മാംസഭക്ഷണത്തിന്റെ പൊളിറ്റിക്സ്
text_fieldsമനുഷ്യർ പട്ടിണികിടന്ന് മരിച്ചാലും പശു ജീവിക്കണമെന്ന അക്കാലത്തെ ക്രൂരമെന്ന് തോന്നാവുന്ന കാഴ്ചപ്പാടിന് സർവം മനുഷ്യനുവേണ്ടി എന്ന മനുഷ്യകേന്ദ്രിതയുക്തിയിൽ സ്വന്തമായ നീതീകരണം കണ്ടെത്താൻ കഴിയും! വിശ്വാമിത്ര
മഹർഷി ജീവിക്കാൻ, ജീവൻനിലനിർത്താൻ പറയക്കുടിലിൽനിന്ന് ജീർണിച്ച നായ്ക്കാൽ വരെ തിന്ന കാര്യം ‘വിചാരധാര’ മറച്ചു വെച്ചിട്ടില്ല. അതിനെ ആപത്കാലധർമത്തിലാണ് ഉൾപ്പെടുത്തിക്കാണുന്നത്. ‘പയ്ച്ചാൽ പന്നിയിറച്ചിയും ഹലാൽ’ എന്ന ചൊല്ല് മുസ്ലിംകൾക്കിടയിലുമുണ്ട്. വിശപ്പിന്റെ ഊക്കിലാണ് രണ്ടിടത്തും ഊന്നൽ. എന്നാൽ, അപ്പോഴും നമ്മുടെ മുൻഗാമികളിൽ ഒരുവിഭാഗം കൊടിയ പട്ടിണിക്ക് നടുവിലും പശുവിനെ തൊടാതിരുന്നത് പാലിനൊപ്പം അത് കാളകൾക്കു –മോട്ടോറില്ലാത്ത ട്രാക്ടറുകൾക്ക് –കൂടി പിറവി നൽകുമെന്നതുകൊണ്ടാണ്. ഒരന്ധവിശ്വാസവും ശൂന്യതയിൽനിന്നും ഒരത്ഭുതംപോലെ വെറുതെ ആവിർഭവിക്കുന്നതല്ല. അതിനെ അനിവാര്യമാക്കുന്ന ഭൗതികാസ്പദങ്ങളുടെ പൊട്ടിയ ഒരസ്ഥിയെങ്കിലും അതിന്റെ മാംസളമായ ശരീരത്തെ ഒന്നിപ്പിക്കുംവിധം എവിടെയെങ്കിലും കാണും. അത് കണ്ടെത്തുക എന്നതാണ് പ്രധാനം.
എന്നാൽ പേൾ എസ്. ബക്കിന്റെ മുമ്പേ വ്യക്തമാക്കിയ പ്രശസ്തവും കാർഷികപ്രധാനവുമായ ‘നല്ലഭൂമി’ എന്ന നോവലിൽ അവർ പട്ടിണിയെ അതിജീവിച്ചത് മറ്റൊരു മാർഗവുമില്ലാത്തതിനാൽ സ്വന്തം പ്രിയ വളർത്തുമൃഗങ്ങളെ അറുത്തു ഭക്ഷിച്ചുകൊണ്ടാണ്. സ്വന്തം മകൾ അവളുടെ മുത്തശ്ശന്റെ അടുത്തേക്ക് പോവുന്നതിനെ അമ്മ തടയുന്നത് വിശന്നിരിക്കുന്ന അച്ഛൻ വിശപ്പിന്റെ തീവ്രതകൊണ്ട് തന്റെ മകളെ ഭക്ഷ്യയോഗ്യമായ വല്ല ജന്തുവോ മറ്റോ ആയി കരുതി അറിയാതെ കൊന്നുപോവുമോ എന്ന് പേടിച്ചാണ്. ജന്തുക്കളോടുള്ള പരസ്പരവിരുദ്ധമായ രണ്ട് സമീപനങ്ങൾ എടുത്തുകാണിച്ചത്, സമീപനങ്ങളിലെ വ്യത്യസ്തത വ്യക്തമാക്കാനാണ്. എന്നാൽ, ഇവിടെയൊന്നും ജന്തുവിനെ പൂജിക്കുന്നതിന്റെ ഭാഗമായി അതുമായി ഒരു ബന്ധവുമില്ലാതെ മനുഷ്യരെ കൊന്ന് കൊലവിളിക്കുന്ന ഭീകരത കാണാനില്ല. എന്നാൽ, മറ്റൊരിടത്തും കാണാത്ത പലതും ജാതി ഇന്ത്യയിൽ കാണാനാവും!
പറഞ്ഞുവരുന്നത് ഇന്ന് ഗോവധവിരുദ്ധ-മാംസവിരുദ്ധ കോലാഹലങ്ങൾക്കും കൊലകൾക്കും പിറകിൽ, ഒരു ചരിത്രസ്പർശമുള്ള ക്രൂരയുക്തിപോലും കണ്ടെത്താനാവില്ലെന്നുള്ളതാണ്. മാംസഭക്ഷണത്തിന്റെ പേരിൽ ഇന്നൊരു രാജ്യത്തിനും മറ്റൊരു രാജ്യവുമായോ സ്വന്തം രാജ്യത്തെ ജനങ്ങളുമായോ ഒരു വിധേനയും യുദ്ധം പ്രഖ്യാപിക്കാനാവില്ല. എന്നാൽ, നവഫാഷിസ്റ്റ് കാഴ്ചപ്പാടിൽ ഭാഷ, പൗരത്വം, വിശ്വാസം, വസ്ത്രധാരണം, നിയമം എന്നതുപോലെ ഒരു ജനതയുടെ ഭക്ഷണവും, വിദ്വേഷവും വെറുപ്പും ഉണ്ടാക്കാനും സ്ഥിര അപരരെ നിർമിക്കാനുമുള്ള രാഷ്ട്രീയ ശ്രമത്തിനുള്ള ഉരുപ്പടികളാണ്.
ഇന്ത്യൻ ഫാഷിസത്തിന്റെ മൗലികഗ്രന്ഥമായ ‘വിചാരധാര’യിൽ മുസ്ലിംകളെ പ്രധാനമായും അപരരാക്കിയിരിക്കുന്നത് ആറ് കാര്യങ്ങളുടെ പേരിലാണ്. ഒന്നാമത്തേത്, ഏറെ ചർച്ചചെയ്ത് എങ്ങുമെത്താതെപോയ ക്ഷേത്രധ്വംസകർ എന്നുള്ളതാണ്. എന്നാൽ, ആധുനിക ജനായത്ത ഇന്ത്യയിലെ ക്ഷേത്രധ്വംസകർ ശരിക്കും ആരാണെന്നുള്ള കാര്യത്തിൽ 1992 ഡിസംബർ ആറിനുശേഷം ആർക്കും തർക്കമുണ്ടാവില്ല. രണ്ടാമത്തേത്, നമ്മുടെ ഭജനയും രഥോത്സവങ്ങളും അവരെ പ്രകോപിതരാക്കുമെന്ന ‘വിചാരധാര’യിലെ പ്രസ്താവനയാണ്. രഥോത്സവങ്ങളെ രക്തോത്സവങ്ങളാക്കിയത് ആരാണെന്നുള്ളത് ഇന്നറിയാത്തവരായി ഇന്ത്യയിൽ ആരുമുണ്ടാവില്ല. മൂന്നാമത്തേതാണ് പശു. ‘വിചാരധാര’ പറയുന്നത് നാം പശുവിനെ പൂജിക്കുമ്പോൾ അവരതിനെ അറുത്തുതിന്നുന്നു എന്നാണ്. സത്യത്തിൽ ഒരു രാജ്യത്ത് നിലനിൽക്കുന്ന ബഹുസ്വര ജീവിതരീതിയേയാണവർ പരസ്പരം എതിരാക്കി നിർത്തുന്നത്. എന്നാലിന്ന് പശുപൂജക്കും പശുവിനെ അറുത്ത് തിന്നുന്നതിനുമപ്പുറം അപ്പേരിൽ മനുഷ്യകൊല വരെ നടത്തുന്നത് എന്തിനുവേണ്ടിയാണ് എന്നുള്ളതിന് പുതിയ വ്യാഖ്യാനങ്ങൾ ആവശ്യമില്ല. നാം സ്ത്രീയെ അമ്മയെന്ന നിലയിൽ ആദരിക്കുമ്പോൾ അവർ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവരാണെന്ന ‘വിചാരധാര’യിലെ കണ്ടെത്തലിന്റെ യുക്തി, യുക്തിചിന്തക്ക് അപ്രാപ്യമായ ഒരു വിചിത്ര കണ്ടുപിടിത്തമാണെന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. പാകിസ്താനികൾ, പെറ്റുപെരുകികൾ തുടങ്ങിയ അഞ്ചും ആറും കാര്യങ്ങൾക്ക് വേണമെങ്കിൽ പ്രയാസപ്പെട്ടാൽ, ഒരു ചരിത്ര അടിത്തറയുമില്ലാത്ത ചില അവികസിത യുക്തികൾ കണ്ടെത്താനായേക്കും! മേൽചൊന്ന ആറുകാര്യങ്ങളിൽ നമ്മുടെ സന്ദർഭത്തിൽ ഏറെ പ്രസക്തമായ മൂന്നാമത്തെ പശു പ്രശ്നത്തിന്റെ പൊള്ളത്തരത്തെക്കുറിച്ച്, അരനൂറ്റാണ്ട് മുമ്പ് മലയാളത്തിന്റെ പ്രിയ മാധവിക്കുട്ടിയെഴുതിയ, ‘വിശുദ്ധപശു’ എന്ന കഥമാത്രം ഓർത്താൽ ഇത് പശുപൂജയല്ല അപരവിദ്വേഷവും ജാതിപകയുമാണെന്ന് പകൽപോലെ വ്യക്തമാവും.
2015ൽ പശുവിന്റെ പേരിൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖ് കൊലചെയ്യപ്പെട്ടപ്പോൾ, അതിനോടുള്ള പ്രതികരണത്തിന്റെ ഭാഗമായി, ‘ഭക്ഷണത്തിന്റെ രാഷ്ട്രീയം’ എന്ന പേരിലൊരു പുസ്തകം എഴുതിയപ്പോൾ, അന്നാ പുസ്തകത്തിന് ആമുഖമായി ഞാൻ എടുത്തുചേർത്തത് കമല സുറയ്യയുടെ മേൽപറഞ്ഞ ‘വിശുദ്ധപശു’ എന്ന കഥയായിരുന്നു. അതിനുശേഷവും ആൾക്കൂട്ടക്കൊലകൾ എന്ന പേരിൽ എത്രയോ ആസൂത്രിത കൊലകൾ പലപ്പോഴായി നടന്നു. നടക്കുന്നു! ഇപ്പോൾ ഈ കുറിപ്പെഴുതുന്ന 2024 സെപ്റ്റംബറിലും അതിനൊരന്ത്യവും വന്നുകാണുന്നില്ല. വംശഹത്യകൾ വലിയരൂപത്തിൽ മാത്രമല്ല, ചെറുരൂപങ്ങളിലും നടക്കും. വൻ വംശഹത്യകളേക്കാൾ ചിലപ്പോൾ നവഫാഷിസ്റ്റ് ശക്തികൾക്ക് നാനോ വംശഹത്യകൾ കൂടുതൽ നേട്ടമുണ്ടാക്കിയേക്കും! വ്യത്യസ്തമായ ഈ രണ്ട് സന്ദർഭങ്ങളിലും ആവർത്തിച്ചു വായിക്കപ്പെടേണ്ട ഹ്രസ്വമെങ്കിലും ഗംഭീരമായ കഥയാണ്, മുമ്പേ പറഞ്ഞ ‘വിശുദ്ധപശു’. കഥയിങ്ങനെ:
ഒരു ദിവസം ഒരു കുട്ടി റോഡിന്റെ വശത്തുള്ള കുപ്പത്തൊട്ടിയിൽനിന്ന് പഴത്തൊലി പെറുക്കിത്തിന്നുമ്പോൾ ഒരു പശു അവന്റെയടുക്കൽ വന്ന് ഒരു പഴത്തോൽ കടിച്ചുവലിച്ചു. അവൻ പശുവിനെ തള്ളിനീക്കി. പശു ഉറക്കെ കരഞ്ഞുകൊണ്ട് റോഡിൽക്കൂടി ഓടി. സന്യാസിമാർ ഉടൻ പ്രത്യക്ഷപ്പെട്ടു. വിശുദ്ധമൃഗമായ പശുവിനെ നീയാണോ ഉപദ്രവിച്ചത്? അവർ കുട്ടിയോട് ചോദിച്ചു. ഞാൻ ഉപദ്രവിച്ചില്ല. ഞാൻ തിന്നിരുന്ന പഴത്തോൽ പശു തട്ടിപ്പറിച്ചു. അതുകൊണ്ട് ഞാൻ അതിനെ ഓടിച്ചതാണ്. കുട്ടി പറഞ്ഞു. നിന്റെ മതമേതാണ്? സന്യാസിമാർ ചോദിച്ചു. മതം? അതെന്താണ്? കുട്ടി ചോദിച്ചു. നീ ഹിന്ദുവാണോ? നീ മുസ്ലിമാണോ? നീ ക്രിസ്ത്യാനിയാണോ? നീ അമ്പലത്തിൽ പോകാറുണ്ടോ? പള്ളിയിൽ പോകാറുണ്ടോ? ഞാൻ എങ്ങും പോകാറില്ല, കുട്ടി പറഞ്ഞു. അപ്പോൾ നീ പ്രാർഥനയിൽ വിശ്വസിക്കുന്നില്ലേ? അവർ ചോദിച്ചു. ഞാൻ എങ്ങോട്ടും പോകാറില്ല. കുട്ടി പറഞ്ഞു. എനിക്ക് കുപ്പായമില്ല. ട്രൗസറിന്റെ പിറകുവശം കീറിയിരിക്കുന്നു. സന്യാസിമാർ അന്യോന്യം സ്വകാര്യം പറഞ്ഞു. നീ മുസൽമാനായിരിക്കണം. പശുവിനെ നീ ഉപദ്രവിച്ചു. അവർ പറഞ്ഞു. നിങ്ങൾ പശുവിന്റെ ഉടമസ്ഥരാണോ? കുട്ടി ചോദിച്ചു. സന്യാസിമാർ കുട്ടിയുടെ കഴുത്ത് ഞെരിച്ച്, അവനെകൊന്ന് ആ കുപ്പത്തൊട്ടിയിലിട്ടു. സന്യാസിമാർ: ഓം നമഃശിവായ, അങ്ങയുടെ തീരുമാനം വാഴ്ത്തപ്പെടട്ടെ (വിശുദ്ധപശു).
കുപ്പത്തൊട്ടിയാണ്, വിശപ്പാണ്, ‘വിശുദ്ധപശു’വിലെ അദൃശ്യമെങ്കിലും അജയ്യമായ കഥാപാത്രം. സന്യാസിമാർ കുട്ടിയോടല്ലാതെ ആ പ്രധാനകഥാപാത്രത്തോട് സംസാരിക്കുന്നേയില്ല. അടിസ്ഥാന ജീവിതാവശ്യങ്ങളിൽനിന്ന് എത്രമാത്രം അകലാമോ അത്രമാത്രം അവർ അകന്ന് കഴിഞ്ഞിരിക്കുന്നു. പാഴ്വസ്തുക്കൾ ശേഖരിച്ച് എങ്ങനെയോ ഒരുവിധം ജീവിച്ചുപോവുന്ന ഒരു പാവം മനുഷ്യനെയാണ് ഇപ്രാവശ്യം ഹരിയാനയിൽ അടിച്ചും ചവിട്ടിയും കൊന്നത്. കൊല്ലപ്പെട്ട സാബിറിനൊപ്പമുണ്ടായിരുന്ന അസം സ്വദേശി അസിമുദ്ദീൻ പരിക്കുകളോടെ ആശുപത്രിയിലാണ്. ആൾക്കൂട്ട ആക്രമണങ്ങളിൽ ഓർമിക്കപ്പെടണമെങ്കിൽ ഒരാളെങ്കിലും മിനിമം കൊല്ലപ്പെടണം എന്നൊരവസ്ഥ നിലനിൽക്കുന്നതുകൊണ്ടാണ്, പരിക്കേറ്റ നാസിമുദ്ദീന്റെ പേര് പ്രത്യേകം എടുത്തെഴുതിയത്. പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം ഏഴു പേർ പിടിയിലാണ് എന്നുള്ളത് നീതി നിശ്ശേഷം ഇല്ലാതായിട്ടില്ല എന്നുള്ളതിന്റെ തെളിവാണ്. എന്നാൽ, ഹരിയാന മുഖ്യമന്ത്രി നയബ്സിങ് സൈനിയുടെ, എവിടെയൊക്കെ എന്തൊക്കെ സംഭവിച്ചാലും ഗോസംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്ന അനവസരത്തിലുള്ള പ്രസ്താവന ഒരുവിധേനയും സന്ദർഭത്തിന് ചേരാത്തതാണ്.
ഡിമിനിഷിങ് മാർജിനൽ യൂട്ടിലിറ്റി
‘ബീഫ് കൈവശം വെച്ചെന്ന്, വയോധികന് െട്രയിനിൽ ക്രൂരമർദനം’ ആൾക്കൂട്ടകൊലയെന്ന ഫാഷിസ്റ്റ് നാനോവംശഹത്യക്ക് പത്രങ്ങൾ നൽകിയ തലക്കെട്ടാണിത്! അത്രമേൽ പശുവിന്റെ പേരിലുള്ള മനുഷ്യക്കൊലകൾ സ്വാഭാവികമായി മാറിയതിന്റെ കൂടി ഭാഗമാണിത്. 2015ൽ അഖ്ലാഖ് കൊലചെയ്യപ്പെട്ടപ്പോൾ ഇന്ത്യയാകെ ഇളകിമറിഞ്ഞു. പലപ്രതിഭാശാലികളും തങ്ങൾക്ക് ലഭിച്ച ഏറെ പ്രിയപ്പെട്ട പുരസ്കാരങ്ങൾ പ്രതിഷേധസൂചകമായി തിരിച്ചേൽപിച്ചു. അത്രമേൽ നടുക്കമുണ്ടാക്കിയിരുന്നു അന്നത്. പിന്നീടത് ഒരു പതിവായി മാറിയപ്പോൾ പ്രതിഷേധങ്ങൾ കൂടുന്നതിനു പകരം കുറയുകയാണുണ്ടായത് (ഡിമിനിഷിങ് മാർജിനൽ യൂട്ടിലിറ്റി! എന്ന് സാമ്പത്തികശാസ്ത്രം!). ഏതർഥത്തിൽ ആലോചിച്ചാലും അഖ്ലാഖ് കൊലയേക്കാൾ ഭീകരമാണ് ഹാജി അഷ്റഫ് മുന്യാർ വധം. അങ്ങനെ പറയുന്നതുപോലും ക്രൂരമാണെന്നറിഞ്ഞുകൊണ്ടാണ്, അങ്ങനെ പറയേണ്ടിവരുന്നത്! 72 വയസ്സ് കഴിഞ്ഞ, ഒരു കണ്ണിന് കാഴ്ചയില്ലാത്ത നിരവധി അവശതകളുള്ള ഒരു മനുഷ്യനെയാണ് പന്ത്രണ്ടോളം വരുന്ന പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷയെഴുതി മടങ്ങിവരുന്നവർ ധുലെ എക്സ്പ്രസ് െട്രയിനിൽവെച്ച് അടിച്ചും ഇടിച്ചും ചവിട്ടിയും തെറിവിളിച്ചും ഒരാഴ്ചമുമ്പ് കൊന്നത്. ജൽഗോൺ ജില്ലയിലെ ചാലിസ്ഗോണിൽനിന്ന് മകളെ കാണാൻ കല്യാണിലേക്കുള്ള യാത്രക്കിടയിലാണ്, ഒരു പാക്കറ്റ് പോത്തിറച്ചി കാരണമാക്കി, ഈ ക്രൂരത െട്രയിനിൽ അരങ്ങേറിയത്.
കൈകൂപ്പിയും കരഞ്ഞും തങ്ങളുടെയൊക്കെ അപ്പൂപ്പന്റെ പ്രായമുള്ളൊരാൾ കാലുപിടിച്ച് കേണിട്ടും ആ ക്രിമിനൽക്കൂട്ടത്തിലെ കാളക്കൂറ്റന്മാർക്കിടയിലെ ഒരു ഡാഷ്ബോറനു പോലും തങ്ങൾ കാണിക്കുന്ന ക്രൂരതയെക്കുറിച്ചോർത്ത് ഒരു കുറ്റബോധവും തോന്നിയില്ല. അവരതും വിഡിയോ എടുത്ത് ആഘോഷിച്ചു. നിസ്സഹായനായ ഒരു മനുഷ്യന്റെ ചോരയിൽ കുതിർന്ന നിലവിളികളും ഉറന്നൊഴുകിയ കണ്ണുനീരും, ആ ഉപ്പയെ കാത്തിരിക്കുന്ന മകളുടെ വേദനയും നാളെ കാലം ഘോരമായ മറവിയുടെ കണക്കിലെഴുതും. ഈ ഡാഷ്ബോറൻമാരിൽ പലരും യൂനിഫോമിട്ട് പൊലീസാവും! ഹാജി അഷ്റഫ് മുന്യാറിന്റെ സ്മരണക്കായി മുംബൈയിൽ കവാടങ്ങൾ ഉയരാൻ സാധ്യത കുറവാണ്. കുടുംബത്തിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒരൽപം മനുഷ്യസ്നേഹികളുടെയും സങ്കടത്തിൽ, മറ്റെല്ലാ ആൾക്കൂട്ട കൊലകളിലുമെന്നപോലെ ഇതും അവസാനിക്കാനാണ് സാധ്യത. എത്ര മനുഷ്യർ കൊല്ലപ്പെട്ടാലും പരിക്കേൽപ്പിക്കപ്പെട്ടാലും അരക്ഷിതത്വത്തിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടാലും പ്രശ്നമില്ല, ഗോക്കൾ സംരക്ഷിക്കപ്പെട്ടാൽ മതി എന്ന നിലപാടിൽനിന്ന് സർക്കാറുകൾ മാറുന്നില്ലെങ്കിൽ, പശുവിനെ മുൻനിർത്തിയുള്ള നവഫാഷിസ്റ്റ് ആശയാക്രമണങ്ങളെ തടയാൻ ജനായത്ത ഇടപെടലുകൾക്ക് കഴിയുന്നില്ലെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടും. പശുപ്പറ്റിനു മുകളിൽ മനുഷ്യപ്പറ്റ് ഉയർത്തിപ്പിടിക്കുമെന്ന ഒരു വാക്യംകൂടി നമ്മുടെ പതിവ് മതനിരപേക്ഷ പ്രതികളിൽ അനിവാര്യമായും ഇനിയെങ്കിലും കൂട്ടിച്ചേർക്കപ്പെടേണ്ടതുണ്ട്. കൊല്ലപ്പെട്ടവരോടുള്ള ആദരവിന്റെ ഭാഗമായി, അത്രയെങ്കിലും ചെയ്യാൻ അവശേഷിക്കുന്ന ജനായത്തത്തിന് കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.