ഈ വള്ളം നിറയെ മീനല്ല, പ്ലാസ്റ്റിക്കാണ്
text_fieldsകോട്ടയം: കൊച്ചുവള്ളവുമായി മീനച്ചിലാറ്റിലേക്കിറങ്ങുന്ന കുമ്മനം അമ്പൂരം പള്ളിക്കണ്ടം ബഷീറിന്റെ ലക്ഷ്യം പിടക്കുന്ന മീനല്ല, ആറിന്റെ ജീവനെടുക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ്. ഏഴുവർഷമായി മീനച്ചിലാറ്റിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി ജീവിതമാർഗം കണ്ടെത്തുകയാണ് ഈ 70കാരൻ.
തടിപ്പണിയായിരുന്നു ആദ്യം. പ്രായമായതോടെ അതു നിലച്ചു. പിന്നെ മീനച്ചിലാറ്റിൽ ചൂണ്ടയിടാനിറങ്ങി. ഇതിനിടയിലാണ് ആറ്റിൽ നിറയുന്ന പ്ലാസ്റ്റിക് കുപ്പികൾ ശ്രദ്ധയിൽപെട്ടത്. അന്നുമുതൽ വള്ളത്തിൽ കയറിയത് പ്ലാസ്റ്റിക് കുപ്പികളാണ്.
രാവിലെ എട്ടരയോടെ വള്ളവുമായി ആറ്റിലേക്കിറങ്ങും. പടിഞ്ഞാറ് കുമരകം, കാഞ്ഞിരം വരെയും കിഴക്ക് ചുങ്കം വരെയും എത്തും.പ്ലാസ്റ്റിക് കുപ്പികൾ വെറുതെ കിട്ടുന്നു എന്നതു മാത്രമാണ് ലാഭം. ഏറെദിവസം മെനക്കെട്ടാലേ കാര്യമുള്ളൂ. വെയിൽ മൂക്കുമ്പോൾ കരയിൽ കയറും. വെള്ളക്കുപ്പികളാണ് മീനച്ചിലാറ്റിലെ മാലിന്യത്തിലധികവും. ഇവ വള്ളത്തിൽ ശേഖരിച്ച് കരയിൽ കൂട്ടിയിടും.
ഒരു ദിവസംകൊണ്ട് വള്ളം നിറഞ്ഞാലും തൂക്കം കുറവായിരിക്കും. കുറച്ചധികമായശേഷം സമീപത്തെ ആക്രിക്കടയിൽ വിൽക്കും. 20 കിലോയുടെ ചാക്കിൽ നിറച്ച് കൊടുത്താൽ 30 രൂപ കിട്ടും. ലൂസ് ആണെങ്കിൽ 18-20 രൂപ വരെയേ കിട്ടൂ. എത്ര എടുത്തുമാറ്റിയാലും വീണ്ടും ആറ്റിൽ പ്ലാസ്റ്റിക് കുപ്പികൾ നിറയുമെന്നതാണ് ബഷീറിന്റെ അനുഭവം. ചാക്കിൽക്കെട്ടി തള്ളുന്ന മറ്റു മാലിന്യവും ഏറെയാണ്.
അസുഖബാധിതനായതിനാൽ പ്ലാസ്റ്റിക് പെറുക്കൽ കുറേനാൾ നിർത്തിവെച്ചിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങി. കഴിയുന്നിടത്തോളം കാലം തുടരും. താൻ ചെയ്യുന്നത് വലിയ കാര്യമാണെന്നൊന്നും ബഷീർ കരുതുന്നില്ല. തന്നെക്കൊണ്ടാവുന്നതു ചെയ്യുന്നു; അത്ര മാത്രം. കുഞ്ഞുപാത്തുമ്മയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.