അവർക്കുമുണ്ട് മൗലികാവകാശം
text_fieldsഹിന്ദു പെൺകുട്ടി മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നതും ക്രിമിനൽ പശ്ചാത്തലമുള്ളയാളെ പെൺകുട്ടി ഇഷ്ടപ്പെടുന്നതുമൊന്നും ആദ്യമല്ല
ജീവനും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിച്ചുകിട്ടാൻ ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശം മറ്റെല്ലാ പൗരന്മാർക്കുമെന്നപോലെ ഹാദിയക്കും ഉണ്ട് എന്ന് സുപ്രീംകോടതി പ്രഥമദൃഷ്ട്യാ അംഗീകരിച്ചു എന്നതാണ് ഇൗ വിധിന്യായത്തിെൻറ പ്രത്യേകത. ഇൗ സ്വാതന്ത്ര്യം രക്ഷിതാക്കൾക്ക് ഇഷ്ടമല്ലെന്നതോ ഏതെങ്കിലും മതവിഭാഗത്തിൽെപട്ടവർക്ക് സമ്മതമല്ലെന്നതോ ഇതിന് തടസ്സമായില്ല. ഹാദിയ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സ്വമേധയാ ഉള്ളതാണോ ബാഹ്യശക്തികളുടെ പ്രേരണയെത്തുടർന്നുള്ളതാണോ എന്ന് പരിശോധിക്കാൻ സുപ്രീം കോടതി തയാറായിരിക്കുന്നു. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമുമ്പ് ഇത്തരമൊരു സൂക്ഷ്മപരിശോധന സ്വാഗതാർഹമാണ്. എന്നാൽ, 127 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് ഇത്തരം കാര്യങ്ങളിലേക്ക് പോകാൻ പരമോന്നത നീതിപീഠത്തിന് സമയമോ വിഭവശേഷിയോ ഇല്ല എന്ന കാര്യവും മനസ്സിലാക്കണം.
വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുക എന്ന അപരിമിതമായ ഭരണഘടനാതത്ത്വത്തിനപ്പുറം പ്രകടിപ്പിക്കപ്പെടാത്ത മറ്റ് കാര്യങ്ങളെ പരിഗണിക്കുന്ന രീതിയിലേക്ക് ഹാദിയ കേസ് എത്തിയത് എത്രത്തോളം ശരിയാണ് എന്ന് പരിശോധിക്കണം. ഇത് നല്ലൊരു പ്രവണതയായി ഞാൻ കാണുന്നില്ല. ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താൻ മാധ്യമങ്ങൾ ഉൾപ്പെടെ ബന്ധപ്പെട്ട കക്ഷികൾ പരിശ്രമിക്കുന്നത് പൊതുതാൽപര്യത്തിന് നിരക്കുന്നതല്ല. ചുരുങ്ങിയ മേഖലയിൽ കൈകാര്യം ചെയ്യപ്പെടേണ്ടിയിരുന്ന ഒരു വിഷയമാണിത്.
ആരോപിക്കപ്പെടുന്നതുപോലെ വിധ്വംസകശക്തികളുടെയോ സാമ്പത്തികശക്തികളുടെയോ പ്രേരണയുണ്ടെങ്കിൽ അത് മറ്റ് രീതിയിൽ കൈകാര്യം ചെയ്യാൻ നിലവിലെ നിയമസംവിധാനത്തിന് കഴിയും. പൗരസ്വാതന്ത്ര്യം സംരക്ഷിക്കാൻ കോടതിയിലെത്തുന്ന ഒരു കേസിലല്ല ഇത് കൈകാര്യം ചെയ്യപ്പെടേണ്ടത്. ഹാദിയക്ക് മാനസികസമനില ഇല്ല എന്ന വാദം നിർഭാഗ്യവശാൽ ഉയരുകയും മനോരോഗവിദഗ്ധനുപകരം കോടതി ഇക്കാര്യം പരിശോധിച്ച് തീർപ്പുകൽപ്പിക്കേണ്ടി വരുകയും ചെയ്യുന്ന സാഹചര്യം ആശങ്ക ഉളവാക്കുന്നതാണ്. സ്വാഭാവികമായി തീരേണ്ട കാര്യങ്ങൾ അസ്വാഭാവികമായ വഴികളിലൂടെ സഞ്ചരിക്കുന്നതാണ് ഇവിടെ കണ്ടത്.
ഹിന്ദു പെൺകുട്ടി മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നതും ക്രിമിനൽ പശ്ചാത്തലമുള്ളയാളെ പെൺകുട്ടി ഇഷ്ടപ്പെടുന്നതുമൊന്നും ആദ്യമല്ല. മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നിയമസംവിധാനം അതിേൻറതായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതിനുപകരം നീതിന്യായസംവിധാനത്തെ ഇതിലേക്ക് വലിച്ചിഴക്കുന്ന പ്രവണത ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാൻ കഴിയില്ല.
ഹൈകോടതിയിലെ സീനിയർ അഭിഭാഷകനാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.