സൗഹാർദത്തിന്റെ ‘സോഷ്യൽ കണ്ടീഷൻ’
text_fieldsഅഫ്സൽ ഐക്കരപ്പടി
കുഞ്ഞിക്കുതിരപ്പുറത്ത് കുതിച്ചു
വരുന്നോള് കുഞ്ഞാഞ്ചീരു... പെണ്ണേ...
പൊലയന്റെ പുലപ്പാടം എറങ്ങി
നടന്നീലേ കുഞ്ഞാഞ്ചീരു... പെണ്ണേ...
പൊലയന്റെ പൊലക്കുയ്ന്ന് വെള്ളാലും
കുടിച്ചില്ലേ... കുഞ്ഞാഞ്ചീരു പെണ്ണേ...
ചാലിയത്ത് മരക്കാര്വായ്ട്ട്
ചൂത് കളിച്ചിര്ന്നിലേ..
കുഞ്ഞാഞ്ചീരു പെണ്ണേ...
മമ്പറത്ത് തങ്ങള്വായ്ട്ട്
സൊറ പറഞ്ഞിര്ന്ന്ലേ..
കുഞ്ഞാഞ്ചീരു പെണ്ണേ...
മേയ് 31നാണ്, മലബാറിലെ ക്ഷേത്രോത്സവങ്ങളുടെ വാർഷിക സമാപനമായ മലപ്പുറം മൂന്നിയൂർ കളിയാട്ടക്കാവിലെ കോഴിക്കളിയാട്ടം. കളിയാട്ടത്തിന് മുന്നോടിയായി പൊയ്ക്കുതിരകളുമായി ദേശം ചുറ്റുന്നവർ ചൊല്ലുന്ന തോറ്റപ്പാട്ടിലെ വരികളാണിത്. മമ്പുറം തങ്ങളും കളിയാട്ടക്കാവിൽ കുടിയിരുത്തപ്പെട്ട ഭഗവതി കുഞ്ഞാഞ്ചീരുവും തമ്മിലെ ആത്മബന്ധം ഈ വരികളിൽ കാണാം.
ചാലിയത്തെ മരക്കാരുടെ കൂടെ ചൂത് കളിക്കുന്ന, കടലുണ്ടിപ്പുഴയോരത്തുള്ള മമ്പറം തങ്ങളോട് സൊറ പറയുന്ന, കീഴാളരുടെ പ്രതിനിധിയായി വള്ളുവനാട്ടിൽ നിന്ന് ഏറനാട്ടിലെത്തിയ കുഞ്ഞാഞ്ചീരുവിന്റെ സൗഹൃദത്തിന്റെ കഥയാണ് കോഴിക്കളിയാട്ടം എന്ന മഹാസൗഹൃദോത്സവമായി മലബാറിൽ രൂപപ്പെട്ടത്.
ഇടവമാസത്തിലെ വെള്ളിയാഴ്ച ദിവസം കോഴിക്കളിയാട്ടമായി നിശ്ചയിച്ച് നൽകിയത് മമ്പുറം തങ്ങളാണ് എന്നാണ് വാമൊഴി ചരിത്രം. വിവിധ ദേശങ്ങളിൽ നിന്ന് വരുന്ന പൊയ്ക്കുതിരകൾ മമ്പുറം മഖാമിലെ കൊടിമരം വലംവെച്ച് ഭഗവതിയുടെ സ്തുതി കീർത്തനങ്ങൾ പാടി അവിടെ കാണിക്കയർപ്പിച്ച ശേഷമാണ് കളിയാട്ടക്കാവിലെത്തുക.
മതസൗഹാർദം എന്നതിലുപരി പരസ്പര വിശ്വാസത്തിലൂന്നിയ ചങ്ങാത്തമാണ് അയ്യപ്പാവതാരമായ കുറിതൊട്ട മണികണ്ഠനും തൊപ്പിയിട്ട വാവരും തമ്മിൽ ഉണ്ടായിരുന്നത്. ഈ കഥയാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി രൂപപ്പെട്ടത്. ഐതിഹ്യ കഥകളിലോ വാമൊഴിത്തോറ്റങ്ങളിലോ മാത്രമല്ല ചരിത്രങ്ങളിലും ജീവിക്കുന്ന നിരവധി ഉദാഹരണങ്ങളും മത ജാതി ചിന്തകൾക്കതീതമായ ചങ്ങാത്തവും ഇഴപിരിയാത്ത സൗഹൃദവും കേരള മണ്ണിൽ മുളച്ചുപൊന്തി തളിർത്ത്പൂത്ത് തണലും സുഗന്ധവും പരത്തിയിട്ടുണ്ട്.
പറങ്കിപ്പടയെ വിറപ്പിച്ചത് കോഴിക്കോട്ടെ സാമൂതിരിയും കുഞ്ഞാലിമരക്കാരും തമ്മിലെ സൗഹൃദമായിരുന്നു. തിരൂരിലെ ജലാലുദ്ദീൻ മൂപ്പൻ പണക്കിഴിയുമായി വന്ന് സഹായിച്ചില്ലായിരുന്നുവെങ്കിൽ ഭാഷാപിതാവായ എഴുത്തച്ഛനെ നമുക്ക് ലഭിക്കുമായിരുന്നില്ല. സൂഫിവര്യനായ കുഞ്ഞായിൻ മുസ്ലിയാരും സാമൂതിരി രാജസദസ്സിൽ മന്ത്രിയായിരുന്ന മങ്ങാട്ടച്ചനും തമ്മിലെ സൗഹൃദം മലയാളിയുടെ മനസ്സിലെ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങളായി.
ഉണ്ണിച്ചീരുവെന്ന ദലിത് സ്ത്രീയുടെ മുല കുടിച്ചു വളർന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കെ. മൊയ്തു മൗലവി ആ അമ്മയുടെ മകൾ ചിരുതയെ തന്റെ സഹോദരിയാക്കി.
മലപ്പുറം അടക്കാക്കുണ്ട് ഗ്രാമത്തിൽ തെന്നാടംവീട്ടിൽ സുബൈദ ആത്മമിത്രം ചക്കി മരണപ്പെട്ടപ്പോൾ അനാഥരായ മൂന്നു കൈക്കുഞ്ഞുങ്ങളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുകയും തന്റെ മക്കളായിക്കണ്ട് പഠിപ്പിച്ചു വലുതാക്കി ഹിന്ദു ആചാരപ്രകാരം കല്യാണം കഴിച്ചയച്ചു- ചക്കിയുടെ മകൻ ശ്രീധരൻ ഫേസ്ബുക്കിൽ പങ്കുവെച്ചപ്പോഴാണ് ലോകം ഇക്കഥയറിയുന്നത്. നാം ജീവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ തന്നെയാണ് ‘എന്ന് സ്വന്തം ശ്രീധരൻ’എന്നപേരിൽ ഈ സംഭവം സിനിമയായത്.
സൗഹൃദം = സെക്കുലർ സൗഹൃദം
രണ്ടു മതത്തിൽ പെട്ടവർ പരസ്പരം കൈ കൊടുക്കുന്നതും ഒരുമിച്ചിരിക്കുന്നതും കെട്ടിപ്പുണരുന്നതും വെറും സൗഹൃദമാണോ അതോ മതസൗഹാർദമാണോ? വ്യത്യസ്ത ഐഡന്റിറ്റിയിൽ പെട്ടവർ ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന സൗഹൃദം മനുഷ്യപ്പറ്റിന്റേതും മാനവികതയുടെതുമാണ്. മുമ്പ് ഇന്നത്തേക്കാൾ കൂടുതൽ അതുണ്ടായിരുന്നു.
നമ്മുടെ ഐതിഹ്യങ്ങളിൽ മിത്തുകളായും ചരിത്രത്തിൽ യാഥാർഥ്യങ്ങളായും വർത്തമാനകാലത്ത് അനുഭവസാക്ഷ്യങ്ങളായും അത് നിറഞ്ഞുനിൽക്കുന്നു. സാർവത്രിക-സ്വാഭാവിക സംഭവങ്ങളായതുകൊണ്ടുതന്നെ ആരും ഇത്തരം സൗഹൃദങ്ങളെ മതസൗഹാർദം എന്ന് പ്രത്യേകം വിളിച്ചിരുന്നില്ല . ഇന്ന് അങ്ങനെ വിളിക്കാൻ ഉണ്ടായ സാമൂഹിക സാഹചര്യങ്ങളെയാണ് നാം വിലയിരുത്തേണ്ടത്. അതാണ് ബാലചന്ദ്രൻ ചുള്ളിക്കാടിനോട് മമ്മൂട്ടി പറഞ്ഞ ‘സോഷ്യൽ കണ്ടീഷൻ’
വാട്സ്ആപ് യൂനിവേഴ്സിറ്റികളും ഫെയ്ക് അക്കൗണ്ടുകളും രൂപപ്പെടുത്തുന്ന സോഷ്യൽ കണ്ടീഷൻ അതിഭീകരമാണ്. നായകന്റെ പേരും മതവും നോക്കി പ്രമോഷനും ഡീഗ്രേഡിങ്ങും നടത്തി സിനിമയുടെ റേറ്റിങ് നിശ്ചയിക്കുന്ന ഒരു പ്രത്യേകതരം സൈബർ ലോകം നമുക്ക് ചുറ്റും രൂപപ്പെട്ടുകഴിഞ്ഞു.
അത് ഓൺലൈനിൽ അല്ലേ എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കാനുമാവില്ല. മഗ്സാസെ അവാർഡ് നേടിയ ഗായകൻ ടി.എം. കൃഷ്ണ ചൂണ്ടിക്കാട്ടിയതു പോലെ ഇതെല്ലാം സാധാരണമാണെന്ന് നമുക്ക് തോന്നുന്നുവെങ്കിൽ, നമ്മുടെ ഉള്ളിൽ എന്തോ ചീഞ്ഞ്നാറുന്നുണ്ട്. ഈ സോഷ്യൽ കണ്ടീഷൻ തനിയെ രൂപപ്പെട്ടതല്ല. കൃത്യമായ അജണ്ടകളോടുകൂടി നിർമിച്ചെടുത്തവയാണ്. വർഗീയ വിഷയങ്ങൾ ആളിക്കത്തിക്കുന്നതിന് ഒരേ ആൾ തന്നെ വ്യത്യസ്ത അക്കൗണ്ടുകളിൽ വന്ന് കമന്റിടുന്നതും സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് കാണാം.
നാൽക്കവലകളിലെ ചർച്ചകൾ വാട്സാപ്പിലേക്കും ഫേസ്ബുക്കിലേക്കും വഴിമാറിയ കാലത്ത് പക്ഷംപിടിച്ചുള്ള വർഗീയ ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ ഇടം നൽകാതിരിക്കാൻ പുതുതലമുറക്ക് സൈബർ സാക്ഷരത അനിവാര്യമാണ്. ഇത്തരം അക്കൗണ്ടുകളുടെ ഉറവിടം കണ്ടെത്തി കടുത്ത നടപടികൾ സ്വീകരിക്കാൻ സർക്കാറുകൾ തയാറായാൽ ഒരു പരിധിവരെ ഇവരെ നിയമപരമായി നേരിടാനാകും.
ഉത്സവങ്ങളുടെ വാർഷിക കലണ്ടറെടുത്താൽ കളിയാട്ടത്തോടെ വടക്കൻ കേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനമാവും. വർഗീയ കോമരങ്ങളില്ലാത്ത ദേശക്കാരുടെ സൗഹാർദത്തിന്റെ കുരുത്തോലക്കുതിരകൾ മമ്പുറം തങ്ങളുടെ ചാരത്തൂടെ കളിയാട്ടക്കാവിലമ്മയുടെ മുന്നിലെത്തി എല്ലാ വിദ്വേഷങ്ങളുടെയും തലയറുത്ത് തലപ്പാറയിറങ്ങുമ്പോൾ നനവുള്ള മണ്ണിൽ വിതക്കാൻ സൗഹാർദത്തിന്റെ വിത്തും വളവും വാങ്ങി അവർ സ്വന്തം ദേശത്തേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.