വാഷിങ്ടൺ സമവായം: പുതുപതിപ്പും ചില ബദൽ ചിന്തകളും
text_fieldsഅമേരിക്ക ഇപ്പോൾ ഒരു പുത്തൻ വാഷിങ്ടൺ സമവായത്തെ (Washington Consensus)ക്കുറിച്ച പറഞ്ഞു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലത്തെ പല അന്തർദേശീയ സാമ്പത്തിക ചർച്ചകളിലും ഇടംപിടിക്കുകയും 2008ലെ ആഗോള ധനകാര്യ പ്രതിസന്ധിക്കുശേഷം പാടെ അപ്രസക്തമാവുകയും ചെയ്ത ആശയമാണ് പുതിയ രൂപത്തിൽ വീണ്ടും ചർച്ചാവിഷയമായിരിക്കുന്നത്.
എന്താണ് വാഷിങ്ടൺ സമവായം? ജോൺ വില്യംസണെപോലെ ഈ ആശയത്തിന് ചില അക്കാദമിക പരിവേഷം നൽകാനുള്ള പരിശ്രമങ്ങളെ പാടേ വിട്ടുകളഞ്ഞ് പ്രധാന ചില അംശങ്ങൾ മാത്രം പറയാം.1989ൽ ബർലിൻ മതിൽ തകർക്കപ്പെടുകയും കമ്യൂണിസവും സോവിയറ്റ് യൂനിയനും നിലംപരിശാവുകയും ചെയ്ത സാഹചര്യത്തിൽ രൂപംകൊണ്ടതാണ് വാഷിങ്ടൺ സമവായം.
അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണിലാണ്, ബ്രിട്ടൻ വുഡ്സ് ഇരട്ടകൾ എന്ന് അറിയപ്പെടുന്ന ലോകബാങ്കും (ശരിയായ പേര് ഇന്റർനാഷനൽ ബാങ്ക് ഫോർ റീ കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ്) അന്താരാഷ്ട്ര നാണ്യനിധിയും സ്ഥിതിചെയ്യുന്നത്.1945ൽ രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോൾ ലോകത്ത് ശാശ്വത സമാധാനവും, ജനാധിപത്യവും സ്ഥാപിക്കാൻ ഒരുപാടു പുത്തൻ സ്ഥാപനങ്ങൾ രൂപമെടുത്തു.
ഹിരോഷിമയിലും, നാഗസാക്കിയിലും അണുബോംബിട്ട് ലോകത്തെ മുട്ടുകുത്തിച്ച് അജയ്യ സാമ്പത്തിക, സൈനികശക്തിയായി വളർന്ന അമേരിക്കയാണ് ഇതിന് മുൻകൈ എടുത്തത്. ഐക്യരാഷ്ട്രസമിതിയുടെ അനുബന്ധ സ്ഥാപനങ്ങളോടൊപ്പം രൂപകൽപന ചെയ്തതാണ് ലോകബാങ്കും നാണ്യനിധിയും. എല്ലാ സ്ഥാപനങ്ങളുടെയും ഭരണഘടനകളും അമേരിക്കൻ വൻശക്തിയുടെ കൈയൊപ്പോടുകൂടി രൂപംകൊണ്ടുവെന്നു മാത്രമല്ല ഇന്നോളം അവയുടെ നിർണായക നിയന്ത്രണവും അമേരിക്കയുടെ കൈകളിലാണ്.
ലോകത്തെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിക്കാനുള്ള അമേരിക്കയുടെ യത്നവും, അതിനോടുള്ള മറ്റുള്ളവരുടെ പ്രതികരണവുമാണ് പിന്നീടിങ്ങോട്ടുള്ള ലോകത്തിന്റെ രാഷ്ട്രീയവും, സാമ്പത്തികവുമായ ചരിത്രമെന്ന് സാമാന്യമായി നിരീക്ഷിച്ചാൽ തെറ്റുപറയാനാവില്ല.
അമേരിക്കൻ ട്രഷറി സെക്രട്ടറി, ലോകബാങ്ക്, നാണ്യനിധി എന്നീ ത്രിമൂർത്തികളുടെ സമവായമാണ് ഒരു കാലത്ത് ലോകത്തെ നിയന്ത്രിച്ച സാമ്പത്തിക സിദ്ധാന്തം. കമ്പോളത്തിലൂടെയുള്ള വിഭവവിന്യാസമാണ് അവരുടെ ഏറ്റവും ഉത്തമവും, കാര്യക്ഷമവുമായ വികസനതന്ത്രം. ആഗോളീകരണം, ഉദാരീകരണം, സ്വകാര്യവത്കരണം എന്നിവ ഈ സ്വതന്ത്ര കമ്പോളവ്യവസ്ഥിതിയുടെ അവിഭാജ്യഘടകങ്ങളാണ്.
സ്വകാര്യ മൂലധനത്തിന് സർവതന്ത്ര സ്വാതന്ത്ര്യമാണ് മുഖ്യമുഖമുദ്ര. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ന്യൂയോർക്കിൽനിന്ന് പാനമ മുതൽ ടോക്യോ വരെ ഏതു കമ്പോളവുമായി ഷെയറുകളും, ബോണ്ടുകളും ക്രയവിക്രയം ചെയ്ത് ലാഭമെടുക്കാം. ചുരുക്കിപ്പറഞ്ഞാൽ, സമ്പന്നന് പറുദീസ ഒരുക്കുന്ന വ്യവസ്ഥിതിയും, അതിനെ നീതീകരിക്കുന്ന സിദ്ധാന്തങ്ങളുമാണ് ഈ സമവായത്തിന്റെ പൊരുൾ.
അമേരിക്കക്ക് അവഗണിക്കാനാവാത്തത്
കഴിഞ്ഞ കുറെ നാളുകളായി അമേരിക്കയുടെ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ദേശീയ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ പ്രസ്താവനകളിൽ ആഗോളീകരണത്തോട് പ്രകടമായ എതിർപ്പും, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കയും മറ്റു പല നയമാറ്റങ്ങളും നിഴലിച്ചുനിന്നിരുന്നു. സുള്ളിവൻ ഒരു ‘പുത്തൻ’ വാഷിങ്ടൺ സമവായമെന്ന് ആവർത്തിച്ചു സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ഒരു പക്ഷേ പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ അമേരിക്കൻ മധ്യവർഗ പ്രതാപം വീണ്ടെടുക്കുമെന്ന വാഗ്ദാനവും ഈ പുത്തൻ ‘മാറ്റത്തിന്’ പ്രേരകമായിട്ടുണ്ടാവാം. എന്തായാലും ലോകത്തിലെ നിർണായക ശക്തിയായ അമേരിക്കക്ക് അവഗണിക്കാനാവാത്ത നാലു കാര്യങ്ങൾ എടുത്തു പറയാം. ഒന്ന്- ആഗോളീകരണം, സ്വകാര്യവത്കരണം തുടങ്ങിയ നവ ഉദാരീകരണത്തെ വെല്ലുവിളിക്കുന്ന ഒരുപാട് സംഭവങ്ങൾ ലോകത്ത് പലയിടത്തും പ്രകടമാണ്.
2008 ലെ ധനകാര്യ പ്രതിസന്ധി, 2020 -21 കാലഘട്ടങ്ങളിൽ ലോകമെങ്ങും ആഞ്ഞടിച്ച കോവിഡ്-19 മഹാമാരി തുടങ്ങി പഴയ ധാരണകളെ തിരുത്തുന്ന പ്രതിഭാസങ്ങൾ ഉദാഹരണം. രണ്ട്, ഒരു പക്ഷേ അമേരിക്കയെ സംബന്ധിച്ച പ്രധാന വെല്ലുവിളി ചൈനയുടെ വളർച്ചയും, അതിനെ പ്രതിരോധിക്കേണ്ട ആവശ്യവുമാവാം. ആഗോളീകരണമാണ് ചൈനയെ ഒരു വൻശക്തിയാക്കിയത്.
ഒറ്റപ്പെട്ടുനിന്ന ചൈനയെ സാവധാനം ലോകവ്യാപാര രംഗത്തേക്ക് പിടിച്ചുകൊണ്ടുവന്നത് അമേരിക്കയാണ്. 1970 കളിൽ നിക്സനും, കിസ്സിംഗറും ഇതിൽ വഹിച്ച പങ്ക് പ്രസിദ്ധമാണ്. 2021ലെ അമേരിക്കയുടെ ചൈന വ്യാപാരം 70,000 കോടി ഡോളറാണെന്ന് യെല്ലൻ സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക-സൈനിക ശക്തിയാണ് ചൈന. ഒരു പക്ഷേ അമേരിക്കയുടെ ചൈനപ്പേടി പല മാറ്റങ്ങൾക്കും കാരണമാകും. മൂന്ന്, ലോകമെമ്പാടും അപകട മുന്നറിയിപ്പുമായി കുതിക്കുന്ന കാലാവസ്ഥ വ്യതിയാനം.
ആഗോള താപനില അപകട അതിരുകൾ കടന്നിരിക്കുന്നു. പരക്കെ കാട്ടുതീയും, വെള്ളപ്പൊക്കവും അവഗണിക്കാനാവാതെ വളരുന്നു. ലോക ജനസംഖ്യയുടെ കഷ്ടിച്ചു 15ശതമാനം മാത്രം വരുന്ന അമേരിക്ക, കാനഡ, യൂറോപ്, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് വ്യവസായ വിപ്ലവശേഷം സംഭവിച്ച 80 ശതമാനം കാർബൺ വ്യാപനത്തിന്റേയും ഉത്തരവാദികൾ. പ്രതിശീർഷ കാർബൺ പ്രസാരണ കണക്കിൽ പിന്നിലെങ്കിലും, ചൈനയും ഈ തീക്കളിയിൽ വളരെ മുന്നിൽ തന്നെ.
ഏതായാലും കാലാവസ്ഥ മാറ്റത്തിന്റെ അപകടത്തെപ്പറ്റി സുള്ളിവനും, യെല്ലനും നന്നേ ബോധ്യമുണ്ട്. ലാഭക്കൊതിയും, അത്യാർത്തിയും അനുസരിച്ച് ലോക വിഭവവിന്യാസം എത്രനാൾ തുടരാനാവും. ഈ പ്രശ്നത്തെ വൻശക്തികൾ എങ്ങനെ നേരിടുമെന്നത് ഒരു വലിയ വെല്ലുവിളിയാണ്. നാല്, ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നമാണ് വരുമാനത്തിലും, സ്വത്തിലും വർധിച്ചുവരുന്ന അന്തരം.
അമേരിക്കയിൽ ഒരു ശതമാനമാളുകൾ 99 ശതമാനം വരുന്ന ജനതയുടെ ഭാഗധേയം നിർണയിക്കുന്ന അവസ്ഥ. ഇത് ജനാധിപത്യത്തിന്റെ നിഷേധമാണെന്നു മാത്രമല്ല അഭിലഷണീയമല്ലാത്ത പല സാമൂഹിക ദുരന്തങ്ങളുടെയും കാരണവുമാണ്. ബഹുരാഷ്ട്ര കുത്തകകൾ ലോകത്തിന്റെ വിലപ്പെട്ട വിഭവങ്ങൾ, അവരുടെ ഷെയർ ഉടമകളുടെ ലാഭത്തിനുവേണ്ടി ചെലവഴിച്ച് കാലാവസ്ഥ വ്യതിയാനങ്ങളും, മനുഷ്യാവകാശ ധ്വംസനങ്ങളും നടത്തുന്നു.
അത്തരം വ്യവസ്ഥിതിയെ ന്യായീകരിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് പൊതുജനങ്ങൾ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു കാലത്ത് അമേരിക്കൻ ജനാധിപത്യത്തിന്റെ നെടുന്തൂണായി വർത്തിച്ച മധ്യവർഗത്തിന്റെ ശക്തി വീണ്ടെടുക്കാനുള്ള നടപടികളും അനിവാര്യമാണെന്ന ബോധം അമേരിക്കൻ നയം രൂപവത്കരിക്കുന്നവരിൽ വർധിച്ചു വരുന്നുണ്ട്.
സങ്കുചിതമായ ദർശനം
ബൈഡൻ ഭരണകൂടം ഒരു പുത്തൻ വാഷിങ്ടൺ സമവായത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും, അത് ശക്തമായി വളരുമെന്ന് വിചാരിക്കാൻ ന്യായമില്ല. പാണ്ടൻ നായയുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല. അമേരിക്കൻ സാമ്പത്തികശക്തി അവരുടെ ആയുധനിർമാണത്തിലും വ്യാപാരത്തിലും സൈനിക ബലത്തിലും ഊന്നി നിൽകുന്നതാണ്.
അവർ ലോകബാങ്ക്, നാണ്യനിധി തുടങ്ങിയ സ്ഥാപനങ്ങളിലൂടെ നിയന്ത്രിക്കുന്നുവെങ്കിലും, ലോകം നേരിടുന്ന പല വെല്ലുവിളികളെയും നേരിടാനുള്ള കെൽപ്പോ ദർശനമോ അവർക്കില്ല. അമേരിക്കൻ ഡോളറിന്റെ ശക്തി എക്കാലവും നിലനിർത്താനുമാവില്ല. ഒരുപാട് പ്രാദേശിക സഖ്യങ്ങളും, ഉഭയകക്ഷി വ്യാപാരങ്ങളും അതിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നുണ്ട്.
കാലാവസ്ഥ പ്രതിസന്ധിയും, അസമത്വം കുറക്കുന്നതും സാങ്കേതിക വിദ്യയിലും, സാമ്പത്തിക നയങ്ങളിലും വളരെ മൗലികമായ മാറ്റങ്ങൾ ആവശ്യപ്പെടുന്നു. മനുഷ്യരാശിയുടെ ഭാവിയെയും നിലനിൽപിനെ തന്നെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ നേരിടുന്ന വർത്തമാനകാലത്ത് അമേരിക്കയുടെ വാഷിങ്ടൺ സമവായം വളരെ സങ്കുചിതമായ ഒരു ദർശനമാണ് മുന്നോട്ടുവെക്കുന്നതെന്നതിൽ സംശയമില്ല.
ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തിയായ ചൈന അവതരിപ്പിക്കുന്ന കമ്പോള സോഷ്യലിസം ഒരു പ്രത്യേകതരം പ്രത്യയശാസ്ത്രമാണ്. 1978 ൽ 70 ശതമാനം മൂലധനവും സർക്കാർ മേഖലയിലായിരുന്നു. 1990 നു ശേഷം കമ്പോളീകരണം 30 ശതമാനത്തിൽ സർക്കാർ മേഖല പിടിച്ചു നിർത്തിയിരിക്കുന്നു.
ഈ നിർണായകശേഷിമൂലം സർക്കാറിന് എവിടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം, പ്രാദേശിക അസമത്വങ്ങൾ എങ്ങനെ ബോധപൂർവം കുറച്ചുകൊണ്ടുവരാനും മാത്രമല്ല മുൻഗണന വേണ്ടിടത്തു മുതൽ മുടക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. ചൈനയിൽ അസമത്വം വർധിക്കുന്നുവെങ്കിലും ദാരിദ്യ്രനിർമാർജനത്തിൽ അവർ വിജയം നേടിയിട്ടുണ്ട്. പക്ഷേ വമ്പിച്ച സാമൂഹിക അനീതിയും മനുഷ്യത്വ ധ്വംസനവും അഴിഞ്ഞാടുന്നു.
അമേരിക്കയിൽ പൊതുമൂലധനം പൂജ്യമാണ്. സ്വകാര്യസ്വത്തിൽ വൻനേട്ടമുണ്ടെങ്കിലും പൊതുജനക്ഷേമം കൈവരിക്കാനും, അവസര സമത്വം വർധിപ്പിക്കാനും വേണ്ടത്ര സാധിക്കുന്നില്ല. ഈ രണ്ടു ശക്തികളും അവരുടെ പ്രത്യയശാസ്ത്രങ്ങളെ തിരുത്താൻ ആത്മാർഥമായി ചിന്തിച്ചാൽ ലോകത്തിന്റെ ഭാവി മാറ്റിയെടുക്കാം. കാലാവസ്ഥ വ്യതിയാനം ലോകത്തിലെ എല്ലാ രാജ്യക്കാരും നേരിടുന്ന പ്രശ്നമാണ്. കൂട്ടായല്ലാതെ ശാശ്വത പരിഹാരം കണ്ടെത്താനാവില്ല.
അതുപോലെ തന്നെ കോവിഡ്-19 മഹാമാരി പോലുള്ള ആഗോള ആരോഗ്യപ്രശ്നങ്ങൾക്ക് ദേശീയതലത്തിൽ പരിഹാരം പറ്റില്ല. കൂട്ടായി തെറ്റുതിരുത്തുക കേവലം വിവേകം മാത്രം. ബദൽ അന്വേഷണം അടിയന്തര ആവശ്യമാണ്. ഐക്യരാഷ്ട്ര സമിതി, ലോകബാങ്ക്, നാണ്യനിധി, ലോകാരോഗ്യ സംഘടന തുടങ്ങിയ പഴഞ്ചൻ സ്ഥാപനങ്ങളെ പുനർനിർമിക്കാനുള്ള പരിശ്രമം ഇനിയും തുടങ്ങിയിട്ടില്ല. ഒരു ലോക ഫെഡറേഷൻ സാധ്യമാക്കാനുള്ള ഉദ്യമം തുടരണം.
ജനാധിപത്യശക്തിയുടെ ഊർജം ഇനിയും ചോർന്നിട്ടില്ലെന്നാണ് എന്റെ വിശ്വാസം. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൾ പരിശോധിച്ചാൽ കൂടുതൽ കൂടുതൽ രാഷ്ട്രീയവും, സാമൂഹികവും സാമ്പത്തികവുമായ സമത്വത്തിനുവേണ്ടിയും വിപ്ലവങ്ങളും സമരങ്ങളും (ഉദാ. ഫ്രഞ്ച് വിപ്ലവം, അമേരിക്കൻ വിപ്ലവം, റഷ്യൻ വിപ്ലവം, ചൈനീസ് വിപ്ലവം, കൊളോണിയലിസത്തെ തോൽപിച്ച സ്വാതന്ത്ര്യസമരങ്ങൾ ഇത്യാദി) വിജയകരമായി മുന്നേറി എന്നു മറന്നുകൂടാ.
ബഹുസ്വര സംസ്കാരത്തിലൂന്നിയ, ജനാധിപത്യ സോഷ്യലിസ്റ്റ് ചിന്തകളും സമരങ്ങളും പൂർവാധികം വിജയിക്കുമോ, അതോ യുദ്ധക്കൊതിയും മനുഷ്യത്വ ശൂന്യതയും കൈമുതലാക്കിയ സങ്കുചിത നേതാക്കളുടെ അവിവേകത്തിനു മുന്നിൽ ലോകം തകരുമോ എന്നത് വലിയ ചോദ്യചിഹ്നമാണ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.