുലരുകയോ പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയോ ചെയ്യില്ലെന്നത് ചരിത്രം നൽകുന്ന ഏറ്റവും വലിയ പാഠമാണ്. ഒരുവേള ഭരണഘടനയുടെയും നിയമങ്ങളുടെയും പിൻബലത്താലാണ് ഭരണകൂടങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നതും പൗരാവകാശങ്ങളെ നിഷേധിക്കുന്നതും. അതുകൊണ്ടാണ്, ജനാധിപത്യത്തെ സംരക്ഷിക്കാൻ ഭരണഘടനക്കും നിയമങ്ങൾക്കും അപ്പുറം രാഷ്ട്രീയ ധാർമികത ആവശ്യമാണെന്ന് ഗാന്ധിജി പറഞ്ഞത്. ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കറും ഇതു ശരിവെക്കുന്നുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹം ഊന്നൽനൽകിയത് സമൂഹ മനഃസാക്ഷിക്കും അതിന്റെ ധാർമികതക്കുമാണെന്നുമാത്രം. ഇതു രണ്ടും ഇല്ലാതെ വരുമ്പോൾ ജനാധിപത്യം വികലവും പൗരാവകാശങ്ങൾ ദുർലഭവുമായിത്തീരുന്നു.
അഹ്മദ് ധറും സ്റ്റാൻ സ്വാമിയും
ഇതിന്റെ ഏറ്റവും നല്ല സമീപകാല ഉദാഹരണങ്ങളാണ് 31 വയസ്സുള്ള കശ്മീർ സ്വദേശി ഫാറൂഖ് അഹ്മദ് ധറും 84 വയസ്സുള്ള വന്ദ്യവയോധികൻ ഫാ. സ്റ്റാൻ സ്വാമിയും. 2017ൽ നടന്ന ശ്രീനഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പുറപ്പെട്ട ധറിനെ വഴിയിൽെവച്ച് കസ്റ്റഡിയിലെടുത്ത ഇന്ത്യൻ സൈന്യം ഭീകരപ്രവർത്തനം ആരോപിച്ച് മർദിച്ചു. പോരാത്തതിന് 'സൈന്യത്തിനുനേരെ കല്ലെറിയുന്നവരുടെ ഗതി ഇതാണ്' എന്നെഴുതിയ ബോർഡ് നെഞ്ചിൽ തൂക്കിയിട്ട് ജീപ്പിന്റെ മുന്നിൽ കെട്ടിെവച്ച് നഗരപ്രദക്ഷിണം ചെയ്യിച്ചു.
ഈ സംഭവത്തെ, 'സ്വതന്ത്ര ഭാരത ചരിത്രത്തിലെ ജനറൽ ഡയർ നിമിഷം' എന്നാണ് പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞൻ പാർഥ ചാറ്റർജി വിശേഷിപ്പിച്ചത്! സംശയിക്കണ്ട. ജാലിയൻവാലബാഗ് കൂട്ടക്കൊലയിലെ പ്രതിയായ ജനറൽ ഡയറിനെകുറിച്ചു തന്നെയാണ് പരാമർശം.
'ഞാൻചെയ്ത കുറ്റം എന്താണ്? ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിച്ചതാണോ എന്റെ തെറ്റ്' - ധർ അന്ന് നമ്മോട് ചോദിച്ച ചോദ്യങ്ങളാണ് ഇവ. കേവലം 7.1ശതമാനം പോളിങ് നടന്നൊരു തെരഞ്ഞെടുപ്പിൽ സ്വന്തം വോട്ട് രേഖപ്പെടുത്തി ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വാസം അർപ്പിച്ചൊരു യുവാവിനാണിത് അനുഭവിക്കേണ്ടിവന്നത് എന്നതോർക്കുക.
അതുപോലെ പരിതാപകരമാണ് തടവിലിരിക്കെ മരിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ അനുഭവം. ഒരു സാധു മനുഷ്യനോട് എത്രത്തോളം ക്രൂരമായി പെരുമാറാൻ ഭരണകൂടത്തിനാവും എന്നു തെളിയിക്കപ്പെട്ട മറ്റൊരു 'ഡയർ സന്ദർഭം'. രോഗവും പ്രായാധിക്യവും കാരണം കൈകൾ വിറക്കുന്നൊരു മനുഷ്യന്, വെള്ളം കുടിക്കാൻ സ്ട്രോപോലും നൽകാൻ വിസമ്മതിക്കുന്നൊരു ഭരണകൂടവും അതു തടയാൻ വൈകിയ നീതിന്യായ വ്യവസ്ഥയും എന്തിന്റെ പ്രതീകങ്ങളാണ്? 'നിങ്ങളുടെ ആരോഗ്യത്തെക്കാൾ സമൂഹത്തിെൻറ സുരക്ഷയാണ് പ്രധാനം. നിങ്ങളുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം അത്രക്ക് ഗുരുതര സ്വഭാവമുള്ളതാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ ജാമ്യപേക്ഷ പരിഗണിച്ച എൻ.ഐ.എ സ്പെഷൽ കോടതിയുടെ നിരീക്ഷണം.
ഇതു കേൾക്കുമ്പോൾ ഓർമവരുന്നത്, അന്റോണിയോ ഗ്രാംഷിയുടെ ജാമ്യപേക്ഷയെ എതിർത്ത ഇറ്റലിയിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ന്യായമാണ്: '20 വർഷക്കാലം ഈ തലച്ചോറിനെ പ്രവർത്തിക്കാൻ അനുവദിച്ചുകൂടാ.' ഇരുപതിന്റെ കണക്ക് മറ്റൊന്നുമല്ല. വാർധക്യ കാലംവരെ അദ്ദേഹത്തെ തുറുങ്കിൽ െവക്കുക. അറസ്റ്റിലാകുേമ്പാൾ ഗ്രാംഷിയുടെ പ്രായം 35 ആയിരുന്നു.
നിയമത്തിന്റെ ദുശ്ശാസനവാഴ്ച
ജനാധിപത്യത്തെ അങ്ങേയറ്റം വികലമാക്കുന്നൊരു 'നിയമമായി' മാറിയിരിക്കുകയാണ് യു.എ.പി.എ. 2019 ലെ കണക്കനുസരിച്ച്, ഈ നിയമത്തിൻ കീഴിൽ അറസ്റ്റു ചെയ്യപ്പെട്ട 95 ശതമാനം പേരും -2,244 പേർ - വിചാരണതടവുകാരായി കഴിയുകയാണ്! യു.എ.പി.എ കേസുകളിലെ ശിക്ഷയുടെ തോത് വെറും 29 ശതമാനമാണെന്ന കാര്യവും ശ്രദ്ധേയമാണ്.
ഏഴു വർഷമായി വിയ്യൂർ ജയിലിൽ കഴിയുന്ന 67 വയസ്സുള്ള എൻ.കെ. ഇബ്രാഹിം ഉൾപ്പെടെ നിരവധിപേർ ഈ നിയമത്തിൽ കുരുങ്ങിക്കിടപ്പുണ്ട് കേരളത്തിലും.
ഭരണകൂട വിമർശനത്തെ രാജ്യദ്രോഹമാക്കി മാറ്റുന്ന കൺവെയർ ബെൽറ്റായാണ് വാസ്തവത്തിൽ പ്രസ്തുതനിയമം പ്രവർത്തിക്കുന്നത്. യു.എ.പി. എ അനുസരിച്ച് തടവിലാക്കപ്പെടുന്ന മനുഷ്യർ ജനാധിപത്യത്തിന്റെ ഏറ്റവും കാതലായ നിയമവാഴ്ചക്ക് പുറത്തേക്ക് എടുത്തെറിയപ്പെടുന്നു എന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ വസ്തുത.
ഇതിന്റെ മറുവശമാണ് ആൾക്കൂട്ട കൊലപാതകികളും ഗൗരിലങ്കേഷ്, എം.എം. കലബുറഗി,ഗോവിന്ദ്പൻസാരെ, നരേന്ദ്ര ദാഭോൽക്കർ തുടങ്ങിയവരുടെ കൊലയാളികളും നിയമത്തിന്റെ കൈകളിൽപ്പെടാതെ സ്വതന്ത്രമായി നമുക്കിടയിൽ വിഹരിക്കുന്നത്. കുറ്റകൃത്യം നടക്കുന്നു പക്ഷേ, കുറ്റവാളികൾ ഇല്ലാത്ത അവസ്ഥ. ഇനി കുറ്റവാളികൾ പ്രത്യക്ഷപ്പെട്ടാൽപോലും നിയമം കാണാമറയത്തുതന്നെ തുടരുന്നു. ധറിന്റെയും സ്വാമിയുടെയും കാര്യത്തിൽ നിയമം എല്ലാ രൗദ്രഭാവത്തോടും പ്രത്യക്ഷപ്പെട്ട് അതിന്റെ ദുശ്ശാസനവാഴ്ച നടത്തിയപ്പോൾ , ആൾക്കൂട്ടകൊലകളുടെയും മറ്റും കാര്യത്തിൽ നിയമം ശാന്തമായി സ്വയംമറഞ്ഞുനിന്ന് ക്രിമിനലുകളുടെ ദുശ്ശാസനവാഴ്ചക്ക് വഴിയൊരുക്കുന്നു.
ജനാധിപത്യം അനുസരണയുടെ കലമാത്രമല്ല, ചോദ്യം ചെയ്യലിേൻറതുകൂടിയാണെന്ന വസ്തുത ഇന്ത്യൻ ഭരണകൂടം മറന്നു പോയിരിക്കുന്നു. പൗരസമൂഹം നിയമങ്ങൾ അനുസരിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെടുമ്പോൾ, നിയമങ്ങളുടെയും ഭരണകൂട ചെയ്തികളുടെയും ജനാധിപത്യവിരുദ്ധതയെ ചോദ്യം ചെയ്യാനുള്ള ഭരണഘടനാദത്തമായ അവകാശം ജനങ്ങൾക്കുണ്ടെന്ന കാര്യം വിസ്മരിക്കാൻ പാടില്ല. ജനാധിപത്യത്തിൽ ഒരു പൊതു ഭാഗധേയം ഉണ്ടാകുന്നത് ഇങ്ങനെയാണ്. ഇന്ത്യൻ ഭരണകൂടം അമിതാധികാര പ്രയോഗത്താൽ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നത് ഈ പൊതു ഭാഗധേയത്തെയാണ്.
(സാമൂഹിക നിരീക്ഷകനും കേരള സർവകലാശാല മുൻ പി.വി.സിയുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.