വലതുപക്ഷ ജനപ്രിയതയുടെ വളർച്ചയും ഇടതു-മതേതര രാഷ്ട്രീയവും
text_fieldsബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന ശേഷം അഭിനന്ദിക്കേണ്ടതാരെ, അധിക്ഷേപിക്കേണ്ടതാരെ എന്ന കാര്യത്തിൽ ദേശീയ മാധ്യമങ്ങൾ താൽക്കാലികമായ ആശയക്കുഴപ്പത്തിൽ അകപ്പെട്ടപോലെ തോന്നിയിരുന്നു. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ബി.ജെ.പി-ജെ.ഡി.യു മുന്നണിക്കു മേൽക്കൈ ലഭിച്ചെങ്കിലും തേജസ്വി യാദവിെൻറ ആർ.ജെ.ഡി യെ പരാജയപ്പെടുത്താൻ സാധിച്ചില്ല. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനങ്ങൾ ആർ.ജെ.ഡിയെ തെരഞ്ഞെടുത്തുവെന്നു മാത്രമല്ല, അദ്ദേഹം ഉന്നയിച്ച മുദ്രാവാക്യങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. കേന്ദ്രത്തിലും സംസ്ഥാനത്തും നിലനിന്ന എൻ.ഡി.എ ഭരണത്തിെൻറ ജനദ്രോഹ നയങ്ങളെയും തദ്ഫലമായി അധികരിച്ചുവരുന്ന തൊഴിലില്ലായ്മ, അരാജകത്വം, സാമ്പത്തിക തകർച്ച തുടങ്ങിയ വിഷയങ്ങളെയുമാണ് തേജസ്വി യാദവിെൻറ നേതൃത്വത്തിലുള്ള മഹാസഖ്യം പ്രചാരണായുധമാക്കിയത്. ആർ.ജെ.ഡി വോട്ടുകളുടെ പിൻബലത്തിൽ ഇടതുപക്ഷം മത്സരിച്ച 29 സീറ്റുകളിൽ 16 എണ്ണത്തിലും ജയിച്ചുകയറിയപ്പോൾ ജാതിസമവാക്യങ്ങൾക്ക് അതീതമായ തേജസ്വിയുടെ രാഷ്ട്രീയപ്രചാരണം ഫലംകണ്ടു എന്ന് വ്യക്തമായി.
അതേസമയം, 71 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 51 സീറ്റിലും പരാജയപ്പെട്ടു. അസദുദ്ദീൻ ഉവൈസിയുടെ സാന്നിധ്യമാണ് കോൺഗ്രസിനെ പരാജയപ്പെടുത്തിയത് എന്ന് രാഹുൽഗാന്ധി ആരോപണമുന്നയിച്ചതോടെ മാധ്യമങ്ങളുടെ ആശയക്കുഴപ്പം മാറിക്കിട്ടി. ഉവൈസി ബി.ജെ.പി ചാരനാണോ അതോ കോൺഗ്രസ്-എൻ.ഡി.എ വിരുദ്ധ സഖ്യത്തിനൊരു ഭാരമാണോ എന്നതായി പിന്നീട് ചർച്ചാവിഷയം. ഇലക്ഷൻ കമീഷൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ നോക്കിയാൽ രാഹുൽ ഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കാം.
ഉവൈസിയെക്കുറിച്ച് സി.പി.െഎ-എം.എൽ
ഇടതുപക്ഷത്തെ പ്രമുഖ കക്ഷിയും ഇടതുപക്ഷ വിജയത്തിൽ 16ൽ 12 സീറ്റും കരസ്ഥമാക്കിയ സി.പി.ഐ-എം.എൽ ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ 'ഔട്ട്ലുക്ക്' മാഗസിന് നൽകിയ അഭിമുഖത്തിൽ ഈ 'ഉവൈസി ഫാക്ടറി'നെ വിലയിരുത്തിയതും വ്യത്യസ്തമായാണ് (Outlook.com 11.11.2020). 'എ.ഐ.എം.ഐ.എം പോലുള്ള കക്ഷികളിലേക്ക് ആളുകൾ ആകർഷിക്കപ്പെടുന്നത് മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷസമുദായങ്ങൾക്കുനേരെ അരങ്ങേറുന്ന അതിക്രമങ്ങളിൽ മുഖ്യധാരാ പാർട്ടികൾ മൗനംദീക്ഷിക്കുന്നുവെന്ന വിചാരം നിലനിൽക്കുന്നതുകൊണ്ടാണ്. ഈ പാർട്ടികൾ അത്തരം സമുദായങ്ങളുടെ സ്വത്വപ്രശ്നങ്ങളിലും അവരുടെ നിലനിൽപും അവകാശങ്ങളും സംബന്ധിച്ച പ്രശ്നങ്ങളിലും കൂടുതൽ ശബ്ദമുയർത്തേണ്ടതുണ്ട്'. ന്യൂനപക്ഷങ്ങൾ എ.ഐ.എം.ഐ.എമ്മിെൻറ പക്ഷത്തേക്ക് നീങ്ങുന്നതിനും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല' എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ദലിത്-മുസ്ലിം ജനവിഭാഗങ്ങളുടെ രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ പ്രശ്നങ്ങളോട് 'സാമൂഹിക അകലം' പാലിച്ചുള്ള മതേതര ചേരിയുടെ രാഷ്ട്രീയ സമീപനങ്ങളെ പ്രശ്നവത്കരിക്കേണ്ടതുണ്ട് എന്നതു ശരിതന്നെ. പക്ഷേ, സംഘ്പരിവാർ-ബി.ജെ.പി രാഷ്ട്രീയത്തിന് വിജയമുണ്ടാക്കുന്ന തരത്തിലുള്ള അടവുപരമായ വീഴ്ചകളിലേക്ക് ന്യൂനപക്ഷ രാഷ്ട്രീയം വഴുതിവീഴുന്നതിനെതിരെ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.
ഈ ജാഗ്രത മതേതര പാർട്ടികൾക്കും ഉണ്ടാവേണ്ടതുണ്ട്. കോൺഗ്രസ് നേതൃത്വംനൽകുന്ന മതേതരപക്ഷത്തിെൻറ ആന്തരിക ദൗർബല്യമാണ് ഉവൈസിക്കെതിരെയുള്ള ദുരാരോപണത്തിലൂടെ പുറത്തുവന്നത്. സ്വന്തം പരാജയത്തിെൻറ യഥാർഥ കാരണങ്ങൾ തിരിച്ചറിയാതിരിക്കുകയും സാങ്കൽപിക കാരണങ്ങൾ കണ്ടെത്തി 'സ്റ്റാറ്റസ്കോ' നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നത് ഇന്ത്യയിലെ വലത് മതേതര രാഷ്ട്രീയത്തിെൻറ അടിസ്ഥാന ദൗർബല്യങ്ങളിലൊന്നാണ്. ന്യൂനപക്ഷ വർഗീയതയല്ല ഇപ്പോൾ കോൺഗ്രസിെൻറ മുന്നിലുള്ള പ്രധാന പ്രശ്നം. ഭൂരിപക്ഷ സമുദായങ്ങൾക്കിടയിലുണ്ടായിരുന്ന ജനപിന്തുണ ചോർന്നൊലിക്കുന്നതെന്തുകൊണ്ട് എന്നതിനെക്കുറിച്ചാണ് കോൺഗ്രസ് നേതൃത്വം ഗൗരവപൂർവം ചിന്തിച്ചുതുടങ്ങേണ്ടത്. കോൺഗ്രസിനെ ഒരു രാഷ്ട്രീയ ബദലായി കാണേണ്ടതില്ല എന്ന് കപിൽ സിബലിനെപോലെയൊരാൾ പരസ്യപ്രസ്താവന ഇറക്കിയെങ്കിൽ ഈ ചോർച്ചയെക്കുറിച്ച് ചിലർക്കെങ്കിലും ബോധ്യംവന്നിരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഇത് കോൺഗ്രസിെൻറ മാത്രം പ്രശ്നമല്ല; മുഖ്യധാരാ മതേതര കക്ഷികളുടെ ജനപിന്തുണയെ അനുദിനം ശോഷിപ്പിക്കുന്ന ഒരു ഘടകം ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാണ് എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്.
ജനാധിപത്യത്തെ കീഴ്പ്പെടുത്തുന്ന വലതുപക്ഷ പോപുലിസം
വലതുപക്ഷ ജനപ്രിയത (റൈറ്റ് വിങ് പോപുലിസം) എന്ന് അക്കാദമിക ഭാഷയിൽ വിശകലനം ചെയ്യപ്പെടുന്ന 'പൊതുജനപക്ഷ'മെന്ന രാഷ്ട്രീയഘടകം ഇന്ത്യൻ ജനാധിപത്യത്തിെൻറ അഭിപ്രായ രൂപവത്കരണമണ്ഡലങ്ങളെയും മാനദണ്ഡങ്ങളെയും കീഴ്പ്പെടുത്തുന്നതിെൻറ ലക്ഷണങ്ങൾ 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വ്യക്തമായും പ്രതിഫലിച്ചിരുന്നു. 2014ൽ അധികാരത്തിലേറിയ മോദി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നു മാത്രമല്ല, നോട്ടുനിരോധം, സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ, ഭരണരംഗത്തെ അഴിമതി, കർഷകദ്രോഹം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ ജനങ്ങൾക്കുമേൽ കെട്ടിയേൽപിക്കുകയും ചെയ്തു. ആ സർക്കാറിനെയാണ് 2019ൽ ജനങ്ങൾ വൻ ഭൂരിപക്ഷം നൽകി വീണ്ടും അധികാരത്തിലെത്തിച്ചത്. രാജ്യത്തെ വിദേശ ശത്രുവിൽനിന്ന് രക്ഷിക്കാൻ കെൽപുള്ള ഒരു രാഷ്ട്രീയ നേതൃത്വവും സർക്കാറും എന്ന ഒരൊറ്റ മുദ്രാവാക്യമാണ് മോദി സർക്കാറിെൻറ രണ്ടാമൂഴമുറപ്പാക്കിയത്.
ഇന്ത്യൻ ജനാധിപത്യത്തെ വലതുപക്ഷ പോപുലിസം കീഴ്പ്പെടുത്തിയതിെൻറ പ്രഘോഷണമായിരുന്നു മോദിയുടെ രണ്ടാമൂഴം. മോദിഭക്തിക്കും ബി.ജെ.പി രാഷ്ട്രീയത്തിെൻറ ജനപ്രീതിക്കും ഇപ്പോഴും കാര്യമായ കോട്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല, ദേശഭക്തിയും മോദിഭക്തിയും പരസ്പരപൂരകമാണെന്ന ഒരവസ്ഥയിലേക്ക് അത് വളരുകയും ചെയ്തിട്ടുണ്ട്.
മോദിക്ക് വോട്ട് ചെയ്യുന്നവരെല്ലാം ഫാഷിസ്റ്റ് അനുകൂലികളാണ് എന്നല്ല ഇതിനർഥം. വലതുപക്ഷ പോപുലിസമെന്നാൽ ഫാഷിസമല്ല. ഫാഷിസത്തിെൻറ വാഹനമാണത്. വലതുപക്ഷ പോപുലിസം ശക്തിയാർജിക്കാതെ ഫാഷിസത്തിന് രാഷ്ട്രീയ ഭൂമിയിൽ കാലുറപ്പിക്കാനാവില്ല. ഈ പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിെൻറ കുതിരപ്പുറത്തേറിയാണ് ഫാഷിസം അധികാരസ്ഥാനങ്ങൾ പിടിച്ചടക്കുന്നതെങ്കിലും ഇവ രണ്ടും തമ്മിൽ സമാനതകളുള്ളതുപോലെ വൈരുധ്യങ്ങളുമുണ്ട്. എന്നാൽ, യൂറോപ്പിെൻറ ചരിത്രാനുഭവങ്ങളിൽനിന്ന് വ്യക്തമാവുന്നത് മുതലാളിത്ത സമ്പദ് വ്യവസ്ഥയും ജനാധിപത്യ ഭരണവ്യവസ്ഥയും ഗുരുതരമായ പ്രതിസന്ധികളിൽ അകപ്പെടുകയും അതിന് പരിഹാരം കണ്ടെത്താൻ രാഷ്ട്രീയ നേതൃത്വങ്ങൾ അശക്തമാവുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ സാധാരണക്കാരായ കർഷകരിലും തൊഴിലാളികളിലും മധ്യവർഗങ്ങളിലും രൂപമെടുക്കുന്ന അരക്ഷിതാവസ്ഥയാണ് പോപുലിസ്റ്റ് രാഷ്ട്രീയത്തിന് രൂപംനൽകുന്നത്. കൃത്യമായ രാഷ്ട്രീയ ബദലുകളുടെ അസാന്നിധ്യംകാരണം ഇത്തരം ജനസഞ്ചയങ്ങൾ സങ്കുചിത ദേശീയത, അന്യമത/ദേശ വിരോധം, വംശീയ മേൽക്കോയ്മ തുടങ്ങിയ വികൽപങ്ങളെ സ്വന്തം അധഃസ്ഥിതാവസ്ഥക്ക് പരിഹാരമാർഗമായി കാണുകയും അതിനോട് യോജിക്കാത്തവരെയെല്ലാം ശത്രുക്കളായി മുദ്രകുത്തുകയും ചെയ്യുന്നു.
ഇടതുപക്ഷ രാഷ്ട്രീയവും സോഷ്യൽ ഡെമോക്രസിയും പിൻവാങ്ങുന്നിടത്താണ് പോപുലിസം കയറിപ്പറ്റുന്നത് എന്ന നിരീക്ഷണങ്ങൾ ഒരർഥത്തിൽ ശരിയാണ്. മുപ്പതുകളിലെ വാൾസ്ട്രീറ്റ് തകർച്ചയുടെ ആഘാതത്തിൽ നട്ടംതിരിഞ്ഞ യൂറോപ്യൻ രാഷ്ട്രങ്ങളിൽ ജർമനിയിലും ഇറ്റലിയിലും മാത്രമാണ് ഫാഷിസത്തിന് അധികാരം പിടിച്ചെടുക്കാനായത്. അതേസമയം, അമേരിക്കയിൽ പോപുലിസ്റ്റ് രാഷ്ട്രീയത്തിെൻറ മുന്നേറ്റത്തെ ഫലപ്രദമായി ചെറുക്കാൻ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയും ലിബറൽ ജനാധിപത്യസ്ഥാപനങ്ങളെ സക്രിയമാക്കിയും പ്രസിഡൻറ് റൂസ്വെൽറ്റ് സ്വീകരിച്ച നടപടികൾ വിജയം കണ്ടു എന്ന് നിരീക്ഷിക്കുന്നവരുണ്ട്.
ഫാഷിസത്തെപോലെ ഒരു പ്രത്യയശാസ്ത്ര പദ്ധതിയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നതല്ല വലതുപക്ഷ പോപുലിസം. സങ്കുചിത ദേശീയതയും നമ്മൾ/അവർ വിഭജനങ്ങളുമെല്ലാം ഫാഷിസത്തിനനുഗുണമാണ്. ജനാധിപത്യവ്യവസ്ഥയെ തകർക്കുകയെന്നതല്ല, മറിച്ച് അതിെൻറ സമ്പൂർണ ഗുണഭോക്താക്കളായി മാറുക എന്നതാണ് പോപുലിസ്റ്റ് അജണ്ട. ഫാഷിസത്തിന് ഇത്തരം അജണ്ടകൾ സ്വന്തം വളർച്ചക്ക് ഉപയുക്തമാക്കാൻ എളുപ്പമാണ്. ഈ യൂറോപ്യൻമാതൃകയുടെ തനിപ്പകർപ്പാണ് ഇന്ത്യയിലെ വലതുപക്ഷ ജനപ്രിയ രാഷ്ട്രീയമെന്ന് കരുതാനാവില്ലെങ്കിലും നിയോലിബറൽ കാലത്തെ അതിെൻറ യൂറോപ്യൻ സവിശേഷതകൾ പലതും സംഘ്പരിവാർ രാഷ്ട്രീയത്തിലും നിഴലിച്ചുകാണാനുണ്ട്. ജനാധിപത്യവ്യവസ്ഥയെ തകർക്കുന്നതിനു പകരം ജനാധിപത്യത്തിെൻറതന്നെ ഒരു ഫാഷിസ്റ്റ് ബദലുണ്ടാക്കാനാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയ നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന് അനുകൂലമായ ഒരു സാഹചര്യത്തിലേക്ക് പടിപടിയായി ഇന്ത്യൻ രാഷ്ട്രീയത്തെ വളർത്തിയെടുക്കുക എന്നതാണ് തന്ത്രം. യൂറോപ്യൻസാഹചര്യങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തരത്തിലുള്ള ഒരു വലതുപക്ഷ പോപുലിസത്തെ വളർത്തിക്കൊണ്ടുവന്നതും അതിന് സൂത്രധാരത്വം വഹിച്ചതും സംഘ്പരിവാറാണ്. സ്വതന്ത്ര ഇന്ത്യയിലെ മതേതര ജനാധിപത്യത്തിൽ ഭൂരിപക്ഷവാദത്തിൽ അധിഷ്ഠിതമായ ഹിന്ദുവികാരത്തെ നിർണായക സ്ഥാനത്തിരുത്തുന്നതിൽ സംഘ്പരിവാറിെൻറ വലൈങ്കയായി പ്രവർത്തിച്ചത് കോൺഗ്രസ് രാഷ്ട്രീയമാണ്. സ്വാതന്ത്ര്യത്തിനുശേഷം ന്യൂനപക്ഷ വർഗീയത നിശ്ശേഷം ഇല്ലാതായിട്ടും അങ്ങനെയൊരു സാങ്കൽപിക ശത്രുവിനെ ഊതിവീർപ്പിച്ചതിെൻറ പിന്നിൽ ഈ സംഘ്പരിവാർ യുക്തിതന്നെയാണ്. സ്വതന്ത്ര ഇന്ത്യൻ ദേശീയത ഇൻക്ലൂസിവ് ആണെന്നു പറയുേമ്പാഴും ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും പുറത്തിരിക്കേണ്ടിവന്നതും ഈ സംഘ്പരിവാർ യുക്തിയുടെ രാഷ്ട്രീയ പ്രയോഗംമൂലമാണ്. സംഘ്പരിവാർ വളർത്തിക്കൊണ്ടുവന്ന ഈ വലതു ജനപ്രിയ രാഷ്ട്രീയത്തിെൻറ ദൂഷിതവലയത്തിൽനിന്ന് മുക്തമാവാതെ മതേതര രാഷ്ട്രീയത്തിന് മുന്നോട്ടുപോവുക പ്രയാസമാണ്.
ഭരണഘടന ജനാധിപത്യത്തെ സുശക്തമാക്കുക
വലതുപക്ഷ ജനപ്രിയതയെ ചെറുക്കേണ്ടതെങ്ങനെയെന്ന് ഇന്ന് ലോകം മുഴുവൻ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും ഏകസ്വരത്തിൽ സമ്മതിക്കുന്ന ഒരു കാര്യം ഭരണഘടന ജനാധിപത്യത്തെ സുശക്തമാക്കുക എന്നതാണ്. എല്ലാ തരത്തിലുള്ള ജനാധിപത്യസ്ഥാപനങ്ങളെയും കൈയടക്കിവെച്ചിരിക്കുന്ന ഒരു ഭരണകൂടം നിലനിൽക്കുേമ്പാൾ ഇതെങ്ങനെ സാധ്യമാകും എന്ന കാര്യത്തിൽ മതേതരചേരിയിൽ ഇപ്പോഴും ഏകാഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. കോടതി വ്യവഹാരങ്ങളിലൂടെയോ തെരഞ്ഞെടുപ്പുകൾ നൽകുന്ന ചെറുതും വലുതുമായ വിജയങ്ങളിലൂടെ മാത്രമോ ഈ ഭരണകൂടാധികാരത്തെ മെരുക്കാനാവുകയില്ല. ജനാധിപത്യ സ്ഥാപനങ്ങളെ ജനങ്ങൾക്കനുകൂലമാക്കി മാറ്റണമെങ്കിൽ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരണം. മതേതരരാഷ്ട്രീയം പ്രക്ഷോഭകാരിയായി മാറുേമ്പാൾ മാത്രമേ മതേതര ബദൽ എന്ന രാഷ്ട്രീയ മുദ്രാവാക്യത്തിന് ജനപ്രിയമാകാൻ സാധിക്കുകയുള്ളൂ. അത്തരം പ്രക്ഷോഭങ്ങൾക്ക് ഊർജം നൽകാനും മതേതരചേരിയുടെ വലതുവ്യതിയാനത്തെ തടഞ്ഞുനിർത്താനും ഇടതു മതേതര രാഷ്ട്രീയത്തിന് സാധ്യമാവേണ്ടതുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.