കനലണയാതെ ഒരു ലളിതജീവിതം
text_fieldsസ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനും ഉത്തരവാദ പ്രക്ഷോഭത്തിനും മുൻനിര നേതൃത്വം നൽകിയ കേരള രാഷ്ട്രീയത്തിലെ ത് രിമൂർത്തികളാണ് പട്ടം താണുപിള്ളയും ടി.എം. വർഗീസും സി. കേശവനും. സ്വാതന്ത്ര്യസമര നേതാവ്, തിരുവിതാംകൂറിലെ മന്ത്ര ി, തിരു-കൊച്ചിയിലെ മുഖ്യമന്ത്രി തുടങ്ങിയ പദവികളിൽ തിളങ്ങിയ സി. കേശവനെ ത്രിമൂർത്തികളിലെ പ്രമാണിയായി കരുതാം.
മൺമറഞ്ഞ് അമ്പതാണ്ട് കഴിഞ്ഞിട്ടും ജനഹൃദയങ്ങളിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു. സി. കേശവെൻറ ഭൂമിയേ ാളം താണ വിനയവും ലാളിത്യവും അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേശവെൻറ കോഴഞ്ചേരി പ്രസംഗം കേരളം കേട്ട സിംഹഗർജ നമായിരുന്നു. ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കുമെന്നു പറയാനുള്ള തേൻറടം അദ്ദേഹത്തിനു മാത്രമേ കാണൂ. നിരീശ്വരവാദിയായ സി. കേശവന് ശ്രീനാരായണ ഗുരു പ്രകാശഗോപുരവും കാറൽ മാർക്സ് പ്രചോദനവുമായിരുന്നു. ഭഗവാൻ കാറൽ മാർക്സ് എന്ന് വിശേഷിപ്പിക്കാനുള്ള തേൻറടവും അദ്ദേഹത്തിനുമാത്രം. ഗാന്ധിജി അദ്ദേഹത്തിന് വഴിയും സത്യവുമായിരുന്നു. രാജ്യത്തിെൻറ സ്വാതന്ത്ര്യമായിരുന്നു സി. കേശവെൻറ പ്രധാന ലക്ഷ്യം. സ്വസമുദായ നവീകരണത്തിനും അദ്ദേഹം കഠിനമായി അധ്വാനിച്ചു. ഗാന്ധിജിയിൽ ആകൃഷ്ടനാവുകയും ത്രിമൂർത്തികൾ ചേർന്ന് 1938ൽ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരിക്കുകയും ചെയ്തതിനെ തുടർന്നാണ് കേരളത്തിലുടനീളം സ്വാതന്ത്ര്യസമരം മഹാപ്രവാഹമായി മാറിയത്. എസ്.എൻ.ഡി.പി യോഗവും ശ്രീനാരായണ പ്രസ്ഥാനവും 1920കളിൽ അയിത്തത്തിനെതിരെയുള്ള പോരാട്ടത്തിലും ജാതിവിരുദ്ധ സമരത്തിലും ക്ഷേത്രപ്രവേശന വിളംബരത്തിലും മറ്റും ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ, ഇൗ പ്രക്ഷോഭങ്ങളെ ബുദ്ധിപൂർവം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ദേശീയ സമരവുമായി കൂട്ടിക്കെട്ടിയത് സി. കേശവനാണ്.
നിവർത്തന പ്രക്ഷോഭവും ക്ഷേത്രപ്രവേശന സമരവും ഉത്തരവാദഭരണ സമരവുമെല്ലാം അദ്ദേഹത്തിന് സ്വാതന്ത്ര്യത്തിലേക്കുള്ള കവാടങ്ങളായിരുന്നു. ഹൈന്ദവസമൂഹത്തിലെ പിന്നാക്കക്കാർ, മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്ക് സർക്കാർ നിയമനങ്ങളിലും നിയമസഭയിലും അർഹമായ പ്രാതിനിധ്യം നേടാനുള്ള നിവർത്തന പ്രക്ഷോഭത്തിലൂടെ ഇൗ ജനവിഭാഗങ്ങളെ സമരരംഗത്തിറക്കാൻ അദ്ദേഹത്തിന് സാധിച്ചു. സി. കേശവൻ നയിച്ച നിവർത്തന പ്രക്ഷോഭത്തിെൻറ പരിണിതഫലമായിരുന്നു 1936ലെ ക്ഷേത്രപ്രവേശന വിളംബരമെന്ന ചരിത്രസംഭവം. അനീതിക്കെതിരെയും അടിച്ചമർത്തലിനെതിരെയും അദ്ദേഹം നടത്തിയ സിംഹഗർജനം മൂലം സിംഹള സിംഹമെന്ന് സമുദായം അദ്ദേഹത്തെ വാഴ്ത്തി. വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിെൻറ പേരിൽ രണ്ടുവർഷം ജയിലിലടക്കപ്പെട്ടു. ശബ്ദഗാംഭീര്യവും ആശയഗാംഭീര്യവും നിറഞ്ഞ ആ പ്രസംഗം അദ്ദേഹത്തെ ചരിത്രപുരുഷനാക്കി. ആരാധന സ്വാതന്ത്ര്യം, വോട്ടവകാശം, സർക്കാർ ജോലി തുടങ്ങിയ പൗരാവകാശങ്ങൾ ഇൗഴവർക്കും മറ്റു പിന്നാക്കക്കാർക്കും നിഷേധിച്ച ദിവാനെതിരെ ‘സർ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല’ എന്നാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്.
സി. കേശവൻ ഒരു മികച്ച ഗായകനും കലാകാരനുമായിരുന്നു. സ്ഥാനമാനങ്ങളെ അദ്ദേഹം അവിചാരിതമായി എത്തിയ വിരുന്നുകാരെപ്പോലെ കരുതി. പാർട്ടിയും പ്രസ്ഥാനവും ഏൽപിച്ച കടമ നിറവേറ്റുക എന്നതിലുപരി അധികാരത്തോടും സ്ഥാനങ്ങളോടും പ്രത്യേക പ്രതിപത്തിയോ ആസക്തിയോ ഉണ്ടായിരുന്നില്ല. കോൺഗ്രസുകാരനായതിൽ അദ്ദേഹം എന്നും അഭിമാനിച്ചു. മരിക്കുന്നതിന് ഏതാണ്ട് ഒരുവർഷം മുമ്പ് സി. അച്യുത മേനോനോട് പറഞ്ഞത് ഇങ്ങനെ: ‘‘ലോക കാര്യങ്ങളിൽ എനിക്ക് താൽപര്യം കുറഞ്ഞുവരുന്നു. ഒന്നും ഒാർമയിൽ നിൽക്കുന്നില്ല. എങ്കിലും ഇന്നും ഞാൻ ഒരു കോൺഗ്രസുകാരനാണ്’’. എസ്.എൻ.ഡി.പി യോഗത്തിലും നിവർത്തന പ്രസ്ഥാനത്തിലും പ്രവർത്തിച്ചപ്പോഴും ‘ഭഗവാൻ കാറൽ മാർക്സ്’ എന്നു പറഞ്ഞപ്പോഴും മനസ്സ് കോൺഗ്രസിനോട് ചേർന്നുനിന്നു. അദ്ദേഹത്തിെൻറ രാഷ്ട്രീയം ആഴത്തിൽ വിശ്വസിച്ച ചില മൂല്യങ്ങളിൽ അധിഷ്ഠിതമായിരുന്നു. ഇന്ന് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പല നേട്ടങ്ങളുടെയും ആനുകൂല്യങ്ങളുടെയും പിന്നിൽ സി. കേശവനെപ്പോലുള്ളവരുടെ ചോരയും നീരുമുണ്ട്. കൃഷിക്കാർക്ക് സംരക്ഷണം നൽകുന്നതിനും കുടികിടപ്പുകാരുടെ അവശതകൾ പരിഹരിക്കുന്നതിനും തയാറാക്കിയ ഭൂനയ ബിൽ ഒരു പത്രം ചോർത്തി പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നിയമസഭയിൽ അവതരിപ്പിക്കാതിരുന്നത്. ചരിത്രത്തിൽ സ്ഥാനംപിടിക്കുമായിരുന്ന ഒരു നിയമനിർമാണമാണ് അകാലത്തിൽ പൊലിഞ്ഞുപോയത്.
ലളിതമായിരുന്നു ആ ജീവിതം. സ്വർണം സർപ്പത്തെപ്പോലെയാണെന്നും അത് എപ്പോഴാണ് കൊത്തുന്നതെന്ന് അറിയില്ലെന്നുമാണ് ഗാന്ധിശിഷ്യനായ അദ്ദേഹം മക്കൾക്ക് പറഞ്ഞുകൊടുത്തത്. മക്കൾക്ക് സ്വർണമാലയോ വളയോ ഒന്നും കൊടുത്തിട്ടില്ല. ധരിക്കാൻ അനുവദിച്ചതുമില്ല. കെ. ബാലകൃഷ്ണൻ ഒരിക്കൽ ഒരു സ്വർണച്ചെയിൽ ഇട്ടുകൊണ്ട് അച്ഛെൻറ മുന്നിൽ ചെന്നു. അദ്ദേഹം പൊട്ടിച്ചെറിയുകയാണ് ചെയ്തത്. ലളിതവും ശുദ്ധവുമായ ജീവിതം അദ്ദേഹം അടുത്ത തലമുറയിലേക്കും ജനങ്ങളിലേക്കും പകർന്നു. മുഖ്യന്ത്രി സി. കേശവൻ ഒരിക്കലും സ്വകാര്യ ആവശ്യത്തിന് സ്റ്റേറ്റ് കാർ ഉപയോഗിച്ചില്ല. സർക്കാറിെൻറ പണം അങ്ങനെ ധൂർത്തടിക്കാൻ പാടില്ലെന്ന് വിശ്വസിച്ച ഒരാൾ കേരളത്തിൽ ജീവിച്ചിരുന്നു എന്ന് ഇന്നാരും വിശ്വസിക്കണമെന്നില്ല. എങ്കിലും ചരിത്രത്തിലേക്ക് വല്ലപ്പോഴും തിരിഞ്ഞുനോക്കുന്നതും അവിടെനിന്ന് തീപ്പൊരികൾ ഏറ്റുവാങ്ങുന്നതും മുന്നോട്ടുള്ള പ്രയാണത്തിന് ആക്കം കൂട്ടും. ചില തീപ്പൊരികൾ എത്രകാലം കഴിഞ്ഞാലും അണയാതെ കിടക്കും.
കെ.പി.സി.സി അധ്യക്ഷനാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.