സുശാസൻ ബാബുവിന് അത്ര എളുപ്പമല്ല കാര്യങ്ങൾ
text_fieldsബിഹാറിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം എന്നും ജാതിസമവാക്യങ്ങളിൽ ചുറ്റിത്തിരിയുകയായിരുന്നു. അതിന്നും അങ്ങനെത്തന്നെ. ബിഹാറിലെ ജാതിരാഷ്ട്രീയത്തിന് ശക്തമായൊരു ചരിത്രമുണ്ട്. ബ്രിട്ടീഷ്ഭരണത്തിലെ മൊണ്ടേഗു-ചെംസ്ഫോർഡ് ഭരണപരിഷ്കാരത്തെ തുടർന്ന് നടന്ന 1922ലെ പ്രവിശ്യ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം ബ്രിട്ടീഷുകാർക്ക് നികുതി നൽകുന്നവർക്കു മാത്രമായിരുന്നു. ഭൂവുടമകളിൽ ഏറിയ പങ്കും മേൽജാതിക്കാരായതിനാൽ അവർക്കേ നികുതിദായകരാകാൻ അവസരമുണ്ടായുള്ളൂ. സമ്മതിദാനാവകാശവും അവരിൽ പരിമിതപ്പെട്ടു. ജനസംഖ്യയിൽ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും ദലിതുകൾക്കും പിന്നാക്കക്കാർക്കും വോട്ടവകാശം നിഷേധിക്കപ്പെട്ടു.
വോട്ടുകൾ മേൽജാതിക്കാരായ സമ്പന്നവിഭാഗത്തിനു തീറെഴുതപ്പെട്ടതിനാൽ പ്രവിശ്യാ കൗൺസിലുകളിൽ മേൽജാതിക്കാരുടെ പ്രതിനിധികൾ മാത്രമാണുണ്ടായിരുന്നത്. 1928 ഡിസംബർ ഒമ്പതിന് ബിഹാർ-ഒഡിഷ മേഖലയിലെ ഭരണപരിഷ്കാരപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ജെ.ജെ.എ. ഹബ്ബാക് ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമീഷൻ സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിൽ ജാതിസന്തുലനത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജനസംഖ്യയിൽ 13 ശതമാനം മാത്രമുള്ള മേൽജാതിക്കാർക്കാണ് പ്രവിശ്യ കൗൺസിലിൽ 65 ശതമാനം പ്രാതിനിധ്യം എന്ന് റിപ്പോർട്ട് പറയുന്നു. ബിഹാറിലെ ജാതിരാഷ്ട്രീയത്തിന് നൂറ്റാണ്ടിനും പിറകിലേക്ക് പഴക്കമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ഇതിൽനിന്നു പാഠമുൾക്കൊണ്ടാണ് 1990 ൽ ലാലു പ്രസാദ് യാദവ് പതിറ്റാണ്ടുകളുടെ ഭരണപാരമ്പര്യമുള്ള കോൺഗ്രസ് ഗവൺമെൻറിനെ അധികാരത്തിൽനിന്നു തൂത്തെറിഞ്ഞത്.
രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ദലിത്-പിന്നാക്കവിഭാഗങ്ങളെയും ബി.ജെ.പി മുന്നാക്കജാതികളെയും പ്രതിനിധാനം ചെയ്യുന്നുവെന്നതാണ് ബിഹാറിലെ പൊതുചിത്രം. സ്വന്തമായ വോട്ട്ബാങ്ക് ഉണ്ടെന്നു പറയാനാവാത്ത ജനതാദൾ (യുനൈറ്റഡ്) തെരഞ്ഞെടുപ്പുകളിൽ തരംപോലെ വിവിധ വംശീയകാർഡുകൾ ഇറക്കുകയാണ് പതിവ്.
ബിഹാറിൽ പട്ടികജാതിക്കാർക്ക് 38 സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ ഇൗ സീറ്റുകളിലെ ജയപരാജയങ്ങൾ ശ്രദ്ധിച്ചാൽ ഏതെങ്കിലും ഒരു പാർട്ടിയിലേക്കുമാത്രം ദലിതുകളും പിന്നാക്കവിഭാഗങ്ങളും കേന്ദ്രീകരിച്ചതായി കാണാനാവില്ല. 1995ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജനതാദൾ 30 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പിക്ക് നാലെണ്ണം നേടാനേ കഴിഞ്ഞുള്ളൂ.
2000ത്തോടെ ജനതാദൾ രണ്ടായി. ലാലുപ്രസാദ് യാദവ് ആർ.ജെ.ഡി രൂപവത്കരിച്ചു. മറുഭാഗത്ത് നിതീഷ്കുമാർ ജനതാദൾ യുനൈറ്റഡിന് രൂപംനൽകി. ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ലാലുവിെൻറ പാർട്ടി സംവരണസീറ്റുകളിൽ 25എണ്ണം നേടിയപ്പോൾ ബി.ജെ.പിക്ക് എെട്ടണ്ണം കിട്ടി. ജനതാദൾ-യുവിന് രണ്ടു സീറ്റുകൾ മാത്രം. ബാക്കി കോൺഗ്രസും ഝാർഖണ്ഡ് മുക്തിമോർച്ചയും ബി.എസ്.പിയും പങ്കുവെച്ചു.
2005 ആയതോടെ ദലിത് പിന്നാക്കവിഭാഗങ്ങൾക്ക് ലാലുവിെൻറ കാര്യത്തിൽ സംശയമായി. നിതീഷ്കുമാറായിരിക്കും കൂടുതൽ ഭേദം എന്നുകണ്ട് അങ്ങോട്ടു മാറി. അതിനു ചെറിയ ഫലവും കണ്ടു. 2005ലെ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു ഒമ്പതു സീറ്റുകൾ നേടി. ആർ.ജെ.ഡിക്ക് കിട്ടിയത് 12. ബി.ജെ.പി ആറു സീറ്റുകളും നേടി. നിതീഷിന് മതിയായ ഭൂരിപക്ഷം ഇല്ലാതായതിനാൽ അതേ വർഷം ഒക്ടോബറിൽ സംസ്ഥാനം രണ്ടാമതും തെരഞ്ഞെടുപ്പിലേക്കു നീങ്ങിയത് ജെ.ഡി.യുവും ബി.ജെ.പിയും സഖ്യമായി.
സഖ്യം തൂത്തുവാരിയത് ലാലുവിെൻറ കാൽച്ചുവട്ടിലെ മണ്ണുനീക്കി. അവർക്ക് ഏഴു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അങ്ങനെ ദലിതുകളും പിന്നാക്കക്കാരും ലാലുവിനെ കൈവിട്ടു. 2010ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇൗ പുതിയ സഖ്യത്തിൽനിന്ന് ബി.ജെ.പി വൻകൊയ്ത്ത് നടത്തി. അവർ 18 സീറ്റുനേടി 19 എണ്ണം നേടിയ ജെ.ഡി.യുവിെൻറ ഒപ്പത്തിനൊപ്പമെത്തി.
2013ൽ സഖ്യസമവാക്യം തിരുത്തി ബി.ജെ.പിയെ കൈവിട്ട് ജെ.ഡി.യു പിന്നെയും ലാലുവിനൊപ്പം കൂടി. 2015ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും ചേർത്ത് വിശാലമുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ 38 സംവരണസീറ്റുകളിൽ ബി.ജെ.പിക്ക് അഞ്ചേ നേടാനായുള്ളൂ. ജെ.ഡി.യു 11ഉം ആർ.ജെ.ഡി 13ഉം നേടിയപ്പോൾ കോൺഗ്രസും ചില്ലറ നേട്ടങ്ങളുണ്ടാക്കി. ഇൗ തെരഞ്ഞെടുപ്പ് ഫലങ്ങളെ 2010ലേതുമായി താരതമ്യം ചെയ്താൽ ദലിത്, പിന്നാക്കവിഭാഗങ്ങൾ നിതീഷിെൻറ കൂടെ ചേർന്നു എന്നു വ്യക്തമാകും.
ഭരണത്തിലേറിയതോടെ ദലിത്-പിന്നാക്ക വോട്ട്ബാങ്കിൽ കണ്ണുവെച്ച് നിതീഷ് പ്രവർത്തനം തുടങ്ങിയത് ഫലംചെയ്തുവെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം. ഇത് ചോരാതെ പോകാൻ ബദ്ധശ്രദ്ധനായിരിക്കുന്നുണ്ട് അദ്ദേഹം. ജാതി അധിഷ്ഠിത ജനസംഖ്യ കണക്കെടുപ്പിന് കേന്ദ്രത്തോട് അദ്ദേഹം ആവശ്യമുന്നയിച്ചത് ഇതിെൻറ ഭാഗമാണ്. പട്ടികജാതി-വർഗനിയമത്തിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ നടപടി ദ്രുതഗതിയിൽ പൂർത്തിയാക്കാൻ നിതീഷ് ഉത്തരവിട്ടതും ദലിത്, പിന്നാക്കവോട്ടിൽ കണ്ണുവെച്ചുതന്നെ. പട്ടികജാതിക്കാരൻ കൊല്ലപ്പെട്ടാൽ കുടുംബത്തിലൊരാൾക്ക് ഗവൺമെൻറ് ജോലി എന്നൊരു പ്രഖ്യാപനം കഴിഞ്ഞ മാസം നടത്തിയതും ഇൗ 'പ്രീണനനയ'ത്തിെൻറ ഭാഗംതന്നെ.
ലാലുവിനെക്കുറിച്ച് ബിഹാറിൽ പറയാറുള്ള ഒരു തമാശയുണ്ട്. ഗ്രാമീണമേഖലകളിൽ അദ്ദേഹം സന്ദർശനത്തിനു പോകുേമ്പാൾ വാഹനവ്യൂഹത്തിനു പിറകിൽ ഒരു വാട്ടർ ടാങ്കറും ഉണ്ടാകും. ദലിത് കോളനി വഴി കടന്നുപോകുേമ്പാൾ വല്ല കുട്ടികളെയും തുണിയുടുക്കാതെ കണ്ടാൽ വാട്ടർ ടാങ്കറിൽനിന്നു പൈപ്പ് നേരെ പിടിച്ച് കുട്ടിയെ കുളിപ്പിക്കും. ഏതു ദലിത് വീട്ടിലും കയറി അവരോടൊപ്പം ഒരു പന്തിയിലിരുന്ന് അവർ കൊടുക്കുന്ന ഭക്ഷണം കഴിക്കാനും അദ്ദേഹത്തിനു മടിയില്ല.
നിതീഷ്കുമാർ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹവും ദലിത് കോളനികളിലെത്തി, റിപ്പബ്ലിക്ദിനത്തിൽ പതാകയുയർത്താൻ. ലാലുവിനെപ്പോലെ നിതീഷും പിന്നാക്കജാതിക്കാർക്ക് ചില ജനപ്രിയ വാഗ്ദാനങ്ങളൊക്കെ നൽകിയെങ്കിലും അതൊന്നും കാര്യമായി നിലത്തിറങ്ങിയില്ല എന്നതാണ് ശരി. ജനങ്ങൾക്കിടയിൽ അദ്ദേഹത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണുള്ളത്. അതിനാൽ നിലവിലെ സാഹചര്യത്തിൽ ഒരു പ്രവചനം അസാധ്യമാണ് എന്നുതന്നെ പറയണം. എന്നാൽ ഒന്നുണ്ട്; ദലിതുകളും പിന്നാക്കവിഭാഗങ്ങളും വ്യാമോഹങ്ങൾ വെടിഞ്ഞാൽ സുശാസൻ ബാബു (മികച്ച ഭരണാധികാരി)വായി സ്വയംപ്രഖ്യാപിച്ച നിതീഷിന് തെരഞ്ഞെടുപ്പിൽ സാരമായ പരിക്കേൽക്കാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.