എക്കാലത്തെയും ശക്തനായ സംഘ് വിമർശകൻ
text_fieldsഹിന്ദുത്വപ്രത്യയ ശാസ്ത്രത്തിന്റെയും സംഘ്പരിവാറിന്റെയും എക്കാലത്തെയും ശക്തനായ വിമർശകരിൽ പ്രമുഖനായിരുന്നു മുലായംസിംങ് യാദവ്. ഇന്ദിരാഗാന്ധിയുടെ അഴിമതിഭരണത്തിനെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭമാണ് ഹിന്ദി ഹൃദയഭൂമിയിൽ മൂന്നു യാദവുമാരെ സൃഷ്ടിച്ചത്.
മുലായം, ലാലു, ശരദ് യാദവുമാർ പിന്നീട് തങ്ങളുടെ സംസ്ഥാനങ്ങളിൽ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകരായി മാറുകയും പിന്നാക്ക രാഷ്ട്രീയത്തിന് പുതിയ ഭാവുകത്വം നൽകി അധികാരത്തിലെത്തുകയും ചെയ്തു.
ബി.ജെ.പിയുടെ വളർച്ചക്കും അതുവഴി അധികാരലബ്ധിയിലേക്കുമെത്തിച്ച അദ്വാനിയുടെ രഥയാത്രക്കെതിരെ മുലായവും ലാലുവും കാണിച്ച ധീരത ശ്രദ്ധേയമായിരുന്നു. രഥയാത്ര ബിഹാറിലെത്തിയപ്പോൾ ലാലു അറസ്റ്റ് ചെയ്തു. ബാബറി മസ്ജിദ് ധ്വംസനം തടയുവാനുള്ള ശ്രമം നരസിംഹറാവു സർക്കാറും സംഘ്പരിവാറും തമ്മിലെ രഹസ്യധാരണമൂലം വിഫലമായെങ്കിലും ജനമനസ്സുകളിൽ മുലായം എന്ന പോരാളിയുടെ ചിത്രം സ്ഥിരപ്പെടാൻ ഈ ധീരനിലപാടുകൾ സഹായകരമായി.
മുസ്ലിം, പിന്നാക്ക ഐക്യം പ്രാവർത്തികമാക്കി മേൽജാതി രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ അധികാരരാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒത്തുതീർപ്പുകൾ അദ്ദേഹത്തിന്റെ പ്രതാപത്തിലും ജനസമ്മതിയിലും ഇടിവുണ്ടാക്കി ഹിന്ദുത്വ ശക്തികളുടെ കൈപ്പിടിയിലേക്ക് തന്റെ തട്ടകമായ യു.പി അമർന്നതിനുപിന്നിൽ മുലായത്തിന്റെ പലപ്പോഴും അവസരവാദപരമായിരുന്ന പ്രായോഗിക രാഷ്ട്രീയം കാരണമായിട്ടുണ്ടെന്ന രാഷ്ട്രീയവിമർശകരുടെ വാദത്തിൽ കഴമ്പില്ലാതില്ല.
റിലയൻസ് ഗ്രൂപ് ദാദ്രിയിൽ സ്ഥാപിച്ച വാതകാധിഷ്ടിത വൈദ്യുതി നിലയത്തിനായി വഴിവിട്ട സഹായങ്ങൾ 2006 ൽ മുഖ്യമന്ത്രിയായിരിക്കെ മുലായം ചെയ്തുകൊടുത്തെന്ന ആരോപണം അദ്ദേഹത്തിലുള്ള ജനവിശ്വാസത്തിന് കോട്ടം തട്ടുന്നതിൽ നിർണായക പങ്ക് വഹിച്ചു. പതിനായിരക്കണക്കിന് കർഷകരെ കുടിയൊഴിപ്പിച്ചാണ് ഏക്കർ കണക്കിന് ഭൂമി അംബാനിക്ക് നൽകിയത്.
സമാജ്വാദി പാർട്ടി അധികാരത്തിൽ വന്നാൽ ബലാൽസംഗത്തിനുള്ള ശിക്ഷ കുറയ്ക്കുമെന്ന വിവാദ പ്രസ്താവനയും 2014 ൽ അദ്ദേഹം നടത്തി. അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ഉയർന്ന നേതാവിന്റെ പാർട്ടിക്കെതിരെ അഴിമതി ആരോപണങ്ങൾ തുടർക്കഥയായി. കുടുംബത്തിന്റെ ആഡംബരജീവിതം സംബന്ധിച്ച കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് മാധ്യമങ്ങൾ നിരത്തി.
ഒരിക്കലും ബി.ജെ.പി. പാളയത്തിൽ പോയിട്ടില്ലെങ്കിലും ബി.ജെ.പി അധികാരമുറപ്പിച്ചതോടെ മുലായത്തിന്റെ സംഘപരിവാർ വിമർശനം ദുർബലമായെന്ന് ആക്ഷേപമുയർന്നിരുന്നു. 2015 ൽ വിവിധ 'ജനത' പാർട്ടികളെ ഏകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. താൻ ഏറ്റവും കൂടുതൽ എതിർത്ത ഹിന്ദുത്വ പ്രത്യയശാസ്ത്രം ഫാഷിസ്സ് സ്വഭാവത്തോടെ കടന്നുകയറുന്നത് കാണേണ്ടിവന്ന ഹൃദയഭാരത്തോടെയാണ് അദ്ദേഹത്തിന്റെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.