ഉടനെ തുടങ്ങണം മാനസികാരോഗ്യ സാക്ഷരതാ യജ്ഞം
text_fieldsകോവിഡ് കാലത്ത് വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠനം ശ്രദ്ധയർഹിക്കുന്ന ഫലങ്ങൾ പുറത്തുവിടുന്നതാണ്. 60 ശതമാനത്തോളം കുട്ടികളിൽ വിഷാദ ലക്ഷണങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിലേറെ കുട്ടികളിൽ ഉത്കണ്ഠ ലക്ഷണങ്ങൾ പ്രകടമാകുന്നു. 23 ശതമാനത്തോളം കുട്ടികൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയും 5.7 ശതമാനം പേർ അതിന് ശ്രമിക്കുകയും ചെയ്തുവെന്നത് അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്ന കാര്യമാണ്.
പ്രശ്നങ്ങൾ നേരിട്ടവരിൽ 10 ശതമാനം കുട്ടികൾ മാത്രമേ കൗൺസലറുടെ സഹായം തേടുന്നതിനെക്കുറിച്ച് ആലാചിച്ചിട്ടുള്ളൂ. സഹായം തേടിയത് 2.5 ശതമാനം മാത്രമാണ്. അധ്യാപകരുടെ സഹായമുൾപ്പെടെ മൊത്തം 20 ശതമാനത്തിൽ താഴെ കുട്ടികൾ മാത്രമേ സഹായം തേടുകയോ പങ്കുവെക്കുകയോ ചെയ്തിട്ടുള്ളൂ. ഇതാണ് പഠനത്തിലെ ഏറ്റവും ശ്രദ്ധവേണ്ട കണ്ടെത്തൽ.
ഒാൺലൈൻ വിദ്യാഭ്യാസം വഴി വിജ്ഞാന വിനിമയം നടക്കുന്നുണ്ട്. എന്നാൽ, വിദ്യാഭ്യാസത്തിെൻറ മറ്റൊരു പ്രധാന ദൗത്യമായ സാമൂഹികവത്കരണവും ജീവിത നിപുണത പരിശീലനവും നടക്കുന്നില്ല. മറ്റുള്ളവരുമായി ഇടപെട്ട് സാമൂഹികജീവി എന്ന നിലയിൽ തെൻറ അവസ്ഥയും സ്ഥാനവും മനസ്സിലാക്കി പെരുമാറാനുള്ള കഴിവാണ് സാമൂഹികവത്കരണം.
കോവിഡ് കാലത്ത് അതിനുള്ള അവസരം പൂർണമായി നിഷേധിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിലെ പുതുമയുള്ളതും പ്രയാസമുള്ളതുമായ സന്ദർഭങ്ങളെ തരണംചെയ്യാൻ ഒരു വ്യക്തി ആർജിക്കേണ്ട കഴിവുകളാണ് ജീവിത നിപുണത. എല്ലാ വിദ്യാലയങ്ങളിലും ജീവിത നിപുണത പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് വർഷങ്ങൾക്കുമുമ്പ് യൂനിസെഫ് മുന്നോട്ടുവെച്ച നിർദേശം ലോകാരോഗ്യ സംഘടന അംഗീകരിച്ചതാണ്.
പ്രശ്നങ്ങളെ എങ്ങനെ മറികടക്കാം?
●2019 മുതൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസതലത്തിൽ നടപ്പാക്കിത്തുടങ്ങിയ ജീവിത നിപുണത വിദ്യാഭ്യാസം കോളജ് തലത്തിലും നടപ്പാക്കണം. കുറെയൊക്കെ പ്രശ്നങ്ങൾ വിദ്യാർഥികൾക്ക് ഇതുവഴി സ്വയം പരിഹരിക്കാൻ കഴിയും. പ്രശ്നം വരുേമ്പാൾ സഹായം തേടണമെന്ന ധാരണയും കൈവരും.
●മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ അഥവാ മെൻറൽ ഹെൽത്ത് ഫസ്റ്റ് എയ്ഡ്: ഒരാൾക്ക് മാനസിക പ്രശ്നങ്ങൾ വരുേമ്പാൾ അതിന് നൽകുന്ന പ്രഥമ ശുശ്രൂഷയാണിത്. വിദ്യാർഥികളുമായി നിരന്തരം ഇടപെടുന്നവരായതിനാൽ അധ്യാപകർ ഇതിൽ നിർബന്ധമായും പരിശീലനം നേടിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
മാനസികാരോഗ്യ പ്രഥമ ശൂശ്രൂഷക്ക് അഞ്ച് ഘട്ടങ്ങൾ:
● ഒരു വ്യക്തിക്ക് പ്രയാസമുണ്ടെന്ന് തോന്നിയാൽ അങ്ങോട്ട് സമീപിച്ച് പ്രയാസം ആരായണം. കുട്ടികൾ പറയുന്നത് മുൻവിധികളില്ലാതെ കേൾക്കണം. അവരെ തടസ്സപ്പെടുത്തുകയോ കളിയാക്കുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യരുത്. തെറ്റിദ്ധാരണകൾ തിരുത്തി ശരിയായ ധാരണകൾ നൽകുക. ഇൗ മൂന്നു കാര്യങ്ങൾ ചെയ്തിട്ടും ശരിയായില്ലെങ്കിൽ വിദഗ്ധ സഹായത്തിന് വഴിയൊരുക്കുക. ചിലർക്ക് മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമായിരിക്കും. ഇതിന് സൈക്യാട്രിസ്റ്റിെൻറ സേവനം വേണം. ലഘുവായ പ്രശ്നങ്ങൾക്ക് മനഃശാസ്ത്ര ചികിത്സകൾ മതി. ചിന്താ വൈകല്യങ്ങൾ കൗൺസലിങ് ഉൾപ്പെടെയുള്ളവ വഴി പരിഹരിക്കാനാകും.
●കോളജുകളിൽ കൗൺസലർമാർ ഉണ്ടാകണം. അവരുടെ സേവനം കൂടുതൽ ഉപയോഗിക്കാനാകണം. അവർക്ക് നല്ല പരിശീലനം നൽകണം. കൗൺസലർമാരുടെ കൈകളിൽ പ്രശ്നം നിൽക്കുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം.
● മാനസികാരോഗ്യ സാക്ഷരത വിദ്യാർഥികൾക്കിടയിലും രക്ഷകർത്താക്കൾക്കിടയിലും കൊണ്ടുവരണം. പ്രയാസം വന്നാൽ ആരോടും പറയാതെ മൂടിവെക്കുന്ന പ്രവണതയാണ് കോളജ് വിദ്യാഭ്യാസ വകുപ്പിെൻറ പഠനത്തിൽപോലുമുള്ളത്. ചികിത്സയിലൂടെ ബഹുഭൂരിപക്ഷം മാനസികാരോഗ്യപ്രശ്നങ്ങളും പരിഹരിക്കാനാകും. പലർക്കും പഴയകാലത്തെ ചികിത്സ രീതിയാണ് ഇപ്പോഴും എന്ന തെറ്റിദ്ധാരണയാണ്. ഇതുസംബന്ധിച്ച് മുഴുവൻ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ബോധവത്കരണ ക്ലാസുകൾ നൽകണം.
●ചികിത്സക്കാവശ്യമായ സൈക്യാട്രിസ്റ്റുകളുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെയും പാനൽ മുഴുവൻ കോളജുകളും തയാറാക്കണം. പ്രയാസമുള്ളവർക്ക് അവരിൽനിന്ന് ആവശ്യമായ സഹായം ഉറപ്പാക്കണം. ഇതിന് ഒാൺലൈൻ സേങ്കതങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാം.
● ഡിജിറ്റൽ ഉപയോഗം വലിയ തോതിൽ മാനസിക സമ്മർദം വർധിക്കാൻ കാരണമായിട്ടുണ്ട്. ആരോഗ്യകരവും ഉത്തരവാദിത്തപൂർണവുമായ ഡിജിറ്റൽ ഉപയോഗത്തെക്കുറിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവത്കരണം നൽകണം. അതിൽനിന്ന് കരകയറാനുള്ള ബോധവത്കരണവും വേണം.
(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ സൈക്യാട്രിസ്റ്റ് ആണ് ലേഖകൻ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.