തെറ്റിദ്ധരിപ്പിക്കലിന്റെ രാഷ്ട്രീയ സാമ്പത്തികം
text_fieldsകേന്ദ്രം തരേണ്ടതെല്ലാം വെട്ടിക്കുറച്ചതുമൂലം തനത് വരുമാനം കണ്ടെത്തിയാണല്ലോ കേരളം മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മുഖ്യ വരുമാനമാർഗങ്ങൾ മദ്യവും ഭാഗ്യക്കുറിയുമാണെന്ന ഗവർണറുടെ പ്രസ്താവന സംസ്ഥാന സർക്കാറിന് കുറച്ചൊന്നുമല്ല അലോസരമുണ്ടാക്കിയത്. സംഗതിയുടെ ഗൗരവം ഉൾക്കൊണ്ട് മുൻ ധനമന്ത്രിയും ധനശാസ്ത്രജ്ഞനുമായ ഡോ. തോമസ് ഐസക് ഗോദയിലിറങ്ങി
ഈ സത്യാനന്തര കാലത്ത് നേരേത്, നുണയേത് എന്ന് തിരിച്ചറിയൽ ദുഷ്കരമാണ്. താൽക്കാലിക രാഷ്ട്രീയ ലാഭത്തിനായി വസ്തുതകൾക്കും സ്ഥിതിവിവര കണക്കുകൾക്കും പുതിയ വ്യാഖ്യാനങ്ങൾ ചമച്ച് ‘കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന്’ വരുത്തുകയാണ് ചിലർ. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ചില വ്യാഖ്യാനങ്ങളിലെ നെല്ലും പതിരും തിരിക്കാൻ ശ്രമിക്കുകയാണിവിടെ.
കേന്ദ്രം തരേണ്ടതെല്ലാം വെട്ടിക്കുറച്ചതുമൂലം തനത് വരുമാനം കണ്ടെത്തിയാണല്ലോ കേരളം മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മുഖ്യ വരുമാനമാർഗങ്ങൾ മദ്യവും ഭാഗ്യക്കുറിയുമാണെന്ന ഗവർണറുടെ പ്രസ്താവന സംസ്ഥാന സർക്കാറിന് കുറച്ചൊന്നുമല്ല അലോസരമുണ്ടാക്കിയത്. സംഗതിയുടെ ഗൗരവം ഉൾക്കൊണ്ട് മുൻ ധനമന്ത്രിയും ധനശാസ്ത്രജ്ഞനുമായ ഡോ. തോമസ് ഐസക് ഗോദയിലിറങ്ങി.
അദ്ദേഹത്തിന്റെ കണക്കുപ്രകാരം കേരളത്തിന്റെ 2021-22ലെ മൊത്തം വരുമാനമായ 1.16 ലക്ഷം കോടി രൂപയിൽ ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനം വെറും 560 കോടി മാത്രം. ഇത് സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനംപോലും വരില്ലത്രേ.
ഭാഗ്യക്കുറി വിറ്റുവരവായി 7145 കോടി രൂപ ട്രഷറിയിൽ എത്തുന്നുണ്ടെങ്കിലും അതിന്റെ പകുതി സമ്മാനമായി പോകുന്നു. ബാക്കി കമീഷനും മറ്റു ചെലവുകളും കഴിഞ്ഞ് സർക്കാറിന് കിട്ടുന്നത് 560 കോടി മാത്രം! മദ്യവും ഭാഗ്യക്കുറിയും കൂടി എടുത്താൽ മൊത്തം വരുമാനത്തിന്റെ 13 ശതമാനം മാത്രം. ഇതാണോ മുഖ്യ വരുമാനം? കേൾക്കുമ്പോൾ എത്രയോ ശരി!
ഈ ‘ശരി’ എങ്ങനെയാണ് നിർമിച്ചെടുത്തിട്ടുള്ളത് എന്നുനോക്കാം. ട്രഷറിയിൽ നികുതിയും നികുതിയിതരവും ആയിവരുന്നത് വരുമാനം ആയാണ് സർക്കാർ കണക്കുകളിൽ രേഖപ്പെടുത്തപ്പെടുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അക്കൗണ്ടന്റ് ജനറലും ഇന്ത്യയാകമാനം പിന്തുടരുന്ന ഈ അക്കൗണ്ടിങ് രീതിയിൽ സർക്കാർ ചെലവുകൾ പ്രത്യേകമായാണ് രേഖപ്പെടുത്തുന്നത്.
എന്നുപറഞ്ഞാൽ, നികുതി-നികുതിയിതര വരുമാനം സമാഹരിക്കുന്നതിന്റെ ചെലവ് പൊതുചെലവുകളുടെ ഭാഗമാണെന്നർഥം. വേറൊരു തരത്തിൽ പറഞ്ഞാൽ ഭാഗ്യക്കുറി വരുമാനം സമാഹരിക്കുന്നതിൽ ഉളവായിട്ടുള്ള ചെലവുകളാണ് സമ്മാനം കൊടുപ്പും കമീഷനുമൊക്കെ. ഡോ. ഐസക്കിന്റെ യുക്തി എല്ലാ നികുതി-നികുതിയിര സ്രോതസ്സുകളിലും പിന്തുടർന്നാൽ മൊത്തം വരുമാനംതന്നെ വളരെ കുറഞ്ഞുപോകും എന്ന് അദ്ദേഹത്തിന് അറിയാത്തതല്ല.
സത്യത്തിൽ ഭാഗ്യക്കുറി വകുപ്പിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കമുള്ള ചെലവുകൾകൂടി ഭാഗ്യക്കുറിയുടെ വിറ്റുവരവിൽനിന്ന് കുറിച്ചിരുന്നെങ്കിൽ ഭാഗ്യക്കുറി ഒരു മഹാനഷ്ടമാണെന്ന് അദ്ദേഹത്തിന് തെളിയിക്കാമായിരുന്നു. ഭാഗ്യക്കുറി നടത്തി സർക്കാറിന് കിട്ടുന്ന ‘ലാഭം’ അല്ലേ കണക്കിലെടുക്കേണ്ടത് എന്ന് ചോദിച്ചേക്കാം.
അതിൽ ഒരു തെറ്റുമില്ല. ഭാഗ്യക്കുറി വകുപ്പിനെ സർക്കാർ വകുപ്പുകളിൽനിന്ന് വേർപെടുത്തി ഒരു പൊതുമേഖല സ്ഥാപനമാക്കിമാറ്റിയാൽ മതി. അപ്പോൾ സർക്കാറിന്റെ നികുതിയിതര വരുമാനക്കണക്കിൽ ‘ഡിവിഡന്റുകളും ലാഭവും’ എന്ന തലക്കെട്ടിലാവും അത് രേഖപ്പെടുത്തപ്പെടുക.
തനത് വരുമാനവും മൊത്തം വരുമാനവും
ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടുള്ള നികുതി-നികുതിയിതര വരുമാന സ്രോതസ്സുകളിൽനിന്നുള്ള വരുമാനമാണ് തനത് വരുമാനം. മൊത്തം വരുമാനമാകട്ടെ, കേന്ദ്രം പിരിച്ചെടുക്കുന്ന നികുതി വരുമാനത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് കിട്ടുന്ന ഓഹരിയും കേന്ദ്രത്തിൽനിന്നുള്ള ഗ്രാന്റുകളും ചേർന്നതാണ്.
ഡോ. ഐസക് മദ്യവും ഭാഗ്യക്കുറിയും മൊത്തവരുമാനത്തിൽ എത്ര ശതമാനമാണ് സംഭാവന ചെയ്യുന്നതെന്ന് പറയുന്നതിന് ഗൂഢലക്ഷ്യമുണ്ട്. 2021-22ലെ മൊത്തം വരുമാനമായ 1,16,000 കോടിയിൽ തനത് വരുമാനം 68,905.93 കോടിയാണ്. അതിൽ മദ്യത്തിന്റെ 15,000 കോടി രൂപ 21.77 ശതമാനമാണ്. വാദത്തിനുവേണ്ടി ഡോ. ഐസക്കിന്റെ അക്കൗണ്ടിങ് രീതി പിന്തുടർന്നാൽ മദ്യവും ഭാഗ്യക്കുറിയും കൂടി 15,560 കോടി സംഭാവന ചെയ്യുന്നു.
ഇത് തനത് വരുമാനത്തിന്റെ ശതമാനമായി എടുത്താൽ 22.58 ശതമാനമാണ്. നിലവിലെ അക്കൗണ്ടിങ് രീതിയിലാണെങ്കിൽ മദ്യത്തിന്റെ 15,000 കോടിയും ഭാഗ്യക്കുറിയുടെ 7145 കോടിയും ചേർന്ന് 22,145 കോടിയാണ് വരുമാനം. ഇത് തനത് വരുമാനത്തിന്റെ 34.14 ശതമാനം വരും.
കേന്ദ്രത്തിൽനിന്നുള്ള നികുതി ഓഹരിയും ഗ്രാന്റുമൊക്കെ സംസ്ഥാനത്തിന് അവകാശപ്പെട്ടതാണല്ലോ. അതുകൊണ്ട് മൊത്തവരുമാനത്തിൽ മദ്യവും ഭാഗ്യക്കുറിയും എത്ര സംഭാവന ചെയ്യുന്നുവെന്ന് നോക്കുന്നതല്ലേ കൂടുതൽ യുക്തിസഹം എന്ന ചോദ്യം വരാം. അങ്ങനെ നോക്കുന്നതിൽ തെറ്റൊന്നുമില്ല.
പക്ഷേ, സംസ്ഥാനത്തിന്റെ വിഭവസമാഹരണത്തിലെ പ്രകടനം വസ്തുനിഷ്ഠമായി വിലയിരുത്താനും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനും തനത് വരുമാനത്തിന്റെ ശതമാനമായി ഓരോ വിഭവസ്രോതസ്സിനെയും കാണണം. മാത്രമല്ല, സംസ്ഥാനം സമാഹരിക്കുന്ന വിഭവങ്ങളുടെ ഭാരം ഏത് ജനവിഭാഗങ്ങളുടെ മേലാണ് പതിക്കുന്നത് എന്നറിയാനും തനത് വരുമാനമാണ് പരിഗണിക്കേണ്ടത്. ഇന്ന് തനത് വരുമാനത്തിന്റെ 36 ശതമാനത്തിനുമേൽ സംഭാവന ചെയ്യുന്നത് മദ്യവും ഭാഗ്യക്കുറിയുമാണ്.
1970-71ൽ ഇത് വെറും 14.77 ശതമാനം മാത്രമായിരുന്നു. ഇതിന്റെ വിവക്ഷ എന്താണ്? ‘കേരള മോഡൽ’ മാഹാത്മ്യം വിളമ്പുമ്പോഴും നമ്മുടെ മധ്യവർഗവും സമ്പന്നരും വിഭവ സമാഹരണത്തിന്റെ ഭാരം തങ്ങളുടെ ചുമലുകളിൽനിന്നും ആരുമറിയാതെ പാവപ്പെട്ടവരുടെയും പുറമ്പോക്കിൽ കിടക്കുന്നവരുടെയും ചുമലുകളിലേക്ക് എടുത്തുവെക്കുകയായിരുന്നു. ഈ സത്യം മറച്ചുവെക്കാൻ എന്തെല്ലാം വ്യാഖ്യാനങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും!
മുഖ്യമന്ത്രിയുടെ വക തെറ്റിദ്ധരിപ്പിക്കൽ
നമ്മുടെ മുഖ്യമന്ത്രി ഒരു ധനശാസ്ത്രജ്ഞൻ ഒന്നുമല്ല; അങ്ങനെ ഒരു അവകാശവാദവും അദ്ദേഹത്തിനില്ല. ധനകാര്യത്തെക്കുറിച്ച് തനിക്ക് എഴുതിക്കിട്ടുന്നത് പറയുകയോ വായിക്കുകയോ മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹം നടത്തിയ ഒരു പ്രസ്താവനയിൽ ‘മദ്യത്തിൽനിന്ന് കൂടുതൽ വരുമാനം കിട്ടുന്ന ആദ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ കേരളമില്ല’ എന്നൊരു വാക്യമുണ്ട്.
ഇത് വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഈ ലേഖകൻ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. ഫലം തഥൈവ. മദ്യത്തിൽനിന്ന് കേരളത്തിന് മൂന്നുതരം വരുമാനമാണ് ഉള്ളത്. മദ്യോൽപാദനവുമായി ബന്ധപ്പെട്ട എക്സൈസ് തീരുവ, ഉപഭോഗവുമായി ബന്ധപ്പെട്ട വിൽപന നികുതി, ബിവറേജസ് കോർപറേഷന്റെ ലാഭവിഹിതം എന്നിവയാണ് അവ.
2022-23ൽ ഇതിൽ ആദ്യത്തേത് രണ്ടും യഥാക്രമം 2826 കോടിയും 14,843 കോടിയുമാണ്. ബെവ്കോയുടെ ലാഭവിഹിത കണക്ക് ലഭ്യമല്ല. എങ്കിലും പഴയ സ്ഥിതിവിവരക്കണക്കുകൾ വെച്ച് നോക്കുകയാണെങ്കിൽ 100 കോടി വന്നേക്കും. എക്സൈസ് തീരുവയുടെ അഞ്ചിരട്ടിയിൽ കൂടുതലാണ് വിൽപന നികുതി വരുമാനം. എക്സൈസ് തീരുവയുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണത്തിൽ ലഭ്യമാണ്.
പക്ഷേ, വിൽപന നികുതിയുടെ കാര്യത്തിൽ മദ്യത്തിൽനിന്നും പെട്രോളിയം ഉൽപന്നങ്ങളിൽനിന്നുമുള്ള മൊത്തം തുകയാണ് റിസർവ് ബാങ്ക് പ്രസിദ്ധീകരണത്തിൽ ലഭ്യമായിട്ടുള്ളത്; ഇനം തിരിച്ചല്ല. കേരളത്തിന്റെ കാര്യത്തിൽ ചരക്ക് സേവന നികുതി വകുപ്പിൽ വിവരാവകാശ നിയമംവഴി അപേക്ഷിച്ചാൽ ഈ കണക്ക് ലഭ്യമാണ്.
എക്സൈസ് തീരുവയുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള തുക ഓരോ സംസ്ഥാനത്തിന്റെയും മൊത്തം വരുമാനത്തിന്റെ ശതമാനമായി കണ്ട് ഒരു ഭൂപടം അടുത്തകാലത്ത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതുപ്രകാരം കേരളത്തിന്റെ മദ്യത്തിൽനിന്നുള്ള വരുമാനം വെറും 3.7 ശതമാനം മാത്രം. ആദ്യത്തെ 15 സംസ്ഥാനങ്ങളിൽപോലും കേരളം വരില്ല. നമ്മുടെ മുഖ്യമന്ത്രി എത്രയോ ശരി!.
പ്ലാനിങ് ബോർഡ് അംഗത്തിന്റെ കണക്ക്
2020-21ൽ മദ്യവും ഭാഗ്യക്കുറിയും കൂടി മൊത്തവരുമാനത്തിന്റെ 13 ശതമാനം മാത്രമേ സംഭാവന ചെയ്യുന്നുള്ളൂവെന്നാണ് ഡോ. ഐസക്കിന്റെ കണക്ക്. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. രാം കുമാറിന്റെ കണക്കുപ്രകാരം 2022-23ൽ ഇത് 12 ശതമാനത്തിന് താഴെയായി കുറഞ്ഞു.
ഇങ്ങനെ ‘കുറക്കാൻ’ അദ്ദേഹം മൊത്തം വരുമാനമായ 1,29,269 കോടിയോട് സംസ്ഥാനത്തിന്റെ അനുവദനീയ വായ്പയായ 36,763 കോടിയും കൂടെക്കൂട്ടി മൊത്തം വരുമാനത്തെ വീർപ്പിച്ചെടുത്തു. മദ്യവും ഭാഗ്യക്കുറിയും കൂടി 18,737 കോടി. ഇത് മൊത്തവരുമാനമായ 1,66,032 കോടിയുടെ വെറും 11.29 ശതമാനം മാത്രം!.
നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുന്നു
ജനുവരി 25ാം തീയതി ഗവർണർ നിയമസഭയിൽ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ 13ാം പേജിൽ ഇങ്ങനെയൊരു വാചകമുണ്ട്: ‘കേരളത്തിന് മദ്യത്തിൽനിന്ന് ലഭിക്കുന്ന തനത് നികുതിവരുമാനം (3.7 ശതമാനം) മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറ്റവും കുറഞ്ഞ നിരക്കും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവിടെ വളരെ ഉയർന്ന നിരക്കായ 22 ശതമാനം ആണെന്നത് ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.’ താൻ പറഞ്ഞത് തിരുത്തിപ്പറയിക്കാൻ നടത്തിയ ശ്രമം തിരിച്ചറിഞ്ഞാണ് ഗവർണർ ഒന്നര മിനിറ്റുകൊണ്ട് നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചത് എന്ന് സംശയിക്കണം.
(ലേഖകൻ തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റി അംഗമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.