വിശപ്പിെൻറ തത്ത്വശാസ്ത്രം
text_fieldsഭൂമിയിൽ മനുഷ്യനിലനിൽപ്പിെൻറ അടിസ്ഥാനോപാധികൾ എന്തൊക്കെയാണ്? പലതും എണ്ണിപ്പറയാം. ജീവരക്ഷ തന്നെയാണ് പ്രഥമപ്രധാനം. ശരീരരക്ഷ, സന്താനപരമ്പരകളുടെ അനുസ്യൂതി എന്നിങ്ങനെ രണ്ടിനങ്ങളിൽ ഇതിനെ ലളിതമായി സംഗ്രഹിക്കാം. മനുഷ്യെൻറ ജൈവികത ഈ രണ്ട് മൗലിക പ്രക്രിയകളിൽ അധിഷ്ഠിതമാണ്. മനുഷ്യവർഗത്തിെൻറ നിതാന്തമായ ചലനവും മനുഷ്യാസ്തിത്വത്തിെൻറ അനുസൃതിയും ഈ അടിസ്ഥാനോപാധികളുടെ അഭാവത്തിൽ അസ്തമിച്ചുപോകും. ഹന്ന ആരെൻറ 'മനുഷ്യാവസ്ഥ' (Human Condition) എന്ന കൃതിയിൽ ഇൗ സംഗതികൾ വിസ്തരിക്കുന്നുണ്ട്. ശരീരപരിരക്ഷക്ക് ഭക്ഷ്യപേയങ്ങളും പോഷകങ്ങളും അനിവാര്യം. മനുഷ്യൻ തലമുറകളിലൂടെ ഭൂമിയിൽ ജീവിക്കുന്നതാകട്ടെ വിവാഹം എന്ന സ്ഥാപനത്തിലൂടെയാണ്. ഇതിനുവേണ്ടിയാണ് രണ്ടുതരം 'വിശപ്പുകൾ' അവെൻറ പ്രകൃതത്തിൽ ഊട്ടപ്പെട്ടിരിക്കുന്നത്. ആമാശയത്തിെൻറ വിശപ്പും ലൈംഗികവിശപ്പും. അതിൽ ഏറ്റവും അടിസ്ഥാനപരമാണ് ആമാശയത്തിെൻറ വിശപ്പ്. അവെൻറ ജീവിതപോരാട്ടംതന്നെ ഭൗതികമായി അതിനുവേണ്ടിയാണെന്നു പറയാം. അതവനെ കലാപകാരിയും മോഷ്ടാവുമൊക്കെയാക്കും. ചിലപ്പോൾ കാഫിറുമാക്കുമെന്ന് നബി പറഞ്ഞിട്ടുണ്ട്. പട്ടിണി ആൾരൂപംകൊള്ളുകയാണെങ്കിൽ ഞാനതിനെ ഞെരിച്ചുകൊല്ലുമെന്നും നബി പറഞ്ഞിട്ടുണ്ട്. ഇത്രത്തോളം ഗുരുതരമല്ല ലൈംഗിക പട്ടിണി എന്ന് പറഞ്ഞത് ബഷീറാണ്. കാരണം, സ്വയംഭോഗം ചെയ്താൽ തീരുന്നതേയുള്ളൂ ആ പ്രശ്നം! എന്നാൽ, ആമാശയത്തിെൻറ വിശപ്പ് ശമിക്കണമെങ്കിൽ ആഹാരംതന്നെ ലഭിക്കണം.
മനുഷ്യാസ്തിത്വത്തിെൻറ നിലനിൽപുമായി ബന്ധപ്പെട്ട് ഹന്ന ആരെൻറ പറയുന്ന ഈ അവശ്യോപാധികൾ ഏവർക്കും ബോധ്യമാകുന്ന സ്വയംസിദ്ധ സത്യമാണ്. തെളിവുനിരത്തി സ്ഥാപിക്കേണ്ട ആവശ്യമില്ലാത്ത ലളിതസത്യം. മനുഷ്യാവസ്ഥയുടെ സഹജഗുണമായി ആരെൻറ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സംഗതി മനുഷ്യപ്രകൃതിയിൽ നിലീനമായ സംഘടിത സ്വഭാവമാണ്. എത്ര ലളിതമാണെങ്കിലും ഒറ്റക്ക് അവന് ജീവിക്കാനാവില്ല. മനുഷ്യന് ഒറ്റക്ക് ജീവിക്കാൻ സാധിച്ചേക്കാം. പക്ഷേ, ഒറ്റക്ക് ആവശ്യങ്ങളൊക്കെ പൂർത്തീകരിക്കാൻ സാധിക്കുകയില്ല. സമൂഹവും സംഘങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടേ അത് സാധ്യമാവുകയുള്ളൂ. വിശപ്പ്, ലൈംഗികത എന്നീ അടിസ്ഥാന ചോദനകളോടൊപ്പം സംഘബോധവും അവെൻറ ജീവിതത്തെ പ്രചോദിപ്പിക്കുന്നു. കുടുംബത്തിലൂടെയും രാഷ്ട്രത്തിലൂടെയും മനുഷ്യാവസ്ഥയുടെ 'ഭൗതിക വളർച്ച'യെ അവൻ സാക്ഷാത്കരിക്കുന്നത് അങ്ങനെയാണ്. എന്നാൽ, ഈ വളർച്ചക്ക് സമാന്തരമായി മറ്റൊരു വളർച്ച കൂടി അവെൻറ പ്രകൃതം തേടുന്നുണ്ട്. മണ്ണിൽ വേരൂന്നിനിൽക്കുന്ന ആ പ്രകൃതം ആത്മീയതയുടെ ആകാശങ്ങൾ കൂടി തേടുന്നു. ദൈവികഗുണാംശങ്ങളുടെ വസ്ത്രങ്ങൾ അണിയുേമ്പാഴാണ് ആ ആത്മസാക്ഷാത്കാരം സാധിതമാകുന്നത്. ഹന്ന ആരെൻറ പറയുന്ന ജൈവമനുഷ്യെൻറ അവശ്യോപാധികൾ ഉപേക്ഷിക്കുകയാണ് അതിെൻറ സാക്ഷാത്കാര മാർഗം. ആഹാരമാണ് ഭൗതികതലത്തിൽ മനുഷ്യാവസ്ഥയുടെ അടിസ്ഥാനോപാധിയെങ്കിൽ ഉപവാസമായിത്തീരുന്നു ആത്മാവസ്ഥയുടെ അടിസ്ഥാനോപാധി. 'സമ്പൂർണ മനുഷ്യാവസ്ഥ'യെന്ന് അബ്ദുൽ കരീം ജീലി (ചരമം 1424) എന്ന സൂഫിവര്യൻ വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. ഹന്ന ആരെൻറയുടെ ജൈവമനുഷ്യെൻറ മറ്റൊരു പതിപ്പ് അബ്ദുൽ കരീം ജീലി അവതരിപ്പിക്കുന്നു. 'അൽ ഇൻസാനുൽ കാമിൽ' (സമ്പൂർണ മനുഷ്യൻ) എന്ന കൃതിയിൽ അൽ ജീലി എഴുതുന്നു: എന്നാൽ മനുഷ്യാവസ്ഥയുടെ അവശ്യോപാധികളിൽനിന്ന് വിട്ടുനിൽക്കുന്നതിെൻറ സൂചകമാണ് ഉപവാസം. അപ്പോൾ അവനിൽ ശാശ്വതമായ ദിവ്യഗുണങ്ങൾ സാക്ഷാത്കൃതമാകുന്നു. മനുഷ്യെൻറ അവശ്യാവശ്യങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന ആ അളവിൽ അവനിൽപരംപൊരുളി (അൽഹഖ്)െൻറ അടയാളങ്ങൾ പ്രത്യക്ഷീഭവിക്കുന്നു.
വിശപ്പ് എന്ന അനുഭവത്തിലൂടെ പട്ടിണിപ്പാവങ്ങളുമായി താദാത്മ്യപ്പെടുകയാണ് ഉപവാസത്തിെൻറ ആന്തരതത്ത്വമെന്ന് സാധാരണ പറഞ്ഞുവരാറുണ്ട്. അങ്ങനെയാണെങ്കിൽ ഒരു ചോദ്യം ഉദ്ഭവിക്കുന്നു. അപ്പോൾപിന്നെ, പട്ടിണിപ്പാവങ്ങൾ ഉപവസിക്കേണ്ട ആവശ്യമെന്താണ്? മഹാനായ സൂഫി അബ്ദുൽ കരീം അൽ ജീലിയുടെ 'സമ്പൂർണ മനുഷ്യൻ' ഈ സാമാന്യ ധാരണയെയാണ് തിരുത്തുന്നത്. അത് ആരെൻറയുടെ മനുഷ്യാവസ്ഥയിൽനിന്നുള്ള ആരോഹണമാണ്. ഭൗതികമായ ജൈവാവസ്ഥയിൽനിന്നുള്ള ദൈവികമായ ആത്മാവസ്ഥയിലേക്കുള്ള മോചനം. ദിവ്യസാന്നിധ്യം പ്രാപിക്കുേമ്പാഴുള്ള അലൗകികമായ ലൗകികാനുഭൂതിയുടെ സൗന്ദര്യലഹരി.
ഉപവാസം അവസാനിച്ചാലും അതിെൻറ ആത്മീയ ലഹരി അവെൻറ ജീവിതത്തിലുടനീളം നീണ്ടുനിൽക്കണം. അപ്പോൾ മാത്രമേ ഉപവാസം അർഥവത്താകൂ. അപ്പോൾ മാത്രമേ ദൈവത്തിെൻറ വിശിഷ്ടഗുണങ്ങൾ അവൻ എടുത്തണിയുന്നുള്ളൂ. ദൈവത്തിെൻറ സൃഷ്ടി, ദാസൻ ആകുന്നതിെൻറ അനുഭൂതി അവൻ ആസ്വദിക്കുന്നത് അപ്പോഴാണ്. ഉപവാസത്തിലൂടെ ഈ വിശപ്പ് അനുഭവിക്കുേമ്പാഴാണ് ദൈവത്തിെൻറ സൃഷ്ടിയാണ് താനെന്ന യഥാർഥമായ മനുഷ്യാവസ്ഥ അവനിൽ വെളിപ്പെടുന്നതെന്ന് ശൈഖ് മുഹമ്മദ് ഈദ് അൽ ഹുസൈനി (1936-2020) എന്ന മറ്റൊരു സൂഫി പറയുന്നു. ആത്മനെ സൃഷ്ടിച്ചപ്പോൾ അല്ലാഹു അതിനോട് ചോദിച്ചു: ''ആരാണ് ഞാൻ''? അപ്പോൾ അത് പറഞ്ഞു: ''നീ നീ തന്നെ; ഞാൻ ഞാനും''. അപ്പോൾ അനവധി അവസ്ഥകൾക്ക് അല്ലാഹു അതിനെ വിധേയമാക്കി. എന്നിട്ടും അതിെൻറ പൊരുൾ അതിന് തിരിച്ചറിയാനായില്ല. അവസാനം അല്ലാഹു അതിനെ പട്ടിണിക്കിട്ടു. എന്നിട്ട് ചോദിച്ചു: ''ആരാണ് ഞാൻ''? അപ്പോൾ അത് പറഞ്ഞു: ''നീ സ്രഷ്ടാവ്; ഞാൻ നിെൻറ സൃഷ്ടി''. അങ്ങനെയാണ് ഉപവാസം ദൈവസാമീപ്യം അനുഭവിക്കാനുള്ള മാർഗമായത്'.
ജീവിതത്തിെൻറ നൈരന്തര്യോപാധികളായ ആഹാരം, സന്താനോൽപാദനത്തിെൻറ ലൈംഗിക സമ്പർക്കം എന്നിവയിൽനിന്ന് നിശ്ചിതസമയം വിട്ടുനിൽക്കലാണ് ഉപവാസം. സ്വമേധയാ വിട്ടുനിൽക്കാൻ കഴിയുന്നതാണ് ആ സമയപരിധി. ആരെങ്കിലും ബലാൽക്കാരം അടിച്ചേൽപിച്ചാൽ ഒരു സമയപരിധികഴിഞ്ഞാൽ ആൾ മരിച്ചുപോകും. ജീവിതത്തിെൻറ അച്ചടക്ക പരിശീലനം, ആരോഗ്യപരിപാലനം, സാമൂഹികബന്ധങ്ങളുടെ ദൃഢീകരണം തുടങ്ങി പല ആന്തര തത്ത്വങ്ങളും എടുത്തുപറയാമെങ്കിലും മുകളിൽ വിസ്തരിച്ച മനുഷ്യാവസ്ഥയുടെ മറ്റേ പാതിതന്നെയാണ് ഉപവാസത്തിെൻറ മഹത്തരമായ വശം. തെൻറ പ്രകൃതിയിൽ നിലീനമായ ആ അടിസ്ഥാന ചോദനയിലേക്കാണ് ഉപവാസം മനുഷ്യനെ പ്രചോദിപ്പിക്കുന്നത്.
കേവല മനുഷ്യാസ്തിത്വത്തിെൻറ നിലനിൽപ് ജീവെൻറയും സന്താനപരമ്പരയുടെയും നൈരന്തര്യത്തെ ആവശ്യപ്പെടുന്നു എന്ന തത്ത്വത്തെയും നോമ്പ് ഓർമിപ്പിക്കുന്നു. ചിരപരിചിതത്വം ഈ അടിസ്ഥാന തത്ത്വത്തിൽനിന്ന് മനുഷ്യനെ അശ്രദ്ധനാക്കിയേക്കാം. ആ അശ്രദ്ധയിൽനിന്നുള്ള ജാഗരണം കൂടിയാണ് ഉപവാസം. മനുഷ്യനിലനിൽപ്പിെൻറ ആധാരമായ ആഹാരവിഭവങ്ങൾ, സമ്പൽ സമൃദ്ധി എന്നീ ദൈവികാനുഗ്രഹങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ.
നോമ്പിലൂടെ ഈ തെളിഞ്ഞ യാഥാർഥ്യം തൊട്ടറിയുന്ന മനുഷ്യൻ അതുപോലെ തെളിഞ്ഞ മറ്റു ചില യാഥാർഥ്യങ്ങളിലേക്കു കൂടി, അനുബന്ധ അനുഗ്രഹങ്ങളിലേക്കുകൂടി നയിക്കപ്പെടുന്നു. പ്രകൃതി എന്ന അനുഗ്രഹം അതിെൻറ പ്രഥമസ്ഥാനത്ത് വരുന്നു. ഇക്കാലത്തെ പോലെ മറ്റൊരു കാലത്തും മനുഷ്യെൻറ കൈയേറ്റത്തിന് വിധേയമായിട്ടില്ലാത്ത ദൈവത്തിെൻറ വരദാനം. ലൈംഗിക സംയമനമാകട്ടെ, ഇണയുടെ സാന്നിധ്യത്തിെൻറയും സന്താന സൗഭാഗ്യത്തിെൻറയും ഈശ്വരകടാക്ഷത്തിലേക്ക് ഉപവാസിയുടെ ഉള്ളുണർത്തുന്നു.
സ്വമേധയാലുള്ള ഈ ഉപവാസത്തോടൊപ്പം നിർബന്ധിതമായ മറ്റൊരു 'ഉപവാസം' കൂടി ലോകത്ത് സംഭവിക്കുന്നുണ്ട്. അഭയാർഥികളായും ചിലപ്പോൾ മഹാമാരികൾ സൃഷ്ടിക്കുന്ന ലോക്ഡൗണിൽപ്പെട്ടും വൻ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ അഹന്ത അടിച്ചേൽപിക്കുന്ന ഉപരോധങ്ങൾക്ക് വിധേയരായും പട്ടിണി ഭക്ഷിക്കേണ്ടിവരുന്ന ജനലക്ഷങ്ങളുടെ ദുരിത ജീവിതം. ആ ദുരിതപർവങ്ങളിലേക്കു കൂടി നമ്മുടെ മനക്കണ്ണുകളെ നയിച്ചുകൊണ്ടുപോവാനും ഉപവാസം സഹായകമാകും. അതും അതിെൻറ നിഗൂഢ സാരങ്ങളിലുൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.