Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅന്ധവിശ്വാസത്തിന്റെ...

അന്ധവിശ്വാസത്തിന്റെ ഭീകരത

text_fields
bookmark_border
അന്ധവിശ്വാസത്തിന്റെ ഭീകരത
cancel

നാഴികക്ക് നാൽപതുവട്ടം സാക്ഷരകേരളമെന്നു വീമ്പുപറഞ്ഞുനടക്കുന്ന മലയാളി, അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും പിടിയിലകപ്പെട്ട് മനുഷ്യമനസ്സാക്ഷിയെ മൊത്തം മരവിപ്പിച്ച ദാരുണമായ നരബലി സംഭവവികാസങ്ങൾ എത്രത്തോളം അപകടകരമായ അവസ്ഥയിലാണ് സമൂഹം എത്തിപ്പെട്ടിരിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങളോട് ഓരോ വ്യക്തിക്കുമുള്ള ഉത്തരവാദിത്തങ്ങളും ബാധ്യതകളും ചെറുതല്ല. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറയുന്നതുപോലെ എത്രത്തോളം ജീവനുകൾ ബലികഴിച്ചപ്പോഴായിരിക്കും ആഭിചാരത്തിന്റെ ഒരു പ്രചാരകൻ പിടിയിലായത് എന്നാലോചിക്കണം.

ദിനംപ്രതി കൂണുപോലെ മുളച്ചുപൊന്തുന്ന മനുഷ്യദൈവങ്ങൾക്കുമുന്നിൽ കുമ്പിട്ടുനില്കുന്നവർ നിരക്ഷരരോ പ്രാകൃതരോ അല്ല. അവരൊക്കെ യോഗ്യതകളെ അക്ഷരങ്ങളുടെ മേമ്പൊടി ചേർത്ത് പേരിനോടൊപ്പം കൂട്ടിവെച്ചവരും ബിരുദക്കൂമ്പാരങ്ങളിൽ ആത്മാഭിമാനം കൊള്ളുന്നവരുമാണ്. വിദ്യാഹീനരായ അന്ധവിശ്വാസികളേക്കാൾ സമൂഹത്തിന് അപകടം വിദ്യാസമ്പന്നരായ അന്ധവിശ്വാസികളാണെന്ന് ജവഹർലാൽ നെഹ്‌റു പറഞ്ഞത് അക്ഷരാർഥത്തിൽ സത്യമാണെന്ന് കാലം തെളിയിച്ചു.ഒരുകാര്യത്തിൽ സമാധാനിക്കാനുള്ള വക അന്ധവിശ്വാസികൾ നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ടതുതന്നെയാണ്.

ഇത്തരക്കാരിൽ മതമൈത്രി ദൃഢവും പരസ്പരവിശ്വാസം ആഴമേറിയതുമാണ്. അന്ധവിശ്വാസികളായ ഹിന്ദു-മുസ്ലിം- ക്രൈസ്തവ സമുദായങ്ങളിൽപെട്ടവരുടെ ഐക്യം മനസ്സിലാക്കാൻ സഹായിക്കുന്ന സംഭവങ്ങൾ നമ്മുടെ കേരളത്തിൽ ഇതിനുമുമ്പും അരങ്ങേറിയിട്ടുണ്ട്.ഉദ്ദിഷ്ട കാര്യസാധ്യത്തിനായി ശക്തികൂടിയ സിദ്ധനെ ജാതിയും മതവും ആചാരാനുഷ്ഠാനങ്ങളൊക്കെയും മറന്നും അവന്റെ ആജ്ഞകളെ അണുവിട തെറ്റാതെ അനുസരിച്ചും ആ ജൽപനങ്ങൾ ദൈവിക കൽപനകളായി സ്വീകരിച്ചും സ്വയം അടിമപ്പെട്ടും മറ്റുള്ളവരെക്കൂടി അവന് അടിമപ്പെടുത്തിയും നടത്തുന്ന ഹീനവും അറപ്പുളവാക്കുന്നതുമായ എത്രയോ സംഭവങ്ങൾ!

കേരളത്തിലെ അച്ചടി ദൃശ്യമാധ്യമങ്ങൾ അതിപ്രാധാന്യത്തോടെ ചർച്ചചെയ്ത അത്തരം വിഷയങ്ങളുടെ പുതുമ നഷ്ടപ്പെടുമ്പോൾ നൂതനവിഷയങ്ങൾ തേടിയുള്ള യാത്രയിൽ മാധ്യമങ്ങളും നിയമവും ജനങ്ങളും പഴയതൊക്കെ മറന്ന് പുതിയതിന്റെ പിന്നാലെ പോകുന്ന പ്രവണതയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.പത്രങ്ങളിലൊക്കെ നമ്മൾ പലപ്പോഴും കാണുന്ന ഒരു വാർത്തയുണ്ട് 'വ്യാജസിദ്ധനെ പൊലീസ് അറസ്റ്റ്‌ ചെയ്തു'. ഇതു കേട്ടാൽ തോന്നും യഥാർഥ സിദ്ധൻ വേറെ ഉണ്ടെന്ന്‌. ഇത്തരം പദപ്രയോഗങ്ങൾ മാധ്യമങ്ങൾ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.

ആഭിചാരക്രിയ നടത്തിയാൽ ദോഷം മാറുമെന്നും ധനലബ്ധി ഉണ്ടാവുമെന്നും കരുതി ഇറങ്ങിപ്പുറപ്പെടുന്നവർ ഒന്ന് ചിന്തിക്കുക, നിന്റെ ദോഷം പരിഹരിക്കാനും നിന്നെ ധനാഢ്യനാക്കാനും ഒരു മന്ത്രവാദിക്കും കഴിയില്ല. നീ പരിശ്രമിക്കുക ഫലം തരുന്നത് ഞാനാണെന്ന ദൈവ വചനം തന്നെയാണ് മഹത്തരം.നന്മയും തിന്മയും ദൈവത്തിന്റെ പക്കൽനിന്നുള്ളതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നവർക്കും ക്ഷമിക്കുന്നവന്റെ കൂടെയാണ് ദൈവം എന്ന് കരുതുന്നവർക്കും ഇത്തരം നീചമായ പ്രവൃത്തികളെ അനുകൂലിക്കാൻ കഴിയില്ല.

ദൈവം തന്നിരിക്കുന്ന വിവേകബുദ്ധി നേരായ മാർഗത്തിൽ ഉപയോഗിക്കുകയും അധ്വാനിക്കാനുള്ള മനസ്സുണ്ടാവുകയും ചെയ്താൽ തന്നെ നമ്മുടെ ജീവിതം ധന്യമായി.അതിനു ഒരു സിദ്ധന്റെയും സഹായം തേടിപ്പോകേണ്ടതില്ല. 'മന്ത്രവാദം ഫലിച്ചില്ല, പാമ്പുകടിയേറ്റ യുവാവ് മരിച്ചു' ഇതൊരു പത്രവാർത്തയാണ്. പാമ്പുകടിയേറ്റ ആളെ ജാറത്തിലെത്തിച്ചെന്നും അവിടത്തെ ആഭിചാരക്രിയകൾക്കുശേഷം കടിയേറ്റ സ്ഥലത്തെ കെട്ടഴിച്ചെന്നും ആൾ മരണപ്പെട്ടെന്നുമാണ് വാർത്ത. ആ മരണത്തിന് ഉത്തരവാദി ആരാണ്?

ഇവിടത്തെ സർക്കാറിനെയോ നിയമവ്യവസ്ഥകളെയോ ഒന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സമൂഹത്തെ സമൂലമായ ബോധവത്കരണം നടത്തുകയും അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന അപകടകാരികളായ എല്ലാ മതവിഭാഗങ്ങളിലുമുള്ള പുരോഹിതവർഗത്തെ നിലക്കുനിർത്തുകയും ചെയ്യാത്തിടത്തോളം കേരളത്തിൽ ഇനിയും നരബലികൾ അരങ്ങേറും.

.നമ്മുടെ നൂതന സാങ്കേതികവിദ്യ, പ്രത്യേകിച്ച് അനായാസകരമായ ആശയവിനിമയ സംവിധാനങ്ങൾ ഇത്തരം നീചപ്രവൃത്തികൾ നടത്താൻ പ്രതികൾക്ക് വളരെ സഹായകമായിട്ടുണ്ട്. അതേസമയം ഈ സംവിധാനങ്ങളൊക്കെ നമ്മുടെ നാട്ടിൽ മനുഷ്യോപകാരപ്രദമായ മറ്റു പ്രധാനപ്പെട്ട എല്ലാ മേഖലകളിലും കാര്യങ്ങളിലും പ്രത്യേകിച്ച് കേരള പൊലീസിന് പ്രമാദമായ പല കേസന്വേഷണങ്ങളിലും വളരെയധികം സഹായകമായിട്ടുണ്ട് എന്നതും വിസ്മരിക്കുന്നില്ല.

അന്ധവിശ്വാസങ്ങൾ കൊണ്ട് കേവലം ഒരു വ്യക്തിക്കുണ്ടാകുന്ന ദുരന്തങ്ങൾക്കപ്പുറം ഒരു നാടിനെയാകെ അമ്പരപ്പിലും ആശങ്കയിലുമാക്കുന്നു.മനുഷ്യനു വിശേഷബുദ്ധി നശിച്ചുവോ എന്നു കരുതിപ്പോകാനേ ഇത്തരം വൈകൃതങ്ങൾകൊണ്ട് സാധ്യമാകൂ. മനുഷ്യന് മനുഷ്യനെ ഒരു മമതയുമില്ലാതെ കൊന്നുതിന്നുവാൻ കഴിയുന്നത് ഏതു സാഹചര്യത്തിലായാലും ന്യായീകരണമില്ലാതാകുന്നു. വെറും ഒരു കൊലയല്ല, വെറുമൊരു ബലിയല്ല നടന്നത്.മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള കൊടും ക്രൂരതയാണിത്.കൊല്ലപ്പെട്ടവരുടെ ശരീരത്തിൽനിന്നും അവയവങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. ആ സാഹചര്യത്തിൽ അതിനെക്കുറിച്ചു വ്യക്തമായി പഠിക്കണം.

മനുഷ്യന് അത്യാഗ്രഹങ്ങളെ ഉപേക്ഷിക്കൽകൊണ്ടു സംതൃപ്തനാവാനും ചെറിയ ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷങ്ങൾ കണ്ടെത്താനും കഴിയണം.ആപത്തും ദോഷങ്ങളുമൊന്നും ആഭിചാരക്രിയകൊണ്ടു പരിഹരിക്കപ്പെടുന്നതല്ലെന്ന സത്യം മനസ്സിലാക്കാൻ അറിവിന്റെ ഭാണ്ഡക്കെട്ടുമായി നടക്കുന്നവർക്കുപോലും കഴിയുന്നില്ല എന്നത് ഖേദകരമാണ്.ഒരുതരത്തിലുള്ള സ്വാധീനവും പൊലീസിന്റെമേൽ ചെലുത്താതിരുന്നാൽ ഈ കേസ് കേരള പൊലീസിന് വിജയകരമായി തെളിയിക്കാൻ കഴിയുമെന്നുറപ്പുണ്ട്. സ്വതന്ത്രമായ അന്വേഷണത്തിന് അവരെ അനുവദിക്കുക.

കേരളമനസ്സാക്ഷിയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ ഈ കേസിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കണ്ടറിയാൻ ജനം കാത്തിരിക്കുന്നു. 1973ൽ നരബലി നടത്തിയ പ്രതിക്ക് കിട്ടിയതുപോലെ ഇലന്തൂർ കേസിലെ പ്രതികൾക്ക് വധശിക്ഷ ലഭിക്കുമോ? അതോ ആളൂരിനെപ്പോലുള്ള വക്കീലിന്റെ ഇടപെടൽ കൊണ്ടു പ്രതികൾ രക്ഷപ്പെട്ട് നിരപരാധികളായി പരിണമിക്കുമോ?പൂർവകാല സംഭവങ്ങളിൽ നാം കണ്ടതുപോലെ എല്ലാവരുടെയും ആവേശങ്ങൾ കെട്ടടങ്ങുമ്പോൾ എല്ലാ കുറ്റകൃത്യങ്ങളും ചെന്നെത്തിനിൽക്കുന്നയിടത്തുതന്നെ ഈ സംഭവവും അവസാനിക്കുമോ? അങ്ങനെ ആവാതിരിക്കട്ടെ എന്നാശിക്കാം.ഇനി ഇതുപോലൊന്ന് സംഭവിക്കാതിരിക്കട്ടെയെന്നും നീചവും പ്രാകൃതവുമായ ആഭിചാരക്കൊലയിൽ പൊലിഞ്ഞുപോയ രണ്ടു ജീവനുകളോടൊപ്പം നിയമവും കോടതിയും ഉണ്ടാവുമെന്നും പ്രതീക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human sacrificeSuperstition
News Summary - The Terror of Superstition
Next Story