ഈ കാലവും കടന്നുപോകും...
text_fieldsരണ്ടാം തരംഗത്തിനൊപ്പം രണ്ടാം ലോക്ഡൗണിനുകൂടി നാട് സാക്ഷ്യംവഹിക്കുകയാണ്. കഴിഞ്ഞ വർഷത്തിൽ നിന്നു വ്യത്യസ്തമായി ആശുപത്രികൾ നിറഞ്ഞുകവിയുകയും വീടുകൾ കോവിഡ് ചികിത്സ കേന്ദ്രമാവുകയും ചെയ്തു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും വീടുകളിൽ തന്നെ ചികിത്സ തേടുന്നവരാണ്. ലോക്ഡൗൺ വീണ്ടും നീട്ടാനും കർശന നിയന്ത്രണങ്ങൾ തുടരാനും സാധ്യതയുണ്ട്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നേരിട്ടതുപോലെ, അല്ലെങ്കിൽ അതിലും തീവ്രമായ ദുരിതങ്ങൾ ഇത്തവണയുമുണ്ടായേക്കാം. മുൻ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ടുവേണം ഇനി മുന്നേറാൻ. പല വീടുകളിൽ കോവിഡ് രോഗികളുണ്ടാവുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന്.
നമ്മുടെ സ്ത്രീകൾ കഴിഞ്ഞ ഒരു വർഷംെകാണ്ടുതന്നെ ചുമന്നത് വലിയ അധ്വാനഭാരവും മാനസിക സമ്മർദവുമാണ്. വീട്ടിലെ സകലകാര്യങ്ങളും ചെയ്തുതീർക്കേണ്ടതുണ്ടവർക്ക്. ഇതിലൊരു മാറ്റംവരുത്താൻ ഓരോ വീട്ടിലും ശ്രമമുണ്ടാകണം. കുടുംബങ്ങളിൽ തുടങ്ങുന്ന ചെറിയ മാറ്റങ്ങളാണ് വലിയ തുടക്കങ്ങൾക്ക് വഴിതെളിയിക്കുന്നതെന്ന യാഥാർഥ്യം എല്ലാവരും ഉൾക്കൊള്ളേണ്ടതുണ്ടെന്നാണ് സാമൂഹിക ശാസ്ത്രജ്ഞർക്ക് പറയാനുള്ളത്.
കോവിഡ് ബാധിച്ച് ആരെങ്കിലും വീടുകളിലോ കുടുംബത്തിലോ ഉണ്ടെങ്കിൽ സ്വാഭാവികമായും അതിെൻറ പ്രതിഫലനം സ്ത്രീകളുടെ ശാരീരികാധ്വാനത്തിലും മാനസിക നിലയിലും പ്രതിഫലിക്കും. വീട്ടിലുള്ള ആരോഗ്യമുള്ളവർക്ക് വെച്ചുവിളമ്പിയും അലക്കിയും ഒരുക്കിയുമെല്ലാം കൊടുക്കുന്നതിനൊപ്പം ഇവരുടെ കാര്യങ്ങൾ പ്രത്യേകം നോക്കണം. എന്നാൽ, ഇതിനൊന്നുമുള്ള അംഗീകാരമോ അഭിനന്ദനമോ കിട്ടുകില്ലെന്നു മാത്രമല്ല, ഊൺമേശയിൽ ചോറെത്താൻ വൈകിയാലോ കറിയിൽ ഉപ്പുകൂടിയാലോ കുറ്റപ്പെടുത്തലുകൾ ഉറപ്പാണുതാനും.
സ്ത്രീകളുടെ സമ്മർദം കുറക്കാൻ വീടുകളിലെ ജോലിഭാരം പങ്കുവെക്കൽ തന്നെയാണ് പ്രധാനം. അയ്യേ, ഞാൻ ആണല്ലേ, അയ്യോ, അവൻ കുട്ടിയല്ലേ തുടങ്ങിയ വിചാരങ്ങൾ മാറ്റി എല്ലാവരും ഒരുമിച്ചങ്ങ് ഇറങ്ങിയാൽ ഏതു മലമറിക്കുന്ന ജോലിയും പുഷ്പംപോലെ ചെയ്യാനാവും. പരസ്പരം കൈത്താങ്ങാവുന്നതിലും കരുതൽ പ്രകടിപ്പിക്കുന്നതിലും വലിയ സൽക്കർമം ഒന്നുമില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ സൈക്യാട്രി അസി.പ്രഫസർ ഡോ. വർഷ വിദ്യാധരൻ പറയുന്നു. 'പരസ്പരം കുറ്റപ്പെടുത്തിയിട്ട് ഒന്നും നേടാനില്ല മറിച്ച്, ഒരു ചെറിയ സാന്ത്വനമോ നന്ദിവാക്കോ പ്രശംസയോ ഒക്കെ സ്ത്രീകൾക്ക് വലിയ ഊർജവും കരുത്തും പകരും. വീട്ടിലുള്ള ജോലികൾ പരസ്പരം പങ്കുവെച്ച് ചെയ്യുന്നതിലൂടെ എല്ലാവരെയും സ്വയംപര്യാപ്തതയിലേക്കും അധ്വാനത്തിെൻറ മഹത്ത്വം തിരിച്ചറിയുന്നതിലേക്കും പരസ്പര ബഹുമാനത്തിലേക്കും നയിക്കുന്നു - അവർ കൂട്ടിച്ചേർത്തു.
സ്ത്രീകൾ തങ്ങളുടെ സങ്കടങ്ങൾ പറയുമ്പോൾ, അല്ലെങ്കിൽ കരച്ചിലിലൂടെയോ മൗനത്തിലൂടെയോ ദേഷ്യത്തിലൂടെയോ മാനസിക വിഷമങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവഗണിക്കുകയോ എരിതീയിൽ എണ്ണയൊഴിക്കുംപോലെ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. പകരം ക്ഷമയോടെ കേൾക്കാൻ ഓരോ കുടുംബാംഗവും സമയം കണ്ടെത്തേണ്ടതുണ്ട്. വീട്ടമ്മമാരുടെ കാര്യത്തിൽ മാത്രമല്ല, കുടുംബത്തിലെ ഏതൊരംഗത്തിന് മാനസിക പ്രയാസമുണ്ടാവുമ്പോഴും ഉള്ളുതുറന്ന് സംസാരിക്കുകയും ആശ്വാസവാക്കുകൾ ചൊരിയുകയും ഇതിലൂടെ ഒപ്പമുണ്ടെന്ന സന്ദേശം പങ്കുവെക്കുകയും വേണം. പ്രിയപ്പെട്ടവരുടെ ജീവനും ജീവിതവും നഷ്ടമാവും മുമ്പ് നാം ചെറിയൊരു ശ്രദ്ധനൽകിയാൽ വലിയ കുറ്റബോധം ഒഴിവാക്കാം.
കൂട്ടായിരിക്കണം, കുരുന്നുകൾക്ക്...
'നീ പെണ്ണല്ലേ ഇതൊക്കെ ചെയ്തു പഠിക്കണം' എന്ന് പെൺകുട്ടികളും 'അയ്യേ, ഇതൊന്നും ആൺകുട്ടികൾക്കു പറഞ്ഞിട്ടുള്ള പണിയല്ലെ'ന്ന് ആൺകുഞ്ഞുങ്ങളും കേട്ടുവളരുന്ന സാമൂഹിക സാഹചര്യമാണ് നമുക്കിടയിലുള്ളത്. അതായത്, ആണുങ്ങൾ ചില ജോലികൾ മാത്രമേ ചെയ്യാവൂ, ഇന്നിന്ന ജോലികൾ പെണ്ണുങ്ങൾക്കുള്ളതാണ് എന്നിങ്ങനെ ഇടക്കിടെ പറഞ്ഞുപറഞ്ഞ് നാം കുട്ടികളുടെ മനസ്സിൽ തൊഴിൽപരമായ ലിംഗവിവേചനത്തിെൻറ പാഠങ്ങൾ ഊട്ടിയുറപ്പിക്കുന്നു. എന്നാൽ, ഈ മഹാമാരിക്കാലത്തെങ്കിലും ആ തെറ്റായ രീതി നാം തിരുത്തിക്കുറിക്കേണ്ടതുണ്ട്. സാധ്യമായ ജോലികളെല്ലാം ആൺ-പെൺ വ്യത്യാസമില്ലാതെ ഏറ്റെടുക്കുന്നവർ അടുത്ത തലമുറയിലെങ്കിലും ഉണ്ടാവാൻ വീടുകളിലെ ചെറിയ പരിശ്രമങ്ങൾക്കാവും.
സ്കൂളിൽ പോവാത്ത രണ്ടാമത്തെ അക്കാദമിക വർഷത്തിലേക്കാണ് കുട്ടികൾ എത്തിച്ചേരാൻപോവുന്നത്. മുൻ വർഷങ്ങളിലുണ്ടായ പ്രശ്നങ്ങളെല്ലാം ഇത്തവണയും ആവർത്തിച്ചേക്കാം. അവരുടെ ചെറിയ ചില ഭാവമാറ്റങ്ങൾപോലും ചിലപ്പോൾ വലിയ അടയാളങ്ങളായേക്കാം. ഉള്ളിലെ പിരിമുറുക്കം പലതരത്തിൽ പുറത്തേക്കു വന്നേക്കാം. അവയെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച്, അവരോടൊപ്പം ചേർന്ന് വേണ്ട സാന്ത്വനം പകരാൻ മുതിർന്നവർ തയാറാവണം. കുട്ടികളുടെ കാര്യത്തിൽ ഏറ്റവും പ്രധാനം അവരെ മനസ്സിലാക്കുകയാണെന്നും എത്രതിരക്കിനിടയിലും അവർക്കൊപ്പം കുറച്ചുസമയം ചെലവഴിക്കാനും അവരുടെ കാര്യങ്ങൾ കേൾക്കാനും നാം സമയം കണ്ടെത്തേണ്ടതുണ്ടെന്നും ഡോ. വർഷ പറയുന്നു. കുട്ടികളെ വീടുകളിൽ തന്നെ എക്സൈസ് ചെയ്യാൻ പ്രേരിപ്പിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് ബാലാവകാശ കമീഷൻ അംഗം നസീർ ചാലിയത്തിെൻറ വാക്കുകൾ.
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനുള്ള അവസരവും സൗകര്യങ്ങളും ഒരുക്കുക, വീട്ടിലെ ചെറിയ ചർച്ചകളിൽ അവരെ പങ്കെടുപ്പിക്കുക, അവരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന തോന്നലുണ്ടാക്കുക, കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് വിനോദങ്ങളിലേർപ്പെടുക എന്നിങ്ങനെ അവർക്ക് പൂർണ ആരോഗ്യത്തോടെ ഈ ദുരിതകാലം താണ്ടാനുള്ള കരുത്തും പിന്തുണയും മുതിർന്നവർ നൽകണം.
വീടുകളിൽ സങ്കടകാലം കഴിച്ചുകൂട്ടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കുമെല്ലാമായി സർക്കാറിേൻറതായി നിരവധി സഹായ, സാന്ത്വന സംവിധാനങ്ങളുണ്ട്. വിവിധ സംഘടനകളും കൂട്ടായ്മകളും എൻ.ജി.ഒകളും നടത്തുന്നവ വേറെയും. ഈ ദുരിതകാലത്ത് ഒറ്റക്കാണെന്നും തനിക്കാരുമില്ലെന്നുമുള്ള ചിന്ത ആർക്കും വേണ്ട. ശരീരങ്ങൾ അകന്നിരുന്ന്, മനസ്സുകൾ തമ്മിലടുത്ത് നമുക്ക് ഒരുമിച്ചു താണ്ടാം, ഈ കാലവും.
വിളിക്കാം
ദിശ-1056, 0471 2552056
0471 2309250, 51, 52, 53, 54, 55(സ്റ്റേറ്റ് കോവിഡ് കോൾ സെൻറർ 24*7) എല്ലാ ജില്ലകളിലും കൺട്രോൾ റൂം നമ്പറുകളും മാനസികാരോഗ്യ െഹൽപ് ലൈനുകളുമുണ്ട്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.