കേരളത്തിന് അനുയോജ്യം സിൽവർലൈൻ തന്നെ
text_fieldsഅടുത്ത 25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കേന്ദ്രനയങ്ങളുടെ കാപട്യവും വികലമായ വികസന കാഴ്ചപ്പാടും വ്യക്തമാക്കിയതിനു പുറമെ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുനേരെ തീര്‍ത്തും മുഖംതിരിക്കുകയായിരുന്നു. ഈ നിഷേധാത്മക സമീപനം കൂടുതല്‍ വെളിവാകുന്നത് റെയില്‍വേ വികസന വിഷയങ്ങളിലാണ്. 2017ല്‍ റെയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റില്‍ ലയിപ്പിച്ചത് ഏറ്റവും പ്രതികൂലമായി ബാധിച്ച സംസ്ഥാനമാണ് കേരളം.
ഈ കാലയളവില്‍ പ്രത്യേക പദ്ധതികളോ പുതിയ ലൈനുകളോ ട്രെയിനുകളോ ലഭിച്ചില്ലെന്നു മാത്രമല്ല, നേരത്തേ പ്രഖ്യാപിച്ചിരുന്നവ പാടെ അവഗണിക്കപ്പെടുകയും ചെയ്തു. പ്രത്യേക സോണ്‍ മുതല്‍ നേമം ടെര്‍മിനലും ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലും ഷൊര്‍ണൂര്‍ മൂന്നാം ലൈനും വരെയുള്ള കേരളത്തിന്റെ ദീര്‍ഘമായ ആവശ്യങ്ങള്‍ നിര്‍ജീവാവസ്ഥയിലാണ്. 2010ല്‍ കേരളത്തിന് അനുവദിച്ച കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇന്നും കടലാസിലാണ്. നേമം ടെര്‍മിനല്‍, കൊച്ചുവേളി സ്‌റ്റേഷന്‍ വികസനം, എറണാകുളം മാര്‍ഷലിങ് യാര്‍ഡ് തുടങ്ങിയ പദ്ധതികള്‍ക്ക് തുക വകയിരുത്തുന്ന കാര്യത്തിലും റെയില്‍വേ കടുത്ത അനാസ്ഥയാണ് കാണിച്ചിട്ടുള്ളത്.
മരവിപ്പിച്ച അങ്കമാലി-ശബരി പാത പുനരുജ്ജീവിപ്പിക്കുന്നതിനായി പദ്ധതിയുടെ പകുതി ചെലവ് വഹിക്കണമെന്നത് കേരളം അംഗീകരിച്ചിട്ടും കേന്ദ്രം തിരിഞ്ഞുനോക്കുന്നില്ല. കേരള റെയില്‍ ഡെവലപ്‌മെൻറ് കോര്‍പറേഷന്‍ മുഖേന പദ്ധതി നടപ്പാക്കാന്‍ കേരളം തയാറാണ്. തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകള്‍ക്ക് റെയില്‍വേയുടെ തത്ത്വത്തിലുള്ള അംഗീകാരത്തിന് കാത്തിരിക്കുകയാണ്. മലബാര്‍ മേഖലയുടെ ഗതാഗതത്തിലും പൊതുവായ വികസനത്തിലും വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതികളും അനന്തമായി വൈകിപ്പിക്കുകയാണ്.
കേരളത്തിലെ റെയില്‍വേ ഗതാഗതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. പൊതുവെ ജനസാന്ദ്രത കൂടിയതും നഗരവത്കൃതവുമായ പ്രദേശമാണ് കേരളം. കേരളത്തില്‍ യാത്രക്കാരുടെ എണ്ണം അനുദിനം വർധിക്കുമ്പോഴും റെയിൽവേ ഒരു സൗകര്യവും വർധിപ്പിക്കുന്നില്ല.
എറണാകുളം സൗത്ത്, കോഴിക്കോട്, തിരുവനന്തപുരം സ്‌റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല. മൂന്നു വര്‍ഷംകൊണ്ട് 400 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കും എന്ന ബജറ്റ് പ്രഖ്യാപനം കേരളത്തെ സംബന്ധിച്ച് പ്രയോജനപ്പെടാനിടയില്ല. 160 കിലോമീറ്റര്‍ വേഗത്തില്‍ ഈ ട്രെയിനുകള്‍ ഓടുമെന്നാണ് പറയുന്നത്. എന്നാല്‍, കേരളത്തിലെ പാതകളിലെ ശരാശരി വേഗം 95 കിലോ മീറ്ററാണ്. നിലവില്‍ ഈ പാതകളിലൂടെയുള്ള ട്രെയിനുകളുടെ സാന്ദ്രത കൂടുതലായതാണ് കാരണം. അതുകൊണ്ട് ട്രെയിനുകള്‍ക്ക് സമയനിഷ്ഠ പാലിക്കാനും കഴിയുന്നില്ല. കോട്ടയം, ആലപ്പുഴ റൂട്ടുകളിലെ പാതയിരട്ടിപ്പിക്കല്‍ പ്രവൃത്തി അനന്തമായി നീളുന്നത് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തെ ഏറെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്.
ട്രെയിന്‍ സാന്ദ്രത കൂടുതലായതിനാല്‍ പുതിയ ട്രെയിനുകള്‍ നമുക്ക് അനുവദിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ വന്ദേ ഭാരത് അനുവദിക്കുന്ന കാര്യം സംശയമാണ്. മൂന്നു വര്‍ഷംകൊണ്ട് 400 ട്രെയിനുകള്‍ എന്ന പ്രഖ്യാപനം അപ്രായോഗികമാണ്. 2021-22ല്‍ 44 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രണ്ടെണ്ണം മാത്രമാണ് തുടങ്ങാനായത്. നിലവിലെ മൂന്നു കോച്ച് ഫാക്ടറികളുടെ ശേഷി പ്രകാരം മൂന്നു വര്‍ഷംകൊണ്ട് 400 ട്രെയിനുകള്‍ക്കുള്ള കോച്ചുകളുടെ പകുതിപോലും നിർമിക്കുക അസാധ്യമാണ്.
സംസ്ഥാനത്തെ പ്രത്യേക സാഹചര്യവും നിലവിലെ റെയില്‍വേ വികസനത്തില്‍ കേരളത്തോടുള്ള സമീപനവും കണക്കിലെടുക്കുമ്പോള്‍ സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികളാണ് അനുയോജ്യം. നാലു മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്താനാകുമെന്നതാണ് ഏറ്റവും പ്രധാന സവിശേഷത. യാത്രാസമയത്തിലെ ഈ വലിയ കുറവിലൂടെ 2,80,000 മണിക്കൂര്‍ പ്രതിദിന മാനുഷിക സമയലാഭം ഉണ്ടാകും.
കേരളത്തിന്റെ സ്വപ്‌നപദ്ധതിക്ക് തടയിടാന്‍ വലിയ ഗൂഢാലോചനകളാണ് നടക്കുന്നത്. സ്വന്തം നാടിനെ പിന്നോട്ടടിപ്പിക്കാന്‍ ചരടുവലിക്കുന്നവരുടെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാവുന്നില്ല. അവര്‍ക്ക് ചില മാധ്യമങ്ങളെയും ഒപ്പം കൂട്ടാന്‍ കഴിയുന്നു. കഴിഞ്ഞദിവസം കേന്ദ്ര റെയില്‍വേ മന്ത്രി ലോക്‌സഭയില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് നല്‍കിയ മറുപടി വളച്ചൊടിക്കാന്‍ നടത്തിയ നീക്കം നാടിന്റെ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുന്നവരുടെ സൃഷ്ടിയാണ്.
സില്‍വര്‍ലൈനിനായി കേരള റെയില്‍ ഡെവലപ്‌മെൻറ് കോർപറേഷന്‍ (കെ-റെയില്‍) സമര്‍പ്പിച്ച ഡി.പി.ആര്‍ പരിഗണനയിലാണെന്നാണ് കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. തത്ത്വത്തില്‍ കേന്ദ്രം അംഗീകരിച്ച പദ്ധതിയാണ് സില്‍വര്‍ലൈന്‍. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കെ-റെയിലിനു കീഴില്‍ പുരോഗമിക്കുകയാണ്. സാങ്കേതിക- സാമ്പത്തിക വശങ്ങള്‍ പരിഗണിച്ചാകും അന്തിമ അഗീകാരം എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹികാഘാത പഠനത്തിനായി കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലുണ്ട്.
കെ-റെയില്‍ നേരത്തേ പല അവസരങ്ങളിലായി വ്യക്തമാക്കിയ കാര്യങ്ങളാണ് കേന്ദ്ര മന്ത്രിയുടെ ഉത്തരങ്ങള്‍ എന്ന വസ്തുത മറച്ചുപിടിച്ചാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും തെറ്റായ പ്രചാരണങ്ങള്‍ നടത്തിയത്. പുരോഗമനപരമായി ചിന്തിക്കുന്നവര്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കാന്‍ കഴിയില്ല. ആരെല്ലാം അവഗണിച്ചാലും കേരളം തനതായ വികസന, ക്ഷേമപദ്ധതികളുമായി മുന്നോട്ടുപോകും. ആ പാതയാണ് ശരിയെന്ന് കാലം തെളിയിക്കും.
(സ്പോർട്സ്-റെയിൽവേ മന്ത്രി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.