സ്വാതന്ത്ര്യമുള്ളിടത്ത് നാടകം അവസാനിക്കുന്നില്ല
text_fieldsലോക നാടകദിനം (World Theatre Day ) വെറും ആചരണത്തിൽ ഒതുക്കാനുള്ളതല്ല. അതിെൻറ പ്രയാണം മൃതത്വത്തിലേക്കല്ല, ചൈതന്യത്തിലേക്കാണ്. ഊർജപ്രസരണിയും ജ്ഞാനപ്രദായിനിയും പരിഷ്കരണോദ്യുക്തയും സൽകലാ വല്ലഭയും ആണത്. മനുഷ്യപ്രകൃതിയെ പ്രപഞ്ചപ്രതിഭാസങ്ങളുമായി വിളക്കിച്ചേർക്കുന്ന രാസത്വരകമാണ് നാടകം.
നിതാന്തമായ ചലനമാണതിെൻറ സ്വഭാവം. സ്വയം ചലിക്കുകയും മനുഷ്യമനസ്സിനെ ചലിപ്പിക്കുകയും ചെയ്യലാണ് അതിെൻറ ധർമം. ഈ മഹത്തായ ദൗത്യമാണ് നാടകത്തിനെ മറ്റു സുകുമാരകലകളിൽനിന്നും സാഹിത്യത്തിൽനിന്നും വ്യതിരിക്തവും വരിഷ്ഠവും ആക്കുന്നത്.
നാടകം എന്ന മൂന്നക്ഷരത്തിൽ സാരഗർഭമായ രണ്ടു ധ്വനികൾ അകംകൊണ്ടിരിക്കുന്നു. നാടും നാട്യവും. പ്രേക്ഷകനും അരങ്ങും! ഒരു നാടുമുഴുവനുമാണ് പ്രേക്ഷകൻ. അവന് കാണാനും കേൾക്കാനും അറിയാനും ആസ്വദിക്കാനുമുള്ളതാണ് അരങ്ങ്. നാട്യം അഭിനയത്തിെൻറ അവതരണമാണ്. അത് തികച്ചും കൃത്രിമമത്രേ. സാത്വികം, ആംഗികം, വാചികം, ആഹാര്യം എന്നീ ചതുർവിധാഭിനയ വഴികൾ സ്വീകരിച്ച് നടീനടന്മാർ അവതരിപ്പിക്കുന്ന കഥയാണ് നാടകം. മൂന്നു കാലങ്ങളിലൂടെ, അനേകം പ്രതിസന്ധികളിലൂടെ, അനിർവചനീയമായ ബഹുസഹസ്രം വികാര വിചാര സംഘർഷങ്ങളിലൂടെ അതിജീവനതൃഷ്ണയുമായി മനുഷ്യൻ നടത്തുന്ന അറുതിയറ്റ യാത്രയുടെ ആവിഷ്കാരമാണ് നാടകം. യവനിക തുറക്കുന്നത്
പ്രേക്ഷകെൻറ മനസ്സിലേക്കാണ്. പിന്നെ മനസ്സാണ് അരങ്ങ്. കാണികളായിരമെങ്കിൽ അരങ്ങ് ആയിരം. അവിടെ നാടകമായിരം. ഓരോ മനസ്സിലും ഓരോ നാടകം. രംഗവേദി പാശുപതാസ്ത്രമാകുന്നു. എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ നൂറ്, കൊള്ളുമ്പോൾ ആയിരം !
കാലവും പ്രപഞ്ചവും ( സ്ഥലം ) വിധിയും വിധാതാവും (ദൈവവും രാജാവും അഥവാ ഭരണസംവിധാനവും ) ശരാശരി മനുഷ്യെൻറ നിത്യജീവിതവുമായി നടത്തുന്ന ഇടപെടലുകളോടുള്ള പ്രതികരണമാണ് നാടകം. അതുകൊണ്ടുതന്നെ മനുഷ്യന് എത്ര ശ്രമിച്ചാലും നാടകത്തെ ഇല്ലാതാക്കാനാവില്ല. അതില്ലാതായാൽ മനുഷ്യനില്ലാതായി എന്നാണ് അർഥം. 'രാജാവ് നഗ്നനാണ്' എന്നു വിളിച്ചുകൂവാനുള്ള രാഷ്ട്രീയ-സാംസ്കാരിക സ്വാതന്ത്ര്യം പ്രജയിൽ നിലനിൽക്കുന്നിടത്തോളം കാലമേ കലക്കും സാഹിത്യത്തിനും നിലനിൽപ്പുള്ളൂ.
'പൂമാലകൊണ്ടു മറച്ചാൽ കഷണ്ടി മാറുമോ'? എന്ന് ജഗതലപ്രതാപിയായ സീസറെ വെറും പതിനാറുകാരിയും അജ്ഞാനിയുമായ ക്ലിയോപാട്ര പരിഹസിക്കുന്നുണ്ട് ജി.ബി. ഷാ യുടെ 'സീസർ ആൻഡ് ക്ലിയോപാട്ര' എന്ന നാടകത്തിൽ. ഈ ഒരു ചെറിയ ചോദ്യം രണ്ടു കിരീടങ്ങളുടെ ചുവടറുക്കുന്നു. ഒരു മഹാരാജാവും പൗരജന വിമർശനത്തിനോ പരിഹാസത്തിനോ അതീതനല്ല. ഏതു വിവരംകെട്ടവൾക്കും മഹാറാണിയാവാനാകും. അക്കാലം ഇംഗ്ലണ്ട് ഭരിച്ചിരുന്നത് വിക്‌ടോറിയ മഹാറാണിയായിരുന്നു എന്നുകൂടി വായിക്കുമ്പോഴേ എഴുത്തുകാരെൻറ സ്വാതന്ത്ര്യത്തിെൻറ മികവ് നമുക്ക് മനസ്സിലാവൂ.
(പ്രമുഖ നാടകകൃത്തും അവാർഡ് ജേതാവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.