വൈകിയെങ്കിലും തേടിയെത്തിയ നീതി
text_fieldsസിസ്റ്റർ അഭയ കൊലക്കേസിൽ ഏറെക്കാലം നീണ്ട നിയമപോരാട്ടത്തിന് ശുഭപരിസമാപ്തിയായതിൽ സന്തോഷമുണ്ട്. അതേസമയം, നീണ്ട 28 വർഷത്തിനു ശേഷമാണ് നീതികിട്ടിയതെന്ന നിരാശയും ഒപ്പമുണ്ട്. വൈകിയെത്തുന്ന നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്നാണ് പറയാറുള്ളത്. എങ്കിലും പലപ്പോഴും സംഭവിക്കാറുള്ളതും അതുതന്നെയാണ്. എന്നാൽ, അഭയ കേസിൽ ഉണ്ടായത് ക്രിമിനൽ നീതിന്യായവ്യവസ്ഥയിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതും അപൂർവമായതുമായ കാലതാമസമാണ്.
കൊലപാതകത്തിനു തെളിവില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്യാൻ നിവൃത്തിയില്ലെന്നും ചൂണ്ടിക്കാട്ടി സി.ബി.ഐ പോലും മൂന്നുതവണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച കാര്യം മറക്കാനാവില്ല. ആത്മാർഥമായ അന്വേഷണത്തിനു പകരം പേരിനു നടത്തുന്ന ചടങ്ങുപോലെയായിരുന്നു എല്ലാം. എന്നാൽ, ഇൗ നിലപാടുകൾക്കെതിരെ നിശിതമായ ഇടപെടൽ നടത്തി കോടതിതന്നെയാണ് പ്രതികളെ അറസ്റ്റുചെയ്യുന്ന സാഹചര്യത്തിലെത്തിച്ചത്. അവസാനം പ്രതികൾ കുറ്റക്കാർതന്നെയാണെന്ന വിധിയിലേക്കുവരെ അത് എത്തിക്കാനായി. ഇവർക്ക് വിധിക്കുന്ന ശിക്ഷയെക്കുറിച്ച് മാത്രമാണ് ഇനി അറിയാനുള്ളത്.
കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിൽ, തെളിവു നശിപ്പിച്ചുവെന്ന ആരോപണമുയർന്ന അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിൾ എന്നിവർക്കും കേസിൽ പങ്കുണ്ടെന്നു കരുതുന്നവരാണ് ഏറെയും. നിയമത്തിെൻറ മുന്നിൽനിന്ന് രക്ഷപ്പെടാൻ അനുവദിക്കാതെ ഇവരെക്കൂടി പ്രതിയാക്കി വിചാരണ ചെയ്യാനുള്ള നടപടികളാണ് ഇനി ആവശ്യം. മജിസ്ട്രേറ്റ് മുമ്പാകെ ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം മൊഴി നൽകിയ എട്ട് സാക്ഷികൾ പിന്നീട് മൊഴിമാറ്റിയിരുന്നു. അവരെയും പ്രോസിക്യൂഷന് വിധേയമാക്കേണ്ട നടപടികളുണ്ടാകണം.
കേസിെൻറ വിചാരണവേളയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കിൽ മൈക്കിളിനെ പ്രതിയാക്കാമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ആ നടപടിയെടുക്കേണ്ടതും ചൊവ്വാഴ്ച വിധിപറഞ്ഞ സി.ബി.ഐ കോടതിതന്നെയാണ്. ഹൈകോടതിയിൽ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് പൂതൃക്കയിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്. പൂതൃക്കയിലിനെതിരെയുള്ള നടപടികളുമായി സുപ്രീംകോടതിയിൽ പോവേണ്ടതും സി.ബി.ഐ ആണ്. വളരെ നേരത്തെ തന്നെ ഇതു ചെയ്യേണ്ടതാണെങ്കിലും ഇതുവരെ ഇത്തരത്തിലൊരു നീക്കം നടത്തിയതായി അറിയില്ല.
പല ഘട്ടത്തിലും അനിശ്ചിതമായി നടപടികൾ വൈകിയതാണ് കേസ് അനന്തമായി നീണ്ടുപോകാനുള്ള പ്രധാന കാരണം. കേസ് അവസാനിപ്പിക്കാമെന്ന തരത്തിൽ മൂന്നുതവണ സി.ബി.ഐ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് നൽകിയപ്പോഴും ഞാനടക്കമുള്ളവർ ശക്തമായി അതിനെ എതിർത്തു. അന്വേഷണം ശരിയല്ലെന്നും യഥാർഥ പ്രതികളെ കണ്ടുപിടിക്കണമെന്നും ചൂണ്ടിക്കാട്ടി. കോടതിവിധിയുണ്ടാകാനും ഇതൊക്കെ കാരണമായിട്ടുണ്ട്.
മൂന്നുതവണയും തിരുവനന്തപുരം സി.ബി.ഐ കോടതി നിർദേശിച്ചിട്ടും പ്രതികളെ അറസ്റ്റുചെയ്യാൻ അന്വേഷണസംഘം തയാറായിരുന്നില്ല. പിന്നീട് ഹൈകോടതി ഇടപെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ ജഡ്ജിയുടെ ചേംബറിൽ വിളിച്ചുവരുത്തി വിശദീകരണം തേടിയതിനു പിന്നാലെയാണ് പ്രതികളെ അറസ്റ്റുചെയ്യുന്നത്.
പ്രതികളുടെ സ്വാധീനശേഷിയും സാമ്പത്തിക ശേഷിയുമാണ് അവരെ അറസ്റ്റുചെയ്യാൻ തടസ്സമായതും കാലതാമസം വരുത്തിയതും. പള്ളികളിലെല്ലാം പ്രത്യേക പ്രാർഥനയും 'നിരപരാധികളായ കുഞ്ഞാടുകളെ' എങ്ങനെയെങ്കിലും രക്ഷപ്പെടുത്താൻ വേണ്ടി പ്രത്യേക പ്രമേയാവതരണവും സഭയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. പാലാ ബിഷപ്പിെൻറ ഏറ്റവും അടുത്ത രണ്ടുപേരായിരുന്നു ഇവർ. രണ്ടുപേരെയും സംരക്ഷിക്കുകയായിരുന്നു സഭ. കുറ്റക്കാർ ആരായാലും സംരക്ഷിക്കില്ല എന്ന നിലപാടെടുക്കാൻ സഭ ഒരിക്കൽപോലും ധൈര്യം കാണിച്ചില്ല
കേസിലെ ഏറ്റവും പ്രധാന സാക്ഷിയായ അടയ്ക്ക രാജുവിനെ ഒരു മോഷ്ടാവെന്നു പറഞ്ഞ് തള്ളിക്കളയാനുള്ള ശ്രമങ്ങളും പലതവണ ഉണ്ടായെങ്കിലും വിജയിച്ചില്ല. അദ്ദേഹത്തെ വിലക്കെടുക്കാനുള്ള ശ്രമങ്ങളും വിലപ്പോയില്ല. പ്രതികളെ അവസാനമായി സംഭവസ്ഥലത്ത് കണ്ടുവെന്ന അദ്ദേഹത്തിെൻറ മൊഴി അത്രമാത്രം ശക്തമായിരുന്നു. മുൻകാലങ്ങളിൽ ഒരു മോഷ്ടാവായിരുന്നുവെന്ന ചരിത്രമൊന്നും ക്രിമിനൽ നിയമവ്യവസ്ഥയിൽ പ്രസക്തമല്ല. അയാളുടെ മൊഴിയെന്തായിരുന്നുവെന്നത് മാത്രമാണ് പ്രധാനം.
പലതവണ പല വിഷയങ്ങളിലൂടെ വിധി അനന്തമായി നീട്ടിക്കൊണ്ടുപോവാനുള്ള ശ്രമങ്ങൾ നടത്തിയിട്ടും അതിനെയെല്ലാം അതിജീവിക്കുന്ന വിജയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഒടുവിൽ സത്യം വിജയിച്ചെങ്കിലും ഇതു കാണാൻ സിസ്റ്റർ അഭയയുടെ മാതാപിതാക്കൾ ഇല്ലാതെ പോയി. അവർ ജീവിച്ചിരിപ്പില്ലാത്തതു കൊണ്ടുതന്നെ ഇനിയും മറ്റുള്ളവർക്കെതിരെ നിയമപരമായി മുന്നോട്ടുപോവാൻ പരിമിതികളുണ്ട്. രണ്ടു പ്രതികൾക്കും ചുരുങ്ങിയത് ജീവപര്യന്തം ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.