ഇങ്ങനെയാണ് ഒരു പൊതുമേഖല സ്ഥാപനത്തെ കൊല്ലുന്നത്
text_fieldsസംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിൽ മുൻനിരയിലായിരുന്നു കാസർകോട് ബദ്രഡുക്കയിലെ കേരള ഇലക്ട്രിക്കൽ ആൻഡ് അലെയ്ഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ്. 12 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കമ്പനി നല്ല നിലക്ക് പ്രവർത്തിച്ചുപോന്നു. സ്ഥിരം, കരാർ വിഭാഗങ്ങളിലായി ഇരുന്നൂറോളം പേർക്ക് ജോലി. ട്രെയിനുകളിലെ എ.സി കമ്പാർട്ട്മെൻറുകളിൽ ആവശ്യമായ ആൾട്ടർനേറ്ററുകൾ, പവർ കാറുകൾ തുടങ്ങിയവയാണ് ഉൽപാദിപ്പിച്ചത്. പൊതുമേഖല സ്ഥാപനമായതിനാൽ ടെൻഡറില്ലാതെ തന്നെ യഥേഷ്ടം ജോലി കരാർ ലഭിച്ചു. ഇതെല്ലാം കണ്ട് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ) 'കെൽ' ഏറ്റെടുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കമ്പനി 'കെൽ' ഏറ്റെടുക്കുേമ്പാൾ കണ്ട സ്വപ്നങ്ങളെല്ലാം തകിടം മറിയുന്നതായി പിന്നീടുള്ള കാര്യങ്ങൾ. ജീവനക്കാരുടെ അന്നം മുടക്കിയ കമ്പനി ഇപ്പോൾ ഒരുവർഷമായി അടച്ചിട്ടിരിക്കുകയാണ്. ഒാഹരി വേണ്ടെന്ന് ഭെല്ലും പറഞ്ഞു. ഏറ്റെടുക്കലും പിന്മാറലും എല്ലാം ചതിയായിരുന്നോ. ഇതേക്കുറിച്ച് 'മാധ്യമം' നടത്തുന്ന അന്വേഷണം ഇന്നുമുതൽ.
കാസർകോട്: നാൽപത്തേഴുകാരനായ മലപ്പുറം പാണക്കാട് എടയ്പ്പാലം സ്വദേശി മുഹമ്മദ് ശരീഫ് ഇന്ന് വീട്ടിൽ പൂർണ വിശ്രമത്തിലാണ്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതിനെ തുടർന്നുണ്ടായ ആരോഗ്യാവസ്ഥ കാരണം ജോലിക്കൊന്നും പോവാൻ പറ്റുന്നില്ല. ശസ്ത്രക്രിയക്കായി നാലുലക്ഷത്തോളം രൂപ ചെലവായി. മുഴുവൻ തുകയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഒപ്പിച്ചെടുത്തത്. വീട് പണിത വകയിൽ അഞ്ചുലക്ഷത്തോളം കടം വേറെ.
ശസ്ത്രക്രിയക്കു ശേഷവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. രണ്ട് പെൺമക്കളിൽ മൂത്തവളുടെ വിവാഹം കഴിഞ്ഞു. 19കാരിയായ രണ്ടാമത്തെ മകൾ ഡിപ്ലോമക്കു പഠിക്കുന്നു. പ്ലസ് ടുവിന് പഠിക്കുന്ന ആൺകുട്ടിയാണ് ചെറുത്. ഇതാണ് ശരീഫിെൻറ കുടുംബം. വെള്ളക്കാർഡ് ആയതിനാൽ റേഷൻ ഇനത്തിലും കാര്യമായി ഒന്നും കിട്ടാനില്ല.
രോഗാവസ്ഥ ആർക്കും വരാം. പക്ഷേ, ശരീഫിനെ ഇൗ ഗതിയിലാക്കിയതിനുപിന്നിൽ വലിയൊരു കഥയുണ്ട്. 20ാമത്തെ വയസ്സിൽ സംസ്ഥാനത്തെ മികച്ച പൊതുമേഖല കമ്പനിയിൽ ജോലി നേടിയവനാണ് ഇൗ ഗതി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കെടുകാര്യസ്ഥതയിൽ തകർന്നുകൊണ്ടിരിക്കുന്ന കമ്പനിയുടെ ഇരയാണ് ഇയാൾ. കെൽ എടരിക്കോട് യൂനിറ്റിലാണ് ശരീഫിന് ജോലി ലഭിച്ചത്. 1993ൽ കരാർ ജോലിക്കാരനായി. '96ൽ സ്ഥിര നിയമനം. ഭാഗ്യവാൻ എന്ന് നാട്ടുകാരിൽ ചിലരെങ്കിലും വിശേഷിപ്പിച്ചവൻ. 2004ൽ കാസർകോട് യൂനിറ്റിലെത്തി.
കെൽ അല്ല ഭെൽ ഇ.എം.എൽ
കാസർകോട് കെൽ ഇന്നറിയപ്പെടുന്നത് ഭെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് (ഭെൽ ഇ.എം.എൽ) എന്നാണ്. രാജ്യത്തെ മഹാരത്ന കമ്പനിയായ ഭെൽ അഥവാ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് കാസർകോട് കെൽ യൂനിറ്റ് ഏറ്റെടുത്തതോടെയാണ് 180 ജീവനക്കാരുടെ ദുരിതം തുടങ്ങുന്നത്.
നല്ല രീതിയിൽ നടന്നുപോന്ന ഒരു പൊതുമേഖല സ്ഥാപനത്തിെൻറ കഥ കഴിയുന്നത് ഭെൽ ഏറ്റെടുത്തതോടെയാണ് എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ശമ്പളം മുടങ്ങിയതിനു പുറമെ കമ്പനി തന്നെ അടച്ചിട്ടിരിക്കുകയാണ് ഇപ്പോൾ. ശരീഫിെൻറ മാത്രം കഥയല്ലിത്. ജീവനക്കാരിൽ ബഹുഭൂരിഭാഗവും പട്ടിണിയുടെ വക്കിൽ.
പൊതുമേഖല സ്ഥാപനത്തിലെ ജോലി കാരണം നാട്ടുകാരുടെ മുന്നിൽ തരക്കേടില്ലാത്തവർ. റേഷൻ കാർഡ് ആണേൽ എ.പി.എൽ. ലോൺ അടവ് തെറ്റി. കുട്ടികളുടെ പഠനം അവതാളത്തിലായി. നിത്യോപയോഗ സാധനങ്ങൾക്കുപോലും കഷ്ടപ്പെടുന്നു. അഭിമാനക്ഷതം കാരണം പലരും എല്ലാം ഉള്ളിലൊതുക്കിക്കഴിയുന്നു.
തീതിന്ന് ജീവിക്കുന്ന കുടുംബങ്ങൾക്ക് കരളലിയിക്കുന്ന കഥകളാണ് പറയാനുള്ളത്. കണ്ണൂർ സ്വദേശിയായ വീട്ടമ്മയുടെ ജീവിതം ദുസ്സഹമാണ്. ഭർത്താവ് മരിച്ചതിനാൽ ആശ്രിത നിയമനം വഴിയാണ് അവർക്ക് ജോലി ലഭിക്കുന്നത്. കാൻസർ രോഗിയായ അമ്മയും ചെറിയ മൂന്നുമക്കളും ഉൾപ്പെടുന്നതാണ് കുടുംബം.
ഭർത്താവിെൻറ അഭാവം തന്നെ കുടുംബത്തിൽ ഏൽപിച്ച ക്ഷതം പറേയണ്ടതില്ല. എങ്കിലും ജോലി ആവശ്യാർഥം കണ്ണൂരിൽനിന്ന് കാസർകോേട്ടക്ക് വരുന്നു. വീട്ടുവാടകയും ചികിത്സ ചെലവുമെല്ലാം ഒരുവിധം ഒപ്പിച്ചുപോവുന്ന വേളയിലാണ് ശമ്പളം മുടങ്ങുന്നത്.
ഏകവരുമാനം നിലച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ നാട്ടിലേക്കുതന്നെ മടങ്ങി. വൃക്കരോഗിയായ മറ്റൊരു ജീവനക്കാരെൻറ ദയനീയ അവസ്ഥ പറയുേമ്പാൾ ജീവനക്കാർക്ക് തൊണ്ടയിടറും.
ഒരുവിധം ചികിത്സ നടത്തിവരുന്ന സമയത്താണ് ശമ്പളം മുടങ്ങിയത്. സഹപ്രവർത്തകനായി ചികിത്സഫണ്ട് ഒരുക്കുകയെന്ന ദൗത്യം പാതിവഴിയിൽ മുടങ്ങി. കഷ്ടതകൾ അധികം കാണാതെ അദ്ദേഹം വിടവാങ്ങി. ഇങ്ങനെ നീളുന്നതാണ് ജീവനക്കാരുടെ ദുരിതങ്ങൾ.
ആദ്യം ശമ്പളം മുടക്കി, പിന്നെ ജോലിയും
2018 മധ്യത്തിലാണ് ശമ്പളം മുടങ്ങിയത്. ശമ്പളമില്ലെങ്കിലും തൊഴിലെങ്കിലും ഉണ്ടല്ലോ എന്ന് ആശ്വസിച്ചിരിക്കെ കഴിഞ്ഞവർഷത്തെ ലോക്ഡൗണിെൻറ മറവിൽ (2020 മാർച്ചിൽ) കമ്പനി അടച്ചു. ലോക്ഡൗൺ മാറി നാട്ടിലെ എല്ലാ കമ്പനികളും തുറന്നിട്ടും ഇതുമാത്രം തുറന്നില്ല. ജോലിയും കൂലിയുമില്ലാതായതോടെ ജീവനക്കാർ പെരുവഴിയിലായി. ബൈപാസ് സർജറി കഴിഞ്ഞ ശരീഫിനെ പോലുള്ള ഒേട്ടറെ പേർ വഴിയാധാരമായി.
കമ്പനി സൊസൈറ്റിയിൽനിന്ന് മൂന്നുലക്ഷം വായ്പയെടുത്തതിന് ശരീഫിന് നോട്ടീസ് വരുന്നു. കമ്പനിയുണ്ടോ ഇല്ലേ എന്നതൊന്നും സൊസൈറ്റിക്ക് ബാധകമല്ല. ബാങ്കിൽനിന്ന് ഭവനവായ്പയെടുത്ത നൂറുകണക്കിന് ജീവനക്കാർ തീതിന്നു കഴിയുന്നു.
ജീവിത ചെലവിന് കൂലിപ്പണിക്കുപോകുന്നു. ഇതുകൊണ്ട് ബാങ്ക്ലോൺ അടക്കാൻ കഴിയാത്തവർ വീട്ടിലുള്ള ആഭരണങ്ങൾ വിറ്റും പണയും വെച്ചും ബാങ്ക് കടം വീട്ടുന്നു. കടം വാങ്ങി കുന്നുകൂടുന്നു. വലിയൊരു വഞ്ചനയാണ് കമ്പനി കൈമാറ്റത്തിലൂടെ നടന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.