മൂന്നാമൂഴമോ തിരിച്ചുവരവോ?
text_fieldsഭരണകക്ഷിയായ ബി.ആർ.എസ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ ഹാട്രിക് തേടി കളത്തിലിറങ്ങുമ്പോൾ ഇക്കുറി തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രചാരണങ്ങളിൽ സജീവമായിരുന്നെങ്കിലും ബി.ജെ.പിക്ക് ഇതൊരു അഭിമാനപോരാട്ടമല്ല
സംസ്ഥാന രൂപവത്കരണശേഷം കണ്ട ഏറ്റവും വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ തെലങ്കാന ഇന്ന് ബൂത്തിലേക്ക്. ആകെയുള്ള 119 സീറ്റിലേക്കും ഇന്ന് തന്നെയാണ് പോളിങ്. ഡിസംബർ മൂന്നിന് വോട്ടെണ്ണും. വിവിധ മണ്ഡലങ്ങളിലായി 2,290 സ്ഥാനാർഥികളാണ് മാറ്റുരക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുപ്രകാരം 3.26 കോടി വോട്ടർമാരാണ് സംസ്ഥാനത്ത്.
ഭരണകക്ഷിയായ ബി.ആർ.എസ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ ഹാട്രിക് തേടി കളത്തിലിറങ്ങുമ്പോൾ ഇക്കുറി തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രചാരണങ്ങളിൽ സജീവമായിരുന്നെങ്കിലും ബി.ജെ.പിക്ക് ഇതൊരു അഭിമാനപോരാട്ടമല്ല. രൂപവത്കരണം മുതലുള്ള തെലങ്കാനയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു (കെ.സി.ആർ) ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തി. ബി.ആർ.എസിന്റെ കൊടിതോരണങ്ങൾ നഗരങ്ങളെയും ചെറുപട്ടണങ്ങളെയും പിങ്ക് നിറത്തിൽ മുക്കിയിരിക്കുന്നു.
അസാമാന്യ നേതൃപാടവത്തോടെ തെലങ്കാനയൊട്ടാകെ ഓടിനടക്കുന്ന സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ. രേവന്ത് റെഡ്ഡിയുടെ റാലികൾക്ക് മിക്കയിടത്തും വലിയ ജനക്കൂട്ടം എത്തിച്ചേർന്നത് കോൺഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. സംസ്ഥാനത്തെ മറ്റൊരു രാഷ്ട്രീയ സാന്നിധ്യമായ അസദുദ്ദീൻ ഉവൈസിയുടെ എം.ഐ.എം ഒമ്പത് മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തി ബാക്കിയിടങ്ങളിൽ ബി.ആർ.എസിനെ പിന്തുണക്കുകയാണ്. കോൺഗ്രസ് ടിക്കറ്റിൽ മുൻ ക്രിക്കറ്റ് കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ മത്സരിക്കുന്ന ജൂബിലി ഹിൽസ് മണ്ഡലമടക്കം കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയത് ബി.ജെ.പിയെ സഹായിക്കാനാണെന്ന വിമർശനം ഉവൈസിക്കെതിരെയുണ്ട്.
104 സിറ്റിങ് എം.എൽ.എമാരിൽ ആറ് പേരൊഴികെ മറ്റെല്ലാവരുടെയും സ്ഥാനാർഥിത്വം നിലനിർത്തിയാണ് ബി.ആർ.എസ് ഇത്തവണ തെരഞ്ഞെടുപ്പിനിറങ്ങിയത്. ഭരണവിരുദ്ധ വികാരം പാർട്ടിക്ക് കാര്യമായ വെല്ലുവിളിയാണ്. സംസ്ഥാനത്ത് 40 എം.എൽ.എമാർ ഇത്തരത്തിൽ ജനങ്ങൾക്ക് അനഭിമതരായിട്ടുണ്ടെന്ന് വിവിധ സർവേകൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
സീമാന്ധ്ര, തെലങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കപ്പെടുന്നതിന് മുമ്പ് കോൺഗ്രസിന് ഏറ്റവുമധികം എം.പിമാരുണ്ടായിരുന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു ആന്ധ്രപ്രദേശ്. 40 എം.പിമാർവരെ ജയിച്ചിരുന്ന സ്ഥാനത്ത് ഒരാളെപ്പോലും ജയിപ്പിക്കാനാകാതെ കിതക്കുന്ന പാർട്ടിക്ക് വരുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രസക്തിയും പ്രൗഢിയും വീണ്ടെടുക്കാൻ തെലങ്കാനയിലെ വിജയം നിർണായകമാണ്. സംസ്ഥാന രൂപവത്കരണത്തിൽ സോണിയ ഗാന്ധിയും കോൺഗ്രസും വഹിച്ച നിർണായക പങ്ക് തന്നെയാണ് കോൺഗ്രസ് പ്രചാരണത്തിൽ ഊന്നിപ്പറഞ്ഞത്.
ഖമ്മം, നൽഗൊണ്ട, മഹ്ബൂബ്നഗർ മേഖലകളിൽ മാത്രമാണ് കോൺഗ്രസിന് കാര്യമായ സ്വാധീനം നിലനിർത്താനായിരുന്നതെങ്കിൽ കഴിഞ്ഞ ഏതാനും മാസങ്ങളിൽ ബി.ആർ.എസ് ശക്തികേന്ദ്രങ്ങളായ കരിംനഗർ, വാറങ്കൽ എന്നിവിടങ്ങളിലെ പാർട്ടി പ്രകടനങ്ങളിലും ശക്തമായ പങ്കാളിത്തമുണ്ടായി. വാറങ്കലിലെ പാലകുർത്തിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയിലെ അഭൂതപൂർവമായ ജനപങ്കാളിത്തം എതിരാളികളെ കാര്യമായ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
എന്നാൽ, സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെപറ്റി കൃത്യമായ കാഴ്ചപ്പാടുള്ള പ്രകടനപത്രിക അവതരിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. അവിഭക്ത ആന്ധ്രയിലെ തെലങ്കാന പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ അന്ന് പരിഹരിക്കാനാകാത്ത കോൺഗ്രസ് ഇന്ന് വികസനപ്രേമികളായി മുഖംമൂടിയണിഞ്ഞെത്തുന്നെന്ന് ആരോപണമുന്നയിക്കുന്ന ബി.ആർ.എസ് ഇക്കാര്യം വോട്ടർമാരോട് ഉന്നയിക്കുന്നുണ്ട്. സംസ്ഥാന രൂപവത്കരണം മുതലിങ്ങോട്ടുള്ള തെലങ്കാനയുടെ നേട്ടങ്ങളെല്ലാം സ്വന്തം അക്കൗണ്ടിലാക്കി വോട്ടുതേടുന്ന ബി.ആർ.എസിന് ചെക്ക് പറയാൻ കോൺഗ്രസിന് ആകുമോ എന്ന് കണ്ടറിയണം. എന്തായാലും തെലങ്കാനയുടെ ചൂണ്ടുവിരലിലെ മഷി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനൊപ്പം ദേശീയതലത്തിൽ നിർണായകമാകുമെന്നതും തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.