ഒന്നും രണ്ടും യു.പി.എ സര്‍ക്കാറുകളുടെ കാലത്തും 33 വര്‍ഷത്തെ പൊതുപ്രവര്‍ത്തന ജീവിതത്തിലും മന്മോഹന് സിങ് ഇന്ത്യക്കായി എന്ത് ചെയ്തെന്നതിന്റെ ഉത്തരംകൂടിയായിരുന്നു ഇന്നത്തെ ഇന്ത്യ. ധനമന്ത്രിയായിരുന്നപ്പോള്‍ താന്‍ തന്നെ തുടങ്ങിവെച്ച സാമ്പത്തിക നയങ്ങള്‍ക്ക് പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹംതന്നെ വെള്ളവും വളവും നല്കിയപ്പോള് ഇന്ത്യന്‍ വിപണിയുടെ ശക്തി ക്രമേണ കൂടുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27...
ഒന്നും രണ്ടും യു.പി.എ സര്‍ക്കാറുകളുടെ കാലത്തും 33 വര്‍ഷത്തെ പൊതുപ്രവര്‍ത്തന ജീവിതത്തിലും മന്മോഹന് സിങ് ഇന്ത്യക്കായി എന്ത് ചെയ്തെന്നതിന്റെ ഉത്തരംകൂടിയായിരുന്നു ഇന്നത്തെ ഇന്ത്യ. ധനമന്ത്രിയായിരുന്നപ്പോള്‍ താന്‍ തന്നെ തുടങ്ങിവെച്ച സാമ്പത്തിക നയങ്ങള്‍ക്ക് പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹംതന്നെ വെള്ളവും വളവും നല്കിയപ്പോള് ഇന്ത്യന്‍ വിപണിയുടെ ശക്തി ക്രമേണ കൂടുകയായിരുന്നു.
തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27 ശതമാനം പിന്നാക്ക സംവരണം, കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍, നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് തുടങ്ങി രാജ്യത്തിന്റെ ആവശ്യം അറിഞ്ഞുള്ള തീരുമാനങ്ങളായിരുന്നു മന്മോഹന് സര്‍ക്കാറുകളുടേത്.
രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ആദ്യം ഊര്‍ജ സഹമന്ത്രിയായും പിന്നീട് വ്യോമയാന സഹമന്ത്രിയായും പ്രവര്‍ത്തിച്ചപ്പോള്‍, മന്ത്രിസഭയിലെ പുതുമുഖമെന്ന നിലയില്‍ എനിക്ക് ലഭിച്ച പിന്തുണ മുന്നോട്ടുള്ള യാത്രയില്‍ ഏറെ പ്രചോദനവും കരുത്തുമായിരുന്നു. അന്ന് ലഭിച്ച പരിഗണന മറക്കാന്‍ കഴിയാത്തതാണ്.
മാത്രമല്ല, സൂനാമി കാലത്ത് കേരളത്തിലെത്തുകയും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അടിയന്തര സ്വഭാവത്തോടെ ഇടപെടുകയുംചെയ്ത അദ്ദേഹം നല്കിയ പിന്തുണ സമാനതകളില്ലാത്തതാണ്. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രമായ ശബരിമലയുടെ വികസനത്തിനും മറ്റുമായി മന്മോഹന് സിങ് സര്‍ക്കാര്‍ വനഭൂമി വിട്ടുനല്‍കിയത് ഒരു നാഴികക്കല്ലാണ്.
ഞാന്‍ വ്യോമയാന സഹമന്ത്രിയായിരുന്ന കാലത്ത്, കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോള്‍ സക്രിയമായ ഇടപെടലുകള്‍ നടത്തുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഞാന്‍ ഊര്‍ജ സഹമന്ത്രിയായിരുന്ന കാലത്ത്, പ്രധാനമന്ത്രി തന്നെ നേരിട്ട് ശ്രദ്ധ ചെലുത്തി നല്കിയ കേന്ദ്ര വിഹിതത്തോളം കേരളത്തിന് പില്ക്കാലത്ത് മറ്റൊന്നും ലഭിച്ചിട്ടുമില്ല. കേരളത്തിന്റെ വികസനത്തിലുടനീളം അദ്ദേഹം നടത്തിയ ഇടപെടലുകളും ചെലുത്തിയ ശ്രദ്ധയും ഇന്നും ഓര്‍ക്കുന്നു.