ബൈഡൻ നൽകുന്ന മതേതര പ്രതിച്ഛായ
text_fieldsട്രംപിനെതിരെ രണ്ടാംഘട്ട ഇംപീച്ച് മെൻറ് നടപടികൾ ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുകയാണ്. ജനുവരി ആറിനു കാപിറ്റൽ കെട്ടിടത്തിലേക്ക് ഇരച്ചുകയറി നാശനഷ്ടങ്ങൾ വരുത്തുകയും അഞ്ചുപേരുടെ മരണത്തിനും അനവധി പേരുടെ പരിക്കിനുമിടയാക്കിയ പ്രവൃത്തികൾക്ക് നിരുത്തരവാദപരമായി പ്രേരണ നല്‍കിയ ട്രംപ് വാസ്തവത്തിൽ അമേരിക്കയെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികൾ ലജ്ജിച്ചു തലതാഴ്ത്തി. ഇതിൽ ദുഃഖിതരായതുകൊണ്ടാണ് റിപ്പബ്ലിക്കൻ അംഗങ്ങളായ ഏതാനും പേർകൂടി ട്രംപിനെ കൈയൊഴിഞ്ഞത്. അങ്ങനെ, അദ്ദേഹത്തിെൻറ പടിയിറക്കം ചരിത്രത്തിലെ ഏറെ കറുത്ത അധ്യായമായി മാറി. അദ്ദേഹം 2024ൽ വീണ്ടും മത്സരിച്ച് അധികാരത്തിലേറുന്നത് അമേരിക്കക്ക് ദോഷകരമായിരിക്കും. ഇതുകൊണ്ടാണ് ഇംപീച്ച്മെൻറ് നടപടിയിലൂടെ അദ്ദേഹത്തിനു മത്സരത്തിനുള്ള അവസരം നിഷേധിക്കപ്പെടണമെന്ന് സെനറ്റ് അംഗങ്ങൾ ആലോചിച്ചത്.
എന്നാൽ, പുതിയ റിപ്പോർട്ടുകളനുസരിച്ച് ഇതിനു സാധ്യതയില്ല. ജനുവരി 26ന് വിഷയം സെനറ്റിൽ ചര്‍ച്ചക്കുവന്നപ്പോൾ വെറും അഞ്ച് അംഗങ്ങളേ റിപ്പബ്ലിക്കൻപാർട്ടിയിൽനിന്നു ഇംപീച്ച്മെൻറിനെ അനുകൂലിക്കുന്നവരായുണ്ടായുള്ളൂ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെതിരെ നടപടികളുമായി മുന്നോട്ടുപോകാൻ പതിനേഴ് റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്. കോർപറേറ്റ് മുതലാളിയായ ട്രംപിനെ പിണക്കാൻ റിപ്പബ്ലിക്കൻ അംഗങ്ങളിൽ പലരും മെനക്കെടില്ലെന്ന് മനസ്സിലാക്കിയതു കൊണ്ടാവണം, ഫ്ലോറിഡയിലെ സ്വവസതിയിലേക്ക് പുറപ്പെടുമ്പോൾ ഹെലികോപ്റ്ററിെൻറ പടിയിൽനിന്നു 'താൻ തിരിച്ചുവരും' എന്ന് അദ്ദേഹം പ്രസ്താവിച്ചത്. അത് എങ്ങനെയായിരിക്കുമെന്ന് അറിയാനിരിക്കുന്നേയുള്ളൂ.
ട്രംപിെൻറ പതനം അദ്ദേഹത്തിനു മാത്രമല്ല, അമേരിക്കക്കുതന്നെ പേരുദോഷമുണ്ടാക്കി. ഭരണത്തിലേറിയ ട്രംപ് ലോകത്തോട് എന്തു വിളിച്ചുപറഞ്ഞുവോ അതിനു നേരെ വിപരീതമായ അവസ്ഥക്കാണ് അദ്ദേഹം സാക്ഷിയാകേണ്ടിവന്നത്! 'സ്വയംകൃതാനർഥം' എന്നു പറയുന്നതുപോലെ സ്വന്തം അവിവേകംമൂലം സമ്പാദിച്ച ദുഷ്പേര് തലയിലേറ്റി അദ്ദേഹത്തിനു സ്ഥലം വിടേണ്ടിവന്നു. എന്തിനും ഏതിനും അമേരിക്ക മുന്നിലായിരിക്കണം എന്നു ശഠിച്ച ട്രംപിെൻറ അമേരിക്കയിൽ ജനാധിപത്യത്തിനു ക്ഷതമേറ്റതായി ലോകം വിലയിരുത്തി. ജോ ബൈഡെൻറ ഉദ്ഘാടന പ്രസംഗത്തിൽ ഇതിെൻറ പ്രതിഫലനം കേട്ടു: ''ഇത് ജനാധിപത്യത്തിെൻറ ദിനമാണ്. അമേരിക്കയിൽ ജനാധിപത്യത്തിെൻറ പുനഃസൃഷ്ടി നടക്കുകയാണ് എന്നു ബൈഡൻ പ്രസ്താവിച്ചപ്പോൾ അത് അമേരിക്കക്കും ലോകജനതക്കും ആശ്വാസം നൽകി.
അന്താരാഷ്ട്ര കരാറുകൾക്കൊന്നും വില കൽപിക്കാതിരുന്ന ട്രംപ് അമേരിക്കയുൾപ്പെടെ ആറു രാഷ്ട്രങ്ങൾ ഇറാനുമായുണ്ടാക്കിയ ആണവകരാറിൽനിന്നു പിൻവാങ്ങി. തെഹ്റാനെതിരെ ഉപരോധം ശക്തമാക്കി. ഇസ്രായേലിെൻറ ഓരംചേര്‍ന്നു നിന്ന് യുദ്ധഭീഷണി മുഴക്കി. എന്നാൽ, വീമ്പു പറയുകയല്ലാതെ, ആയത്തുല്ല അലിഖാംനഈയുടെ ദൃഢനിശ്ചയത്തിനു മുന്നിൽ ട്രംപിനു ഒന്നും ചെയ്യാനായില്ല. ഉത്തര കൊറിയയുടെ ആയുധനിര്‍മാണവും അവരുയർത്തിയ വെല്ലുവിളികളും ലോകത്ത് അസ്വസ്ഥതയുയർത്തുകയും കിം യോങ് ഉന്നുമായുള്ള ഉച്ചകോടിക്ക് അത് കാരണമാവുകയും ചെയ്തു. എന്നാൽ, തുടർന്ന് ഉത്തരകൊറിയ ആയുധശേഖരം വർധിപ്പിക്കുന്നതും ഇടക്കിടെ വെല്ലുവിളിക്കുന്നതുമാണ് കേൾക്കാൻ കഴിഞ്ഞത്. വാണിജ്യരംഗത്ത് ഭീഷണിയായ ചൈനയെ തകര്‍ത്തെറിയാനുള്ള ശ്രമങ്ങളിലെല്ലാം അമേരിക്ക പരാജയപ്പെട്ടു. ഇങ്ങനെ നോക്കുമ്പോൾ ട്രംപിെൻറ നാലുവർഷങ്ങളിൽ അന്താരാഷ്ട്ര രംഗത്ത് അമേരിക്ക തികഞ്ഞ പരാജയമായിരുന്നു. എന്നാൽ, സത്യം പറയണമല്ലോ, ഈ നാലു വർഷങ്ങളിൽ അമേരിക്ക ഒരു പുതിയ യുദ്ധത്തിലേർപ്പെട്ടില്ലെന്നത് എടുത്തുപറയേണ്ട കാര്യം തന്നെ. സൈനികരുടെ ജീവൻ നഷ്ടപ്പെടുന്നതിലേറെ അത് രാഷ്ട്രത്തെ സാമ്പത്തികമായി പാപ്പരാക്കുമെന്ന കാര്യം അദ്ദേഹം ഇടക്കിടെ ആവർത്തിച്ചിരുന്നു.
ട്രംപിനെ നയിച്ചിരുന്നത് വാഷിങ്ടണിലെ ഇസ്രായേൽ ലോബിയായിരുന്നു. ജൂതനായ ട്രംപിെൻറ മരുമകൻ ജാരിദ് കുശ്നർ മുതിര്‍ന്ന ഉപദേശകനായത് കാര്യങ്ങളെല്ലാം എളുപ്പമാക്കി. 1948 മുതലേ ഇസ്രായേലിനെ അമേരിക്ക താങ്ങിനിര്‍ത്തുന്നതുകൊണ്ടാണ് എല്ലാവിധ മനുഷ്യാവകാശലംഘനങ്ങളെയും തൃണവത്ഗണിച്ചും ഐക്യരാഷ്ട്രസഭ പ്രമേയങ്ങളെ നിരാകരിച്ചും അവർ മുന്നോട്ടുപോയത്. അമേരിക്കയിൽ രാഷ്ട്രീയരംഗത്ത് വിജയിക്കണമെങ്കിൽ അയാൾക്ക് ഇസ്രായേലി ലോബിയുടെ പിന്തുണ ആർജിക്കാൻ സാധ്യമാകണമെന്നത് ഒരു വസ്തുതയാണ്. പശ്ചിമേഷ്യയിൽ അമേരിക്ക കൈക്കൊണ്ട നടപടികളൊക്കെയും അവ അമേരിക്കയുടെ താൽപര്യത്തിനു വേണ്ടിയായിരുന്നില്ല, ഇസ്രായേലിനെ തൃപ്തിപ്പെടുത്താനുള്ള നടപടികളായിരുന്നു. ഇതിെൻറ ഏറ്റവും വലിയ തെളിവാണ് കുശ്നറും നെതന്യാഹുവും ചേര്‍ന്ന് മെനഞ്ഞെടുത്ത 'അബ്രഹാം കരാർ'. ഇതിനെത്തുടർന്ന് ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. യുദ്ധത്തിൽ പിടിച്ചെടുത്ത ജൂലാൻകുന്നുകൾ അവർ സ്വന്തമാക്കി. വെസ്റ്റ്ബാങ്കിൽ പാർപ്പിടസമുച്ചയങ്ങൾ വർധിപ്പിച്ചു. അങ്ങനെ ഇസ്രായേലിെൻറ വികസനമായിരുന്നു അവർ ഉന്നംവെച്ചത്.
മാത്രമല്ല, സൈനികശക്തിയുടെ തിണ്ണബലത്തിൽ അറബ് രാഷ്ട്രങ്ങളെ കെണിയിൽ വീഴ്ത്തുന്നതിനും അവർ കരുക്കൾ നീക്കി. ഇതിെൻറ ഫലമായിരുന്നു കഴിഞ്ഞ ആഗസ്റ്റ് 31നു ജാരിദ് കുശ്നറും നെതന്യാഹുവും സൗദിയുടെ ആകാശത്തു കൂടെ അബൂദബിയിലേക്ക് പറന്നത്. തുടര്‍ന്നു ബഹ്റൈനും സുഡാനും ഇസ്രായേലിനെ അംഗീകരിച്ചു. അമേരിക്കൻ ആയുധങ്ങൾക്ക് റൊക്കം കാശ് കൊടുക്കുന്ന ഉപഭോക്താക്കളെയാണ് ട്രംപ് അറബ് രാഷ്ട്രങ്ങൾക്കിടയിൽ തിരഞ്ഞുകൊണ്ടിരുന്നത്. അങ്ങനെ എല്ലാം ജൂതലോബിയുടെയും കോർപറേറ്റുകളുടെയും കൈയിലൊതുക്കി വരുമ്പോഴാണ് കാര്യങ്ങൾ ട്രംപിൽ നിന്നും നെതന്യാഹുവിൽ നിന്നും കൈവിട്ടുപോകുന്നത്. ഇത് അമേരിക്കക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള, ട്രംപിനു സ്തുതിപാടുന്ന ഫാഷിസ്റ്റ് ശക്തികൾക്കുമേറ്റ ഒരടിയായിരുന്നു. ഇനി, ട്രംപിെൻറ തിരിച്ചുവരവിലാണ് അമേരിക്കയെ നിയന്ത്രിച്ചുനിർത്തിയ ജൂതലോബി, പ്രത്യേകിച്ച് എ.ഐ.പി.എ.സി (Arab Israel Public Affairs Committee) പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.
ഭരണപരിചയമുള്ള ജോ ബൈഡൻ അവധാനതയോടെയാണ് കരുക്കൾ നീക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികൾക്ക് ആവേശം പകരുന്നതാണ്. അധികാരമേറ്റെടുത്ത് അദ്ദേഹം നടത്തിയ പ്രസ്താവനയിൽ ഇത് വ്യക്തമാണ്. ''വൈസ് പ്രസിഡൻറായ കമല ഹാരിസും ഞാനും വ്യത്യസ്തവീക്ഷണമുള്ള വ്യക്തികളുടെ കൂട്ടായ്മയിലൂടെ രാജ്യത്തിനു കൂടുതൽ ഗുണകരവും രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമാകുന്ന ഒരു ഭരണക്രമം നടപ്പാക്കാനാണ് ശ്രമിക്കുന്നത്'. ഈ പ്രസ്താവനക്കുശേഷം, ജനുവരി 20ന് വാഷിങ്ടണിലെ ഓവൽ ഓഫിസിൽ ഉപവിഷ്ടനായ പ്രസിഡൻറ് ബൈഡൻ ആദ്യമായി ചെയ്തത് ട്രംപിെൻറ 'മുസ്ലിം നിരോധം' പിൻവലിക്കുകയാണ്.
അതിനായി, ഭരണനിർവഹണ കൽപനയായി, അമേരിക്കയിൽ പ്രവേശിക്കുന്നതിലുള്ള മതപരമായ വിവേചനം അവസാനിപ്പിക്കുന്ന നിയമത്തിൽ ഒപ്പുവെച്ചു. മാത്രമല്ല, അറബ് അനുകൂലികളായ നിയമവിദഗ്‌ധരെ ഭരണനിർവഹണ സമിതിയിൽ ഉൾപ്പെടുത്താനും മറന്നില്ല. ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരു നിയമനമാണ് ഫലസ്തീനിയായ റീമാ ഡോഡിെൻറ നിയമനം. വൈറ്റ്ഹൗസിൽ നിയമനിർവഹണകാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് അവരെ നിയമിച്ചിരിക്കുന്നത്. ഇസ്രായേലും ഇസ്രായേലി മാധ്യമങ്ങളും ഇതിനെ വിമർശിക്കുകയാണ്. അതൊന്നും ബൈഡനെ കുലുക്കിയിട്ടില്ല. കൂടുതൽ അറബ് അനുകൂലവ്യക്തികൾ അമേരിക്കയുടെ ഭരണനിർവഹണരംഗത്ത് ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. അറബ്-ഇസ്രായേലി ബന്ധങ്ങളിൽ നിഷ്പക്ഷനിലപാട് സ്വീകരിക്കാനും അതുവഴി പശ്ചിമേഷ്യയിൽ സമാധാനം കൈവരുത്താനും സാധിച്ചാൽ ലോകസമാധാനത്തിന് ബൈഡനു നല്‍കാവുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.