വികസനക്കുതിപ്പിന്റെ മനുഷ്യമുഖം
text_fieldsഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ വികസനഭാഗധേയം നിശ്ചയിച്ച, പുതിയ സാമ്പത്തിക നയത്തിന്റെ ശില്പിയാണ് വിട പറഞ്ഞത്. അദ്ദേഹം ധനകാര്യമന്ത്രിയാകുമ്പോള് ഞാന്‍ ലോക്സഭാംഗമായിരുന്നു. നരസിംഹറാവു ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ആയിരുന്നതുപോലെ ആക്സിഡന്റല്‍ ഫിനാന്‍സ് മിനിസ്റ്റര്‍ ആയിരുന്നു അദ്ദേഹം.
വളരെ സൗമ്യന്‍. പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കും. മിതഭാഷയില്‍ മറുപടി നല്‍കും. സ്ഥിരം രാഷ്ട്രീയക്കാരില്‍നിന്ന് വ്യത്യസ്തമായി ബൗദ്ധികതലത്തില്‍ പ്രവര്‍ത്തിച്ച ആളായിരുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണറായി വിരമിച്ചശേഷം പിന്നീട് പ്ലാനിങ് കമീഷന് ഉപാധ്യക്ഷനായിരുന്ന അദ്ദേഹത്തെ വലിയ രാഷ്ട്രീയപരിചയം ഇല്ലാഞ്ഞിട്ടും ആദ്യം ധനമന്ത്രിയാക്കിയത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ദീര്‍ഘവീക്ഷണമായിരുന്നു.
2004ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് താനില്ല എന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തിന്റെ കടിഞ്ഞാണ്‍ ഏല്പിക്കാന് കോണ്‍ഗ്രസ് കണ്ടെത്തിയത് മന്മോഹന് സിങ്ങിനെയായിരുന്നു. ആ സ്ഥാനത്ത് ഒരു വന്‍വിജയമാണ് താന്‍ എന്ന് തെളിയിച്ചു. ഉദാരവത്കരണത്തിന് മനുഷ്യമുഖമുണ്ടാകണം എന്ന കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ക്കനുസരിച്ചാണ് അദ്ദേഹം നയപരിപാടികള്‍ രൂപപ്പെടുത്തിയത്.
അന്നത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടുവെങ്കിലും അദ്ദേഹമാണ് ശരിയെന്ന് കാലം തെളിയിച്ചു. അദ്ദേഹം കൊണ്ടുവന്ന തൊഴിലുറപ്പു പദ്ധതി ഇന്ത്യയിലെ ജനകോടികളുടെ ദാരിദ്ര്യം അകറ്റി. വിവരാവകാശ നിയമം, കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍ തുടങ്ങി നിരവധി പരിഷ്കരണങ്ങള്‍ കൊണ്ടുവന്ന അദ്ദേഹം ആഗോളീകരണത്തെ മനുഷ്യവത്കരിച്ചു.
ലോകം മുഴുവന്‍ തകര്‍ന്നുപോയ 2008ലെ ലോക സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കാര്യമായ പരിക്കില്ലാതെ ഇന്ത്യയെ രക്ഷിച്ചത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം ഒന്നു കൊണ്ടുമാത്രമായിരുന്നു. വളരെയടുത്ത വ്യക്തിബന്ധം വെച്ചുപുലര്‍ത്തിയിരുന്നു.
ഏഴെട്ടുമാസം മുമ്പാണ് അദ്ദേഹവുമായി അവസാനമായി കൂടിക്കാഴ്ച നടത്തിയത്. വളരെയേറെ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം വളരെ സ്നേഹത്തോടെ കാര്യങ്ങള്‍ സംസാരിച്ചു. മന്മോഹന് സിങ് യാത്ര പറയുമ്പോള്‍ ഒരു വലിയ ചരിത്രമാണ് അവസാനിക്കുന്നത്. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.