ലോകയുവത കാര്യങ്ങൾ തിരിച്ചറിയുന്നുണ്ട്
text_fieldsഫലസ്തീനി ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലണ്ടനിൽ നടന്ന യുവജന പ്രതിഷേധം
ഇസ്രായേൽ-ഗസ്സ യുദ്ധം മൂന്നുമാസം പിന്നിട്ടിരിക്കുന്നു. ഇനിയും മാസങ്ങളോളം തുടർന്നേക്കുമെന്നാണ് നിരീക്ഷക മതം. മനുഷ്യരും സർവ ചരാചരങ്ങളും നശിച്ചുകൊണ്ടിരിക്കുന്ന ദാരുണ കാഴ്ചകൾ നിറയവെ എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ടിരിക്കുന്നു ഐക്യരാഷ്ട്രസഭയും. ഇത് അമേരിക്ക സ്പോൺസർ ചെയ്തിരിക്കുന്ന യുദ്ധമാണ്. ഫീൽഡിൽ ആയുധമേന്തി നില്‍ക്കുന്നത് ഇസ്രായേലാണെന്നു മാത്രം! യുദ്ധം തുടർന്നുകൊണ്ടിരിക്കെ രണ്ടു തവണയാണ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൽ മേഖലയിൽ സന്ദർശനം നടത്തിയത്.
അതിനു തൊട്ടുമുമ്പെ അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക് സുല്ലിവനും മിഡിൽ ഈസ്റ്റ് വിഷയങ്ങളിൽ പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ഉപദേശകനായ ബ്രെറ്റ് മഖൂർകും ഇസ്രായേലിലെത്തുകയുണ്ടായി. അതിന് തൊട്ടുമുമ്പാണ്, ഇസ്രായേലി സേന തുടരുന്ന വിവേചനരഹിതവും വിവേകശൂന്യവുമായ ബോംബാക്രമണംമൂലം യുദ്ധവിരുദ്ധവികാരം അന്താരാഷ്ട്രതലത്തിൽ ശക്തിപ്പെടുകയാണെന്ന് ബൈഡൻ ഭരണകൂടം വിധിയെഴുതിയത്. ഈ അഭിപ്രായപ്രകടനത്തിന് പിന്നാലെ യുദ്ധത്തിൽ ഒരു നിയന്ത്രണമുണ്ടാകുമെന്നാണ് സാമാന്യ മനുഷ്യർ കരുതുക.
എന്നാൽ, മേഖലയിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് യുദ്ധം തുടരുന്നതാവശ്യമാണെന്ന സൂചനകളാണ് ഓസ്റ്റിന്റെ പ്രസ്താവനകളിലൂടെ പുറത്തുവന്നത്. കുഞ്ഞുങ്ങളെയും വൃദ്ധരെയും സ്ത്രീകളെയും കൊന്നൊടുക്കുന്നതിലൂടെ എങ്ങനെയാണ് മേഖലയിൽ സമാധാനം കൈവരികയെന്നത് ബൈഡൻതന്നെ വിശദീകരിക്കേണ്ട കാര്യമാണ്. ഇതെഴുതുമ്പോൾ, അമേരിക്കൻ കോൺഗ്രസിനെ മറികടന്ന് 147.5 മില്യൻ ഡോളറിനുള്ള ആയുധങ്ങൾ ഇസ്രായേലിലേക്കയക്കാൻ വീണ്ടും ബൈഡൻ തീരുമാനിച്ചതായി വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു!
ഉണരുന്ന പുതുതലമുറ
പാശ്ചാത്യ ലോകത്തെ യുവത കാര്യങ്ങളെ വിമർശനബുദ്ധ്യാ നോക്കിക്കാണാൻ നിർബന്ധിതരായിരിക്കുന്നു. കള്ളം പറയുന്നത് ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്നാൽ കേൾവിക്കാർ എന്തു ചെയ്യും? സി.എൻ.എൻ, ബി.ബി.സി, ഫ്രാൻസ്-24 തുടങ്ങിയ പാശ്ചാത്യ മാധ്യമങ്ങൾ ശ്രവിച്ചുകൊണ്ടിരുന്ന ന്യൂയോർക്കിലെയും ലണ്ടനിലെയും യൂനിവേഴ്സിറ്റി വിദ്യാർഥികൾ സംശയിക്കാൻ തുടങ്ങി,
‘ഇതെന്താ ഇസ്രായേലി മരണസംഖ്യ മാത്രം മാറാതിരിക്കുന്നത്?’ വാർത്തകൾ ഇസ്രായേലിനനുകൂലമാക്കി വസ്തുതകൾ വളച്ചൊടിക്കാനുള്ള മാധ്യമശ്രമങ്ങളെ അവർ വെറുതെ വിട്ടില്ല. നേരത്തേ, ഹമാസ് കുട്ടികളെ തലയറുത്ത് കൊന്നുവെന്ന് ബൈഡൻ നടത്തിയ വ്യാജ പരാമർശം ഏറെ പരിഹസിക്കപ്പെട്ടിരുന്നു.
ബ്രിട്ടീഷ് യൂനിവേഴ്സിറ്റികളിൽ നടത്തിയ അഭിപ്രായ സർവേ വ്യക്തമാക്കിയത് യുവജനങ്ങൾക്കിടയിൽ പാശ്ചാത്യ മാധ്യമങ്ങളോടുള്ള വിശ്വാസത്തകർച്ച നാലിരട്ടിയായെന്നാണ്. റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെയും ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തെയും ഇരട്ടത്താപ്പോടെ കാണുന്ന പാശ്ചാത്യ നിലപാടിനെ അവർ ചോദ്യം ചെയ്യുന്നു. ലോകത്ത് സാമ്പത്തിക-ആരോഗ്യ- സൈനിക-വിദ്യാഭ്യാസ മേഖലകളിലെല്ലാമുള്ള പ്രശ്നങ്ങളുടെ മൂലകാരണം പാശ്ചാത്യ മുതലാളിത്തമാണെന്നവർ മനസ്സിലാക്കുന്നു!
ഗസ്സയിൽ മരണസംഖ്യ 23357 കവിഞ്ഞിരിക്കുന്നു. ഇതിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഇത് അമേരിക്കയുടെ ചെയ്തിയാണെന്നാണ് അവിടത്തെ യുവാക്കൾ വിലയിരുത്തുന്നത്. രണ്ടു ലക്ഷത്തിലേറെ ആളുകൾ അഭയമില്ലാതെ അലഞ്ഞുതിരിയുന്നു! അവർക്ക് വെള്ളവും വെളിച്ചവും ഇന്ധനവും ഭക്ഷ്യവസ്തുക്കളും വാര്‍ത്താവിതരണ സൗകര്യങ്ങളുമെല്ലാം തടയപ്പെട്ടിരിക്കുന്നു! യുദ്ധം തുടങ്ങിയ ഉടനെത്തന്നെ 2000 നാവികസേനാംഗങ്ങളെയും ആവശ്യമായ ആയുധങ്ങളും അനുബന്ധ സാമഗ്രികളും നൽകി പിന്തുണച്ചിരുന്നില്ലെങ്കിൽ ഇസ്രായേൽ കൂപ്പുകുത്തിയേനെ എന്നാണ് അമേരിക്കയിലെ യുവജനങ്ങൾ ഇപ്പോൾ വിലയിരുത്തുന്നത്.
ബൈഡനെ അവർ തടവിലാക്കുന്നു!
ജോ ബൈഡൻ ഭീതിയിലാണോ? ചെല്ലുന്നിടത്തൊന്നും അദ്ദേഹത്തിന് സ്വസ്ഥത ലഭിക്കാൻ സാധ്യതയില്ല. കൊളറാഡോ തലസ്ഥാനമായ ഡെൻവറിൽ രാപ്പാർക്കാനെത്തിയ ബൈഡനെ ഒരുകൂട്ടം യുവാക്കൾ താമസിച്ച ഹോട്ടലിൽ ഉപരോധിച്ചതായി റിപ്പോർട്ട് കണ്ടു. അവർ കാരണം പറഞ്ഞത്, വംശഹത്യ ചെയ്യുന്ന ആർക്കും സ്വസ്ഥത ലഭിക്കാൻ പാടില്ലെന്നാണ്! ഫലസ്തീൻ അനുകൂല പ്രകടനത്തെ അധികാരികൾ എതിര്‍ത്തതിൽ പ്രതിഷേധിച്ച് മസാചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ ഒരുദിവസം മുഴുക്കെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു കെട്ടിടം കൈയേറി. അമേരിക്കയിലും ബ്രിട്ടനിലും മാത്രമല്ല, യൂറോപ്പിലെ ഏതാണ്ടെല്ലാ നഗരങ്ങളിലും സയണിസ്റ്റ് ഭീകരതയെ എതിർത്ത് യുവജന പ്രകടനങ്ങൾ നടക്കുന്നുണ്ട്.
ലോകരാഷ്ട്രങ്ങളിൽ വലതുപക്ഷ ചിന്ത ശക്തിപ്പെടുന്നുവെന്ന് നാം ആകുലപ്പെടുമ്പോൾതന്നെ അതിക്രമങ്ങളുടെയും സമഗ്രാധിപത്യത്തിന്റെയും വക്താക്കളോട് വിസമ്മതം അറിയിക്കുന്ന ഒരു യുവസമൂഹം ഉണർന്നിരിക്കുന്നു എന്നതിനെക്കാൾ പ്രതീക്ഷ പകരുന്ന കാര്യം മറ്റെന്തുണ്ട്?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.