ഈ നാണക്കേടിന് ഭരണകൂടമാണ് ഉത്തരവാദി
text_fieldsപാർട്ടി ദേശീയ വക്താവ് ചാനലുകളിലിരുന്ന് മുഹമ്മദ് നബിയെക്കുറിച്ച് അത്യന്തം അപലപനീയമായ പരാമർശം നടത്തിയ ശേഷവും ബി.ജെ.പി അനങ്ങാതിരുന്നത് എന്തുകൊണ്ടാണ്? അറബ് ലോകത്തുനിന്നും മറ്റ് ഇസ്ലാമിക രാജ്യങ്ങളിൽനിന്നും വിമർശനമുയർന്ന സാഹചര്യത്തിൽ മാത്രം നടപടിയെടുക്കാൻ മുന്നോട്ടുവന്നത് എന്തുകൊണ്ടാണ്?
ഏതാനും മാസംമുമ്പ്, കേന്ദമന്ത്രിസഭാംഗം കൂടിയായ മറ്റൊരു ബി.ജെ.പി നേതാവ് ജന്തർ മന്തറിൽ മുഴക്കിയ മുസ്ലിം വിരുദ്ധ കൊലവിളികൾ വൈകാതെ മറവിയിലേക്ക് തള്ളപ്പെട്ടതുപോലെ, ലോകനേതാവായി മുസ്ലിം സമൂഹം ആദരിക്കുന്ന പ്രവാചകനെതിരായ ഈ നിന്ദാ പ്രസ്താവനയും പ്രശ്നരഹിതമായി കടന്നുപോകും എന്നാവണം ബി.ജെ.പി കരുതിയിട്ടുണ്ടാവുക. നടപടിയെടുക്കാൻ മടിക്കുകയും നിസ്സാരമായ മുഖംരക്ഷിക്കൽ നടപടി വളരെ വൈകി സ്വീകരിക്കുകയും ചെയ്യുമ്പോഴേക്ക് രാജ്യത്തിന്റെ സാമൂഹികാവസ്ഥക്കും അന്താരാഷ്ട്ര തലത്തിലെ സൽപേരിനും ഒരുപാട് പരിക്കുകൾ സംഭവിച്ചുകഴിഞ്ഞിരുന്നു.
ഗ്യാൻവാപി മസ്ജിദിനെച്ചൊല്ലി അവകാശവാദവും വിവാദവും ഉയർത്തിയതിനുപിന്നാലെ ഹിന്ദുത്വപ്പട വർഗീയ വിദ്വേഷ കാമ്പയിനുകൾ അതിവ്യാപകമായി അഴിച്ചുവിട്ടുതുടങ്ങിയിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും അതിനായി വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെട്ടു. വാർത്ത അവതാരകരും, മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചു വന്നിരുന്ന് വൈരം പറയുന്ന പാനലിസ്റ്റുകളും ചേർന്ന് വൈരം ആളിക്കത്തിച്ചു. ഒരുപക്ഷേ, ബി.ജെ.പിയുടെ വിചാരധാരയിൽ പരിശീലിപ്പിക്കപ്പെട്ട നൂപുർ ശർമ പോലും രാജ്യത്തിനും സ്വന്തം പാർട്ടിക്കുതന്നെയും ഇത് വരുത്തിവെക്കാൻ പോകുന്ന പരിക്കുകളെക്കുറിച്ച് ചിന്തിക്കാതെ ആ വിദ്വേഷക്കളിയിൽ ചേർന്നതാവാം. ബി.ജെ.പി ഉന്നതനേതൃത്വം വരുത്തിയ വീഴ്ചയാണ് സംഭവം അതിഗുരുതരാവസ്ഥയിൽ കൊണ്ടെത്തിച്ചത് എന്ന് പറയേണ്ടിവരും. മേയ് 26നാണ് നൂപുർ ശർമ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നത്. പത്തുദിവസത്തേക്ക് പാർട്ടി അതൊന്നും അറിഞ്ഞഭാവം നടിച്ചില്ല.
ജൂൺ മൂന്നിന് കാൺപുരിൽ നടന്ന പ്രതിഷേധം സംഘർഷാവസ്ഥയിലെത്തുകയും ജൂൺ അഞ്ചിന് വിവിധ രാജ്യങ്ങൾ പ്രസ്താവനകളിറക്കുകയും ചെയ്തതോടെയാണ് നൂപുറിനെ സസ്പെൻഡ് ചെയ്യാനും നവീൻ ജിൻഡാലിനെ പുറത്താക്കാനും തീരുമാനിക്കുന്നത്. ഏതെങ്കിലും മതങ്ങളെ അവഹേളിക്കുന്നതിനെ അംഗീകരിക്കുന്നില്ല എന്നവകാശപ്പെട്ട് ബി.ജെ.പി ഒരു പ്രസ്താവനയിറക്കി എന്നതു നേരുതന്നെ. നൂപുറിനെയോ ജിൻഡാലിനെയോ കുറിച്ച് പ്രസ്താവനയിൽ പരാമർശമില്ല.
തന്നെയുമല്ല, പാർട്ടിയുടെ കൊലകൊമ്പൻ നേതാക്കന്മാർ മൗനത്തിൽനിന്ന് പുറത്തുവന്നിട്ടില്ല. ഏതു വിഷയത്തിലും ട്വീറ്റ് ചെയ്യുന്നതിൽ ബദ്ധശ്രദ്ധനായ പ്രധാനമന്ത്രി ഈ നിമിഷം വരെയും അതേക്കുറിച്ച് ഒരക്ഷരം കുറിച്ചതായിക്കാണുന്നില്ല. രാഷ്ട്രീയ നൈതികത പ്രസംഗിക്കുന്നതിൽ ബഹുകേമനായ ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി. നഡ്ഡയും പ്രതികരിച്ചു കാണുന്നില്ല.
അപ്പോഴേക്കും ആളിപ്പടർന്ന രോഷാഗ്നി അണക്കാൻ പര്യാപ്തമായിരുന്നില്ല ബി.ജെ.പി കൈക്കൊണ്ട അൽപ നടപടികൾ. ഖത്തർ, യു.എ.ഇ, ഒമാൻ, കുവൈത്ത്, ബംഗ്ലാദേശ്, മലേഷ്യ, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ് തുടങ്ങി ഏതു ഘട്ടത്തിലും ഇന്ത്യയോട് സൗഹൃദം കാത്തുസൂക്ഷിച്ചുപോരുന്ന രാജ്യങ്ങളാണ് കടുത്ത ഭാഷയിൽ പ്രതിഷേധവും വേദനയുമറിയിച്ചത്. പാകിസ്താൻ മാത്രമല്ല, അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം പോലും ഇന്ത്യക്കുമുന്നിൽ പ്രഭാഷണം നടത്തുന്ന അവസ്ഥയുണ്ടായി.
57 ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യവേദിയും ഈ സംഭവത്തെ അപലപിച്ചു. പല രാജ്യങ്ങളിലും ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനവുമുയർന്നു. രാഷ്ട്രീയ പാർട്ടിയുടെ വക്താവ് നടത്തിയ അഭിപ്രായ പ്രകടനം രാജ്യത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്നും എല്ലാ മതങ്ങളെയും തുല്യമായാണ് നാം പരിഗണിക്കുന്നതെന്നും ഇന്ത്യ വിശദീകരണം നൽകുമ്പോഴേക്കും ഏറെ വൈകിയിരുന്നു.
ഇക്കഴിഞ്ഞ 10ാം തീയതി രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കരിച്ചശേഷം മുസ്ലിം സമുദായാംഗങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. നൂപുർ ശർമയെയും നവീൻ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. പലയിടങ്ങളിലും പ്രതിഷേധം സംഘർഷാവസ്ഥയിലെത്തി. കല്ലേറും തീവെപ്പുമുണ്ടായി.
കാൺപുർ, റാഞ്ചി, ഹൗറ, പ്രയാഗ്രാജ് തുടങ്ങിയ സ്ഥലങ്ങളിൽ കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടന്നു. റാഞ്ചിയിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കുമേറ്റു. ഇതെഴുതുമ്പോഴും ആ നഗരത്തിൽ കർഫ്യൂ തുടരുകയാണ്.
സംഘർഷവും പ്രതിഷേധവും ഒരുപക്ഷേ, പതുക്കെപ്പതുക്കെ ഇല്ലാതായേക്കാം. എന്നാൽ, ഈ സംഭവ പരമ്പര സൃഷ്ടിച്ച അവിശ്വാസം അത്ര പെട്ടെന്ന് പരിഹരിക്കാൻ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഇല്ലായ്മകളുടെ കാലത്തും തലയുയർത്തിനിന്നൊരു രാജ്യമായിരുന്നു നമ്മുടേത്. നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മക്ക് പരിഹാരമായി തൊഴിലവസരങ്ങളും ജീവിതസൗകര്യങ്ങളും ലഭ്യമാക്കിയ, നമ്മുടെ വിദേശ നാണയ ശേഖരത്തിലേക്കുള്ള വലിയ പങ്കിന് കാരണമാവുന്ന, ഇന്ധനങ്ങൾക്കായി നാം ഏറ്റവുമധികം ആശ്രയിക്കുന്ന രാജ്യങ്ങളിൽനിന്നാണ് ഇന്ത്യയും നമ്മുടെ നയതന്ത്ര പ്രതിനിധികളും പ്രതിഷേധം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ഒരുപറ്റം വർഗീയ വാദികളായ ഫാഷിസ്റ്റുകളുടെ ചെയ്തിയുടെ പേരിലാണ് ഒരു രാജ്യം മുഴുവൻ നാണംകെട്ടത്.
ഗ്യാൻവാപി പള്ളിയും കാശി വിശ്വനാഥ ക്ഷേത്രവും ഒരേ വളപ്പിൽ നിലകൊള്ളാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഒരിടത്ത് നമസ്കാരവും തൊട്ടപ്പുറത്ത് പൂജയും നടക്കുന്നു. ആരാധനാലയങ്ങൾ സ്വാതന്ത്ര്യലബ്ധിയുടെ ഘട്ടത്തിലെ തൽസ്ഥിതി തുടരണമെന്ന നിയമം മാനിച്ചുകൊണ്ട് അവിടത്തെ ജനവിഭാഗങ്ങൾ തമ്മിൽ തർക്കങ്ങളോ അസ്വാരസ്യങ്ങളോ ഇല്ലാതെ ഒത്തൊരുമിച്ച് ജീവിക്കുന്നു. അതിനിടയിലേക്കാണ് അവകാശവാദവും തർക്കങ്ങളുമായി സംഘ്പരിവാർ കടന്നുകയറാൻ ശ്രമിച്ചത്.
രാജ്യത്ത് ഇപ്പോൾ ഉടലെടുക്കുന്ന പ്രതിഷേധങ്ങൾക്കുപിന്നിൽ നൂപുർ ശർമയുടെ വിദ്വേഷം പറച്ചിൽ മാത്രമല്ല എന്നത് മറ്റൊരു കാര്യം. അധികാരത്തിലേറിയ നാൾമുതൽ മുസ്ലിം വിരുദ്ധത അഴിച്ചുവിടുന്ന മോദി സർക്കാറിനെതിരായി നാളിത്രയും അടക്കിപ്പിടിച്ച പ്രതിഷേധവും ഇതിനൊപ്പം അണപൊട്ടുന്നുണ്ട്. ആൾക്കൂട്ടക്കൊലയും ഹിജാബ് നിരോധനവും പൗരത്വ നിയമവും മുതൽ, സർക്കാറിന്റെ സകല പിന്തുണയുംപറ്റി അധികാര കേന്ദ്രത്തിനുപുറത്ത് യതി നരസിംഹാനന്ദിനെയും സാധ്വി പ്രാച്ചിയെയും പോലുള്ളവർ നടത്തുന്ന വംശഹത്യാ ആഹ്വാനങ്ങളും വരെ നിരവധി കാരണങ്ങളുണ്ട്.
നിയമവാഴ്ചയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ തടയിടാനും ഉത്തരവാദികൾക്കെതിരെ നടപടി കൈക്കൊള്ളാനും ഭരണകൂടം മടികാണിക്കും തോറും ജനങ്ങൾക്കിടയിൽ അകലം വർധിച്ചുകൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.