ഈ ഈദ് ആഘോഷത്തിമർപ്പിന്റെത്!
text_fieldsചുമ്മാ ജീവിക്കുകയാണെങ്കിൽ ജീവിതത്തിന് അർഥമൊന്നുമില്ല. ജീവിതത്തിന്റെ അർഥം മനുഷ്യൻ സൃഷ്ടിച്ചെടുക്കുകതന്നെ വേണം. ആ നിലക്ക് നോക്കുകയാണെങ്കിൽ കഴിഞ്ഞ രണ്ടുവർഷത്തെ റമദാനും ഈദുൽഫിത്റും അർഥസൃഷ്ടിക്കുള്ള വമ്പിച്ച അവസരങ്ങളാണ് മുസ്ലിംസഹോദരർക്ക് നൽകിയിട്ടുള്ളത്.
ആത്മശുദ്ധീകരണത്തിലൂടെയാണ് മനുഷ്യൻ ജീവിതാഘോഷത്തിന് അർഹത നേടേണ്ടത് എന്ന പാഠമാണല്ലോ റമദാൻ–ഈദുൽഫിത്ർ കൂട്ടുകെട്ടിെൻറത്. എന്നാൽ റമദാെൻറ ഈ ആത്മശുദ്ധീകരണ പ്രയോജനം കുറച്ചുകാലമായി ചിലർ ഇല്ലാതാക്കുന്നില്ലേ? കമ്പോളസംസ്കൃതി റമദാൻ മാസത്തെ വെറും കച്ചവടകാലമാക്കി മാറ്റുന്നില്ലേ? യഥാർഥ വിശ്വാസികളെപ്പോലും സമ്മർദത്തിലാക്കുന്ന തരത്തിലാണ് നേരം വെളിച്ചമായാൽ നോമ്പുതുറയുടെ ഒരുക്കമാനങ്ങൾക്കുവേണ്ടി മാലോകർ നെട്ടോട്ടമോടുന്നത്. ഇഫ്താർ പാർട്ടികളുടെ പത്രാസ് കൂട്ടാൻ ബന്ധപ്പെട്ടവർ പരാക്രമമടിക്കുന്നത്. പണ്ട് സഹോദരിമാരുടെ സ്നേഹവിരലുകളാൽ പകർന്നുകിട്ടിയിരുന്ന നോമ്പുതുറ വിഭവങ്ങൾ ഇന്ന് കച്ചവടച്ചരക്കായി റോഡരികിൽ ചത്തുമലക്കുകയാണ്. നോമ്പറുത്ത് മഗ്രിബ് നമസ്കാരം കഴിഞ്ഞാലും ആർത്തിപിടിച്ച തിരക്കുകൾക്ക് അവസാനമില്ല. വർണത്തിലും വെളിച്ചത്തിലും ചെത്തത്തിലും അർധരാത്രി വരെ അത് നീളുന്നു. അപ്പോൾ എവിടെയാണ് ആത്മശിക്ഷണത്തിനും വിശകലനത്തിനും ശുദ്ധീകരണത്തിനും മറ്റുമുള്ള ഇടവേളകൾ?!
ഈ അവസ്ഥയിലാണ് അർഥോൽപാദനത്തിെൻറ പുതുപുത്തൻ പാഠങ്ങളുമായി കോവിഡ് മഹാമാരി ഭൂലോകത്ത് അവതരിച്ചതെന്ന് തോന്നുന്നു. എത്ര കിറുകൃത്യമായാണ് ആത്മവിശകലനത്തിെൻറ, ശിക്ഷണത്തിെൻറ അനുശീലനങ്ങളിലേക്ക് കൊറോണ വൈറസ് മനുഷ്യരാശിയെ നയിച്ചിരിക്കുന്നതെന്നു നോക്കൂ. വെറുതെ കൂട്ടംകൂടരുത്, അലഞ്ഞുനടക്കരുത്, ചുറ്റിത്തിരിയരുത്. അതായത് പ്രവാചകൻ ഹിറാ ഗുഹയിൽ ചെയ്തതിന് സമാനമായി പരമാവധി അവനവെൻറ ഉള്ളകത്തേക്ക് തിരിയുക. മറ്റു മനുഷ്യരുമായി ശാരീരിക അകലം പാലിക്കുക. അതായത് പടച്ചതമ്പുരാനിലേക്ക് കൂടുതൽ അടുക്കുക. വൈറസ് പടരും എന്നതിനാൽ വർത്തമാനം, പ്രത്യേകിച്ച് ഉച്ചത്തിലുള്ള വർത്തമാനം കുറക്കുക. അതായത് സ്വയം വിമലീകരണമാർഗമായ ആത്മസംവാദത്തിെൻറ അളവ് കൂട്ടുക. ഇടക്കിടെ കൈകൾ സാനിെറ്റെസറോ സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കുക. അതായത് മനശ്ശുദ്ധിക്ക് അനിവാര്യമായ അംഗശുദ്ധി ഉറപ്പുവരുത്തുക. എവിടെയെങ്കിലും കയറി കണ്ണിൽക്കണ്ടത് തിന്നാതിരിക്കുക. അതായത് പ്രിയപത്നി പൊതിഞ്ഞുകെട്ടിക്കൊടുത്തിരുന്ന ആഹാരം മാത്രമാണ് വേദാവതാരത്തിെൻറ ആത്മധ്യാനനാളുകളിൽ നബി ഭക്ഷിച്ചിരുന്നതെന്ന് ഓർക്കുക.
ഇത്തരത്തിൽ വേണ്ടവണ്ണം റമദാൻ വ്രതാനുഷ്ഠാനം നടത്തിയിട്ടും ലോക്ഡൗൺ മൂലം തങ്ങൾക്ക് അർഹതപ്പെട്ട ഈദാഘോഷം സാധ്യമാകുന്നില്ലല്ലോ എന്ന് ചിലരെങ്കിലും വിഷമിക്കുമായിരിക്കും. പുറത്തിറങ്ങാൻ സാധിക്കുന്നില്ല, പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയുന്നില്ല, സ്വന്തക്കാരും ബന്ധക്കാരുമായി ഇടപഴകി ആഹ്ലാദിക്കാനുമാകുന്നില്ല. എന്നാൽ, മറ്റൊരു പുത്തൻ അർഥസൃഷ്ടിയിലൂടെ നിങ്ങൾക്ക് അതിന് വഴികൾ കണ്ടെത്താം. പുറത്തിറങ്ങാൻ സാധിക്കാത്തതിന് പകരം അവനവെൻറ ഉള്ളകങ്ങളിൽ പര്യടനം നടത്താം. ഭൂലോകം മുഴുവൻ പള്ളിയാണെന്ന നബിവചനപ്രകാരം വീട്ടുമുറിയോ ക്വാറൻറീൻ വാർഡോ പുണ്യസ്ഥലിയായി പരിവർത്തിപ്പിക്കാം. പിന്നെ സ്വന്തക്കാരും ബന്ധക്കാരുമായി ഒത്തുചേരുന്നതിെൻറ ആഹ്ലാദമാണ് ബാക്കി കിടക്കുന്നത്. ഒരു മുസ്ലിമിനെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട സ്വന്തക്കാരനും ബന്ധക്കാരനും മുഹമ്മദ് നബിയാണല്ലോ.
സ്വർഗത്തിന്റെ ശരിയായ സൗഭാഗ്യം റസൂലിന്റെ സാന്നിധ്യമാണെന്ന് അതിനാലാണ് പറയപ്പെട്ടിട്ടുള്ളത്. അപ്പോൾ പ്രവാചകെൻറ ജീവിതമുഹൂർത്തങ്ങളിലൂടെ സഞ്ചരിച്ച്് അവനുമായി താദാത്മ്യം പ്രാപിക്കലാകണം ഈ ലോക്ഡൗൺ കാലത്ത് ഒരു വിശ്വാസിയുടെ പെരുന്നാളാഘോഷം. കൊച്ചിലേ അൽഅമീനെന്ന ഖ്യാതികേൾപ്പിച്ച, എല്ലാ ഗോത്രമുഖ്യന്മാരെയും ഐക്യപ്പെടുത്തി കഅ്ബയിൽ ഹജറുൽ അസ്വദ് സ്ഥാപിച്ച, മാതാവിെൻറ കാൽക്കീഴിലാണ് സ്വർഗമെന്ന് പ്രഖ്യാപിച്ച, അടിമയായ സൈദിനെ സ്വന്തം പുത്രനായി വാഴിച്ച, അവസാനം വരെ മുസ്ലിമാകാത്ത പിതൃവ്യനെ മരണസമയത്ത് ആപാദചൂഢം സ്പർശിച്ച് നരകത്തിൽ പോകാതെ സൂക്ഷിച്ച, ജീവിതകാലം മുഴുവൻ േദ്രാഹിച്ച ഖുറൈശികൾക്ക് മാപ്പനുവദിച്ച, റസൂലിനെ മനസ്സിലേക്കെടുക്കുമ്പോൾ കവിളിലൂടെ ധാരയായി ഒഴുകുന്ന ആനന്ദക്കണ്ണീരിലും മഹത്തായ എന്ത് ആഘോഷത്തിമിർപ്പാണ് ഈദിനു വേണ്ടത്്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.