വേട്ട
text_fieldsബ്യൂറോക്രാറ്റുകളെ ഫംഗസിനോടും പരാദങ്ങളോടുമൊക്കെയാണ് ഐൻൈസ്റ്റൻ അടക്കമുള്ള മഹാവ്യക്തികൾ ഉപമിച്ചിരിക്കുന്നത്. ഖജനാവ് തിന്നുമുടിക്കുന്ന ഇത്തിൾകണ്ണികളെന്ന പ്രയോഗം സാർവത്രികമാണ്. എന്നാൽ, എല്ലായിടത്തും കാണുമല്ലോ ചില അപവാദങ്ങൾ. കേന്ദ്ര സർക്കാറിനുകീഴിലെ ചില ബ്യൂറോക്രാറ്റുകളെ അത്തരം അപവാദങ്ങളിൽ ഉൾപ്പെടുത്താം. മോദി-ഷാ ദ്വന്ദ്വത്തിനുകീഴിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്; പണിയൊഴിഞ്ഞിട്ട് നേരമില്ലാത്ത വർഗം. ‘പ്രതിപക്ഷ പാർട്ടികൾ’ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാറുകൾക്കും അതിലെ നേതാക്കൾക്കും ‘പണി’കൊടുത്തുകൊണ്ടേയിരിക്കുക എന്നതാണ് ഈ വർഗത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പണി.
കന്യാകുമാരി മുതൽ കശ്മീർ വരെയുണ്ട് അതിന്റെ ദൃഷ്ടാന്തങ്ങൾ. ഇപ്പോൾ വലിയപണി നടന്നുകൊണ്ടിരിക്കുന്നത് ഇന്ദ്രപ്രസ്ഥം കേന്ദ്രീകരിച്ചാണ്. അവിടെയും ഭരണം നടത്തുന്നത് ‘പ്രതിപക്ഷ’മാണ്. തെരഞ്ഞെടുപ്പുവഴി പൂട്ടാൻ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാത്ത സ്ഥിതിക്ക് അവർക്കിട്ടൊരു ആപ് വെച്ചേ മതിയാകൂ; അതാണ് ‘ആപ്’ സർക്കാറിലെ രണ്ടു മന്ത്രിമാർക്കുനേരെ പ്രയോഗിച്ചത്. അതിലൊരാൾ ഉപമുഖ്യമന്ത്രിയും കെജ്‍രിവാളിന്റെ വലം കൈയുമാണ്. പേര് മനീഷ് സിസോദിയ. മദ്യനയത്തിൽ ക്രമക്കേട് കാണിച്ചുവെന്നോ മറ്റോ പറഞ്ഞ്, ടിയാന്റെ പിന്നാലെയായിരുന്നു കുറച്ചുനാളായി സി.ബി.ഐ. ആളിപ്പോൾ അറസ്റ്റിലാണ്. ഗത്യന്തരമില്ലാതെ രാജിയും വെച്ചു.
സിസോദിയയുടെ അറസ്റ്റ് എട്ടുമാസം മുമ്പേതന്നെ കെജ്‍രിവാൾ പ്രവചിച്ചിട്ടുണ്ട്. ഈ പ്രവചനത്തിന് വലിയ പ്രാഗത്ഭ്യമൊന്നും വേണ്ട. കേന്ദ്രത്തിൽ മോദി ഭരിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികമായൊരു നടപടിക്രമം മാത്രമാണെന്ന് ആർക്കാണറിയാത്തത്. കേന്ദ്രം പട്ടിക തയാറാക്കി ഓരോരുത്തരെയായി വേട്ടയാടുകയാണെന്നായിരുന്നു മന്ത്രിമുഖ്യന്റെ പരിഭവം. സിസോദിയക്കൊപ്പം ഇപ്പോൾ രാജിവെച്ച ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനെ ഇ.ഡി പിടികൂടിയപ്പോഴാണ് ഈ പ്രവചനം. അന്നേ സിസോദിയയുടെ പിറകെയുണ്ട് ഇ.ഡിയും സി.ബി.ഐയുമെല്ലാം. തുടക്കത്തിൽ, സ്കൂൾ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ചൂണ്ടിക്കാണിച്ചായിരുന്നു അന്വേഷണം. അന്ന് വീടുമുഴുവൻ അരിച്ചുപെറുക്കി. ഒന്നും കിട്ടിയില്ല.
അതുകഴിഞ്ഞപ്പോഴാണ് ‘കള്ളുകേസ്’ വന്നുപെട്ടത്. പുതിയ മദ്യനയത്തിലൂടെ സിസോദിയയും പാർട്ടിയും വലിയ തുക അടിച്ചുമാറ്റിയെന്നാണ് കേസ്. സംസ്ഥാന സർക്കാറിനുകീഴിലെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യ മേഖലക്ക് കൈമാറ്റം ചെയ്യുന്നതായിരുന്നു പുതിയ നയം. സ്വകാര്യ കമ്പനികൾക്ക് ലൈസൻസ് കിട്ടിയതോടെ ഈ മേഖലയിൽ കടുത്ത മത്സരമായി. ‘ആപ്’ സർക്കാർ ജനങ്ങളെ കുടിപ്പിച്ചുകിടത്തിയ വകയിൽ വൻ അഴിമതി നടന്നുവെന്നായി ലഫ്.ഗവർണർ അടക്കമുള്ളവർ. അങ്ങനെയാണ്, ഗോദയിൽ സി.ബി.ഐ എത്തുന്നത്. അന്വേഷണവും റെയ്ഡുമെല്ലാം തിരക്കഥപോലെ തന്നെ സംഭവിച്ചു; ആറുമാസം കൊണ്ട് അറസ്റ്റും നടന്നു.
പ്രത്യയശാസ്ത്രപരമായി ചില അന്തർധാരകളൊക്കെ ആരോപിക്കപ്പെടാറുണ്ടെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ ആപ്പും ബി.ജെ.പിയും പ്രതിയോഗികളാണ്. അതുകൊണ്ടുതന്നെ, മറ്റേതൊരു പ്രതിപക്ഷ സർക്കാറുകളെയുമെന്നപോലെ ‘ആപ്’ സർക്കാറിനെയും തൂത്തെറിയുക എന്ന അജണ്ടയിൽ വിട്ടുവീഴ്ചയുണ്ടാവില്ല. അപ്പോൾപിന്നെ, അന്വേഷണ ഏജൻസികൾ ഇന്ദ്രപ്രസ്ഥത്തിൽ ഇങ്ങനെ റോന്തുചുറ്റുന്നതിൽ ഒരു അത്ഭുതവുമില്ല. ഇത് അവസാനത്തേതുമാകില്ല.
ഈ പ്രഹരം കെജ്‍രിവാൾ എങ്ങനെ അതിജയിക്കുമെന്നാണ് ഇനി അറിയാനുള്ളത്. ഡൽഹിയിലെ ഹനുമാൻ കോവിലിൽ എത്രദിവസം ഭജനയിരുന്നാലാണ് ഈ സങ്കടങ്ങളൊക്കെയും പര്യവസാനിക്കുക? ചെറിയ കാര്യമല്ലിത്. കാബിനറ്റിലെ ഒരു സഹപ്രവർത്തകൻ മാത്രമല്ല സിസോദിയ. കൂടപ്പിറപ്പ് എന്നുതന്നെ പറയണം. കാൽനൂറ്റാണ്ടുകാലമായി കൂടെയുണ്ട്. കെജ്‍രിവാളിന്റെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് നിറം പകർന്നയാൾ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ; അത് മനീഷ് സിസോദിയ എന്ന പഴയ മാധ്യമ പ്രവർത്തകനാണ്.
20 വർഷം മുമ്പ് കെജ്‍രിവാൾ ആദായ നികുതി ഓഫിസിൽ ജോലി ചെയ്യുമ്പോൾ സിസോദിയ ആകാശവാണിയിലും സീ ന്യൂസിലുമായി കറങ്ങിനടക്കുകയാണ്. അക്കാലത്ത് സുന്ദർ നഗറിലെ സൗഹൃദക്കൂട്ടായ്മയിൽനിന്ന് രണ്ടുപേരുംകൂടി പരുവപ്പെടുത്തിയെടുത്ത ആശയമാണ് ‘പരിവർത്തൻ’. അതൊരു രജിസ്ട്രേഡ് എൻ.ജി.ഒ ഒന്നുമായിരുന്നില്ല. പൊതുവിതരണ സംവിധാനം, സാമൂഹികക്ഷേമ പദ്ധതികൾ, പൊതുമരാമത്ത് തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങളുടെ പരാതികൾ കേൾക്കാനുള്ള അനൗപചാരിക ഇടം. ആ പരാതികളുടെ അടിസ്ഥാനത്തിൽ ചില പൊതുതാൽപര്യ ഹരജികളുമായി കോടതിയെ സമീപിച്ചുതുടങ്ങിയതോടെയാണ് ഇരുവരും പൊതുരംഗത്ത് നിലയുറപ്പിച്ചത്.
ആ സമയത്തുതന്നെ, ചില സത്യഗ്രഹങ്ങളും നടത്തി. 2001ൽ ഡൽഹിയിൽ മാത്രമായി വിവരാവകാശ നിയമം നടപ്പാക്കിയപ്പോൾ അതും പ്രയോജനപ്പെടുത്തി കുറെ അഴിമതികൾ പുറത്തുകൊണ്ടുവന്നു. അതിനുശേഷമാണ് ‘കബീർ’ എന്ന എൻ.ജി.ഒ രൂപവത്കരിച്ചത്. പിന്നെ, പബ്ലിക്ക് കോസ് റിസർച് ഫൗണ്ടേഷൻ എന്ന പ്രസ്ഥാനവും. പൊതുപ്രവർത്തനം വല്ലാത്ത ആവേശമായി മാറിയപ്പോൾ ഇരുവരും ജോലി രാജിവെച്ചു; മുഴുവൻ സമയം ജനങ്ങൾക്കൊപ്പമായി. അതിന്റെ തുടർച്ചയിലാണ്, അണ്ണാ ഹസാരെക്കൊപ്പം ജൻ ലോക്പാൽ ബില്ലിനായുള്ള ഐതിഹാസിക സമരം. ശേഷം ആം ആദ്മി പാർട്ടി രൂപവത്കരിക്കുന്നു. അതോടെ ‘കുറ്റിച്ചൂൽ വിപ്ലവ’ത്തിന്റെ കാലമായി.
2013ലെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വിജയിച്ചു. 2015ൽ പാർട്ടി വൻ വിജയം നേടി അധികാരത്തിലെത്തിയപ്പോൾ കെജ്‍രിവാൾ ഖജനാവ് ഏൽപിച്ചത് സിസോദിയയെയാണ്. ഒപ്പം, വിദ്യാഭ്യാസവും ടൂറിസവും വിജിലൻസും സാംസ്കാരികവും തുടങ്ങി വേറെയും വകുപ്പുകൾ. ആദ്യ ബജറ്റ് തന്നെ വിപ്ലവകരമായിരുന്നു. മൊത്തം ബജറ്റിന്റെ കാൽഭാഗവും വിദ്യാഭ്യാസ മേഖലക്കായി നീക്കിവെച്ചു. അതോടെ, പൊതുവിദ്യാലയങ്ങളും നിലയും നിലവാരവും മാറി. അതുകണ്ട് ഫിൻലൻഡിൽനിന്നും ഐക്യരാഷ്ട്ര സഭയിൽനിന്നുമൊക്കെ ആളെത്തി. എന്തിന്, ഇക്കാര്യത്തിൽ വലിയ ധാരണയും താൽപര്യവുമില്ലാത്ത സാക്ഷാൽ ട്രംപുപോലും ആ സ്കൂൾ വരാന്തയിലൊന്ന് കേറിനോക്കി. ആ നിമിഷം സിസോദിയയെയും കെജ്‍രിവാളിനെയും മോദിജി പുറത്തിരുത്തിയെന്നത് വേറെ കാര്യം.
‘ശിക്ഷ: മൈ എക്സ്പരിമെന്റ് ആസ് എ എജുക്കേഷൻ മിനിസ്റ്റർ’ എന്ന കൃതിയിൽ ആപ്പിന്റെ വിദ്യാഭ്യാസ വിപ്ലവത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. തലസ്ഥാന നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടതും സിസോദിയയുടെ പ്രഖ്യാപനങ്ങളാണ്. ഈ വികസന വിപ്ലവത്തോടൊപ്പം പാർട്ടിയെ വികസിപ്പിക്കാനും കൺവീനർക്കൊപ്പം ഇറങ്ങിത്തിരിച്ചു. പഞ്ചാബിൽ ഭഗവന്ത് മാൻ അധികാരത്തിൽവരുന്നത് അങ്ങനെയാണ്. ഇങ്ങനെ കാര്യങ്ങൾ ഒരുവിധം നന്നായി നടന്നുപോയാൽ തലസ്ഥാനം ഇനിയും ഏറെ അകലെയാകുമെന്ന ചിന്തയിലാണ് കേന്ദ്രം പതിവുപോലെ ഗവർണറെയും അന്വേഷണ സംഘത്തെയും ഇറക്കി പ്രതിവിപ്ലവത്തിന് മുതിർന്നത്. അതോടെ, ഒരോരുത്തരായി വീണുതുടങ്ങി. ആദ്യം പാർട്ടിയുടെ മുസ്‍ലിം മുഖമായ അമാനത്തുല്ല ഖാനായിരുന്നു. അതുകഴിഞ്ഞ് സത്യേന്ദ്ര ജെയിൻ. ഇപ്പോൾ, സിസോദിയയും.
1972 ജനുവരി അഞ്ചിന് യു.പിയിലെ ഹാപൂരിൽ ജനനം. പിതാവ് സ്കൂൾ അധ്യാപകനായിരുന്നു. ജേണലിസത്തിൽ ഡിപ്ലോമ നേടിയശേഷം മാധ്യമ പ്രവർത്തകനായി. ഡൽഹിയായിരുന്നു തട്ടകം. തുടക്കത്തിൽ ആകാശവാണിയിൽ റേഡിയോ ജോക്കിയായിരുന്നു. അന്നവതരിപ്പിച്ച ‘സീറോ അവർ’ ഹിറ്റ് പരിപാടികളിലൊന്നായിരുന്നു. പിന്നീട് സീ ന്യൂസിന്റെ ഭാഗമായി. 2005ൽ മാധ്യമ പ്രവർത്തനം നിർത്തി. ഭാര്യ: സീമ. ഏകമകൻ മീർ വിദേശത്ത് പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.