ക്ഷേത്രം കൊള്ളാം, വോട്ടോ?
text_fieldsബി.ജെ.പിയുടെ കൊണ്ടുപിടിച്ച പ്രചാരണത്തിന്റെ പിടിയിലായ സാധാരണ ഹിന്ദുക്കൾ അവരുടെ ക്ഷേത്രാഭിമുഖ്യം വിശ്വാസത്തിൽ തളച്ചിടുമോ അതോ, ഹിന്ദുത്വ രാഷ്ട്രീയത്തിനും ഭരണത്തുടർച്ചക്കുമുള്ള വോട്ടായി അതു മാറുമോ ? പ്രമുഖ മാധ്യമ പ്രവർത്തക പൂർണിമ എസ്.ത്രിപാഠി്യുടെ വിശകലനം
ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പരിപാടിയോട് പ്രതിപക്ഷ പാർട്ടികൾ, വിശിഷ്യാ കോൺഗ്രസ് അറിയിച്ച വിയോജിപ്പ് ഉത്തരന്ത്യേയിലെ സാധാരണ ഹിന്ദു വിശ്വാസികളിൽ അനുരണനമുണ്ടാക്കുമെന്ന് തോന്നുന്നില്ല. മതവിശ്വാസികളും അത്ര വിശ്വാസമില്ലാത്തവരുമായ സമൂഹത്തിലെ വലിയൊരു വിഭാഗത്തിൽ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് പൊതുവായ ഒരു ആഭിമുഖ്യം കാണാം.
എന്നാൽ, വമ്പിച്ച തോതിലുള്ള പ്രചാരണ കോലാഹലങ്ങൾ ചിലരെ പിന്തിരിപ്പിക്കുന്നുമുണ്ട്. ഈ യോജിപ്പും വിയോജിപ്പുമൊന്നും ആളുകളുടെ രാഷ്ട്രീയ മുൻഗണനാക്രമത്തെ ബാധിക്കുമെന്നും കരുതാനാവില്ല. ബഹുഭൂരിപക്ഷവും അവരുടെ രാഷ്ട്രീയവും മതവും വെവ്വേറെ നിർത്തുന്നു എന്നതുതന്നെ കാരണം.
അപ്പോഴും ബി.ജെ.പി അനുഭാവികളൊന്നുമല്ലെങ്കിലും സമൂഹത്തിലെ വലിയൊരു വിഭാഗം ശ്രീരാമ ജന്മസ്ഥാനമെന്നു പറയപ്പെടുന്ന സ്ഥലത്ത് ഒരു ക്ഷേത്രം ഉയർന്നുവരുന്നതിൽ സന്തോഷം പ്രകടിപ്പിക്കുന്നു. പതിറ്റാണ്ടുകൾ നീണ്ട തർക്കവിതർക്കങ്ങൾക്കും നിയമവ്യവഹാരങ്ങൾക്കുമൊക്കെ ഇതോടെ വിരാമമാകുമല്ലോ എന്നാണ് അവരുടെ ആശ്വാസം.
ആദി ശങ്കരാചാര്യ സ്ഥാപിച്ച ബദരീകാശ്രമം, ദ്വാരകാധീശ്, പുരി, ശൃംഗേരി എന്നീ നാല് മഠങ്ങളുടെ അധിപതിമാരിൽ രണ്ടുപേർ പരിപാടിയെ വിമർശിക്കുകയും അയോധ്യയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ക്ഷേത്രത്തിനു കൈവന്ന പിന്തുണ ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നുണ്ട്.
ജോഷിമഠിലെ ജ്യോതിർമഠം ജ്യോതിർപീഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയും പുരി ശങ്കരാചാര്യർ സ്വാമി നിശ്ചലാനന്ദ സരസ്വതിയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠ നടത്തുന്നതിനെതിരെ പരസ്യ വിമർശനമാണ് ഉന്നയിച്ചത്.
പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് ഉചിതമല്ലെന്നാണ് സ്വാമി അവിമുക്തേശ്വരാനന്ദ് ഒരു വിഡിയോ സന്ദേശത്തിൽ പറഞ്ഞത്. രാമാനന്ദി വിഭാഗത്തിന് കീഴിൽ വരുന്ന ക്ഷേത്രത്തിൽ ഈ വിഭാഗത്തിന്റെ ആചാരങ്ങൾക്കനുസൃതമായല്ല ചടങ്ങുകൾ നടത്തുന്നതെന്നും ക്ഷേത്രം രാമാനന്ദി വിഭാഗത്തിന് വിട്ടുനൽകി അവരുടെ ആചാരപ്രകാരം പ്രതിഷ്ഠ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി മോദി പ്രാണ പ്രതിഷ്ഠ നടത്തുകയും, ദേവനെ സ്പർശിക്കുകയും പൂജ നടത്തുകയും ചെയ്യുമ്പോൾ താൻ അവിടെ കാഴ്ചക്കാരനായി നിന്ന് കൈയടിക്കേണ്ടി വരുന്നതിലാണ് സ്വാമി നിശ്ചലാനന്ദ സരസ്വതിക്ക് എതിർപ്പ്. നാല് ശങ്കരാചാര്യന്മാരുടെയും അനുമതിയില്ലാത്ത ചടങ്ങിൽ അവർ ആരുംതന്നെ പങ്കെടുക്കില്ലെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ് പ്രഖ്യാപിച്ചെങ്കിലും മറ്റു രണ്ടുപേർ അത് നിഷേധിച്ചിട്ടുണ്ട്.
ശങ്കരാചാര്യന്മാരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ അംഗീകാരമോ വിസമ്മതമോ സാധാരണ ഹിന്ദുക്കൾക്ക് ഒരു വിഷയമല്ല. വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും രാഷ്ട്രീയ കൃത്രിമങ്ങൾക്കുമൊടുവിൽ എല്ലാം തീർന്ന് ക്ഷേത്രം ഉയരുന്നതിൽ സന്തുഷ്ടനാണ് തലസ്ഥാനത്തെ യുവ അഭിഭാഷകൻ. കാര്യമായ മത-രാഷ്ട്രീയ ആഭിമുഖ്യമൊന്നും പുലർത്താത്ത ഈ വക്കീൽ ഇന്ത്യൻ നഗര യുവത്വത്തിന്റെ പ്രതീകമാണ്.
വാരാണസിയിലെ സമ്പൂർണാനന്ദ് സംസ്കൃത സർവകലാശാലയിൽനിന്ന് വിരമിച്ച പ്രഫസറായ ഡോ. വിദ്യാ കുമാർ ബി.ജെ.പി അനുഭാവിയായതിനാൽ ക്ഷേത്രം ഉയരുന്നത് ഹിന്ദുക്കൾക്ക് വലിയ സംതൃപ്തി നൽകുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. ചടങ്ങുമായി ബന്ധപ്പെട്ട അമിതമായ പ്രചാരണങ്ങൾ രാജ്യത്ത് വർഗീയ സംഘർഷങ്ങൾക്ക് വഴിവെച്ചേക്കുമോ എന്ന ആശങ്കയും അവർ പ്രകടിപ്പിക്കുന്നുണ്ട്.
ക്ഷേത്രനിർമാണത്തിന്റെ ക്രെഡിറ്റ് മോദിക്ക് പോകുമെങ്കിലും അതുകൊണ്ടുമാത്രം അടുത്ത തെരഞ്ഞെടുപ്പിലെ ജയം കൂടെ പോരുമെന്ന് അവർക്ക് അഭിപ്രായമില്ല. അതുവേറെയും പ്രശ്നങ്ങളെ ആസ്പദിച്ചാണിരിക്കുന്നത്.
ആളുകൾ ഇതൊരു മഹാസംഭവമാക്കി അർമാദിക്കുന്നതിലുള്ള ആശങ്ക ക്ഷേത്രവിശ്വാസിയായ രവി മിശ്ര എന്ന ചെറുപ്പക്കാരനും പ്രകടിപ്പിച്ചു. ഹിന്ദുക്കൾക്കിടയിലുണ്ടായ ഈ രാമക്ഷേത്ര അനുഭാവവും ആവേശവും ഭക്തിയിൽ പര്യവസാനിക്കുമോ അതോ, രാഷ്ട്രീയക്കാറ്റായി അത് ശക്തിപ്രാപിക്കുമോ എന്നൊക്കെ കാത്തിരുന്നുതന്നെ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.