അട്ടപ്പാടിയിലെ ആദിവാസികളുടെ ഹൃദയമിടിപ്പ്
text_fieldsകണ്ണൂരിലെ സി.പി.എമ്മിന്റെ അധോലോക ബന്ധത്തെക്കുറിച്ച് വാചാലനാകുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അട്ടപ്പാടിയുടെ കാര്യത്തിൽ നിശ്ശബ്ദത പാലിക്കുന്നു. കാരണം, അട്ടപ്പാടിയിലെ ഭൂമാഫിയയിലെ പ്രധാന കണ്ണികളും ഇടനിലക്കാരും സി.പി.ഐ നേതാക്കളാണ്
അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്നത് വർത്തമാനകാലത്തിന്റെ സങ്കീർണതകളാണ്. പാരമ്പര്യത്തിന്റെ സൂക്ഷ്മ സ്വരങ്ങളും സ്വപ്നങ്ങളും എല്ലാം അവർക്ക് നഷ്ടമായി. ഓർമകളാണ് ആകെയുള്ള കൈമുതൽ. ആദിവാസികളുടെ വാക്കുകളിൽ അവരുടെ ഹൃദയമിടിപ്പ് കേൾക്കാം. തങ്ങളുടെ വാക്കുകളും ഹൃദയമിടിപ്പും നീതിപീഠം കേട്ടെന്ന നേരിയആശ്വാസത്തിലാണ് അട്ടപ്പാടിയിലെ ആദിവാസി സമൂഹമിപ്പോൾ.
കുടിയിറക്കൽ ഭീഷണി നേരിട്ട മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം ആദിവാസി മേഖലയിലെ നാല് ആദിവാസി കുടുംബങ്ങളാണ് ഹൈകോടതിയെ സമീപിച്ചത്. ഭൂമി ബലംപ്രയോഗിച്ച് പിടിച്ചെടുക്കാൻ കോടതി ഉത്തരവുമായി പൊലീസ് എത്തിയപ്പോഴാണ് തലമുറകളായി ജീവിക്കുന്ന ഭൂമിക്ക് മറ്റാരോ ആധാരം നിർമിച്ച വിവരം അവർ അറിഞ്ഞതുതന്നെ.
ഭൂമിക്ക് അതിർത്തിക്കല്ല് സ്ഥാപിക്കുന്നതിന് ഹൈകോടതി ഉത്തരവുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊച്ചി സ്വദേശികളായ സിനിമ നിർമാതാക്കൾ കെ. മോഹനൻ, ജഗദീഷ് ചന്ദ്രൻ (ഇവർക്ക് 88 ഏക്കർ ഭൂമിയുണ്ടെന്ന് അവകാശപ്പെടുന്നു), കരുനാഗപ്പള്ളി സ്വദേശിനി ഡോ. എസ്.ജെ. ജോളി, കോയമ്പത്തൂർ സ്വദേശികളായ സദാനന്ദ രാജ്, മുത്തമ്മാൾ, വി. ജയന്തൻ, ജെ. ജ്യോതിമണി തുടങ്ങിയവരായിരുന്നു ഭൂമിയുടെ പുതിയ അവകാശികൾ. ഇവർ ഹൈകോടതിയിൽനിന്ന് നേടിയ ഉത്തരവിനെതിരെയാണ് ആദിവാസികൾ ഹരജി നൽകിയത്. നാലു കേസുകളും സമാനമായതിനാൽ ഒറ്റ കേസായി പരിഗണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പറയുകയായിരുന്നു.
സാധുവായ രേഖകളുടെയും സർവേ രേഖകളുടെയും ബലത്തിലാണ് ഭൂമിക്കുമേൽ അവകാശം ഉന്നയിച്ച് റിട്ട് ഹരജികളിലൂടെ കോടതിയെ സമീപിച്ചതെന്ന് ഭൂവുടമകളുടെ അഭിഭാഷകരായ ഗായത്രി മുരളീധരൻ, എം.എസ്. ശരത്, സുനിത വിനോദ് എന്നിവർ വാദിച്ചു. സ്വത്തിൽ കയറി, നാശനഷ്ടം വരുത്തി അന്യായമായ മാർഗങ്ങളിലൂടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നത് ആദിവാസികളാണെന്നും ജീവനും സ്വത്തിനും സംരക്ഷണം തേടി പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും അവർ ബോധിപ്പിച്ചു.
പല വസ്തുക്കൾക്കും ശരിയായ വേലിയോ കോമ്പൗണ്ട് ഭിത്തികളോ ഇല്ല. അതിനാൽ, ഭൂവുടമകൾ നിർമാണങ്ങൾ നടത്താൻ ശ്രമിക്കുമ്പോൾ ആദിവാസികൾ അക്രമാസക്തമായി തടസ്സപ്പെടുത്തി. ഈ ഭൂമിയുടെ അതിരുകളോ സർവേ നമ്പറുകളോ സംബന്ധിച്ച് തർക്കങ്ങളൊന്നുമില്ല. ആദിവാസികൾക്ക് ഒരു തരത്തിലും ഈ ഭൂമിക്കുമേൽ അവകാശം ഉന്നയിക്കാനും കഴിയില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
വ്യത്യസ്തമായ കാര്യങ്ങളാണ് ആദിവാസികൾക്കായി ഹാജറായ അഡ്വ. കെ.ആർ.അനീഷ് ചൂണ്ടിക്കാണിച്ചത്. മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം പ്രദേശത്തെ ഭൂമി തലമുറകളായി ആദിവാസികളുടെ കൈവശമാണ്. അവർ കൃഷി ചെയ്തും കാലിവളർത്തിയും ഉപയോഗിക്കുന്ന ഭൂമിയിലാണ് പുറത്തുനിന്നുള്ള പലരും അതിക്രമിച്ചു കടക്കുന്നത്.
മുഴുവൻ ഭൂമിയും സർവേ ചെയ്ത് അതിർത്തി അടയാളപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മറ്റു രണ്ട് റിട്ട് ഹരജികളിലൂടെ ആദിവാസികൾ ഈ കോടതിയെ സമീപിച്ചിരുന്നു. ഇരു കക്ഷികൾ തമ്മിലെ സിവിൽ തർക്കങ്ങളിൽ ഇടപെടാനോ ആദിവാസികളെ ഉപദ്രവിക്കാനോ പൊലീസ് ഇടപെടരുത്. ഭൂമിയിൽനിന്ന് ബലം പ്രയോഗിച്ച് ആദിവാസികളെ കുടിയൊഴിപ്പിക്കുമെന്ന ഭീഷണിയുണ്ട്. അതിനാൽ, ആദിവാസികളുടെ ജീവനും ജീവിതത്തിനും സ്വത്തുക്കൾക്കും കോടതി സംരക്ഷണം വേണം.
രണ്ട് കക്ഷികളും ഒരേ ഭൂമിയുടെ ഉടമസ്ഥാവകാശവും കൈവശവും അവകാശവാദമുന്നയിക്കുന്നതിനാൽ പൊലീസ് ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് സീനിയർ ഗവ. പ്ലീഡർ രേഖ സി. നായർ കോടതിയെ അറിയിച്ചു. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തർക്കം യോഗ്യതയുള്ള ഫോറങ്ങൾ/കോടതികൾക്ക് മുമ്പാകെ തീർപ്പുകൽപിക്കാത്തതാണെന്നും അവർ സ്ഥിരീകരിച്ചു. സിവിൽ തർക്കങ്ങളിൽ പൊലീസ് ഇടപെടുന്നില്ലെന്നും ആദിവാസികളെ ഉപദ്രവിച്ചിട്ടില്ലെന്നും ഗവ. പ്ലീഡർ വ്യക്തമാക്കി.
വാദം കേട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഭൂ ഉടമസ്ഥതാ തർക്ക കേസിൽ ഇടപെടാനും ഒരു സിവിൽ കോടതിയെപ്പോലെ പ്രവർത്തിക്കാനും ഈ കോടതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി. നിയമപ്രകാരം ഭൂമിയുടെ ഉടമസ്ഥതയോ കൈവശമോ സ്ഥാപിക്കേണ്ടത് ഇരു വിഭാഗത്തിന്റെയും ആവശ്യമാണ്.
അതിന് അവർതന്നെ നിയമപരമായി വഴി സ്വീകരിക്കണം. അക്രമത്തിലൂടെയോ മറ്റു വിനാശകരമായ പെരുമാറ്റത്തിലൂടെയോ ഏതെങ്കിലും കക്ഷികൾക്ക് അതിക്രമം കാണിക്കാൻ കഴിയില്ല; ഇരു കക്ഷികളുടെ ജീവൻ മതിയായ രീതിയിൽ സംരക്ഷിക്കപ്പെടുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം.
ഈ നാല് കേസിലും നിയമം കൈയിലെടുക്കാനോ നിയമം ലംഘിക്കുന്ന എന്തെങ്കിലും പ്രവർത്തനം നടത്താനോ ആരെയും അനുവദിക്കരുത്. ഒരു കക്ഷിയും അക്രമമോ പരസ്പരം ഭീഷണിപ്പെടുത്തലോ അവലംബിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
ഇരു കക്ഷികളും കോടതി നിർദേശങ്ങൾ ഒരു തരത്തിലും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസ് ആവശ്യമായ ജാഗ്രതയും പുലർത്തണം. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച നിയമപരമായ വാദം നടക്കേണ്ടത് സിവിൽ കോടതിയിലാണ്. സിവിൽ കോടതി അനുശാസിക്കുന്ന രീതിയിൽ നിയമപരമായി പൊലീസിന് ഇടപെടാം. ആദിവാസികളുടെ പേരിൽ നിലവിൽ കേസ് ഇല്ല. പൊലീസ് നിലവിൽ അവരെ ഒന്നും ചെയ്തിട്ടില്ല. ആദിവാസികളെ ചോദ്യംചെയ്യാനും ഉദ്ദേശിച്ചിട്ടില്ല. അതിനാലാണ് ഹരജി തള്ളിയത്.
ആദിവാസികൾ കോടതിയിൽ അവതരിപ്പിച്ചത് തെളിഞ്ഞ ചിന്തകളാണ്. നീതി ലഭിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ആദിവാസികളുടെ വാക്കുകൾക്ക് ജീവനുണ്ടെന്നും അത് നീതി നിഷേധിക്കപ്പെട്ടവരുടെ പ്രതിരോധത്തിന്റെ വെളിവുള്ള ഉൾക്കാഴ്ചകളാണെന്നും ന്യായാധിപന് മനസ്സിലായി. അതിനാലാണ് ആദിവാസികൾക്ക് നീതി ഉറപ്പാക്കിയത്.
എന്നാൽ, ഈ ആശ്വാസം എത്രകാലം തുടരുമെന്നത് സംബന്ധിച്ച് ആദിവാസികൾക്ക് ആശങ്കയുണ്ട്. ഇരുട്ടിൽ കുതിരക്കുളമ്പടി ഇപ്പോഴുമവർ കേൾക്കുന്നുണ്ട്. കണ്ണൂരിലെ സി.പി.എമ്മിന്റെ അധോലോക ബന്ധത്തെക്കുറിച്ച് വാചാലനാകുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അട്ടപ്പാടിയുടെ കാര്യത്തിൽ നിശ്ശബ്ദത പാലിക്കുന്നു. കാരണം, അട്ടപ്പാടിയിലെ ഭൂമാഫിയയിലെ പ്രധാന കണ്ണികളും ഇടനിലക്കാരും സി.പി.ഐ നേതാക്കളാണ്. റവന്യൂ വകുപ്പ് എല്ലാ കൈയേറ്റത്തിനും കുട പിടിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.