മാധ്യമങ്ങൾ സർക്കാറിന്റെ മൈക്രോഫോണല്ല
text_fieldsമാധ്യമങ്ങളെ സർക്കാറിന്റെ മൈക്രോഫോൺ മാത്രമായി കാണുകയും നേരുപറയുന്നവയെ പുറന്തള്ളുകയും ചെയ്യുന്ന മോദി സർക്കാറിന്റെ മാധ്യമ നയത്തിന് മീഡിയവൺ കേസിലെ സുപ്രീംകോടതി വിധി കനത്ത പ്രഹരമായി. ഭരിക്കുന്നവരുടെ ഇംഗിതങ്ങൾക്ക് വശംവദരാകാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യങ്ങൾക്കിടയിൽ, സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് പ്രതീക്ഷയും സമാശ്വാസവും നൽകുന്നു ഈ ന്യായവിധി.
വളഞ്ഞുപിടിക്കാനും വരുതിയിൽ കൊണ്ടുവരാനുമുള്ള പീഡന-സമ്മർദ തന്ത്രങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാൻ മാധ്യമ മേഖല വല്ലാതെ പ്രയാസപ്പെടുന്ന ഘട്ടത്തിൽ നിർഭയത്വം മുറുകെ പിടിക്കുന്നവർക്ക് ആശ്വാസം പകർന്ന പരമോന്നത കോടതി കേന്ദ്ര നിലപാടിനൊപ്പംനിന്ന കേരള ഹൈകോടതിയുടെ സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ച് വിധിന്യായങ്ങളെ അപ്പാടെ നിരാകരിക്കുന്നു.
മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭാവിയിലെ വ്യവഹാരങ്ങൾക്ക് ഉപോൽബലകമായ വിധത്തിൽ രാജ്യത്തിന്റെ മാധ്യമ ചരിത്രത്തിൽ തന്നെ സ്ഥാനംപിടിക്കുന്ന ഈ വിധി മീഡിയവണിനു മാത്രമല്ല, മാധ്യമ മേഖലക്ക് ആകെത്തന്നെ സമാശ്വാസവും പ്രതീക്ഷയും പകരുമെന്നാണ് ദേശീയതലത്തിൽ വിലയിരുത്തപ്പെടുന്നത്.
ഹിതകരമല്ലാത്ത ഡോക്യുമെന്ററിയുടെ പേരിൽ അന്താരാഷ്ട്ര പ്രശസ്തമായ ബി.ബി.സിയെ ആദായനികുതി വലയിൽ കുരുക്കുകയും, മെരുങ്ങാതെ പിടിച്ചുനിന്ന എൻ.ഡി.ടി.വിയെ ചതിപ്രയോഗത്തിലൂടെ അദാനി സംരംഭമാക്കി മാറ്റുകയും ന്യൂസ്ക്ലിക്, ദി വയർ തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളെ കേസിൽ കുരുക്കി പീഡിപ്പിക്കുകയും ചെയ്തതടക്കമുള്ള സംഭവ പരമ്പരകൾക്കിടയിലാണ് മീഡിയവൺ നിരോധനം റദ്ദാക്കിയ സുപ്രീംകോടതി വിധി.
ഗോദി മീഡിയയെന്ന ദുഷ്പേര് സമ്പാദിക്കുന്ന വിധം ഇന്ത്യയിലെ മാധ്യമ ലോകത്ത് ഏതാനും വർഷങ്ങളായി കീഴ്പ്പെടലുകൾ തുടരുകയാണ്. വളഞ്ഞുപിടിച്ചതും വരുതിയിലാക്കപ്പെട്ടതുമായ പ്രസിദ്ധീകരണങ്ങളും ചാനലുകളും സമൂഹ മാധ്യമങ്ങളും നിരവധി. ഭരണത്തിലുള്ളവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അടിപ്പെട്ടവർക്ക് പ്രത്യേക പരിഗണന നൽകുകയും മറ്റുള്ളവരെ പുറമ്പോക്കിൽ നിർത്തുകയും ചെയ്യുന്ന പ്രവണത പാർലമെന്റ് നടപടികളുടെ റിപ്പോർട്ടിങ്ങിൽ പോലും അടിച്ചേൽപിക്കപ്പെട്ടു.
മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷൻ, മാധ്യമങ്ങൾക്കുള്ള സർക്കാർ പരസ്യം തുടങ്ങിയവയിലും വിശദീകരണമില്ലാത്ത വിവേചനങ്ങൾ തുടരുന്നു. വാർത്ത വിതരണ-പ്രക്ഷേപണ മന്ത്രി വിളിക്കുന്ന മാധ്യമ യോഗങ്ങളിൽ പോലും സെലക്ടിവ് ക്ഷണം നൽകുകയും ഇഷ്ടമല്ലാത്തവരെ ചുണ്ണാമ്പുതൊട്ട് മാറ്റിനിർത്തുകയും ചെയ്യുന്നു. അടിയന്തരാവസ്ഥയിൽപോലും ഇല്ലാതിരുന്ന കൂച്ചുവിലങ്ങുകൾക്കിടയിലാണ് മാധ്യമ ലോകമെന്ന വിമർശനത്തിനു നടുവിലാണ് സർക്കാർ.
സർക്കാറിന്റെ ഇംഗിതത്തിനൊത്ത് അന്വേഷണ ഏജൻസികൾ മെനഞ്ഞുണ്ടാക്കുന്ന കടലാസ് റിപ്പോർട്ടുകൾ ആയുധമാക്കി, വഴങ്ങാത്ത സാമൂഹിക പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയുമൊക്കെ ദേശവിരുദ്ധരായും തട്ടിപ്പു-വെട്ടിപ്പുകാരായും ചിത്രീകരിച്ച് തളക്കാൻ നോക്കുന്ന തന്ത്രത്തിൽ ഇതിനകം അഴിയെണ്ണിയവരും നിയമക്കുരുക്കിൽപെട്ടവരും നിരവധിയുണ്ട്. പൗരത്വ പ്രക്ഷോഭം, ഡൽഹി വംശീയാതിക്രമം, കർഷക സമരം, കാമ്പസുകളിലെ വിദ്യാർഥി സമരം എന്നിവയിലെല്ലാമായി ഇത്തരത്തിൽ കുടുങ്ങിയവർ നിരവധിയാണ്. ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രതിയോഗികൾ നേരിടുന്ന വേട്ടയാടൽ പുറമെ.
എന്നാൽ, അവകാശ നിഷേധത്തിന് ‘ദേശസുരക്ഷ’ ദുരുപയോഗിക്കരുതെന്ന താക്കീതാണ് മീഡിയവൺ കേസിലൂടെ സുപ്രീംകോടതി സർക്കാറിന് നൽകുന്നത്. ജനാധിപത്യത്തിൽ വിയോജിക്കാം, വിമർശിക്കാം, പ്രതിഷേധിക്കാം. അങ്ങനെ ചെയ്യുന്നവരുടെ അവകാശങ്ങൾ ദേശസുരക്ഷയുടെ പേരുപറഞ്ഞ് തടയരുത്.
ദേശസുരക്ഷാ പ്രശ്നത്തിന് ദുർബല വാദമുഖങ്ങൾ പോരാ. ശക്തമായ തെളിവുകൾ വേണം. സർക്കാർ നയങ്ങളെ വിമർശനാത്മകമായി കണ്ടാൽ ഭരണകൂട വിരുദ്ധതയായി വിശേഷിപ്പിക്കാനാവില്ല.
സർക്കാറിനോട് യാഥാർഥ്യം പറയാനും നേര് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാനുമുള്ള ചുമതല മാധ്യമങ്ങൾക്കുണ്ട്.. സർക്കാർ നയങ്ങളെ വിമർശിക്കുന്നതിന്റെ പേരിൽ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാവില്ല. സർക്കാർ നയങ്ങൾക്കെതിരായ വാർത്തകളുടെ പേരിൽ ഏതെങ്കിലുമൊരു മാധ്യമം രാജ്യവിരുദ്ധമാണെന്നുപറയാൻ പറ്റില്ല. അങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാറിനെ പിന്തുണക്കണമെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കും. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണെന്നും ഓർമിപ്പിക്കുന്നു സുപ്രീംകോടതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.