ഈ പോരാട്ടം വഞ്ചനക്കെതിരെ
text_fields'മുസ്ലിംകൾക്കെതിരായ വിവേചനം ഗുജറാത്തിൽ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ സൃഷ്ടിക്കാനാണ് ഹിന്ദുവർഗീയത കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് ഒരു സമുദായത്തിെൻറ സ്വത്വവും സുരക്ഷിതത്വവും ഉത്തരമില്ലാത്ത ചോദ്യങ്ങളായി നമ്മെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നത്'.- രാജ്യത്തെ മുസ്ലിം സമുദായത്തിെൻറ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി അന്വേഷണം നടത്തിയ ജസ്റ്റിസ് രജീന്ദർ സച്ചാർ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ പ്രശസ്ത ചരിത്രകാരൻ ഡോ. കെ.എൻ, പണിക്കർ എഴുതിയ വരികളാണിത്.
വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, ഗതാഗതം, ചികിത്സാസൗകര്യം, സർക്കാർ സർവിസ് പ്രാതിനിധ്യം എന്നിങ്ങനെ എല്ലാ മേഖലകളിലും പിന്നാക്കമായ മുസ്ലിംകൾ പലയിടത്തും ദലിതരേക്കാൾ മോശം സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നാണ് വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് വിശദമായ പഠനങ്ങൾ നടത്തിയ സച്ചാർ സമിതി കണ്ടെത്തിയത്. പിന്നാക്കാവസ്ഥ പരിഹരിക്കാൻ സമിതി മുന്നോട്ടുവെച്ച ശിപാർശകൾ കേന്ദ്ര മന്ത്രിസഭ പൂർണമായി അംഗീകരിക്കുകയും അടിയന്തരമായി നടപ്പിലാക്കാൻ ഡോ. മൻമോഹൻ സിങ് പതിനഞ്ചിന പരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്തു.
11ാം പഞ്ചവത്സര പദ്ധതിയിൽ ഇതിനുവേണ്ടി 5500 കോടി രൂപ വകയിരുത്തി. റിപ്പോർട്ട് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. അന്ന് കേരളം ഭരിച്ച ഇടതുസർക്കാർ സച്ചാർ ശിപാർശകൾ കേരളത്തിൽ എങ്ങനെ നടപ്പിലാക്കണമെന്ന് നിർദേശിക്കാൻ സി.പി.എം നേതാവും മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ്കുട്ടിയെ അധ്യക്ഷനാക്കി പുതിയ ഒരു കമ്മിറ്റിയെ നിയമിച്ചു. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സച്ചാർ കമ്മിറ്റിതന്നെ വ്യക്തമായ കർമപരിപാടികൾ നിർദേശിച്ചിരിക്കെ സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും പദ്ധതികൾ ബോധപൂർവം വൈകിക്കുകയാണെന്നും അന്നുതന്നെ മുസ്ലിം ലീഗും വിവിധ സംഘടനകളും ആരോപിച്ചിരുന്നു.
കേരളത്തിലെ മുസ്ലിം സമുദായത്തിെൻറ പിന്നാക്കാവസ്ഥ കണക്കുകൾ നിരത്തി അവതരിപ്പിച്ച പാലോളി കമ്മിറ്റി 'ഞങ്ങളുടെ കണ്ടെത്തലുകളും ശിപാർശകളും കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ സമുദായമായ മുസ്ലിം സമുദായത്തിന് അനുകൂല മാറ്റമുണ്ടാക്കുമെന്ന് പ്രത്യാശിക്കുന്നു' എന്ന് പറഞ്ഞാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ ഇടതുസർക്കാർ 2008ൽ ഓർഡർ നമ്പർ 278/2008 പ്രകാരം മുസ്ലിം പിന്നാക്ക വിദ്യാർഥിനികൾക്കായി സ്കോളർഷിപ്പുകളും മുസ്ലിം യുവജനങ്ങൾക്കായി സിവിൽ സർവിസ് പഠനപരിശീലന കേന്ദ്രങ്ങളും ആരംഭിച്ചു. 2008 മുതൽ 2012 വരെയുള്ള സർക്കാർ ഉത്തരവുകൾ 'സച്ചാർ/പാലോളി കമ്മിറ്റി ശിപാർശപ്രകാരം മുസ്ലിം വിദ്യാർഥിനികൾക്കായി/യുവജനങ്ങൾക്കായി' എന്ന തലക്കെട്ടോടെയായിരുന്നു. എന്നാൽ, മുസ്ലിംകൾക്ക് മാത്രമായി ഏർപ്പെടുത്തിയ ഈ പദ്ധതികളിൽ 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങൾക്കുകൂടി അനുവദിക്കാമെന്ന എൽ.ഡി.എഫ് നയത്തിെൻറ ഭാഗമായി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2011 ഫെബ്രുവരിയിൽ 20 ശതമാനം പിന്നാക്ക ൈക്രസ്തവർക്കുകൂടി വീതിച്ചുനൽകുകയാണ് ചെയ്തത്.
പിന്നാക്ക മുസ്ലിംകൾക്കുള്ള ആനുകൂല്യങ്ങൾ ന്യൂനപക്ഷങ്ങളുടെ പേരിൽ അറിയപ്പെട്ടതോടെ ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ 80 ശതമാനം മുസ്ലിംകൾ തട്ടിയെടുക്കുന്നു എന്ന സംഘ്പരിവാർ പ്രചാരണമുണ്ടായി. ഇതിനെതിരെ മിണ്ടാതിരുന്ന ഇടതുസർക്കാർ മനഃപൂർവം വിഭാഗീയതക്ക് കൂട്ടുനിന്നു. കേസ് കോടതിയിലെത്തിയപ്പോഴും സത്യാവസ്ഥ ബോധിപ്പിച്ചില്ല. ഇതേതുടർന്ന് ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമാക്കണമെന്ന ഉത്തരവ് കോടതിയിൽനിന്നുണ്ടായി. ഇതിനെതിരെ അപ്പീൽ പോകണമെന്ന ആവശ്യം പിണറായിസർക്കാർ അവഗണിച്ചു. മാത്രവുമല്ല, കോടതിവിധിയുടെ പേര് പറഞ്ഞ് സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമാക്കാനും തീരുമാനിച്ചു. മുസ്ലിം സമുദായത്തിെൻറ വികാരം പാടേ അവഗണിച്ചുകൊണ്ടാണ് സർക്കാർ ഈയൊരുനീക്കം നടത്തിയത്. സച്ചാർ റിപ്പോർട്ട് നടപ്പാക്കുന്നതിെൻറ പ്രാരംഭഘട്ടത്തിൽതന്നെ സച്ചാർ കമ്മിറ്റി റെക്കമെേൻറഷൻസ് സെൽ രൂപവത്കരിച്ചിരുന്നുവെങ്കിൽ ഇന്നത്തെ ദുരവസ്ഥ ഒഴിവാക്കാമായിരുന്നു.
കോടതിവിധി നീതീകരിക്കാൻ പറ്റാത്തതാണെന്നും സർക്കാർ മേൽക്കോടതിയെ സമീപിക്കുകയോ നിയമനിർമാണം നടത്തുകയോ ചെയ്യണമെന്നുമുള്ള മുസ്ലിം സംഘടനകളുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. സർവകക്ഷി യോഗത്തിലെ പൊതു അഭിപ്രായംപോലും മാനിക്കാതെയാണ് സർക്കാർ നിലപാടെടുത്തത്. സച്ചാർ കമ്മിറ്റി മുന്നോട്ടുവെച്ച ശിപാർശകൾ നടപ്പാക്കാൻ പറ്റാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ഈ ദുരവസ്ഥയിൽ കേരളത്തിലെ മുസ്ലിം സമുദായം ആശങ്കയിലാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സച്ചാർ സംരക്ഷണസമിതി രൂപവത്കരിച്ചത് ഈ ആശങ്കകൾ പരിഹരിച്ച് നീതി നടപ്പാക്കുന്നതിന് വേണ്ടിയാണ്.
മുസ്ലിംകൾക്ക് മാത്രമായി ശിപാർശ ചെയ്യപ്പെട്ട സച്ചാർ കമ്മിറ്റി പദ്ധതികൾ പ്രത്യേക സ്കീം ആവിഷ്കരിച്ച് മുസ്ലിംകൾക്ക് മാത്രമായിതന്നെ നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ കേരളത്തിലെ 16 മുസ്ലിം സംഘടന നേതാക്കൾ ധർണ നടത്തും. തുടർന്ന് മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിക്കും. ആവശ്യങ്ങൾ നടപ്പാക്കുന്നതുവരെ ഈ സമരം തുടരുകയും ചെയ്യും.
(സച്ചാർ സംരക്ഷണ സമിതി ചെയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.