സംവരണപ്രശ്നത്തിൽ ഇടതിനു കൃത്യമായ നിലപാടുണ്ട്
text_fields2016 ലെ നിയമസഭ തെരഞ്ഞടുപ്പിൽ എൽ.ഡി.എഫ് ജനങ്ങൾക്ക് മുന്നിൽവെ ച്ച പ്രകടനപത്രികയിൽ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിനായി ഭരണഘടന ഭേദഗതി കൊണ്ടുവരണമെന്നും നിർദേശിച്ചിരുന്നു. 2019 ൽ ഭരണഘടന ഭേദഗതി നിലവിൽ വന്നു. ഏതാണ്ട് സമാനമായ വാചകങ്ങളോടെ യു.ഡി.എഫും പ്രകടനപത്രികയിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ എൽ.ഡി.എഫ് സർക്കാർ ഇതിന് ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ലീഗ് സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. യു.ഡി.എഫിലെ പ്രമുഖകക്ഷിയായ ലീഗിന് യു.ഡി.എഫ് പ്രകടനപത്രിക തയാറാക്കുന്നതിൽ ഒരു പങ്കുമുണ്ടായിരുന്നില്ല, കോൺഗ്രസ് നേതാക്കൾ എഴുതിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ അടിയിൽ വായിച്ചുനോക്കാതെ ഒപ്പിട്ടുപോയതാണോ എന്ന കാര്യം അണികളെ നേതാക്കൾ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതല്ല, ലീഗിെൻറ പുതിയ കൂട്ടുകാരായ ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണോ പുതിയ സമരനീക്കം? ഈ പുതിയ കൂട്ടിനെതിരായി സമുദായത്തിലെ മതസംഘടനകൾ രംഗത്തുവന്ന സാഹചര്യത്തിൽ അവരെയടക്കം സമരരംഗത്ത് ഇറക്കാനുള്ള സൂത്രപ്പണിയാണോ ലീഗ് നടത്തുന്നത്?
സംവരണം ദാരിദ്യ്രനിർമാർജന പദ്ധതിയല്ല. ഒരുകാലത്ത് അവസരങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് അവസരസമത്വം നൽകുന്നതിനാണ് സംവരണം ഏർപ്പെടുത്തിയത്. ഭരണഘടന പ്രകാരം പട്ടികജാതി–പട്ടികവർഗങ്ങൾക്ക് പത്തു ശതമാനം സംവരണമുണ്ട്. മറ്റു പിന്നാക്കവിഭാഗങ്ങൾക്ക് സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലയിലുള്ള സംവരണ വ്യവസ്ഥയാണ് നിലനിന്നത്. രാജ്യത്തുടനീളമുള്ള പിന്നാക്ക സംവരണത്തെക്കുറിച്ച് പഠിക്കാൻ സ്വാതന്ത്ര്യ സമരസേനാനി കാകാ കലേൽക്കറിെൻറ നേതൃത്വത്തിൽ കമീഷനെ നിയോഗിച്ചത്. 1955 ൽ കേന്ദ്രത്തിലെ കോൺഗ്രസ് ഗവൺമെൻറിന് റിപ്പോർട്ട് സമർപ്പിച്ചു. പക്ഷേ, റിപ്പോർട്ട് തള്ളപ്പെട്ടു. പിന്നീട് 24 വർഷം പിന്നിട്ടപ്പോഴാണ് കേന്ദ്രത്തിലെ കോൺഗ്രസ്ഭരണം അവസാനിച്ച് ജനത പാർട്ടി ഗവൺമെൻറ് അധികാരത്തിൽ വന്ന സമയം ബി.പി. മണ്ഡൽ കമീഷനെ നിയോഗിക്കുന്നത്. മണ്ഡൽ കമീഷൻ റിപ്പോർട്ട് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൈയിലാണ് ഏൽപിക്കുന്നത്. ഏഴു വർഷം ആ റിപ്പോർട്ടും പൊടിപിടിച്ചുകിടന്നു. 1990 ൽ വി.പി. സിങ് ഗവൺമെൻറ് അധികാരത്തിൽ വന്നപ്പോഴാണ് കമീഷൻ ശിപാർശകൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യവ്യാപകമായി മുസ്ലിംകളടക്കമുള്ള ഒ.ബി.സി വിഭാഗങ്ങളുടെ സംവരണം ദേശീയതലത്തിൽ ചർച്ചചെയ്യപ്പെട്ടു. സംവരണ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തി. ഉത്തരേന്ത്യയിൽ അത് തെരുവുകലാപമായി മാറി അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. കലാപങ്ങൾക്ക് മുന്നിൽ ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും വിദ്യാർഥിസംഘടനകളായിരുന്നു. ഒടുവിൽ വി.പി. സിങ് ഗവൺമെൻറിനെ കോൺഗ്രസും ബി.ജെ.പിയും ചേർന്ന് അധികാരക്കസേരയിൽനിന്ന് വലിച്ച് താഴത്തിട്ടു.
രാജ്യത്തെമ്പാടും 27 ശതമാനം ഒ.ബി.സി സംവരണം മുസ്ലിംകളടക്കമുള്ളവർക്ക് ലഭിക്കാൻ തുടങ്ങിയത് വി.പി. സിങ് ഗവൺമെൻറിെൻറ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഫലമാണ്. എന്നാൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് ഇപ്പോഴും 27 ശതമാനം സംവരണം ഇല്ലാത്ത ഒരു സംസ്ഥാനത്തിെൻറ പേരു മധ്യപ്രദേശ് എന്നാണ്. കോൺഗ്രസും ബി.ജെ.പിയും മാറി മാറി ഭരിച്ച സംസ്ഥാനം! അവിടെ ഒ.ബി.സിക്ക് നിലവിൽ 14 ശതമാനം മാത്രമാണ് സംവരണം. എന്തുണ്ട് കോൺഗ്രസിെൻറ കൂടെ നിൽക്കുന്ന ലീഗിന് പറയാൻ?
ഇടതുപക്ഷം പിന്തുണച്ച ഒന്നാം യു.പി.എ ഗവൺമെൻറിെൻറ കാലത്താണ് ജസ്റ്റിസ് രജീന്ദർ സച്ചാർകമീഷനെ നിയോഗിച്ചത്. 2006 ൽ റിപ്പോർട്ട് കേന്ദ്ര ഗവൺമെൻറിന് സമർപ്പിച്ചു. ശിപാർശകൾ നടപ്പാക്കുന്നതിന് കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻറാണ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ കമീഷനെ നിയോഗിച്ചത്. അതിനൊത്ത നടപടികളുമുണ്ടായി. അങ്ങനെയാണ് കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പും പൂർണതോതിലുള്ള മുസ്ലിം വെൽഫെയർ കമീഷനും രൂപവത്കരിക്കപ്പെട്ടത്. സ്വകാര്യമേഖലയിലും ജോലിസംവരണം ഏർപ്പെടുത്താനും സാമുദായികസംവരണത്തിെൻറ പൂർണ ആനുകൂല്യം മുസ്ലിംകൾക്ക് ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഗവൺമെൻറിനോട് ആവശ്യപ്പെട്ടു. പിണറായി സർക്കാർ അധികാരത്തിൽ വന്ന നാലുവർഷം കൊണ്ട് സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ ജോലികളിൽ സംവരണസമുദായങ്ങൾക്ക് ലഭിക്കേണ്ട ബാക്ക് ലോഗ് നികത്തുന്നതിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി കൃത്യമായ പരിശോധന നടത്തിവരുന്നു. സംസ്ഥാന ഗവൺമെൻറ് കൈക്കൊണ്ട ചില നടപടികൾ മാത്രം ഇവിടെ സൂചിപ്പിക്കാം. ഇമ്പിച്ചിബാവ ഭവന നിർമാണപദ്ധതിയുടെ ഭാഗമായി 131 കോടി രൂപ ചെലവിൽ 3038 വീടുകൾ ന്യൂനപക്ഷവനിതകൾക്ക് നിർമിച്ചു നൽകി. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന് മൂലധനവിഹിതമായി 45 കോടി രൂപ നൽകി. കോഴിക്കോട് ആസ്ഥാനമായി മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് രൂപവത്കരിച്ചു. മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് നിയമം പാസാക്കി.
സച്ചാർകമ്മിറ്റി റിപ്പോർട്ടിലെ പതിനൊന്നാം അധ്യായം ഇന്ത്യയിലെ വഖഫുകളെക്കുറിച്ചാണ്. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ഈ അധ്യായത്തിലുണ്ട്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ അന്യാധീനപ്പെട്ടുകിടക്കുന്ന വഖഫ് വസ്തുക്കൾ വീണ്ടെടുക്കുന്നതിനായി രൂപവത്കരിച്ച സർവേ കമീഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. വഖഫ് കേസുകൾക്കു മാത്രമായി കോഴിക്കോട് ആസ്ഥാനമായി മൂന്നംഗ വഖഫ് ൈട്രബ്യൂണൽ രൂപവത്കരിച്ചിരിക്കുന്നു. സംസ്ഥാന വഖഫ് ബോർഡിലെ നിയമനങ്ങൾ പബ്ലിക് സർവിസ് കമീഷൻ മുഖേന നടത്തണമെന്ന് ഗവൺമെൻറ് ആവശ്യപ്പെട്ടപ്പോൾ ബോർഡിന് ഭൂരിപക്ഷ പ്രകാരമാണ് തീരുമാനമെടുക്കേണ്ടി വന്നത്. തീരുമാനത്തോട് വിയോജിച്ച രണ്ട് ലീഗ് അംഗങ്ങൾ–എം.സി. മായിൻഹാജിയും അഡ്വ. പി.വി. സൈനുദ്ദീനും–അടക്കമാണ് സംവരണ പ്രശ്നത്തിൽ സമരം ചെയ്യാൻ പോകുന്നത് എന്നത് കൗതുകം ജനിപ്പിക്കുന്നുണ്ട്.
സംവരണപ്രശ്നത്തിൽ സി.പി.എമ്മിനും ഇടതുപക്ഷത്തിനും കൃത്യമായ നിലപാടുണ്ട്. പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം അതേപടി തുടരണം. ഇന്ത്യയിലെ മുസ്ലിംകളിൽ പട്ടികജാതിപദവി ലഭിക്കേണ്ട വിഭാഗമുണ്ട്. മുസ്ലിംകളിൽ പട്ടികവർഗ ഘടകം വളരെ ചെറുതാണ്. ലക്ഷദ്വീപിലെ ഏതാണ്ട് മുഴുവൻ മുസ്ലിംകളും പട്ടികവർഗക്കാരാണ്. ഹിമാചൽപ്രദേശിൽ അത് ഏഴു ശതമാനമാണ്. മറ്റുള്ളിടങ്ങളിൽ പട്ടികവർഗ മുസ്ലിംകൾ നാമമാത്രമാണ്. ബാക്കിയെല്ലാം ഒ.ബി.സി വിഭാഗത്തിലാണ്. ഒ.ബി.സി േക്വാട്ടയിൽ നിന്ന് 12 ശതമാനം മുസ്ലിംകൾക്ക് മാത്രമായി സംവരണം ചെയ്ത സംസ്ഥാനം കേരളം മാത്രമാണ്. ഇവിടെയാണ് ലീഗെന്ന അഖിലേന്ത്യാ പാർട്ടിയുടെ സമരം!
കെട്ടിക്കിടക്കുന്ന ജലാശയം പോലെയല്ല ചരിത്രഗതി. ഒഴുകിക്കൊണ്ടിരിക്കുന്ന പുഴ പോലെയാണ്. ചരിത്രത്തിൽ ഒരു കാലത്ത് അവസരം നിഷേധിക്കപ്പെട്ട ജാതി വിഭാഗങ്ങളാകെ വർത്തമാനകാലത്ത് അതേനില തുടരുന്നു എന്നു പറയാനാവില്ല. മറ്റു പിന്നാക്കജാതികളിൽ സാമൂഹികമായും സാമ്പത്തികമായും വളർച്ച നേടിയവരുണ്ട്. തദടിസ്ഥാനത്തിലാണ് ക്രീമിെലയർ ഒഴികെയുള്ള സംവരണ സമുദായങ്ങളിൽപ്പെട്ട പാവപ്പെട്ടവർക്ക് സംവരണത്തിെൻറ ആനുകൂല്യം ലഭിക്കണമെന്ന് നിഷ്കർഷിക്കുന്നത്. അതേപോലെ നിലവിൽ സംവരണം ലഭിക്കാത്ത ജാതി വിഭാഗങ്ങളിൽ പെട്ടവരാകെ മുെമ്പാരു കാലത്തെ സാമൂഹിക–സാമ്പത്തിക പദവികളിൽ തുടരുന്നവരുമല്ല. അവർക്കിടയിലും മുതലാളിത്തവളർച്ചയുടെ ഫലമായി പാപ്പരീകരണം നടന്നിട്ടുണ്ട്. അത്തരക്കാരെ ഉദ്ദേശിച്ചാണ് ഇടതുസർക്കാർ കൊണ്ടുവന്ന പുതിയ സംവരണനിർദേശം. അതിെൻറ ഫലമായി നിലവിലുള്ള സംവരണാനുകൂല്യത്തിൽ ഒരു കുറവും വരുകയില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ–പൊതുമേഖല ജോലിസംവരണത്തിൽ ബാക്ക് ലോഗ് പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ട് വരുകയാണ്. വിദ്യാർഥി പ്രവേശനത്തിലോ മറ്റോ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ ഉന്നയിച്ചാൽ പരിഹരിക്കാൻ സന്നദ്ധമായ സർക്കാറാണ് കേരളത്തിലേത്.
ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിന് അഖിലേന്ത്യ തലത്തിൽ ഏറ്റെടുക്കേണ്ട നിരവധി പ്രശ്നങ്ങളുണ്ട്. പൗരത്വ ഭേദഗതി നിയമത്തെത്തുടർന്ന് മോദി ഗവൺമെൻറ് അതിനെ എതിർത്ത മുസ്ലിം ന്യൂനപക്ഷത്തിൽപ്പെട്ടവരെ ലക്ഷ്യം െവച്ചു യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങളുപയോഗിച്ച് അടിച്ചമർത്തൽ നടപടി തുടരുകയാണ്. മുസ്ലിംകൾക്ക് ഉൾപ്പെടെ ജോലി സംവരണം നഷ്ടപ്പെടുത്തുന്ന പൊതുമേഖല സ്വകാര്യവത്കരണമാണ് കോൺഗ്രസ് തുടങ്ങിെവച്ചതും ഇപ്പോഴത്തെ ബി.ജെ.പി ഗവൺമെൻറ് ശക്തമായി തുടരുന്നതും. എട്ടു ലക്ഷം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. നിയമന നിരോധനവും സംവരണം ലഭിക്കേണ്ട വിഭാഗങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുണ്ട്. ഇതിനെല്ലാം എതിരെ അഖിലേന്ത്യ തലത്തിൽ സമരം നടത്തേണ്ട ലീഗ് കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻറിനെതിരെ സമരം നടത്തുന്നതിലെ സാംഗത്യമെന്താണ്?
യു.ഡി.എഫ് പ്രകടനപത്രിക പോലും മറച്ചുെവച്ച് അണികളെ തെരുവിലിറക്കുന്നതിെൻറ വൈരുധ്യം തിരിച്ചറിഞ്ഞാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ സമരനീക്കം വേണ്ടത്ര ക്ലച്ച് പിടിക്കാത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.