Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഈ ദുരന്തം...

ഈ ദുരന്തം വാഗ്ദാനലംഘനത്തിന്റെ ഫലം

text_fields
bookmark_border
ഈ ദുരന്തം വാഗ്ദാനലംഘനത്തിന്റെ ഫലം
cancel

പ്രിയപ്പെട്ട മുഖ്യമന്ത്രീ,

ലഹരി വിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ കാമ്പയിന് സർക്കാർ നേതൃത്വം നൽകുമെന്ന ഉന്നതതല യോഗ തീരുമാനം ആശ്വാസകരമാണ്. താങ്കളുടെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016ലെ നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് അവതരിപ്പിച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ നൽകിയ വാഗ്ദാനം കേരളത്തിൽ ഗുരുതരമായ സാമൂഹിക വിപത്തായി മാറിയ മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കാൻ സഹായകമായ നയമായിരിക്കും സ്വീകരിക്കുക എന്നായിരുന്നു. നിർഭാഗ്യവശാൽ വാഗ്‌ദാനം കാറ്റിൽപറത്തി നേരെ എതിർദിശയിലേക്ക് നീങ്ങുകയും കേരളത്തിൽ സമ്പൂർണ മദ്യവ്യാപനത്തിന് കളമൊരുക്കുന്ന നടപടികൾ ഒന്നിനുപിന്നാലെ മറ്റൊന്നായി നടപ്പാക്കുകയുമാണ് സർക്കാർ ചെയ്തത്. ഇപ്പോൾ സംസ്ഥാനത്ത് ബാറുകളുടെ എണ്ണം ആയിരത്തിലധികമാണ്.

ബെവ്കോ, കൺസ്യൂമർ ഫെഡ്, നിരവധി ക്ലബുകളോടനുബന്ധിച്ചുള്ള മദ്യശാലകൾ, വ്യാപകമായി നിലവിലുള്ള കള്ളുഷാപ്പുകൾ എന്നിവക്കെല്ലാം പുറമെയാണിത്. ഐ.ടി മേഖല ഉൾപ്പെടെയുള്ള മറ്റു തലങ്ങളിലേക്കും മദ്യവ്യാപനം വന്നുകൊണ്ടിരിക്കുന്നു. മദ്യമില്ലെങ്കിൽ മയക്കുമരുന്ന് വ്യാപിക്കും എന്നതായിരുന്നല്ലോ സർക്കാറിന്റെ പ്രധാന വാദഗതി. എന്നാൽ, ഇപ്പോൾ മദ്യം വ്യാപകമാകുകയും മയക്കുമരുന്നും കഞ്ചാവും മറ്റു രാസപദാർഥങ്ങളും റെക്കോഡ് വേഗത്തിലുള്ള വ്യാപനത്തിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ആക്രമണ സംഭവങ്ങളും കുറ്റകൃത്യങ്ങളും നല്ലതോതിൽ മദ്യലഹരിയുടെ സ്വാധീനഫലമാണെന്നത് നിസ്തർക്കമാണ്.

ആഭ്യന്തര വകുപ്പുകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇതെല്ലാം അറിവുള്ളതാണെങ്കിലും മനഃപൂർവമായിത്തന്നെ, സംസ്ഥാനത്ത് പെരുകിവരുന്ന ആക്രമണങ്ങളിലും കുറ്റകൃത്യങ്ങളിലും മദ്യത്തിന്റെ പങ്ക് പൂർണമായി ഒഴിവാക്കി മയക്കുമരുന്നിൽ മാത്രം കേന്ദ്രീകരിക്കുന്ന തീരുമാനം എടുക്കുന്നത് ഒരുകാരണവശാലും ന്യായീകരിക്കാവുന്നതല്ല.

ലഹരി വിപത്തിനെക്കുറിച്ച് പറയുമ്പോൾ ആപത്കരമായ മദ്യവിപത്തിനെക്കുറിച്ച് പരാമർശിക്കാതിരിക്കുന്നത് തികഞ്ഞ കാപട്യവുമാണ്. മദ്യവും മയക്കുമരുന്നും ജനങ്ങൾക്ക് ഒരവശ്യവസ്‌തുവല്ലെന്ന് കോവിഡ് ലോക്ഡൗൺ നടപ്പാക്കിയ 64 ദിവസത്തെ സ്ഥിതിഗതികൾ തെളിയിച്ചതാണ്. കുറ്റകൃത്യങ്ങളിൽ ആ കാലത്തുണ്ടായ ഗണ്യമായ കുറവ് സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയിൽത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

മദ്യം ഇല്ലാതായതിനെത്തുടർന്ന് 3978 കോടി രൂപയുടെ സാമ്പത്തിക നേട്ടം അതുപയോഗിക്കുന്നവരുടെ കുടുംബങ്ങൾക്കുണ്ടായതായി ‘അഡിക് ഇന്ത്യ’യുടെ പഠനം വ്യക്തമാക്കുന്നു.

മദ്യനിയന്ത്രണം വിനോദസഞ്ചാര മേഖലയെ തളർത്തുമെന്ന വാദവും വസ്തു‌തകൾക്ക് നിരക്കുന്നതല്ലെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകൾതന്നെ വ്യക്തമാക്കുന്നുണ്ട്. 2014ൽ 9,23,366 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലേക്ക് വന്നത്. യു.ഡി.എഫ് സർക്കാറിന്റെ മദ്യനയ ഫലമായി കേവലം 29 ബാറുകൾ മാത്രം പ്രവർത്തിക്കുകയും മറ്റെല്ലാ ബാറുകളും അടഞ്ഞുകിടന്നിരുന്നതുമായ 2016ൽ അത് 10,38,419 ആയി വർധിക്കുകയാണുണ്ടായത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലാകട്ടെ 2014ൽ 1,16,95,441 ആയിരുന്നത് 2016ൽ 1,31,72,535 ആയി വർധിക്കുകയാണുണ്ടായത്. ടൂറിസത്തിലൂടെ ഉണ്ടായ വരുമാനത്തിലും വർധനയുണ്ടായി. 2014ൽ 24,885 കോടി ആയിരുന്നത് 2016ൽ 29,659 കോടി രൂപയായി വർധിച്ചു. മദ്യം കഴിക്കാനല്ല ടൂറിസ്റ്റുകൾ കേരളത്തിൽ വരുന്നത്, കേരളത്തനിമ ആസ്വദിക്കാനാണ്. അവർക്കു വേണ്ടത് വൃത്തിയും വെടിപ്പുമുള്ള, സമാധാനം നിലനിൽക്കുന്ന, നല്ല പെരുമാറ്റം ലഭിക്കുന്ന അന്തരീക്ഷമാണ്.

സർക്കാറിന്റെ നിലനിൽപ് മദ്യവരുമാനത്തെ ആശ്രയിച്ചാണെന്ന വാദവും നിരർഥകമാണ്. മദ്യത്തിൽനിന്നുള്ള വരുമാനത്തിന്റെ ഇരട്ടിയിലേറെ മദ്യംമൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്കും കെടുതികൾക്കും ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും പരിഹാരമുണ്ടാക്കുന്നതിന് സർക്കാറിനുതന്നെ ചെലവിടേണ്ടിവരുന്നുണ്ട്. മദ്യപാനംമൂലം വർധിച്ചുവരുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ, അതിനെല്ലാം വേണ്ടിവരുന്ന മരുന്ന്, ചികിത്സ, ആശുപത്രിസംവിധാനം എന്നിവക്ക് വേണ്ടിവരുന്ന ചെലവുകൾ, കുടുംബ സമാധാന തകർച്ച, കുടുംബബന്ധങ്ങളിലെ വിള്ളലുകൾ, വർധിച്ചുവരുന്ന റോഡപകടങ്ങൾ, അതുമൂലമുണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ ഇതെല്ലാം സംസ്ഥാനത്തിന് വരുത്തിവെക്കുന്ന സാമ്പത്തിക ഭാരവും സാമൂഹിക പ്രശ്‌നങ്ങളും വളരെയേറെയാണ്. ഇപ്പോൾതന്നെ കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. പെരുകിവരുന്ന ക്വട്ടേഷൻ-ഗുണ്ടാ മാഫിയകളുടെ ഊർജസ്രോതസ്സും മദ്യവും മയക്കുമരുന്നുംതന്നെയാണ്.

ഇതെല്ലാം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാതെ ജനങ്ങളോട് കാണിച്ച വിശ്വാസവഞ്ചനക്കും ഗുരുതരമായ വീഴ്‌ചകൾക്കും ജനങ്ങളോട് മാപ്പുപറയാൻ ബഹു. മുഖ്യമന്ത്രി തയാറാകണം. അതോടൊപ്പംതന്നെ, തെറ്റ് തിരുത്തി യാഥാർഥ്യബോധത്തോടെ മദ്യവ്യാപനത്തിനിടവരുന്ന നിലയിലുള്ള മദ്യനയം സമ്പൂർണമായി പിൻവലിക്കാനും കഞ്ചാവും മയക്കുമരുന്നും രാസപദാർഥങ്ങൾ ഉൾപ്പെടുന്ന സർവ ലഹരിവസ്‌തുക്കളും ഇല്ലാതാക്കാനും കുറ്റമറ്റതും ഫലപ്രദവുമായ കൃത്യമായ നടപടികൾ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിലും ജനവിശ്വാസം ആർജിക്കുന്ന രീതിയിലും സ്വീകരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti drug campaign
News Summary - This tragedy is the result of a broken promise
Next Story