ഇത് രണ്ടാം ശീതയുദ്ധം
text_fieldsഇരു രാജ്യങ്ങൾക്കും മുഴുലോകത്തിനും കണക്കുകൂട്ടാനാവാത്ത കഷ്ടനഷ്ടങ്ങൾ വരുത്തുംവിധത്തിൽ യുക്രെയ്നിലേക്ക് റഷ്യ അധിനിവേശം നടത്തുന്നു. അയൽക്കാരനുനേരെയാണ് ബോംബുവർഷമെങ്കിലും റഷ്യ ഉന്നംവെക്കുന്നത് അവരുടെ തന്ത്രപരമായ പ്രതിയോഗിയെയാണ്- യു.എസിനെതന്നെ.
രണ്ടു പതിറ്റാണ്ടായി തുടർന്നുപോരുന്ന റഷ്യൻ ശക്തിപ്രകടന പരമ്പരയിലെ അതിഗുരുതരമായ ഒന്നാണ് ഇപ്പോൾ നടമാടുന്നത്. ലോകമൊട്ടുക്ക് അമേരിക്ക കാണിച്ചുകൂട്ടുന്ന സൈനികസാഹസങ്ങളിൽനിന്ന് ഒട്ടും ഭിന്നമല്ല ഇതും.
പക്ഷേ, യുക്രെയ്ൻ അധിനിവേശത്തിന്റെ വ്യാപ്തിയും സാധ്യതയും ശീതയുദ്ധകാലത്ത് റഷ്യ ഹംഗറിയിലും ചെക്കോസ്ലോവാക്യയിലും അഫ്ഗാനിസ്താനിലും നടത്തിയ തണ്ടുകാണിക്കലുകളുമായാണ് കൂടുതൽ സമാനം. പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വാചകമടികൾ വെച്ചുനോക്കിയാൽ റഷ്യ കളി തുടങ്ങിയിട്ടേയുള്ളൂ. ഈയിടെ നടത്തിയ പ്രസംഗങ്ങളിൽ യുക്രെയ്നിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ചോദ്യംചെയ്ത പുടിൻ അവിടെ കൂടുതൽ കൈകടത്തലുകൾ നടത്താൻതന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.
വിഘടിച്ചുപോയ ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് റിപ്പബ്ലിക്കുകൾക്ക് അംഗീകാരം നൽകിയശേഷം കിഴക്കൻ യുക്രെയ്നിൽ 'സമാധാനപാലകർ' ആയി നീങ്ങാൻ സൈന്യത്തോട് പ്രസിഡന്റ് ഉത്തരവിടുകയായിരുന്നു. പിന്നാലെ തലസ്ഥാനമായ കിയവിലുൾപ്പെടെ 'പ്രത്യേക സൈനിക ഓപറേഷൻ' തുടങ്ങുകയും ചെയ്തു.
റഷ്യൻ കടന്നുകയറ്റം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നു പറഞ്ഞ് പാശ്ചാത്യശക്തികൾ കൊടിയ ഉപരോധങ്ങൾ മുന്നോട്ടുവെച്ചു.
റഷ്യക്ക് കുലുക്കമില്ല, ഇത് പ്രതീക്ഷിച്ച് തയാറെടുപ്പുകളും നടത്തിയിട്ടുണ്ടാകണം. ചരിത്രം വെച്ച് നോക്കുമ്പോൾ റഷ്യപോലൊരു വൻശക്തിയെ ഉപരോധങ്ങൾകൊണ്ടൊന്നും ക്ഷീണിപ്പിക്കാൻ കഴിയില്ല. ദേശസുരക്ഷയുടെ താൽപര്യങ്ങളുടെ പേരിലാവുമ്പോൾ എത്ര കർശന ഉപരോധമായാലും ശരി.
റഷ്യയെ വെച്ചുനോക്കുമ്പോൾ പറയത്തക്ക ശക്തിപോലുമല്ലാത്ത ഇറാനെപ്പോലും പാശ്ചാത്യ ഉപരോധംവഴി കാര്യമായൊന്നും മാറ്റാൻ കഴിഞ്ഞില്ല. ഇനി ഉപരോധം ഏതെങ്കിലും രീതിയിൽ റഷ്യക്ക് പ്രയാസം വരുത്താൻ തുടങ്ങിയാൽതന്നെ മോസ്കോ തീവ്രമായി പ്രതികരിക്കുന്നതും നമുക്ക് കാണാനാവും,
ഇറാന് ചെയ്തുകൊടുത്തതുപോലെ ഉപരോധം മറികടക്കാൻ ചൈന എവ്വിധത്തിലെല്ലാം സഹായിക്കുമെന്നതും പ്രാധാന്യമർഹിക്കുന്നു. ഈ മാസം ആദ്യം ബെയ്ജിങ്ങിൽ റഷ്യ-ചൈന പ്രസിഡന്റുമാർ നാറ്റോയുടെ കടന്നുകയറ്റത്തിനെതിരെ സംയുക്ത പ്രസ്താവനയിറക്കിയിരുന്നു. റഷ്യൻ അധിനിവേശത്തെ അപ്രകാരം വിളിക്കാൻപോലും കൂട്ടാക്കാഞ്ഞ ചൈനീസ് സർക്കാർ വക്താവ് ഇരുപക്ഷത്തും 'സംയമനം' വേണമെന്നാണ് ആഹ്വാനംചെയ്തത്.
യുക്രെയ്നുമേലുള്ള അധിനിവേശം ഭാവിയിൽ തങ്ങളോടൊപ്പം തായ്വാനെ കൂട്ടിച്ചേർക്കാനുള്ള ചൈനീസ് നീക്കത്തിനും ആക്കംകൂട്ടും. യുക്രെയ്ൻ ഒരു കൃത്രിമ ഭരണസംവിധാനമാണെന്ന പുടിന്റെ പറച്ചിലിന്റെ പ്രതിധ്വനി തന്നെയാണ് തായ്വാനെക്കുറിച്ചുള്ള ചൈനയുടെ നിലപാടും. പുടിൻതന്നെ അമേരിക്കയുടെ അധിനിവേശ ന്യായവാദങ്ങളാണ് ഇപ്പോൾ നിരത്തുന്നത്. വിഘടിത പ്രവിശ്യകൾക്ക് പിന്തുണ നൽകുന്നതിനെ റഷ്യ ന്യായീകരിച്ചത് സ്വയംനിർണയാവകാശത്തെ വിലമതിക്കുന്നു എന്നു പറഞ്ഞാണ്. മുമ്പ് യൂഗോസ്ലാവിയയിൽനിന്ന് ബോസ്നിയരും െസ്ലാവീനിയരും ക്രോട്ടുകളും മാസിഡോണിയരും വിട്ടുപോകുമ്പോൾ പടിഞ്ഞാറ് പറഞ്ഞ അതേ കാര്യംതന്നെ.
ലിബിയപോലുള്ള രാജ്യങ്ങളിൽ കയറി 'മാനുഷിക ഇടപെടൽ' നടത്തുന്നതിന് യു.എൻ സമ്മതിയോടെ അമേരിക്കയും പടിഞ്ഞാറൻ സഖ്യവും സംരക്ഷണ ഉത്തരവാദിത്ത പദ്ധതി (Responsibility to Protect) യുടെ മറ പിടിച്ചതുപോലെ ഒരു 'വംശഹത്യ'യുണ്ടാകുന്നത് തടയാനാണ് യുക്രെയ്നിലേക്ക് പോകുന്നതെന്ന് റഷ്യ പറയുന്നുണ്ട്.
2014ൽ യുക്രെയ്നിലേക്കു നടത്തിയ കടന്നാക്രമണം വലിയ ഒരു അധിനിവേശത്തിന്റെയും വിനാശ യുദ്ധത്തിന്റെയും തുടക്കം മാത്രമായിരുന്നു.
പക്ഷേ, യുക്രെയ്ൻ ആണവായുധം വികസിപ്പിച്ച് റഷ്യക്ക് ഭീഷണി സൃഷ്ടിക്കുമെന്ന പുടിന്റെ വിതണ്ഡാവാദം അകലെയെവിടെയോ കിടക്കുന്ന ഇറാഖിലേക്ക് ഇടിച്ചു കയറാനായി അമേരിക്ക പറഞ്ഞ മഹാസംഹാര ആയുധ ഭീഷണിയോളംതന്നെ പൊള്ളയാണ്. അന്ന് സെനറ്ററായിരുന്ന ബൈഡനും പിന്തുണച്ചിരുന്നു ആ വാദത്തെ.
ജൂലാൻ കുന്നുകൾക്കും കിഴക്കൻ ജറൂസലമിനും മേൽ ഇസ്രായേലിന് പരമാധികാരം കൽപിച്ചുനൽകിയ മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെ ഓർമപ്പെടുത്തുന്നുണ്ട് വിഘടിത റിപ്പബ്ലിക്കുകളെ അംഗീകരിച്ച പുടിൻ (ട്രംപിന്റെ ആ നിലപാട് ബൈഡനും കാത്തുസൂക്ഷിച്ചുപോരുന്നു). യുക്രെയ്നിൽ ഭരണമാറ്റം വരുത്തിക്കാൻ റഷ്യ നടത്തിയേക്കാവുന്ന ശ്രമം ഈയടുത്ത് വെനിസ്വേലയിലടക്കം പല രാജ്യങ്ങളിലും അമേരിക്ക നടത്തിയ ഇടപെടലുകളുടെ പിന്തുടർച്ചതന്നെയാണ്.
വ്യക്തമാണ്, കാപട്യങ്ങളുടെയും കുടിലതന്ത്രങ്ങളുടെയും അമേരിക്കൻ രീതികൾ റഷ്യ വശമാക്കിയിരിക്കുന്നു. എന്നാൽ, അവരുടെ അബദ്ധങ്ങളിൽനിന്നും പതനങ്ങളിൽനിന്നും പാഠം പഠിച്ചില്ലെന്നു മാത്രം.
രണ്ടു രാജ്യങ്ങളുമതേ, അഫ്ഗാനിലും ഇറാഖിലും സിറിയയിലും സംഭവിച്ച ദാരുണമായ അബദ്ധങ്ങളിൽനിന്ന് ഒരു ചുക്കും പഠിച്ചിട്ടില്ല.
യു.എൻ സുരക്ഷ കൗൺസിലിലെ ഈ വീറ്റോശക്തിമാന്മാർ 'ലോകസർക്കാർ' തങ്ങൾക്കെതിരെ സ്വീകരിക്കുന്ന ഏതു നടപടിയെയും തട്ടിത്തെറിപ്പിച്ചുകളയും.
അമേരിക്കയുടെ ജനാധിപത്യത്തെയും റഷ്യയുടെ ഏകാധിപത്യത്തെയും സമീകരിക്കുന്നത് ശരിയല്ലെന്ന് ചിലർ വാദിക്കുന്നുണ്ട്. ഒരു ഉദാര ജനാധിപത്യവാദി എന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിൽ ഏകാധിപത്യത്തെക്കാൾ ഉത്തരവാദിത്തത്തിന് ഇടമുണ്ട് എന്നാണ്.
എന്നാൽ, ചരിത്രപരമായി പറഞ്ഞാൽ വിദേശകാര്യ വിഷയങ്ങൾ വരുമ്പോൾ വൻശക്തികളുടെ സ്വഭാവം മാറും. അവരുടെ ഭരണകൂടത്തിന്റെ സ്വഭാവത്തേക്കാളേറെ ഭൗമരാഷ്ട്രീയം, തന്ത്രപ്രധാന ആഗ്രഹങ്ങൾ, ആവശ്യങ്ങൾ എന്നിവയെല്ലാമാണ് അവരെ നയിക്കുക.
ശീതയുദ്ധത്തിന് അന്ത്യംകുറിച്ചശേഷം അന്താരാഷ്ട്ര ശാന്തി സുരക്ഷ എന്ന ചിന്തയേക്കാളുപരി അവരുടെ ശക്തിയാലാണ് റഷ്യയും അമേരിക്കയും നയിക്കപ്പെട്ടിട്ടുള്ളത്. ശരിയായ ലക്ഷ്യങ്ങൾക്കുവേണ്ടി തെറ്റായ മാർഗങ്ങളും തെറ്റായ ലക്ഷ്യങ്ങൾക്കുവേണ്ടി നേരായ മാർഗങ്ങളും അവർ പിൻപറ്റി. ശാന്തിയും സുരക്ഷയും പ്രദാനംചെയ്യാനെന്ന പേരിൽ അതീവ നാശകരമായ യുദ്ധങ്ങൾ നടത്തി, ദരിദ്രരാജ്യങ്ങൾക്ക് സാമ്പത്തിക പിന്തുണയും സുരക്ഷയും നൽകാനുള്ള ശ്രമങ്ങൾ ഏകാധിപതികളെ ഉയർത്തിക്കൊണ്ടുവരുന്നതിലുമെത്തിച്ചു.
സത്യം പറഞ്ഞാൽ ശീതയുദ്ധകാലത്ത് ചെയ്തിരുന്നതു പോലെ തങ്ങളുടെ തീർത്തും ബാലിശമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധയൂന്നി അവർ മൂന്നു പതിറ്റാണ്ടുകൾ പാഴാക്കിക്കളഞ്ഞു; ആ ശ്രമങ്ങളാവട്ടെ ഇപ്പോഴിതാ അടുത്തൊരു ശീതയുദ്ധത്തിന് വഴിതുറന്നിരിക്കുന്നു.
ഇനി വരുന്നത് വല്ലാത്തൊരു കെട്ടകാലമാണ്, യൂറോപ്പിനു മാത്രമല്ല, ലോകത്തിനുതന്നെ.
(അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് പാരിസിൽ അന്താരാഷ്ട്ര സഹകരണ വിഭാഗം പ്രഫസറായിരുന്ന ലേഖകൻ അൽജസീറയുടെ സീനിയർ പൊളിറ്റിക്കൽ അനലിസ്റ്റാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.