പേഴ്സനൽ ബോർഡിൽനിന്ന് ഏറെ പഠിക്കാനുണ്ട്
text_fieldsകഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ബംഗളൂരുവിൽ ചേർന്ന ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡിന്റെ കൗൺസിൽ സമ്മേളനം ഇന്ത്യൻ മുസ്ലിംകൾക്ക് ഒട്ടേറെ നല്ല പാഠങ്ങൾ പകരുന്നതായിരുന്നു. വിവിധ ചിന്താധാരകളും സംഘടനകളും പ്രസ്ഥാനങ്ങളുമായി വേർതിരിക്കപ്പെട്ട് പോയ ഇന്ത്യയിലെ മുസ്ലിംകൾക്ക് അവരുടെ പൊതു കാര്യങ്ങൾക്കായി ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ കൂടിയിരുന്ന് ആലോചനകളും ചർച്ചകളും നടത്തി ക്രിയാത്മകമായ തീരുമാനങ്ങളെടുത്ത്...
കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ബംഗളൂരുവിൽ ചേർന്ന ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡിന്റെ കൗൺസിൽ സമ്മേളനം ഇന്ത്യൻ മുസ്ലിംകൾക്ക് ഒട്ടേറെ നല്ല പാഠങ്ങൾ പകരുന്നതായിരുന്നു. വിവിധ ചിന്താധാരകളും സംഘടനകളും പ്രസ്ഥാനങ്ങളുമായി വേർതിരിക്കപ്പെട്ട് പോയ ഇന്ത്യയിലെ മുസ്ലിംകൾക്ക് അവരുടെ പൊതു കാര്യങ്ങൾക്കായി ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ കൂടിയിരുന്ന് ആലോചനകളും ചർച്ചകളും നടത്തി ക്രിയാത്മകമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കാനാവുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഈ മഹാസമ്മേളനം. അതിൽ പങ്കെടുത്തവർ തമ്മിൽ പുലർത്തിപോരുന്ന ബഹുമാനവും ആദരവും ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
പ്രമുഖ ഹനഫീ പണ്ഡിതനും പേഴ്സനൽ ലോ ബോർഡ് പ്രസിഡന്റുമായ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനിയെ അഹ് ലെ ഹദീസ് പ്രസിഡന്റ് മൗലാനാ അസ്ഗർ അലി ഇമാം മഹ്ദി അസ്സലഫി അഭിസംബോധന ചെയ്തത് ഫഖീഹെ അസ്ർ ( ഈ കാലഘട്ടത്തിന്റെ മഹാപണ്ഡിതൻ ) എന്നായിരുന്നു. ഓരോ പണ്ഡിതരെക്കുറിച്ചും മറ്റു പണ്ഡിതർ പറഞ്ഞത് ഹസ്റത്ത് മൗലാനാ സാഹിബ് ( ബഹുമാന്യ പണ്ഡിതൻ ) എന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു.
അവർ ഒന്നിച്ചിരുന്നു ചർച്ചകൾ നടത്തി, പരസ്പരം സലാം പറഞ്ഞ് ഹസ്തദാനം നടത്തി ആശ്ലേഷിച്ചു, ഒന്നിച്ച് നമസ്കരിച്ചു, ഒന്നിച്ച് ഭക്ഷണം കഴിച്ചു, ഒരേ മുറിയിൽ ഉറങ്ങി. എല്ലാം അതിമനോഹരവും അതിലേറെ വശ്യവുമായിരുന്നു. ഈയടുത്ത് പാണക്കാട് സാദിഖ് അലി തങ്ങൾ കോഴിക്കോട്ടെ ഒരു പരിപാടിയിൽ പറഞ്ഞതോർത്തു പോയി-‘‘നമ്മൾ ഒന്നാവേണ്ട , ഒന്നാവാൻ കഴിയില്ല, ഒന്നിച്ചിരുന്നാൽ മതി’’ എന്ന് .
1973 ൽ ഹൈദരാബാദിൽ വെച്ച് ഖാരി ത്വയ്യിബ് ഖാസിമി, മൗലാനാമിന്നത്തുല്ലാഹ് റഹ്മാനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുസ്ലിം പേഴ്സനൽ ലോ ബോർഡ് ആരംഭിച്ചത്. പിന്നീട് മൗലാനാ മുജാഹിദുൽ ഇസ്ലാം ഖാസിമി നേതൃത്വമേറ്റെടുത്തു. മൗലാനാ അബുൽ ഹസൻ നദ് വിയാണ് ദീർഘകാലം ബോർഡിനെ നയിച്ചിരുന്നത്. പിന്നീട് മൗലാനാ റാബി നദ് വി നേതൃത്വം നൽകി. ഹൈദരാബാദിൽനിന്നുള്ള മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനിയും മൗലാനാ ഫസ് ലുറഹിം മുജദ്ദിദി (ജയ് പുർ) എന്നിവരാണ് ഇപ്പോൾ പ്രസിഡന്റും സെക്രട്ടറിയും.
ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ മതാചാര പ്രകാരം ജീവിക്കാൻ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച അവകാശത്തിന്നെതിരിൽ പലപ്പോഴും ഉയർന്നുവരുന്ന വെല്ലുവിളികളെ നിയമപരമായും ആശയപരമായും നേരിടാൻ ബോർഡ് നേതൃത്വം നൽകുന്നു. ഏക സിവിൽ കോഡ്, പൗരത്വ നിയമം, വിവാഹ- വിവാഹമോചന നിയമങ്ങൾ, അനന്തരാവകാശം, മതസ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു.
അതോടൊപ്പം സമുദായത്തിന്റെ ധാർമിക പുരോഗതിക്കാവശ്യമായ നിർദേശങ്ങൾ അവതരിപ്പിക്കുകയും സ്ത്രീകളുടെ പുരോഗതിക്കും സുരക്ഷക്കും വേണ്ടി പദ്ധതികളാവിഷ്കരിക്കുകയും ചെയ്യുന്നു. ബഹുസ്വര സമൂഹത്തിൽ സാമുദായിക സൗഹാർദം മെച്ചപ്പെടുത്താനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾക്കായി ‘പൈഗാമെ ഇൻസാനിയത്ത്’ എന്ന ഒരു പദ്ധതിയും നടപ്പാക്കിവരുന്നുണ്ട്.
ബംഗളൂരു റഷാദിയ അറബിക് കോളജ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജംഇയ്യതുൽ ഉലമാ എ ഹിന്ദ് ദാറുൽ ഉലൂം വഖഫ് പ്രസിഡൻറ് മഹമൂദ് മദനി , അഹ് ലെ ഹദീസ് പ്രസിഡൻറ് അസ്ഗർ അലി ഇമാം മഹ്ദി, ജമാഅത്തെ ഇസ്ലാമി അമീർ സആത്തുല്ലാ ഹുസൈനി, പേഴ്സനൽ ലോ ബോർഡ് പ്രസിഡൻറ് മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി , മൗലാനാ ഫസ് ലു റഹിം മുജദ്ദിദി, വനിതാ പ്രതിനിധികളായ ഫാത്വിമാ മുസഫർ, ഉസ്മാ നിഹാദ്, ദാറുൽ ഉലൂം ദയൂബന്ദ്, നദ് വത്തുൽ ഉലമാ ലഖ്നോ തുടങ്ങിയ സ്ഥാപനങ്ങളിലെ പണ്ഡിതന്മാർ, ശീആ ബോറാ വിഭാഗം പ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.
സുന്നി, ശിആ, ഹനഫി, സലഫി, ദയൂബന്ദി, ബറേൽവി വ്യത്യാസങ്ങളൊന്നും വ്യക്തിനിയമ ബോർഡിന്റെ ബാനറിൽ ഒന്നിച്ച് പ്രവത്തിക്കുന്നതിന് തടസ്സമായില്ല. മുമ്പ് മക്കയിലും ലണ്ടനിലും മൊറോക്കോയിലും മലേഷ്യയിലും ഈജിപ്തിലും ബഹ്റൈനിലും നടന്ന ചില ആഗോള മുസ്ലിം പണ്ഡിത സമ്മേളനങ്ങളിൽ പങ്കെടുത്തപ്പോൾ അവിടെയെല്ലാം പ്രകടമായതും ഈയൊരു വികാരം തന്നെയായിരുന്നു.
കേന്ദ്ര സർക്കാർ കൊണ്ടുവരാൻ പോവുന്ന വഖഫ് നിയമ ഭേദഗതിക്കെതിരെ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ ആയിരങ്ങൾ പങ്കെടുത്ത പൊതുസമ്മേളനത്തിൽ മുസ്ലിം പണ്ഡിതർക്ക് പുറമെ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിച്ച് അന്തസ്സോടെ ജീവിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനായി സംസാരിച്ചു. ശരിയാണ്, നാം ഒന്നാവേണ്ട, ഒന്നിച്ചിരുന്നാൽ മതി!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.