ഇത് കഥയല്ല, മണിപ്പൂരിലെ ജീവിതം
text_fieldsവടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ഒരാഴ്ചയായി കൊള്ളക്കാരും കൊലപാതകികളും അരങ്ങുവാഴുകയാണ്. രാജ്യം ഭരിക്കുന്നവർ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കണ്ടില്ലെന്നു നടിച്ചു അവിടത്തെ മനുഷ്യരുടെ വിലാപവും വേദനയും. മണിപ്പൂരിൽ സംഭവിക്കുന്നതെന്തെന്ന് ദ ടെലിഗ്രാഫ് അസിസ്റ്റന്റ് എഡിറ്റർ ഉമാനന്ദ് ജയ്സ്വാൾ എഴുതുന്നു
‘‘ഞങ്ങളെ കാങ്പോപ്പിയിലേക്കു മാറ്റിയാൽ ബന്ധുക്കൾക്കൊപ്പമെങ്കിലും നിൽക്കാൻ കഴിഞ്ഞേനെ. അവിടേക്കു മാറ്റാൻ എന്തെങ്കിലും ചെയ്യണേ...’’ അത്യന്തം നിരാശാഭരിതമായ ശബ്ദത്തിൽ താങ്ഖോലെറ്റ് ഖോങ്സായി ഈ കുറിപ്പുകാരനോട് ഫോണിൽ പറഞ്ഞു.
മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ മന്ത്രിപുഖുരി മേഖലയിൽ അസം റൈഫിൾസ് സജ്ജമാക്കിയ ക്യാമ്പിലെ അയ്യായിരത്തോളം കുകി അഭയാർഥികളിലൊരാളാണ് 50 വയസ്സുള്ള ഈ പാസ്റ്റർ. ആരാധന നടത്തിവന്നിരുന്ന ചർച്ചും പഠിപ്പിച്ചിരുന്ന തിയോളജിക്കൽ കോളജും രണ്ടു പതിറ്റാണ്ടായി താമസിക്കുന്ന ക്വാർട്ടേഴ്സും ആക്രമികൾ തീവെച്ചുനശിപ്പിച്ചതോടെ ഖോങ്സായിയുടെ കുടുംബം വ്യാഴാഴ്ച മുതൽ ക്യാമ്പിലാണ് കഴിയുന്നത്.
അക്രമത്തിൽ സകലതും നഷ്ടപ്പെട്ട പലരെയും സഹായിച്ച പാസ്റ്റർക്കും ക്യാമ്പിലേക്ക് വരേണ്ടിവന്നു. ഇംഫാൽ താഴ്വരയിൽ താമസിക്കുന്ന മെയ്തേയി സമൂഹവും മലമ്പ്രദേശങ്ങളിൽ പാർക്കുന്ന കുകികളും തമ്മിലെ സംഘർഷം സമ്പന്നരും ദരിദ്രരുമായ ജനങ്ങളെ ഒരുപോലെ ബാധിച്ചിരിക്കുന്നു, ഒരുപാട് പേരുടെ വിലപ്പെട്ടതെല്ലാം നശിച്ചു, വിലമതിക്കാനാവാത്ത നിരവധി ജീവനും നഷ്ടപ്പെട്ടു.
ഇംഫാൽ നഗരമധ്യത്തിലുള്ള ചർച്ചിലേക്ക് നൂറോളം വരുന്ന ആക്രമിസംഘം ഇരച്ചുകയറി അതിക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നു. സുരക്ഷാസേനകൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലപ്പുറമായിരുന്നു കാര്യങ്ങൾ. ജീവൻ രക്ഷിക്കാൻ പലായനം മാത്രമേ മാർഗമുണ്ടായിരുന്നുള്ളൂ. ചർച്ച് വളപ്പിൽ താമസിച്ചിരുന്ന മുന്നൂറോളം പേരിൽ നൂറിലേറെ പേർ അസം റൈഫിൾസ് ഒരുക്കിയ ക്യാമ്പിലാണ് അഭയംതേടിയത്. ഖോങ്സായിയുടെ ഭാര്യക്കും മൂന്നു മക്കൾക്കും പുറമെ 15 ബന്ധുക്കളും ഇവിടെയെത്തി. സഹോദരഭാര്യ ഗർഭിണിയാണ്.
‘‘ധരിച്ചിരിക്കുന്ന ടീഷർട്ടും പാന്റുമല്ലാതെ ഒരു വസ്തുപോലും എന്റെ കൈയിലിനി ബാക്കിയില്ല, പള്ളിയിൽ അവശേഷിച്ചിരുന്നതെല്ലാം കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. കാങ്പോപ്പിയിലേക്കു മാറാൻ എങ്ങനെയെങ്കിലുമൊന്ന് സഹായിക്കണം, അവിടെ ബന്ധുക്കളുണ്ട്, ഇംഫാലിലേക്ക് തിരിച്ചുപോക്ക് ഞങ്ങൾക്കിനി അസാധ്യമാണ്. പതിനായിരത്തിലേറെ പേരാണ് ‘സ്വന്തം നഗരത്തിൽ’ അഭയാർഥികളായി കഴിയുന്നത്. പ്രാർഥിക്കുക’’ -താങ്ഖോലെറ്റ് ഖോങ്സായി ആവർത്തിക്കുന്നു.
മെയ്തേയികൾക്ക് പട്ടികവർഗ പദവി നൽകാനുള്ള നീക്കങ്ങളോട് നിലവിൽ പട്ടികവർഗ പദവിയുള്ള കുകി, നാഗ വിഭാഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതിനു പിന്നാലെ ഈമാസം മൂന്നിനാണ് സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
മെയ്തേയികൾക്കും അക്രമത്തിൽ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇംഫാലിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള കുകി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പുരിൽ നാല് അഭയാർഥി ക്യാമ്പുകളിലായി 5500 അഭയാർഥികളെ പാർപ്പിച്ചിരിക്കുന്നു. ഇതിലേറെയും മെയ്തേയികളാണ്. ഇംഫാലിൽനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ബിഷ്ണുപുർ ജില്ലയിൽ 27 ചെറുക്യാമ്പുകളിലായി 3800ഓളം ആളുകൾക്ക് അഭയം നൽകുന്നുണ്ട്. അവിടെയും മെയ്തേയികളാണ് കൂടുതൽ.
സാധാരണനില കൈവരിക്കാൻ സമയമെടുക്കുമെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 23,000 ആളുകളെ രക്ഷപ്പെടുത്തി സുരക്ഷാകേന്ദ്രങ്ങളിലേക്കു മാറ്റിയതായി സായുധസേന വ്യക്തമാക്കുന്നു. സൈനിക-അർധസൈനിക വിഭാഗങ്ങളിൽനിന്ന് ഏഴായിരത്തോളം സേനാംഗങ്ങളെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. കലാപം ഏറെ നാശംവിതച്ച
ചുരാചന്ദ്പുർ, ബിഷ്ണുപുർ, തെങ്നൂപാൽ ജില്ലകളിൽ ഡ്രോണുകളും ഹെലികോപ്ടറുമുപയോഗിച്ച് സേന നിരീക്ഷണവും നടത്തിവരുന്നുണ്ട്. ഭരണനിർവഹണവും സുരക്ഷയും ശക്തിപ്പെടുത്താൻ കേന്ദ്രത്തിൽനിന്നുള്ള ‘ഉപദേശ’പ്രകാരം ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജേഷ് കുമാറിനെ മാറ്റി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന വിനീത് ജെയിനിനെ നിയമിച്ചിരിക്കുന്നു സംസ്ഥാന സർക്കാർ.
കേന്ദ്ര ‘ഉപദേശ’പ്രകാരം സി.ആർ.പി.എഫ് മുൻ മേധാവി കുൽദീപ് സിങ്ങിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായും അഡീഷനൽ ഡി.ജി.പി അശുതോഷ് സിൻഹയെ ഓവറോൾ ഓപറേഷൻസ് കമാൻഡറായും നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.