ഇത് തലമുറ മാറ്റം മാത്രമല്ല
text_fieldsകോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി വി.ഡി. സതീശൻ തെരെഞ്ഞടുക്കപ്പെടുന്നത് സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം വലിയ ഒരു മാറ്റത്തെ സൂചിപ്പിക്കുകയാണ്. കഴിഞ്ഞകാല നേതാക്കളോ ഇപ്പോൾ പാർട്ടിയിലുള്ള മുതിർന്ന നേതാക്കളോ ഏതെങ്കിലുംതരത്തിൽ ദുർബലരാവുന്നതുകൊണ്ടല്ല മറിച്ച്, 'മാറ്റം' എന്ന പ്രതിഭാസം പാർട്ടിയിലും പ്രവർത്തകരിലും പാർട്ടിയെ ഉറ്റുനോക്കുന്ന പൊതുജനങ്ങളിലും ചെറുതല്ലാത്ത പ്രതീക്ഷയും ഉണർവും സൃഷ്ടിക്കുമെന്നതിനാലാണ് മാറ്റം ഉണ്ടാവുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി. സതീശൻ വരുമ്പോൾ തലമുറമാറ്റത്തോടൊപ്പം രാഷ്ട്രീയ വ്യവഹാരത്തിൽ തന്നെ മാറ്റങ്ങളുണ്ടാകും.
കോൺഗ്രസിന് ജനമനസ്സുകളിൽ എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. അതു കോൺഗ്രസ് ഉയർത്തിയ മാനവികതയുടെ, ക്ഷേമത്തിന്റെ, വിശാലമായ ലോകവീക്ഷണത്തിന്റെ, മതനിരപേക്ഷതയുടെ, ബഹുസ്വര ദേശീയതയുടെ രാഷ്ട്രീയ-സാമൂഹിക സംഹിതകളോടുള്ള വിശ്വാസം കൂടിയാണ്.
ഈ നിലപാടുകൾ മയപ്പെടുത്തുകയോ ദുർബലപ്പെടുത്തുകയോ ചെയ്ത അവസരങ്ങളിലെല്ലാം പാർട്ടിക്ക് വലിയ നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. മതനിരപേക്ഷതയിലും സോഷ്യലിസത്തിലും കോൺഗ്രസ് പിറകോട്ടു പോകുകയാണ് എന്നു തോന്നുന്ന മാത്രയിൽ ജനങ്ങൾ പിണങ്ങും. അധികാരത്തേക്കാൾ പ്രധാനം ആശയങ്ങളും ആദർശങ്ങളുമാണെന്ന തിരിച്ചറിവിൽ തെറ്റുകൾ തിരുത്തുമ്പോഴെല്ലാം അത്ഭുതകരമെന്നോണം പാർട്ടി ജനമനസ്സുകളിൽ തിരിച്ചെത്തുകയും ചെയ്യും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് ഉണ്ടായ തിരിച്ചടി കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പുനരാലോചനകൾക്കുള്ള വാതിലുകൾ തുറക്കുകയാണ്. വീഴ്ചകളിൽനിന്ന് പുതിയ പാഠം പഠിക്കാതെ, പുതിയ കാഴ്ചപ്പാടുകളും നയവും ഭാവവും താളവുമില്ലാതെ എഴുന്നേറ്റുവരുന്നത് അനാവശ്യമായ മറ്റനേകം വീഴ്ചകൾക്കു മാത്രമേ കാരണമാകൂ. മറിച്ച്, ഗൗരവതരമായ ആലോചനകളും അനിവാര്യമായ മാറ്റങ്ങളും മുന്നോട്ടുള്ള വഴികളിൽ മുതൽക്കൂട്ടാകും.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം രമേശ് ചെന്നിത്തല കാഴ്ചവെച്ച പ്രകടനം ഒരുപക്ഷേ, കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്തതാണ്. ഭരണമാറ്റം സാധ്യമാക്കാനായോ എന്ന മാനദണ്ഡത്തിൽ മാത്രമാണ് പ്രതിപക്ഷ നേതാവിന്റെ പ്രകടനം വിലയിരുത്തുന്നത് എന്നത് ശരിയല്ലെന്നു തോന്നുന്നു. രമേശ് ചെന്നിത്തല തുടങ്ങിവെച്ച ദൗത്യം കൂടുതൽ മികവോടെ മുന്നോട്ടു കൊണ്ടുപോകാൻ സതീശൻ നിയുക്തനാകുന്നു എന്നതാണ് ശരി.
കളങ്കമില്ലാത്ത മതനിരപേക്ഷതയാണ് സതീശന്റെ ഏറ്റവും വലിയ ശക്തി. കോൺഗ്രസിന്റെയും ശക്തിയും സവിശേഷതയും അതുതന്നെയാണല്ലോ ആവേണ്ടത്. മാന്യമായ രാഷ്ട്രീയ സംവാദം സാധ്യമാക്കാൻ സതീശന് കഴിയും. ഞങ്ങളൊരുമിച്ച് പതിനഞ്ചു വർഷം നിയമസഭയിലുണ്ടായിരുന്നു. അക്കാലത്ത് മണ്ണിനും മനുഷ്യനുംവേണ്ടി 'ഹരിത രാഷ്ട്രീയം' എന്നൊരു മുന്നേറ്റം നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. അക്രമരാഷ്ട്രീയത്തോടും അഴിമതിയോടും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനാവാത്ത ഒരു രാഷ്ട്രീയ പ്രകൃതമായിരിക്കുമ്പോൾ തന്നെ നല്ലതിനെ ഉൾക്കൊണ്ടും തെറ്റുകളെ ചൂണ്ടിക്കാണിച്ചും മുന്നോട്ടു പോകാൻ സതീശന് ഏതെങ്കിലും തരത്തിലുള്ള പരിമിതികൾ ഉണ്ടാവില്ല. എന്തിനെയും നിഷേധിക്കുന്ന ഒരു നിരാകരണ രാഷ്ട്രീയമല്ല സതീശേൻറത്. പകരം, നിർമാണാത്മകവും ക്രിയാത്മകവുമായ രാഷ്ട്രീയ രീതിയാണ്.
അല്ലെങ്കിലും നിഷേധാത്മക രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു എന്നാണ് ഞാൻ ഉറച്ചുവിശ്വസിക്കുന്നത്. വിയോജിപ്പുകളും വിമർശനങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കും. അത് ഒരു പരിധി കഴിയുന്നതോടെ അരോചകവും ഭാരവുമായി മാറും. ഇത്തരം കാര്യങ്ങൾക്കൊപ്പം ചില ദിനാചരണങ്ങളൂം കൂടിയാകുമ്പോൾ രാഷ്ട്രീയം തീർന്നെന്ന് വിശ്വസിക്കുന്ന രീതികൾ മാറിയേ തീരൂ. സമരാത്മക രാഷ്ട്രീയത്തോളമോ അതിലേറെയോ പ്രധാനപ്പെട്ടതാണ് സർഗാത്മക രാഷ്ട്രീയം. ജനങ്ങളുടെ മനസ്സും ജീവിതവും ജീവൽ പ്രശ്നങ്ങളും മനസ്സിലാക്കി വേണം ഇനിയുള്ള കാലം രാഷ്ട്രീയ പ്രവർത്തനം നടത്താൻ. പ്രതിപക്ഷ നേതാവ് എന്ന നിലക്ക് സതീശനിലുള്ള വലിയ ഉത്തരവാദിത്തവും രാഷ്ട്രീയ ചിന്തയിലുള്ള ഈ ഘടനാപരമായ മാറ്റമാണ്.
രാഷ്ട്രീയത്തിൽ അനാവശ്യമായി ഇടപെടുകയും വിലപേശലുകൾ നടത്തുകയും ചെയ്യുന്ന സാമുദായിക മേലധ്യക്ഷന്മാരോട് സതീശൻ സന്ധിചെയ്യില്ലെന്നു മാത്രമല്ല, അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സഖ്യങ്ങളുണ്ടാക്കാനും തയാറാവില്ല. അതേസമയം, എല്ലാ മതവിഭാഗങ്ങളെയും സംഘടനകളെയും മതരഹിതരെയും ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെയും പരിഗണിക്കുകയും അവരുടെ ന്യായമായ ആവശ്യങ്ങളോട് അനുഭാവ പൂർണമായ സംഭാഷണങ്ങൾ നടത്താനും സതീശൻ എന്ന കോൺഗ്രസ് നേതാവിന് എളുപ്പത്തിൽ കഴിയും.
എല്ലാവരെയും ഉൾക്കൊള്ളുന്ന തനത് കോൺഗ്രസ് രാഷ്ട്രീയത്തിന് പുതിയ ഉണർവായി സതീശൻ മുന്നോട്ടുപോകട്ടെ. എല്ലാ താൽപര്യങ്ങൾക്കും അതീതമായി പാർട്ടിയും ആദർശങ്ങളും മാനവികതയും പ്രഥമ പരിഗണനയിൽ ഉണ്ടാവട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.