കോൺഗ്രസിന്റെ കെടാവിളക്ക്
text_fieldsഇന്ത്യൻ നാഷനൽ കോൺഗ്രസിന് കേരളത്തിൽ ഇന്നും ഉരുക്കുകോട്ടയാണ് എറണാകുളം ജില്ല. നാല് ലോക്സഭാ മണ്ഡലങ്ങളാണ് ജില്ലയുടെ പരിധിയിൽ വരുന്നത്. നാലിടത്തും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രതിനിധികൾ ലോക്സഭയിലിരിക്കുന്നു. പാർട്ടിയുടെ ഈ കരുത്തിന് അടിത്തറയിട്ട കാരിരുമ്പാണ് ഇന്നലെ നമ്മെ വിട്ടുപോയ ടി.എച്ച്. മുസ്തഫ. കോൺഗ്രസിന്റെ എക്കാലത്തെയും വലിയ തീപ്പൊരിനേതാവ്.
14 വർഷമാണ് എറണാകുളം ഡി.സി.സിയുടെ അധ്യക്ഷ പദവിയിലിരുന്ന് അദ്ദേഹം പാർട്ടി വളർത്തിയത്. സഹായം തേടിയെത്തുന്നവരുടെ ജാതിയോ മതമോ, എന്തിന് രാഷ്ട്രീയം പോലും നോക്കാതെ, സമീപിക്കുന്നവർക്ക് സാധ്യമായതെല്ലാം ചെയ്തു കൊടുത്തു. സമൂഹത്തിന്റെ ഏതു കിടയിൽപ്പെട്ട ആളായാലും അദ്ദേഹത്തിനു ചങ്ങാതിയായിരുന്നു. ഈ ആത്മബന്ധമാണ് മുസ്തഫയെ ജനഹൃദയങ്ങളിൽ കുടിയിരുത്തിയത്.
1978ൽ പാർട്ടിയിൽ ഭിന്നിപ്പ് രൂക്ഷമായപ്പോൾ ലീഡർ കെ. കരുണാകരന്റെ വലംകൈയായി മുസ്തഫയുണ്ടായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിനടന്ന് അദ്ദേഹം പാർട്ടിയെ ശക്തിപ്പെടുത്തി. എത്ര വലിയ ജനക്കൂട്ടത്തെയും പിടിച്ചിരുത്തുന്ന പ്രസംഗ ശൈലി അദ്ദേഹത്തെ മികച്ച ക്രൗഡ് പുള്ളറാക്കി. സമകാലീന രാഷ്ട്രീയം അടിസ്ഥാനമാക്കി മണിക്കൂറുകളോളം നീളുന്ന പ്രസംഗത്തിലൂടെ എതിരാളികളുടെ പോലും മനസ്സിൽ ഇടംപിടിച്ചു.
എവിടെയെങ്കിലും മുസ്തഫ പ്രസംഗിക്കുന്നു എന്നറിഞ്ഞാൽ ജനം അവിടേക്ക് ഒഴുകുന്ന കാലമുണ്ടായിരുന്നു. പ്രസംഗം കേട്ട് തൃപ്തിവരാത്ത ശ്രോതാക്കൾ അത് റെക്കോഡ് ചെയ്യാനും തുടങ്ങി. അക്കാലത്ത് ഏറ്റവും ഡിമാൻഡുള്ള രാഷ്ട്രീയ കാസറ്റുകൾ മുസ്തഫയുടെ പ്രസംഗത്തിന്റേതായിരുന്നു.
ഞാൻ വിദ്യാർഥി രാഷ്ട്രീയം തുടങ്ങിയ കാലത്ത് മുസ്തഫ കെ.പി.സി.സി ഭാരവാഹിയായിരുന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നൽകിയ പിന്തുണയും പ്രോത്സാഹനവും നന്ദിയോടെയല്ലാതെ ഇപ്പോഴും ഓർക്കാനാവില്ല. ഏതു പ്രതിസന്ധിക്കും മുസ്തഫക്കു പരിഹാരമുണ്ടായിരുന്നു. ചോദിക്കാൻ ഞങ്ങൾക്കായിരുന്നു മടി. നൽകാൻ എല്ലാ കാലത്തും അദ്ദേഹം ധാരാളിയായിരുന്നു.
ഇന്ദിരാ പക്ഷത്തേക്ക് കേരളത്തിലെ ചെറുപ്പക്കാരെ ആട്ടിത്തെളിക്കാൻ ഇറങ്ങിയ ഞങ്ങൾക്ക് മുസ്തഫ കലവറയില്ലാതെ പിന്തുണ നൽകി. അതു നൽകിയ ഊർജത്തിന്റെ കൂടി വെളിച്ചത്തിലാണ് ഒരിക്കൽ സംഘടന വിട്ടുപോയ വിഭാഗത്തെക്കൂടി മാതൃസംഘടനയിൽ തിരികെ കൊണ്ടുവരാൻ സഹായകമായത്.
വളരെ സമ്പന്നമായ തറവാട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പക്ഷേ, തന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം പൊതുപ്രവർത്തനത്തിനായി മാറ്റിവെച്ചു. സഹായം തേടിയെത്തുന്ന ഒരാളെപ്പോലും നിരാശരാക്കി മടക്കിയയച്ചിട്ടില്ല. മുസ്തഫയുടെ അച്ഛനും മുത്തച്ഛനുമൊക്കെ നാട്ടിൽ പരക്കെ സ്വീകാര്യതയുള്ള പൊതു പ്രവർത്തകരുമായിരുന്നു.
പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടങ്ങി ചിട്ടയായ പ്രവർത്തനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഡി.സി.സി അധ്യക്ഷൻ, കെ.പി.സി.സി ഭാരവാഹി, എം.എൽ.എ, മന്ത്രി എന്നീ സ്ഥാനങ്ങളിലേക്ക് എത്തിയ നേതാവായിരുന്നു ടി.എച്ച്. മുസ്തഫ.
1957-1960 കാലത്ത് യൂത്ത് കോൺഗ്രസ് വാഴക്കുളം മണ്ഡലം പ്രസിഡൻറ് എന്ന നിലയിലായിരുന്നു തുടക്കം.
പാർട്ടിയിലും ബഹുജനങ്ങൾക്കുമിടയിലുള്ള സ്വാധീനവും സ്വീകാര്യതയും മുസ്തഫയെ അഞ്ചുതവണ നിയമസഭയിലെത്തിച്ചു. 1991-1995ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.
ഈ കാലത്താണ് കേരളത്തിൽ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്കു പ്രത്യേകമായി റേഷൻ കാർഡ് ഏർപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയത്. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരുന്നതായിരുന്നു മുസ്തഫയുടെ പ്രവർത്തന രീതി. മികച്ച സംഘാടകനും ഭരണകർത്താവുമായിരുന്നു.
കോൺഗ്രസ് യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായിരുന്നു.
എറണാകുളം മറൈൻ ഡ്രൈവിൽ അദ്ദേഹം നടത്തിയ നാലുമണിക്കൂർ ദൈർഘ്യമുള്ള പ്രസംഗം ചരിത്രത്തിന്റെ ഭാഗമാണ്. കെ. കരുണാകരൻ പ്രതിപക്ഷ നേതാവായിരിക്കെ, അന്നത്തെ ഇടതു സർക്കാറിനെതിരെ, മുസ്തഫ നയിച്ച രാജ്ഭവൻ മാർച്ച് വൻ വിജയമായിരുന്നു.
ആയിരത്തിൽ പരം കിലോമീറ്റർ കാൽനടയായാണ് അദ്ദേഹം യാത്ര നയിച്ചത്. ജനപിന്തുണ കൊണ്ടും രാഷ്ട്രീയ കാലാവാസ്ഥ കൊണ്ടും ഈ യാത്ര വലിയ ജനശ്രദ്ധ നേടി.കോൺഗ്രസിന്റെ കരുത്തനായ നേതാവും പ്രവർത്തകരുടെ കണ്ണിലുണ്ണിയുമായിരുന്നു ടി.എച്ച്. മുസ്തഫ. മികച്ച സംഘാടകനെന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.
പാർട്ടി പ്രവർത്തകരെ മാത്രമല്ല എല്ലാവരെയും സഹായിക്കാനുള്ള വിശാല മന:സ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണാധികാരി എന്ന നിലയിലും അദ്ദേഹം ശോഭിച്ചു. വിദ്യാർഥി- യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന ഞങ്ങൾക്കൊക്കെ ആശ്രയമായിരുന്നു അദ്ദേഹം. അദ്ദേഹവുമായി ദീർഘകാലത്തെ സ്നേഹബന്ധമാണ് എനിക്കുണ്ടായിരുന്നത്.
ഏറെ സ്നേഹവാത്സല്യത്തോടെ ആത്മബന്ധം പുലർത്തിയിരുന്ന മുതിർന്ന നേതാവായിരുന്നു മുസ്തഫ. ദീർഘകാലം എറണാകുളം ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ ത്യാഗോജ്ജ്വലമായ സേവനമാണ് അദ്ദേഹം ചെയ്തത്.
കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്ന നിലയിൽ സംസ്ഥാനത്താകെ ഏറെ സൗഹൃദങ്ങൾ വളർത്തിയ നേതാവായിരുന്നു. ടി.എച്ച്. മുസ്തഫയുടെ നിര്യാണം കോൺഗ്രസിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.