കോവിഡാനന്തര കേരളത്തിെൻറ അതിജീവന വഴികൾ
text_fieldsരോഗബാധിതരുടെ എണ്ണം കുറഞ്ഞാലും പ്രതിരോധമരുന്നുകൾ കണ്ടുപിടിച്ചാലും കോവിഡ് വരുത്തിെവച്ച സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ലോക രാജ്യങ്ങൾക്ക് ഏറെക്കാലം വേണ്ടിവരും. ലോകബാങ്ക് 5.2 ശതമാനത്തിെൻറ കുറവാണ് ആഗോള സമ്പദ്വ്യവസ്ഥയിൽ ഈ വർഷം പ്രതീക്ഷിക്കുന്നത്.
പ്രവാസികളുടെ എണ്ണത്തിലും അയക്കുന്ന പണത്തിെൻറ അളവിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള, സേവന മേഖലയിൽ കൂടുതൽ ഊന്നിയ സംസ്ഥാനം എന്ന നിലയിൽ ഈ മഹാമാരിയുടെ സാമ്പത്തികാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കാൻ പോകുന്ന പ്രദേശമാണ് കേരളം. ഓഖിയും പ്രളയങ്ങളും സൃഷ്ടിച്ചതിനേക്കാൾ പതിന്മടങ്ങാണ് കോവിഡ് പ്രതിസന്ധി. എന്നാൽ, നമ്മുടെ സാമ്പത്തികാടിത്തറ ഇളക്കിയത് കോവിഡായിരുന്നില്ല, കഴിഞ്ഞ 30 വർഷത്തെ അച്ചടക്കരാഹിത്യമാണ് എന്നു പറയാതെ വയ്യ.
കേരളം കോവിഡിനുമുമ്പ്
കേരളത്തിെൻറ മൊത്തവരുമാനവും മൊത്തച്ചെലവും തമ്മിലുള്ള അന്തരം വർഷങ്ങളായി വളർന്നുകൊണ്ടിരിക്കുന്നു. ധനക്കമ്മിയും റവന്യൂ കമ്മിയും പലപ്പോഴും ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. 2011-12ൽ 89,418 കോടിയായിരുന്ന സംസ്ഥാനത്തിെൻറ പൊതുകടം വെറും ഏഴു വർഷംകൊണ്ട്, (2018-19) 2,37,266 കോടിയായാണ് വർധിച്ചത്. ഇന്ത്യയുടെ പൊതുകടം ദേശീയ വരുമാനത്തിെൻറ 20 ശതമാനമാണെങ്കിൽ സംസ്ഥാനത്തിേൻറത് 31 ശതമാനമാണ്. വരുമാനത്തിെൻറ 90 ശതമാനവും റവന്യൂ ചെലവുകൾക്കും മൊത്തം ചെലവിെൻറ 52 ശതമാനവും ശമ്പളത്തിനും പെൻഷനും പലിശക്കും മാത്രമായി വരുന്നുണ്ട്. മെച്ചപ്പെട്ട സാമൂഹികജീവിതം ഉറപ്പുവരുത്താൻ സാധിക്കുന്നു എന്നതാണ് ഇതിെൻറ മറുവശം. ഭാവിയിലേക്ക് മുതൽക്കൂട്ടാവുന്ന മൂലധനച്ചെലവ് 2020-21ലേക്ക് വെറും 9753 കോടി മാത്രമാണ് (മൊത്തം വരവിെൻറ 8.1 ശതമാനം മാത്രം) എന്നു കൂടി ഓർക്കുക.
2019ൽ പ്രവാസികളിൽനിന്ന് കേരളത്തിലേക്ക് ഒഴുകിയെത്തിയ ഒരു ലക്ഷം കോടിയോളം രൂപയാണ് നിർമാണ മേഖലയിലും കടകമ്പോളങ്ങളിലൂടെയും ഒഴുകി പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത്. വരുമാനം വർധിപ്പിക്കാനുള്ള തനതായ സംരംഭമോ മറ്റു വരുമാനമാർഗമോ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് കേരളത്തിെൻറ ഏറ്റവും വലിയ പോരായ്മ. സംസ്ഥാനത്തിെൻറ കഴിഞ്ഞ മൂന്നു വർഷത്തെ നികുതിയിതര വരുമാനത്തിെൻറ ഏതാണ്ട് 79 ശതമാനവും നികുതിവരുമാനത്തിെൻറ 13-14 ശതമാനവും ലോട്ടറിയിൽനിന്നുള്ള വരുമാനമാണ് എന്നത് ഒരേ സമയം കഴിവുകേടും ദീർഘവീക്ഷണമില്ലായ്മയും വെളിവാക്കുന്നു. സർക്കാറിന് കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന ചില പ്രധാന മാർഗങ്ങൾ പെട്രോൾ, മദ്യം തുടങ്ങിയവയുടെ നികുതിയാണെന്നത് മറ്റൊരു ശോച്യാവസ്ഥ. വർഷം ഒന്നര ലക്ഷം കോടി രൂപയുടെ സാധനങ്ങൾ ഇറക്കുമതിയും അര ലക്ഷം കോടി രൂപയുടെ സാധനങ്ങൾ മാത്രം കയറ്റുമതിയും ചെയ്യുമ്പോൾ സംസ്ഥാനത്തെ ഒരു ലക്ഷം േകാടി രൂപ ഒഴുകുന്നത് മറ്റു സംസ്ഥാനങ്ങളിലേക്കാണ്. ഇത് നമ്മുടെ വാങ്ങൽശേഷിയുടെ മേന്മയായി പറയാമെങ്കിലും നഷ്ടമാകുന്നത് ഇവിടെ ലഭിക്കുമായിരുന്ന പണത്തിെൻറ ഗുണിത ഫലം (multiplier effect) ആണ്. സംസ്ഥാനത്തെ നിർമാണമേഖലയുടെ സംഭാവന വെറും രണ്ടു ശതമാനവും തൊഴിലില്ലായ്മ (11.4 ശതമാനം) ദേശീയ ശരാശരിയുടെ രണ്ട് ഇരട്ടിയിലധികവുമാണ്.
പുതിയ ചില വെല്ലുവിളികൾ
നിതി ആയോഗ് 2019 ഡിസംബർ 30ന് പുറത്തിറക്കിയ റിപ്പോർട്ടിൽ സുസ്ഥിര വികസന സൂചിക അനുസരിച്ച് ഒന്നാം സ്ഥാനം (കഴിഞ്ഞ വർഷവും) കേരളത്തിനാണ്. എന്നാൽ, ആ നേട്ടം സംസ്ഥാനത്തിെൻറ വരുമാനത്തെ സാരമായി ബാധിക്കുമെന്ന വിചിത്ര സ്ഥിതിവിശേഷമാണുള്ളത്. ധനകാര്യ കമീഷെൻറ പരിഗണന വിഷയങ്ങളിൽ (Terms of Reference) വന്ന വ്യത്യാസമനുസരിച്ച്, മെച്ചപ്പെട്ട വികസനസൂചികയിലുള്ളവർക്ക് കേന്ദ്രവിഹിതം കുറയും. 2025-26 വർഷം വരെയുള്ള നികുതി ശിപാർശകളാണ് പതിനഞ്ചാം ധനകാര്യ കമീഷെൻറ പരിധിയിൽ വരുന്നത്.
കിഫ്ബി മസാലബോണ്ടുകളുടെ തിരിച്ചടവാണ് വരുംവർഷങ്ങളിൽ വരാൻ പോകുന്ന മറ്റൊരു പ്രതിസന്ധി. 2024ൽ മെച്യൂരിറ്റി എത്തുന്ന ബോണ്ടുകളുണ്ട്. സംസ്ഥാനത്തിെൻറ മുഴുവൻ പെട്രോൾ സെസും മോട്ടോർ വാഹന നികുതിയുടെ പകുതിയുമാണ് അതിലേക്കായി സർക്കാർ വകയിരുത്തേണ്ടിവരുക. ഓരോ മഴക്കാലത്തും ആവർത്തിച്ചുവരുന്ന പ്രകൃതിദുരന്തങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള ഒരു നടപടിയും നമ്മൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി കോവിഡ് കാലം മുതൽ
ഒന്നര മാസത്തെ സമ്പൂർണ ലോക്ഡൗൺകൊണ്ടു മാത്രം സംസ്ഥാനത്തിന് കുറഞ്ഞത് 80,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടാകാം. ഇപ്പോഴും സമ്പദ്വ്യവസ്ഥയിലെ ഒട്ടുമിക്ക മേഖലകളും പൂർണമായി പ്രവർത്തനക്ഷമമല്ല എന്നതിനാൽ നഷ്ടം വാർഷികവരുമാനത്തിെൻറ 20 ശതമാനം എത്തിയാലും അത്ഭുതമില്ല. മികച്ച ഉപഭോക്തൃസംസ്ഥാനമായതിനാൽ ജി.എസ്.ടിയിൽനിന്ന് കൂടുതൽ വരുമാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അർഹമായതുപോലും ലഭിക്കാതിരുന്നത് സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കുന്നു. വർഷം 60 ടൺ സ്വർണം ഉപയോഗിക്കുന്ന കേരളത്തിൽനിന്ന് കേവലം 200 കോടി മാത്രമാണ് നികുതിയായി പിരിച്ചെടുക്കാൻ കഴിയുന്നത് എന്നത് നമ്മുടെ സംവിധാനങ്ങളുടെ മറ്റൊരു പോരായ്മ. സംസ്ഥാനം ഏറെ ആശ്രയിക്കുന്ന ടൂറിസം, ഹോട്ടൽ, കെട്ടിടനിർമാണം, വിനോദവ്യവസായം, യാത്ര, തീർഥാടനങ്ങൾ തുടങ്ങി ഒട്ടുമിക്ക സേവനമേഖലകളെയും കോവിഡ് നിശ്ചലമാക്കിയതിനാൽ സംസ്ഥാനത്തിെൻറ മൊത്തവരുമാനത്തിൽ വൻകുറവ് വരും. ഇതുമായി ബന്ധപ്പെട്ട രംഗങ്ങളിലെല്ലാം തൊഴിലില്ലായ്മ അതിരൂക്ഷമാകാനും സാധ്യതയുണ്ട്. കോവിഡ് മാറുന്നതോടെ ബസുകളിൽ ആളുകൾ കയറുമെങ്കിലും ദീർഘദൂരയാത്രകൾക്ക് പ്രചാരമേറാൻ സമയമെടുക്കും. ആളുകളെ ആകർഷിക്കാനായി ടൂറിസം ഉൾപ്പെടെയുള്ള മേഖലകൾ പുതിയ വിപണനതന്ത്രങ്ങൾ തേടേണ്ടിവരും. സമാനമാണ് ചലച്ചിത്രം ഉൾപ്പെടെയുള്ള എല്ലാ വിനോദമേഖലകളുടെയും അവസ്ഥ. തിയറ്ററുകൾ തുറന്നാലും കുടുംബവുമായി മലയാളി സിനിമക്കു പോകാൻ ഇനിയും സമയമെടുക്കും.
ഗൾഫിൽനിന്നടക്കം പ്രവാസികൾ കൂട്ടത്തോടെ മടങ്ങിവന്നതിനാൽ അടുത്ത വർഷം മുതൽ സംസ്ഥാന വരുമാനം കുറയാനും തൊഴിലില്ലായ്മ വർധിക്കാനും സാധ്യതയുണ്ട്. പ്രവാസികളുടെ തിരിച്ചുവരവ് റിയൽ എസ്റ്റേറ്റ് മേഖലക്ക് ഉണർവ് പകർന്നേക്കാമെങ്കിലും താൽക്കാലികമാകും. സ്വകാര്യവാഹനങ്ങൾ സുരക്ഷിതം എന്ന വിശ്വാസത്താൽ ആ മേഖലയിൽ ഇപ്പോൾ ഉണർവ് കണ്ടുതുടങ്ങി.
പാഠങ്ങൾ
ധനസ്ഥിതി മെച്ചപ്പെടുത്താൻ രണ്ടു വഴികളേ സാമ്പത്തികശാസ്ത്രത്തിലുള്ളൂ. ഒന്ന്, വരുമാനം വർധിപ്പിക്കുക, മറ്റൊന്ന്, ചെലവ് കുറക്കുക. രണ്ടാമത്തെ മാർഗമാണ് കൂടുതൽ എളുപ്പം. അതിനുള്ള സുവർണാവസരമായിരുന്നു 2018ലെ പ്രളയം. എന്നാൽ, നമ്മൾ അതിനു തയാറായില്ല. അർഹതപ്പെട്ടവരുടെ ശമ്പളമോ പെൻഷനോ വെട്ടിക്കുറച്ചല്ല, സാമ്പത്തിക അച്ചടക്കം കർശനമായി പാലിച്ച് സർക്കാർ തന്നെ മാതൃക കാട്ടേണ്ടിയിരിക്കുന്നു. കൂട്ടുകക്ഷിഭരണം, കൂടുതൽ മന്ത്രിമാരെയും പി.എസ്.സി അംഗങ്ങളെയും വ്യത്യസ്ത ബോർഡ്, ചെയർമാന്മാരെയും സൃഷ്ടിക്കുമ്പോൾ ബാധ്യത വരുന്നത് സംസ്ഥാനത്തിനാണ്. സൗജന്യസേവനങ്ങൾ വർധിപ്പിക്കുക നല്ല ഭരണതന്ത്രമേയല്ല. ജനക്ഷേമ പെൻഷനുകൾക്ക് തുക വർധിപ്പിച്ചത് മാതൃകാപരമാണെങ്കിലും, സൗജന്യ സേവനങ്ങൾ അത്യാവശ്യക്കാർക്കു മാത്രമായി പരിമിതപ്പെടുത്തണം. സർക്കാർ നിർമിച്ച പാലങ്ങളിൽനിന്ന് നാമമാത്ര ടോളുകൾ പിരിക്കുന്നതും ആലോചിക്കാമായിരുന്നു.
ചെലവിന് ആനുപാതികമായി വരവുണ്ടാകുന്നില്ല എന്നതും ശമ്പളത്തിനും ജോലിക്കയറ്റത്തിനും ഉൽപാദനക്ഷമത മാനദണ്ഡമാകുന്നില്ല എന്നതുമാണ്, എല്ലാ പൊതുമേഖല സ്ഥാപനങ്ങളുടെയും പ്രശ്നം. കോളജ് അധ്യാപകർ 16 മണിക്കൂർ ക്ലാസ് മാത്രം എടുക്കണമെന്ന് നിർദേശിച്ച സർക്കാറിന് കാലത്തിനനുസരിച്ച് ഓരോ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ജോലിഭാരം പുനഃക്രമീകരിക്കാമായിരുന്നു. ഏതാണ്ട് അഞ്ചര ലക്ഷം വരുന്ന സർക്കാർ ജോലികൾകൊണ്ട് കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ സാധ്യമല്ല, എങ്കിലും കഴിവുള്ള ചെറുപ്പക്കാർ പുറത്തുനിൽക്കുമ്പോൾ കഴിവില്ലാത്തവരെ സർക്കാർ നിലനിർത്തേണ്ടിവരുന്നത് കഷ്ടമാണ്.
പ്രതീക്ഷകൾ
നിർമിതബുദ്ധിയാണ് 21ാം നൂറ്റാണ്ടിലെ തുറുപ്പുശീട്ട്. അത് മുന്നിൽകണ്ട് പുതിയ ആശയങ്ങളുമായി വരുന്ന ചെറുപ്പക്കാർക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്റ്റാർട്ട്അപ് കേന്ദ്രങ്ങളുമായി കൂടെയുണ്ട്. സാങ്കേതികജ്ഞാനം നേടിയ കുട്ടികൾക്ക് ഈ മേഖലയിൽ ധാരാളം അവസരങ്ങൾ ലഭിക്കും. ഇവർക്ക് കെ-ഫോൺ പദ്ധതി മുതൽക്കൂട്ടാകും. സാങ്കേതികവിദ്യയുടെ സഹായത്തോടെ, വെജിറ്റബ്ൾ തോട്ടം എന്ന ആശയം സാർവത്രികമാക്കിയാൽ ഇറക്കുമതി കുറക്കാം. സോളാർ എനർജി ഉപയോഗിക്കാനും മഴവെള്ളം സംഭരിക്കാനുമുള്ള ആത്മാർഥ സമീപനങ്ങൾ ഇനിയും ആരംഭിച്ചില്ലെങ്കിൽ കേരളം ഉടൻതന്നെ മറ്റു ചില പ്രതിസന്ധികൾകൂടി നേരിടേണ്ടിവന്നേക്കും. ലോകമെമ്പാടും ഉറ്റുനോക്കുന്ന നീല സമ്പദ്വ്യവസ്ഥക്ക് കേരളത്തിെൻറ 590 കിലോമീറ്ററോളം വരുന്ന കടലോരം വൻ സാധ്യതയാണ് തുറന്നുതരുന്നത്.
നമുക്കു വേണ്ടത്, സാമ്പത്തികനിലയെപ്പറ്റിയുള്ള വ്യക്തമായ ധാരണയും അത് ജനങ്ങളോട് തുറന്നുപറയാനുള്ള ആർജവവും മുഖ്യധാരാ കക്ഷികൾക്ക്, അത് ചർച്ചചെയ്യാനുള്ള മനസ്സുമാണ്. മന്ത്രിമാരുടെ എണ്ണം മുതൽ പ്രകൃതിവിനിയോഗം വരെ ചില പൊതുധാരണകളിലെങ്കിലും നമ്മൾ എത്തിച്ചേരേണ്ടതുണ്ട്. അല്ലെങ്കിൽ ഈ പ്രതിസന്ധി തകർക്കാൻ പോകുന്നത് സംസ്ഥാനത്തിെൻറ ഭാവിതന്നെയാണ്.
(കൊച്ചി 'കുഫോസി'ൽ സ്കൂൾ ഓഫ് മാനേജ്മെൻറ് ആൻഡ് എൻറർപ്രണർഷിപ്പിൽ ഫാക്കൽറ്റി മെംബറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.