സമുദായങ്ങളേ, സ്കോളർഷിപ്പല്ല, ജീവിക്കാനുള്ള അവകാശമാണ് മുഖ്യം
text_fieldsന്യൂനപക്ഷ സ്കോളർഷിപ്പിെൻറ പേരിൽ കേരളത്തിലെ മുസ്ലിം-ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നതിനു പിന്നിൽ നാടിെൻറ സൗഹാർദം തകർത്ത് മുതലെടുക്കാൻ ശ്രമിക്കുന്ന ശക്തികളുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സമുദായങ്ങൾ ഇത് തിരിച്ചറിയണമെന്നും മുന്നറിയിപ്പ് നൽകുന്നു പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ അംഗവുമായ ലേഖകൻ
എല്ലാ കാര്യങ്ങളെയും തെളിമയോടെ കാണണമെന്ന് യേശുദേവൻ ഉൗന്നിപ്പറഞ്ഞിരുന്നു, അതുകൊണ്ടാണ് സ്വന്തം കണ്ണിലെ കോലെടുത്തുകളയാൻ അദ്ദേഹം ആവശ്യപ്പെട്ടതും. പണ്ട് പുരോഹിതന്മാരുടെ നേതൃത്വത്തിൽ ക്രിസ്തുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തുേമ്പാൾ തങ്ങൾ ചെയ്യുന്നത് തികഞ്ഞ ശരിയാണെന്ന് യഹൂദർ ഉറച്ചു വിശ്വസിച്ചിരുന്നു, യേശു ഉയർത്തുന്ന ഭീഷണിയിൽനിന്ന് മതത്തെ 'രക്ഷിപ്പാൻ' നടത്തുന്ന പ്രവൃത്തിയായാണ് അവരതിനെ കണ്ടത്. എന്നിട്ടെന്തു സംഭവിച്ചു? രണ്ടു സഹസ്രാബ്ദങ്ങൾ വേണ്ടിവന്നു ആ സംഘടിത കളങ്കത്തിന് പ്രായശ്ചിത്തം ചെയ്യാൻ. അത് ചരിത്രപരമായ ഒരു മുന്നറിയിപ്പാണ്.
ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച ഹൈകോടതി വിധിയാണ് ഇപ്പോഴിത് ഓർമിപ്പിച്ചത്. തുറന്നുപറയാമല്ലോ, സമത്വത്തിലും നീതിയിലുമെന്നപോലെ യേശുവിെൻറ അധ്യാപനങ്ങളിലും വിശ്വസിക്കുന്ന ഒരുവനെന്നനിലയിൽ നിരാശയാണ് തോന്നിയത്. ക്രൈസ്തവ നേതാക്കളുടെ, വിശിഷ്യാ പുരോഹിതന്മാരുടെ പ്രതികരണം എന്നെ നിരാശപ്പെടുത്തുന്നു. കോടതിയിൽ ഒരു വിജയം നേടിയെന്നത് യേശുവിെൻറ പ്രമാണങ്ങളെ കാറ്റിൽപറത്താൻ കാരണമായിക്കൂടാ. ഈ പോക്ക് നമ്മെ എവിടെയെത്തിക്കുമെന്ന് സമുദായത്തിന് മുന്നറിയിപ്പ് നൽകാൻ ഒരു നേർത്ത ശബ്ദംപോലും ഉയർന്നുവരുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. നമ്മൾ ഐഹികമായി ബുദ്ധിയുള്ളവരും ആത്മീയമായി വിഡ്ഢികളുമാണെങ്കിൽ കുറച്ച് സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ കഴിഞ്ഞെന്നു വന്നേക്കും, പക്ഷേ അത് ക്രൈസ്തവ സാക്ഷ്യത്തെ മാത്രമല്ല, വരുംകാലത്ത് നമ്മുടെ സ്വത്വത്തെതന്നെ നഷ്ടപ്പെടുത്തിക്കളയും. ഈ പറയുന്നത് ഒരു കടുത്ത പ്രയോഗമാണ് എന്നെനിക്കറിയാം. അതിനാൽതന്നെ വിശദീകരിക്കാനും ബാധ്യസ്ഥനാണ്.
കേരളത്തിെൻറ സാമുദായിക സൗഹാർദം തകർക്കാനും ക്രൈസ്തവ-മുസ്ലിം സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാനുമായി കൊണ്ടുപിടിച്ച ശ്രമം കുറച്ചുകാലമായി നടക്കുന്നുണ്ട്. 'ലവ് ജിഹാദ് വരുന്നേ' എന്ന പേരിലെ തെറ്റായ പ്രചാരണം അതിെൻറ ഭാഗമായിരുന്നു, ടിപ്പു സുൽത്താനെ ക്രൈസ്തവ പീഡകനായി ചിത്രീകരിച്ച് കാപ്പിപ്പൊടി അച്ചൻ എന്നറിയപ്പെടുന്ന ജനപ്രിയ കാതോലിക്ക പുരോഹിതൻ നടത്തിയ പ്രസംഗവും അതിെൻറ ഭാഗമായിരുന്നു. പുരോഹിതന്മാർക്കെതിരായ ലൈംഗികപീഡനാരോപണങ്ങൾ കേരളത്തിലെ ൈക്രസ്തവരുടെ അടിത്തറ തകർക്കാൻ മുസ്ലിംകൾ കെട്ടിച്ചമച്ചതാണ് എന്ന് മറ്റൊന്ന്. ഈ പട്ടിക ഇനിയും നീളാം.
നമ്മളെല്ലാം ഒരുമിച്ച് മതസൗഹാർദത്തോടെ, സഹിഷ്ണുതയോടെ കഴിഞ്ഞുപോന്ന ഈ കേരളമണ്ണിൽ എന്താണീ സംഭവിക്കുന്നത്? വിദ്വേഷത്തിെൻറയും മതവൈരത്തിെൻറയും വിത്തുപാകി ഇവിടം കലുഷിതമാക്കി സാമൂഹിക അപരവത്കരണം സൃഷ്ടിക്കൽ ആരുടെ താൽപര്യമാണ്? അതിെൻറ ഉത്തരം രാഷ്ട്രീയമാണ്. മുസ്ലിം-ൈക്രസ്തവ സാഹോദര്യത്തിന് ഏറ്റവുമധികം രാഷ്ട്രീയപ്രാധാന്യമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടത്തെ സമുദായ സൗഹാർദം തകർക്കുകയും അവരുടെ സാന്നിധ്യം നമ്മുടെ നിലനിൽപിന് ഭീഷണിയാണെന്ന വിശ്വാസം സമുദായങ്ങൾക്കിടയിൽ വ്യാപിപ്പിക്കുകയും ചെയ്യാതെ വർഗീയശക്തികൾക്ക് കേരളത്തിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാനോ ആധിപത്യമുറപ്പിക്കാനോ കഴിയില്ല. ഇതിന് മതവുമായോ യാഥാർഥ്യവുമായോ തരിമ്പ് ബന്ധമില്ല. ആപത്കരമായ അജണ്ടകൾ നടപ്പാക്കിയെടുക്കാനുള്ള തനിച്ച രാഷ്ട്രീയ കുതന്ത്രങ്ങളാണിത്.
സ്കോളർഷിപ് വിഷയത്തിലേക്കു വരാം. ഭരണഘടനയുടെ ആർട്ടിക്കിൾ 30(1) പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതും നടത്തുന്നതും ന്യൂനപക്ഷങ്ങളുടെ മൗലികാവകാശമാണെന്നത് ശരിതന്നെ. പക്ഷേ, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ അത്തരമൊരു അവകാശമല്ല. മുസ്ലിംകളും ക്രിസ്ത്യാനികളും ഇക്കാര്യം മനസ്സിലാക്കുകതന്നെ വേണം. ആർട്ടിക്കിൾ 14 പ്രകാരം ഇരു സമുദായങ്ങൾക്കും വിവേചനങ്ങളിൽനിന്ന് സംരക്ഷണം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അതിനാൽതന്നെ സ്കോളർഷിപ് പദ്ധതി നിലനിൽക്കെ തങ്ങൾ വിവേചനം നേരിടുന്നുവെന്നത് ക്രിസ്ത്യാനികൾക്ക് നിയമപരമായി സാധുതയുള്ള ആവലാതിയാണ്. ഈ വിവേചനത്തിെൻറ മൂലകാരണം യു.പി.എ നേതൃത്വം നൽകിയ കേന്ദ്രസർക്കാർ വരുത്തിവെച്ചതാണ്. അവർ സച്ചാർ കമീഷെന നിയോഗിച്ചു. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനല്ല, മറിച്ച് മുസ്ലിം സമുദായത്തിെൻറ പിന്നാക്കാവസ്ഥ പഠിക്കാനാണ് കമീഷനെ ചുമതലപ്പെടുത്തിയത്.
എന്തുകൊണ്ടാണ് മുസ്ലിംകളുടെ മാത്രം അവസ്ഥ പഠിക്കാൻ കമീഷനെ വെച്ചത്? മുസ്ലിംകൾ രാജ്യത്തെ തെരഞ്ഞെടുപ്പ് ഗണിതശാസ്ത്രത്തിൽ വലിയ ഘടകമാണ്, ക്രിസ്ത്യാനികൾ അതല്ല. വടക്കേ ഇന്ത്യൻ സാഹചര്യം പരിശോധിച്ചാൽ ക്രിസ്ത്യാനികൾ മുസ്ലിംകളോളം തന്നെ പിന്നാക്കമാണ്. പക്ഷേ, എണ്ണക്കണക്ക് വെച്ചുനോക്കുേമ്പാൾ അവർ ഗണ്യരല്ല. അതുകൊണ്ടുതന്നെ.
ആ റിപ്പോർട്ടിെൻറ വെളിച്ചത്തിലാണ് അന്നത്തെ വി.എസ്. അച്യുതാനന്ദൻ സർക്കാർ കേരളത്തിൽ ന്യൂനപക്ഷ സ്കോളർഷിപ് ആരംഭിക്കാൻ വിജ്ഞാപനമിറക്കുന്നത്. തുടർന്ന് വന്ന ഉമ്മൻ ചാണ്ടി സർക്കാറാണ് അത് നടപ്പാക്കിയത്. ആ പശ്ചാത്തലത്തിൽ നോക്കിയാൽ ഈ നടപടികൾ ക്രിസ്ത്യൻ സമൂഹത്തോട് എന്തെങ്കിലും തരത്തിൽ അനീതിയായിരുന്നു എന്നു പറയാനാവില്ല. ആ സന്ദർഭത്തിലോ തുടർവർഷങ്ങളിലോ ഈ പദ്ധതിയുടെ പേരിൽ ക്രൈസ്തവർ എന്തെങ്കിലും നീരസമോ വിദ്വേഷമോ പ്രകടിപ്പിച്ചതായും കാണുന്നില്ല.
പിന്നെ എങ്ങനെയാണ് ഇപ്പോൾ ഇതൊരു വമ്പൻ പ്രശ്നമായി മാറിയത്? തീർച്ചയായും ഇത് സ്വാഭാവികമായോ നിഷ്കളങ്കമായോ സംഭവിച്ചതല്ല. അതിനു പിന്നിൽ ചിലർ രാഷ്ട്രീയ ചരടുവലി നടത്തുന്നുണ്ട്. അതാരെന്ന് ഇപ്പോൾ പ്രകടമല്ലെങ്കിലും ഏറെക്കാലം അവർക്കങ്ങനെ ഒളിച്ചു തുടരാനാവില്ല. ഈ സാഹചര്യം തിരിച്ചറിയുകയും സംബോധന നടത്തുകയും ചെയ്യാതെ തമ്മിലടിക്കുന്നപക്ഷം ക്രിസ്ത്യാനികളും മുസ്ലിംകളും തങ്ങളുടെ മാരകമായ മണ്ടത്തമോർത്ത് പിന്നീട് വിലപിക്കേണ്ടിവരുമെന്നാണ് എനിക്കു പറയാനുള്ളത്.
പരസ്പരം പോരടിച്ചുകൊണ്ടിരുന്നാൽ നമ്മോട് വൈരവും തീരാപ്പകയും സൂക്ഷിക്കുന്ന ശക്തികളെ സഹായിക്കാനേ അത് ഉപകരിക്കൂ എന്ന് മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്? ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കിമാറ്റാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ക്രിസ്ത്യാനികളും മുസ്ലിംകളും ഇന്ത്യയിലെ പൗരരായിരിക്കാൻപോലും അർഹരല്ല. അത്തരമൊരു സാഹചര്യത്തിൽ ഏതാനും സ്കോളർഷിപ്പുകളുടെ പേരിൽ തർക്കിക്കാനും തമ്മിലടിക്കാനുമല്ല, ഈ രാജ്യത്തെ സമ്പൂർണ അവകാശങ്ങളുമുള്ള പൗരജനങ്ങളായി ജീവിക്കാനുള്ള അധികാരം നിലനിർത്തുന്നതിലാണ് നമ്മൾ ശ്രദ്ധ കാണിക്കേണ്ടത്.
വർഗീയശക്തികളുടെ പിണിയാളുകളാവുന്നതിൽ ആനന്ദം കാണുന്ന ചില സ്ഥാപിതതാൽപര്യക്കാർ ഇരു സമുദായങ്ങൾക്കുമിടയിൽ പകയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. സ്കോളർഷിപ് പ്രശ്നത്തിെൻറ പേരിൽ നമ്മുടെ പോര് മുറുകും തോറും ഇരു സമുദായങ്ങളും തമ്മിലെ ഭിന്നത അതിരൂക്ഷമായി മാറും. മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും മാത്രമല്ല, ഹിന്ദു സമൂഹത്തിനും അത് പ്രയാസകരമാവും. സമുദായങ്ങളെ തമ്മിൽ തല്ലിപ്പിച്ച് കൊല്ലിച്ച് കൊത്തിത്തിന്നാൻ ചില രാഷ്ട്രീയ ശക്തികൾ തക്കംപാർത്തിരിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്.
നമുക്കിടയിലെ അബലരും പതിതരുമായ മനുഷ്യരെ ചേർത്തുപിടിക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കേണ്ടത്. നമുക്കില്ലാത്തത് സമ്പത്തല്ല, ദരിദ്രെൻറ വേദന അറിയാനുള്ള മനസ്സാണ്. നമ്മൾ സകല സമ്പത്തും ദേവാലയങ്ങളും സ്ഥാപനങ്ങളും പണിയാനും കാട്ടിക്കൂട്ടലുകൾക്കും വേണ്ടി ചെലവിടുന്നു. ചര്ച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്) പ്രവർത്തനത്തിെൻറ 200ാം വാർഷികം ആഘോഷിക്കാൻ മധ്യകേരള മഹാഇടവക മാത്രം ചെലവിട്ടത് 25 കോടി രൂപയാണ്. കേരളത്തിലെമ്പാടുമുള്ള മുഴുവൻ പാവപ്പെട്ട ക്രിസ്ത്യൻ വിദ്യാർഥികൾക്കും പഠനപിന്തുണ നൽകാൻ ആ തുക തികയുമായിരുന്നു.
ഭരണകൂടം എന്തും നൽകുന്നത് രാഷ്ട്രീയ മനസ്സോടെയാണ്. ന്യൂനപക്ഷകാര്യ രംഗത്തെ ദീർഘകാല പ്രവർത്തനത്തിൽനിന്ന് ഇക്കാര്യം നല്ല ബോധ്യമുണ്ടെനിക്ക്. ആരും ക്രിസ്ത്യാനിയെയോ മുസ്ലിമിനെയോ അല്ല പരിഗണിക്കുന്നത്. വോട്ടു മാത്രമാണ് രാഷ്ട്രീയക്കാരുടെ പരിഗണന. കേരളത്തിലെ ക്രിസ്ത്യാനികളും മുസ്ലിംകളും മനസ്സിലാക്കാത്തതോ മനസ്സിലാക്കാൻ കൂട്ടാക്കാത്തതോ ആയ കാര്യം ഇന്ത്യയുടെ മറ്റു മേഖലകളിലുള്ള തങ്ങളുടെ സഹോദരങ്ങളുടെ ശോച്യാവസ്ഥയാണ്. പലയിടങ്ങളിലും അതിദയനീയമാണ് അവരുടെ ജീവിതം. കേരളത്തിൽ ഈ സമുദായങ്ങൾ ഭൂരിപക്ഷ സമുദായത്തേക്കാൾ ദരിദ്രരല്ല. സമുദായത്തിലെ മുഴുവൻ അംഗങ്ങളും സമ്പന്നരല്ല, പക്ഷേ പള്ളിക്ക് സമ്പത്തിെൻറ യാതൊരു കുറവുമില്ല. സ്വത്തുവകകളുടെ കണക്കെടുത്താൽ അംബാനിയേക്കാൾ സമ്പന്നമായിരിക്കും സിറോ മലബാർ സഭ. സ്വയം ഒന്ന് ചോദിച്ചുനോക്കൂ. സമുദായത്തിനുള്ളിലെ പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന് വാർഷിക വരുമാനത്തിൽനിന്ന് എത്ര ഭാഗം നീക്കിവെക്കുന്നുണ്ട്? അവശന്മാർക്കും ആലംബഹീനർക്കും ആശ്വാസമരുളുവാനാണ് നമ്മൾ പഠിപ്പിക്കപ്പെട്ടത്. എന്നാലത് നടപ്പാക്കപ്പെടുന്നുണ്ടോ? ഇല്ല, പകരം സമുദായത്തിലെ പാവപ്പെട്ട മനുഷ്യരുടെ ചുമതല ഭരണകൂടത്തിൽ ഭരമേൽപിച്ച് മിടുക്കരാവാനാണ് നമുക്ക് തിടുക്കം. ക്രിയാത്മകമായും ധാർമികമായും ചെയ്യാനാവുന്ന ചില നിർദേശങ്ങൾ എനിക്കുണ്ട്:
1. ഈ സ്കോളർഷിപ് പദ്ധതി അഞ്ചു വർഷത്തേക്ക് നിർത്തിവെക്കാൻ ഇരു സമുദായങ്ങളും യോജിച്ച് ധാരണയുണ്ടാക്കുക. പകരം ആ തുക കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കട്ടെ.
2. ഈ കാലയളവിൽ സംസ്ഥാന സർക്കാർ നൽകിപ്പോരുന്ന അതേ രീതിയിലെ പിന്തുണ സാധുക്കളായ വിദ്യാർഥികൾക്ക് നൽകാൻ ഇരു സമുദായവും സന്നദ്ധത കാണിക്കുക.
3. അഞ്ചു വർഷത്തിനുശേഷം പ്രതിവർഷം 50 ശതമാനം തുക സംസ്ഥാനവും 50 ശതമാനം തുക സമുദായവും നൽകുംവിധത്തിൽ രണ്ടു ഫണ്ടുകൾ ആരംഭിക്കുക. ജനസംഖ്യാനുപാതികമായി അതിൽനിന്ന് ഇരു സമുദായങ്ങൾക്കുമായി വിനിയോഗിക്കുക. അതിലൂടെ ഉടലെടുക്കുന്ന വിശ്വാസ്യത സർക്കാറിൽനിന്ന് ലഭിക്കുന്ന സ്കോളർഷിപ് പണത്തേക്കാൾ മൂല്യമുള്ളതായിരിക്കും. ശാന്തിയുടെയും സമാധാനത്തിെൻറയും കാവൽക്കാരെന്ന് സ്വയം വിളിക്കുന്നവരാണ് അതിന് മുൻൈകയെടുക്കേണ്ടത്.
ഒരു കാര്യംകൂടി അതിനൊപ്പം പറയട്ടെ: ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ വിഷയത്തിൽ യാഥാർഥ്യബോധത്തോടെ പുനശ്ചിന്തനം നടത്താനുമുള്ള സമയമായിരിക്കുന്നു. പാവനമായ വിദ്യാഭ്യാസ മണ്ഡലത്തിൽ നടമാടുന്ന അഴിമതികളെയും അരുതായ്മകളെയും നിയമാനുസൃതമാക്കിയെടുക്കാനുള്ള മറയായാണ് നിലവിൽ ഈ അവകാശങ്ങളും പരിരക്ഷയും മുഖ്യമായും ഉപയോഗിക്കപ്പെടുന്നത്, വിശിഷ്യാ കേരളത്തിൽ. അത് അക്ഷന്തവ്യമായ അനീതിയാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളെ അത് ഉദ്ദേശിച്ച തലത്തിലല്ല നമ്മൾ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സമുദായത്തിനുമേലുള്ള തീരാകളങ്കമാണത്. എത്രയും പെട്ടെന്ന് അത് നീക്കാനായാൽ അത്ര നല്ലത്. ഈ വിഷയത്തിലും ഉള്ളുതുറന്ന ചർച്ചയും സംവാദവും സാധ്യമാവേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.