ഭേദഗതി വേണ്ടത് നിയമവകുപ്പ് നിയമനങ്ങളിൽ
text_fieldsഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ പ്രധാനപ്പെട്ടതാണ് സംസാരിക്കാനും ആശയപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യം (freedom of speech and expression). വളരെ വിശാലമായ അർഥത്തിലാണ് ആർട്ടിക്കിൾ 19(1) a ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സൈബറിടത്തിൽ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതാണെന്നതിൽ തർക്കമില്ല. സമൂഹമാധ്യമങ്ങളിലൂടെ അതിക്രൂരമായ വേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നത്. ജാതി, നിറം, സമൂഹ പിന്നാക്കാവസ്ഥകൾ എല്ലാം വേട്ടയുടെ നിമിത്തങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. വെറുപ്പിെൻറ രാഷ്ട്രീയത്തിന് പ്രധാനമായും ഇരയാകേണ്ടി വരുന്നത് ആദിവാസിയും ദലിതനും സ്ത്രീകളുമാണ്. ഇന്ത്യൻ പൗരെൻറ അഭിപ്രായസ്വാതന്ത്ര്യത്തിന് കത്തിവെക്കുന്ന നിയമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഭരണകൂടം അതിെൻറ താൽപര്യങ്ങൾ സംരക്ഷിക്കാൻ എന്ത് കരിനിയമവും കൊണ്ടുവരാം. അതും ഭരണകൂടത്തിെൻറ വേട്ടയാടലുകൾക്കുവേണ്ടി തന്നെയാണ്. ശ്രേയ സിംഗാൾ v/s യൂനിയൻ ഓഫ് ഇന്ത്യ കേസിൽ പരമോന്നത കോടതി വിവരസാങ്കേതിക നിയമത്തിെൻറ സെക്ഷൻ 66-എ അസാധുവാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 13 അനുസരിച്ചു മൗലികാവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾ ഉണ്ടാക്കാൻ പാടില്ല. അങ്ങനെ വന്നാൽ മൗലികാവകാശങ്ങൾക്കു വിരുദ്ധമായത് കോടതി കൾക്ക് അസാധുവാക്കാം. ഐ.ടി ആക്ടിെൻറ സെക്ഷൻ 66െൻറ അവസ്ഥതന്നെ 118എക്കും ഉണ്ടാകും.
കക്ഷിരാഷ്ട്രീയ ഭേദെമന്യേ സൈബർ പോരാളികൾ ആവശ്യമാണെന്നിടത്താണ് 118 എ നടപ്പാക്കാൻ ഉദ്ദേശിച്ചുകൊണ്ടല്ലാതെ കൊണ്ടുവന്ന ഭേദഗതിയായി ഞാൻ കാണുന്നത്. ആർട്ടിക്കിൾ 15 (3) പ്രകാരം കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി നിയമം ഉണ്ടാക്കാം. സ്ത്രീസുരക്ഷ മുൻനിർത്തിയായിരുന്നു ഭേദഗതിയെങ്കിൽ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിനായി ഒരു പ്രത്യേകവകുപ്പ് കൂട്ടിച്ചേർക്കാമായിരുന്നു. കുട്ടികൾക്കെതിരായ സൈബർ അതിക്രമങ്ങൾ തടയുന്നതിന് മറ്റൊന്നും. എല്ലാം കൂടി കൂട്ടിക്കുഴച്ച് മാധ്യമ സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിനു പകരം നിയമപരമായി നിലനിൽക്കുന്ന തരത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബറിടത്തിലെ അതിക്രമങ്ങൾ തടയാനാണ് ശ്രമിക്കേണ്ടത്.
നിയമനിർമാണവും ഭേദഗതികളും കൊണ്ടുവരുമ്പോൾ നിയമത്തിൽ അഗാധമായ പാണ്ഡിത്യവും നിയമവ്യവസ്ഥയുടെ അടിസ്ഥാനതത്ത്വങ്ങളും അറിയുന്നവരെ ചേർത്താണ് കമ്മിറ്റികൾ ഉണ്ടാക്കേണ്ടത്. അതൊക്കെ അവസാനപരിശോധനക്കു വിധേയമാക്കാൻ നിയമവകുപ്പ് എന്ന ഒരു വകുപ്പുതന്നെ നിയമനിർമാണത്തിനും മറ്റുമായി ഉണ്ട്. എന്നാൽ, ഇങ്ങനെ ഒക്കെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ എന്ന മട്ടിലാണ് ആ വകുപ്പിെൻറ പോക്ക്.
സെക്രേട്ടറിയറ്റിലെ എല്ലാ വകുപ്പുകളിലും 98 ശതമാനം നിയമനവും നേരിട്ടും രണ്ടു ശതമാനം തസ്തികമാറ്റം വഴിയുമാണ്. ആ രണ്ടു ശതമാനം തന്നെ നാൽപത് ശതമാനം മിനിമം മാർക്ക് കിട്ടുന്നവരെ മാത്രമേ നിയമനത്തിന് പരിഗണിക്കൂ. എന്നാൽ, വിചിത്രമായ നിയമനരീതിയാണ് നിയമവകുപ്പിൽമാത്രം പിന്തുടരുന്നത്. സെക്രേട്ടറിയറ്റ് സബോർഡിനേറ്റ് സ്പെഷൽ റൂൾസ് പ്രകാരം നടത്തുന്ന നിയമനത്തിൽ നിയമവകുപ്പിനുമാത്രം പ്രത്യേകതകൾ ഏറെയുണ്ട്. സർക്കാർ-സ്വാശ്രയ നിയമവിദ്യാലയങ്ങളിൽനിന്ന് പഠിച്ചിറങ്ങിയ മിടുക്കരായ നൂറുകണക്കിന് ഉദ്യോഗാർഥികൾ മികച്ച മാർക്കും വാങ്ങി റാങ്ക് ലിസ്റ്റിലുള്ളപ്പോഴും സർക്കാർജോലിയിലിരിക്കുന്നവർക്ക് (നെഗറ്റിവ് മാർക്ക് വാങ്ങുന്നവർക്കും) ഉന്നതജോലിയിൽ കയറിപ്പറ്റാൻ കഴിയുന്ന തരത്തിൽ സംവരണം ചെയ്തിരിക്കുകയാണ്. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ കയറി ഡിസ്റ്റൻറ് ആയി ഏതെങ്കിലും യൂനിവേഴ്സിറ്റിയിൽനിന്നു ജോലിക്കൊപ്പം തന്നെ നിയമബിരുദം സംഘടിപ്പിച്ചു കണ്ണടച്ച് കറക്കിക്കുത്തി ഒമ്പതു മാർക്ക് വാങ്ങിയവരും ലീഗൽ അസിസ്റ്റൻഡ് ആയി ജോലി നോക്കുമ്പോൾ 70 മാർക്കിൽ കൂടുതൽ വാങ്ങിയ മിടുക്കരായ ഉദ്യോഗാർഥികൾ അവശേഷിക്കുന്ന ലിസ്റ്റ് നേരിട്ടുള്ള നിയമനക്കാർക്ക് നിയമനം നൽകാതെ കാലാവധി പൂർത്തിയാക്കി. എന്നിട്ടും തീർന്നില്ല. മുഖ്യമന്ത്രി നിയമിച്ച അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് കണ്ടെത്തിയ ഒഴിവുകൾ പോലും നികത്താതെ, കൊറോണ കാലമായിട്ടും ഒരു ദിവസത്തേക്കുപോലും ലിസ്റ്റിെൻറ കാലാവധി നീട്ടാതെ കൃത്യമായി കാലാവധി അവസാനിപ്പിച്ചു ഉത്തരവിറക്കി.
ഇതൊന്നും പോരാഞ്ഞിട്ട് കഴിഞ്ഞ ലിസ്റ്റിൽ തസ്തിക മാറ്റം വഴിയുള്ള നിയമനത്തിന് ലിസ്റ്റിൽ ആളില്ലായിരുന്നു എന്ന കാരണത്താൽ നേരിട്ടുള്ള നിയമനക്കാർക്ക് ലഭിക്കേണ്ടതിൽനിന്നു 11 പോസ്റ്റുകൾ കൂടി കൈക്കലാക്കി. ഇങ്ങനെ കയറിയവർ കഴിഞ്ഞ ലിസ്റ്റിെൻറ സമയത്തു സർവിസിൽ ഉണ്ടായിരുന്നവർ പോലുമല്ലെന്നത് വിരോധാഭാസം. ഈ നിയമനങ്ങൾ ഒക്കെയും നടക്കുമ്പോൾ ആർട്ടിക്കിൾ 16 പ്രകാരം ബാക്ക് ലോഗിന് അർഹത പിന്നാക്കവിഭാഗക്കാരായ എസ്.സി, എസ്. ടി, ഒ.ബി.സി വിഭാഗക്കാർക്ക് മാത്രമാണെന്ന് കൂടി ഓർക്കേണ്ടതുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്ന് ഉത്തരവ് വാങ്ങി നിയമനം അട്ടിമറിച്ചതിനെതിരെ അപ്പീൽ പോകാൻപോലും സർക്കാർ തയാറായില്ല. 2020 ഒക്ടോബറിൽ അവസാനിച്ച റാങ്ക് ലിസ്റ്റിൽനിന്ന് 50 ശതമാനം വേക്കൻസി കൂടാതെ 11 വേക്കൻസിയും അത് കൂടാതെ ആശ്രിതനിയമനവും കന്നട ട്രാൻസിലേറ്റർ എല്ലാം കഴിഞ്ഞു ഒരു 35 ശതമാനം മാത്രം നേരിട്ടുള്ള നിയമനക്കാർക്ക്. 70 മാർക്കുകാരനെ പിന്തള്ളി ഒമ്പതു മാർക്കുകാരൻ (തസ്തികമാറ്റം വഴി കയറുന്നവരിലധികവും പിന്നാക്ക വിഭാഗക്കാരല്ല, പട്ടികവിഭാഗത്തിൽനിന്നും ആരും ഇല്ല) ഉൾപ്പെട്ട ലിസ്റ്റ് തീർന്നുപോയാൽ പിന്നെ എന്താണ് വഴി? ഒഴിവുകൾ പൂഴ്ത്തിവെക്കൽ തന്നെ. ഒഴിവുകൾ നിരവധി ഉണ്ടെന്നത് തെളിയിക്കാനായി വർഷങ്ങൾ നീണ്ട പോരാട്ടം. അവസാനം അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് തെളിവ് സഹിതം ഒഴിവുകൾ കണ്ടെത്തിയപ്പോഴേക്കും വളരെ കൃത്യമായി ലിസ്റ്റിെൻറ കാലാവധി അവസാനിപ്പിക്കൽ. എത്ര മനോഹരമായി റിസർവേഷൻ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. നൂറു വേക്കൻസി നികത്തപ്പെടുമ്പോൾ മൂന്നു പേർ മാത്രം, കൂടി വന്നാൽ നാലു പേർ പട്ടിക വിഭാഗത്തിൽനിന്നു നിയമിക്കപ്പെടുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങൾ സമർപ്പിച്ചതിെൻറ ഫലമായി ഭാവിയിൽ മിനിമം മാർക്ക് കൊണ്ടുവരാമെന്നു ഒരു ഓർഡർ ഇറക്കി. എന്നിട്ടും ഇതുവരെ നിയമം ഭേദഗതിചെയ്തു നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ തയാറായിട്ടില്ല.
ഇത്തരത്തിൽ ഗൂഢാലോചനാപരമായി 1968 മുതൽ അനുഭവിച്ചുപോരുന്ന അമിതാധികാരവും സ്വാഭാവിക നീതിക്ക് നിരക്കാത്ത അഴിമതിനിയമനങ്ങളും തുടരുന്നിടത്തോളം കാലം കേരളത്തിൽ ഇനിയും ഇത്തരം ഭേദഗതികളും നിയമങ്ങളും പ്രതീക്ഷിക്കാം.
നിയമവകുപ്പിെൻറ നിലവാരമില്ലായ്മയാണ് കേരള പൊലീസ് ആക്ടിെൻറ 118 എ എന്ന വകുപ്പിെൻറ കൂട്ടിച്ചേർക്കലിലൂടെ വെളിച്ചത്തുവന്നത്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൽനിന്ന് നിയമവകുപ്പിനെ മോചിപ്പിക്കുകയും നിയമന അട്ടിമറി സമഗ്രമായി അന്വേഷിക്കുകയും ചെയ്യണം. അവസാന നിമിഷമാണെങ്കിലും വിവാദ ഭേദഗതി പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. അത് ജനങ്ങളുടെ വിജയമാണ്.
(കോഴിക്കോട് ഗവ. ലോ കോളജ് നിയമാധ്യാപികയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.