ദുരന്തത്തേക്കാൾ ഭീകരം ഈ ജപ്തി ഭീഷണി
text_fieldsദുരന്തമുണ്ടായാലുടൻ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്ന സർക്കാർ കാറ്റും കോളുമടങ്ങുമ്പോൾ പറഞ്ഞ വാക്കുകളൊക്കെ മറക്കും. ദുരന്ത ഇരകൾ തെരുവിൽ അലയേണ്ടിവരും. കവളപ്പാറ ഉരുൾദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട കർഷകരുടെ അവസ്ഥ ഇതിന്റെ കൃത്യമായ തെളിവാണ്. ദുരന്തത്തിൽ 35 ഏക്കർ കൃഷിഭൂമി നശിച്ചതോടെ നൂറോളം കർഷകരാണ് വഴിയാധാരമായത്. ഇതിൽ ഭൂമിയും കൃഷിയും നഷ്ടപ്പെട്ട പത്തോളം കർഷകർ കാനറ ബാങ്ക്, ഗ്രാമീൺ ബാങ്ക്, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്നതിന്റെ പേരിൽ ദുരന്തം നടന്ന് അഞ്ച് വർഷം പിന്നിടുമ്പോഴും ജപ്തി ഭീഷണിയിലാണ് ജീവിക്കുന്നത്. ആദ്യം വീട് നഷ്ടപ്പെട്ടവരുടെ കാര്യം പരിഹരിക്കട്ടെ എന്നായിരുന്നു തുടക്കത്തിൽ സർക്കാർ പറഞ്ഞത്. അവരുടെ പുനരധിവാസം നടപ്പാക്കാൻപോലും നിയമപോരാട്ടം വേണ്ടിവന്നു.
മറുപടിയില്ലാത്ത നിവേദനങ്ങൾ
കവളപ്പാറ ദുരന്തത്തിൽ ജപ്തി ഭീഷണി നേരിടുന്ന മാങ്കുന്നൻ കുഞ്ഞിമോനും മജീദും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടാൻ വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കലക്ടർ എന്നിവരെ നേരിൽ കണ്ടും അദാലത്തുകളിലുമെല്ലാം പലതരം നിവേദനങ്ങൾ നൽകി. ഒന്നിനുപോലും മറുപടി ലഭിച്ചില്ലെന്ന് കുഞ്ഞിമോനും മജീദും പറയുന്നു. 400 റബർ മരങ്ങളും ഒരേക്കർ കശുമാവുമുൾപ്പെടെ മൂന്നര ഏക്കർ കൃഷിഭൂമി നഷ്ടപ്പെട്ട കുഞ്ഞുമോൻ കനറ ബാങ്കിൽനിന്ന് പത്ത് ലക്ഷം രൂപയാണ് ലോണെടുത്തിരുന്നത്.
ഉരുളെടുത്തുപോയ കൃഷിയുടെ ലോൺ അടക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴും നിരന്തരം നോട്ടീസും ഫോൺ വിളിയും വരാറുണ്ടെന്ന് കുഞ്ഞിമോൻ പറയുന്നു. 2.65 ഏക്കർ ഭൂമിയിലെ കൃഷിയാണ് മജീദിന് നഷ്ടമായത്. 11 ലക്ഷം രൂപയാണ് ബാങ്കിന് ബാധ്യതയുള്ളത്. വേലായുധൻ ഒട്ടുപാറ, ഷംസുദ്ദീൻ, ബാബു, കരുണാകരൻ, വിനോയ് തുടങ്ങി പത്ത് പേരാണ് ജപ്തി ഭീഷണി നേരിടുന്ന കർഷകർ. ഇവർക്കായി രംഗത്ത് വരാൻ ഒരു രാഷ്ട്രീയപാർട്ടിക്കും താൽപര്യമില്ല. ദുരിതബാധിതർ പലയിടങ്ങളിലേക്ക് പറിച്ചുനടപ്പെട്ടതിനാൽ കവളപ്പാറയിൽനിന്ന് ഇനി കാര്യമായി വോട്ടുകൾ കിട്ടാനില്ലെന്നതുതന്നെ കാരണം. ബാധ്യത തീർക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ടു പോവുമെന്നാണ് ബാങ്കുകൾ കർഷകർക്ക് നൽകുന്ന സൂചന. ദുരന്തം നൽകിയ മാനസികാഘാതം വിട്ടുമാറാത്തപ്പോഴും കവളപ്പാറക്കാരുടെ തലയിൽ ജപ്തിയുടെ വാൾ തൂങ്ങിയാടുകയാണ്.
എവിടെ ഹൈകോടതി നിർദേശിച്ച വിദഗ്ധ സമിതി?
നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി, അല്ലെങ്കിൽ നഷ്ടപരിഹാരം, അതുമല്ലെങ്കിൽ കുത്തിയൊലിച്ചുപോയ ഭൂമി കൃഷി യോഗ്യമാക്കൽ... ഇതായിരുന്നു കവളപ്പാറയിലെ നിരാലംബരായ കർഷകർ ബഹുമാനപ്പെട്ട കേരള ഹൈകോടതിയിൽ ആവശ്യപ്പെട്ടത്. ഇരകളെയും സർക്കാറിനെയും വിശദമായി കേട്ടശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ ഉത്തരവിൽ രണ്ട് കാര്യങ്ങൾ നിർദേശിച്ചു. 1) രണ്ട് മാസത്തിനകം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ജിയോളജി, ഹൈഡ്രോളജി, കൃഷി, ദുരന്തനിവാരണം എന്നീ വകുപ്പുകളുടെ പ്രതിനിധികൾ ഉൾപ്പെട്ട വിദഗ്ധ സംഘം രൂപവത്കരിക്കണം. 2) കർഷകരെ ഓരോരുത്തരെയും കേട്ടശേഷം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്മേൽ സർക്കാർ മൂന്ന് മാസത്തിനകം നടപടി സ്വീകരിക്കണം. 2024 ഫെബ്രുവരിയിലായിരുന്നു ഈ ഉത്തരവ്. ഇതുവരെ ഈ വിഷയങ്ങളിൽ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
അമ്പൂരിയുടെ സ്നേഹഗാഥ
തിരുവനന്തപുരത്തെ അമ്പൂരി ഉരുൾപൊട്ടൽ നടന്നിട്ട് രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ നാടിന്റെ കൂട്ടായ്മയിൽ ജീവിതം തിരിച്ചുപിടിച്ചതിന്റെ കഥളാണ് ഓരോരുത്തർക്കും പറയാനുള്ളത്. 2001 നവംബർ ഒമ്പതിനായിരുന്നു ദുരന്തം. വൈകീട്ട് എട്ടരയോടെയാണ് നെയ്യാര്ഡാമിനും അമ്പൂരിക്കും മധ്യേ കുരിശുമലയുടെ അടിവാരത്തുള്ള വീടുകള് എടുത്തത്തെറിയപ്പെട്ടു. നാല് വീടുകളാണ് പൂർണമായും നശിച്ചത്. അതിലേറെ വീടുകൾ ഭാഗികമായും തകർന്നു. എന്നാൽ, ആൾനാശം കൂടുതലായിരുന്നു. അന്ന് 39 പേരാണ് മണ്ണിനും കല്ലിനും ചളിക്കുമിടയിൽപ്പെട്ട് ജീവൻ വെടിഞ്ഞത്. അമ്പൂരി വാസയോഗ്യമല്ലാതായി മാറി.
ദുരന്തബാധിത മേഖലയിലെ പത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചു. സമീപത്ത് ഒരേക്കർ സ്ഥലം കണ്ടെത്തി അവർക്കായി വീടുകൾ വെച്ചുനൽകി. വ്യാപാരി വ്യവസായികളും പള്ളിയും ഉൾപ്പെടെയുള്ള നിരവധി സന്നദ്ധ സംഘടനകളും പഞ്ചായത്തും ചേർന്നാണ് പുനരധിവാസം നടപ്പാക്കിയത്. തിരുവനന്തപുരത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ച സംഭവത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാറുകളും സഹായിച്ചു. അപകടത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ അന്ന് ഒരു ലക്ഷം വീതം നൽകി. കേന്ദ്രസർക്കാറിൽനിന്ന് 50,000 വീതവും ലഭിച്ചു.
അമ്പൂരി ഉരുൾപൊട്ടലിൽ രക്ഷപ്പെട്ട സി.ഡി. തോമസിന്റെ കുടുംബത്തിൽ അദ്ദേഹം ഒരാൾ മാത്രമാണ് ബാക്കിയായത്. ഭാര്യയും മകനും മകളും മരുമകനും പേരക്കുട്ടികളും മറ്റ് ബന്ധുക്കളുമുൾപ്പെടെ വീട്ടിലെ എല്ലാവരും ആ ഒരൊറ്റ രാത്രി കൊണ്ട് തോമസിന് നഷ്ടമായി. ദുരന്തശേഷം കടയോട് ചേർന്നുള്ള ഗോഡൗണിൽ കുറച്ചുകാലം താമസിച്ച തോമസ് പിന്നീട് അമ്പൂരിക്ക് തൊട്ടടുത്തായി തന്നെ വീടുവെച്ച് കഴിയുന്നു. പരിക്കേറ്റവർക്ക് ചികിത്സയും സഹായധനവുമൊക്കെ ലഭിച്ചിരുന്നത് ഓർക്കുന്ന തോമസ് ദുരന്തനേരത്ത് കൈപിടിച്ച നാടിന്റെയും നാട്ടുകാരുടെ നല്ല മനസ്സിന് മുന്നിൽ കൈകൂപ്പുന്നു -ആശാ മോഹൻ
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.