തൊഗാഡിയയുടെ വെളിപാടുപുസ്തകം
text_fieldsതീവ്രഹിന്ദുത്വം കളിക്കുന്നതും കൊല്ലും കൊലയും നടത്തുന്നതുമൊക്കെ ഡീസൻറായിട്ടു വേണം. ആജ്ഞാപിക്കുന്ന നേതാക്കൾക്കു വഴങ്ങിവേണം കിങ്കരന്മാർ നിൽക്കാൻ. അല്ലാത്തവർക്ക് പ്രവീൺ തൊഗാഡിയയുടെ ഗതിവരും. വിശ്വ ഹിന്ദു പരിഷത്ത് അഖിലാണ്ഡ വർക്കിങ് പ്രസിഡൻറ് ഡോ. പ്രവീൺ തൊഗാഡിയയെ അടുത്തകാലത്ത് കണ്ടെടുത്തത് ഏതോ പാർക്കിൽനിന്നോ പുറേമ്പാക്കിൽനിന്നോ ആണ്. പള്ളി പൊളിക്കാനും കുടൽമാല എടുക്കാനുമൊക്കെ ചാടിപ്പുറപ്പെട്ടിരുന്ന ഉഗ്രവിഷ മൂർത്തിയാണ് എന്നൊക്കെ പറഞ്ഞിെട്ടന്ത്?
ദയ അർഹിക്കുന്നില്ലെങ്കിലും കഷ്ടമാണ് കാര്യം. വ്യാജ ഏറ്റുമുട്ടലിൽ കൊന്നു വെടിപ്പാക്കാൻ തുപ്പാക്കിയുമായി രാജസ്ഥാൻ, ഗുജറാത്ത് പൊലീസുകാർ തനിക്കുനേരെ ഉന്നം പിടിച്ചു നീങ്ങുകയാണെന്ന് തൊഗാഡിയ ലോകത്തോട് വിളിച്ചുപറഞ്ഞു. മരണവാറണ്ടിെൻറ വിവരം കേട്ട പാതി കേൾക്കാത്ത പാതി, കിട്ടിയ ഒാേട്ടാറിക്ഷയിൽ ചാടിക്കയറി എവിേടക്കെന്നില്ലാതെ പായുകയായിരുന്നു ഹിന്ദുത്വ വിപ്ലവനായകൻ. ഏതു ഹിന്ദുത്വ വിപ്ലവകാരിക്കുമുണ്ട് ജീവഭയം. പൊലീസിെൻറ േതാക്കിനുനേരെ വിരിച്ചു നിൽക്കാനുള്ളതല്ല തൊഗാഡിയയുടെ 56 ഇഞ്ച് നെഞ്ച്. മുന്തിയ ഇനം സെഡ്^കാറ്റഗറി സുരക്ഷ ഉപേക്ഷിച്ച് ജീവനും വാരിപ്പിടിച്ചുള്ള ആ ഒാട്ടത്തിനൊടുവിലാണ് പാർക്കിലെ ചാരുബെഞ്ചിൽനിന്ന് അബോധാവസ്ഥയിൽ കണ്ടുകിട്ടിയത്. ബോധം തെളിഞ്ഞപ്പോൾ തൊഗാഡിയ നാക്കുചുഴറ്റിയതു മുഴുവൻ ഡൽഹിയിലെ ഒരു മേലാളനു നേരെയാണ്. ഇൗ പരാക്രമംകൊണ്ട് തൊഗാഡിയക്ക് ഉണ്ടായ മെച്ചം, ഇനി വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടില്ലെന്ന് ഉറപ്പാക്കിയതാണ്. അങ്ങനെയെങ്ങാൻ കൊല്ലപ്പെട്ടാൽ, തൊഗാഡിയക്ക് പറ്റില്ലെങ്കിലും നാട്ടുകാർ ചോദിക്കും. ആ ബോധം ടിയാെൻറ പിന്നാലെ പാഞ്ഞ പൊലീസുകാർക്ക് ഉണ്ടാകണമെന്നില്ലെങ്കിലും അവരെ പറഞ്ഞുവിട്ടവർക്ക് ഉണ്ടാകാതെ തരമില്ല.
തീവ്രഹിന്ദുത്വത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് വയസ്സുകാലത്ത് അനാഥനാക്കി ആട്ടിയോടിക്കുന്ന പാർട്ടി^ഭരണ അധികാരികളെ വെറുതെവിടാൻ തൊഗാഡിയ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. കണ്ണീരിൽ ചാലിച്ചെഴുതിയ കദനകഥ വൈകാതെ പുസ്തകമായി പുറത്തിറക്കാൻ പോവുകയാണ്. പേര് ‘കാവിബിംബങ്ങൾ: മുഖവും മുഖംമൂടിയും’. അത് പുറത്തുവരുേമ്പാൾ ഇന്ന് സംഘ്പരിവാറിനെ മൊത്തമായും ചില്ലറയായും ൈകയടക്കി വെച്ചിരിക്കുന്നവർ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടാവില്ലെന്നു മാത്രമാണ് തൊഗാഡിയക്കു പറയാനുള്ളത്. ഹിന്ദുത്വത്തിെൻറ മറവിൽ അധികാരത്തിെൻറ കൊത്തളങ്ങളിലേക്ക് കയറിേപ്പാവുകയും ഹിന്ദുത്വത്തെ വഞ്ചിക്കുകയും ചെയ്തവരുടെ മുഖംമൂടിയാണ് പിച്ചിച്ചീന്താൻ േപാകുന്നത്. രാമക്ഷേത്രം, 370ാം വകുപ്പ്, ഏക സിവിൽ കോഡ് എന്നിങ്ങനെ എന്തെന്തു മോഹങ്ങളാണ് വിറ്റത്! പള്ളി പൊളിച്ചിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒന്നു രണ്ട് കല്ലാശാരിമാർ കർസേവകപുരത്തിരുന്ന് കൽത്തൂണു കൊത്തി കാലം കഴിക്കുന്നതല്ലാതെ, അമ്പലമില്ല. വിശ്വ ഹിന്ദു പരിഷത്ത്, ശ്രീരാമസേന എന്നിങ്ങനെ പല ലേബലുകളിൽ വാനരപ്പടയെ നയിക്കുന്നവർക്ക് ഇൗ ഭരണത്തിൽ എന്തു ഗതി? അതൊക്കെയൊന്ന് ഉറക്കെ ചോദിക്കാനാണ് പുസ്തകം.
വിളമ്പുന്നത് തൊഗാഡിയയാണെങ്കിലും, കഥയിൽ കഴമ്പുണ്ടോ എന്ന് സഹൃദയലോകം ചിന്തിക്കാതിരിക്കില്ല. അകത്തള രഹസ്യങ്ങൾ വലിച്ചുവാരിയിട്ടാൽ മുഖം ചളുങ്ങുമെന്ന് ഉറപ്പുള്ള പലരും പൊലീസുകാരുടെ കൈയിൽ തോക്ക് പിടിപ്പിച്ചിട്ടുണ്ടെന്ന് തൊഗാഡിയ സത്യം സത്യമായും വിശ്വസിക്കുന്നു. ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി ഹേരൻ പാണ്ഡ്യ മുതൽ സൊഹ്റാബുദ്ദീൻ ശൈഖ് വരെയുള്ളവരുടെ കൊലപാതകത്തിെൻറ അകംപുറ വർത്തമാനങ്ങൾ അറിയുന്നൊരാൾ വിളിച്ചുപറയുന്ന ഉൾഭയം ഗൗരവത്തോടെയല്ലാതെ കണ്ടുനിൽക്കുന്നവർക്ക് ഉൾക്കൊള്ളാനുമാവില്ല.
പുറേമ്പാക്കിലായ തൊഗാഡിയക്കല്ല, ഡൽഹിയിലെ മേലാളനാണ് സംഘ്പരിവാറിലും ബി.ജെ.പിയിലും ഏതുനിലക്കും താരമൂല്യം. വ്യാജ ഏറ്റുമുട്ടൽ നടത്തിയില്ലെങ്കിലും, കുതികാൽ വെട്ട് ഉറപ്പ്. വി.എച്ച്.പിയിൽ തൊഗാഡിയ കറിവേപ്പിലയാകുന്നത് വൈകാതെ കാണേണ്ടിവരും. നേരേത്ത അതിനു ശ്രമിക്കാതിരുന്നില്ല. പക്ഷേ, അന്നേരം വിജയിച്ചത് തൊഗാഡിയയാണ്. എന്നാൽ ഇനിയങ്ങോട്ട് ആർ.എസ്.എസിെൻറ പിന്തുണ ഉറപ്പാക്കിയുള്ള കരുനീക്കമാണ് നടക്കാൻ പോകുന്നത്. തൊഗാഡിയയെ സഹായിക്കുന്ന വി.എച്ച്.പി ഇൻറർനാഷനൽ പ്രസിഡൻറ് രാഘവ് റെഡ്ഢി, ഭാരതീയ മസ്ദൂർ സംഘ് ജനറൽ സെക്രട്ടറി വിർജേഷ് ഉപാധ്യായ എന്നിവരുടെയും കസേര കമണ്ഡലാദികൾ തെറിക്കും. ഫെബ്രുവരി അവസാനം നടക്കാൻപോകുന്ന വി.എച്ച്.പി നിർവാഹകസമിതി യോഗം പ്രസിഡൻറിെൻറയും അനുചരവൃന്ദത്തെയും മാറ്റുമെന്നാണ് വിവരം. പൊതുതെരഞ്ഞെടുപ്പിനു മുമ്പ് സംഘ്പരിവാറിനുള്ളിലെ കലഹങ്ങൾ തീർത്തെടുത്ത് മോദിക്ക് വീണ്ടുമൊരു ഉൗഴം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ആർ.എസ്.എസും മറ്റും. കൊല്ലാൻ വരുന്നേ എന്ന തൊഗാഡിയൻ വിലാപം ഇൗ നീക്കത്തിന് ആക്കം പകരുന്നു. മോദിയും തൊഗാഡിയയും കീരിയും പാമ്പുമാണെന്ന കാര്യം ഒരു രഹസ്യമല്ല.
തൊഗാഡിയക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആർ.എസ്.എസ് നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കാൻ തൊഗാഡിയ കളിച്ചു എന്നതിന് തേൻറതായ തെളിവുകളും മോദി കൊടുത്തിട്ടുണ്ട്. പേട്ടൽ പ്രക്ഷോഭ നേതാവ് ഹാർദിക് പേട്ടലിന് ഒത്താശകൾ ചെയ്ത് ബി.ജെ.പിയെ വിയർപ്പിക്കാൻ തേൻറതായ സംഭാവനകൾ തൊഗാഡിയ ചെയ്തുവെന്നാണ് മോദിയും അമിത് ഷായും കണ്ടെത്തിയിട്ടുള്ളത്. ഇത് 2019ൽ ആവർത്തിക്കാൻ കെൽപില്ലാത്തവിധം തല്ലിച്ചതക്കാതെ വയ്യെന്നാണ് തീരുമാനമെങ്കിൽ, തൊഗാഡിയയെ അബോധാവസ്ഥയിൽ പാർക്കിൽനിന്ന് കണ്ടെടുക്കാതെ വയ്യ. സാക്ഷാൽ എൽ.കെ. അദ്വാനിവരെ മോദിക്കു മുമ്പിൽ ചുരുണ്ടുകൂടിയത് തൊഗാഡിയ അറിയാത്തതാവില്ല. മുരളി മനോഹർ ജോഷിയും യശ്വന്ത്സിൻഹയും അരുൺ ഷൂരിയും ഗോവിന്ദാചാര്യയുമൊക്കെ ഒന്നുമല്ലാതായി. ഒത്തിരി കാലം മോദിക്കൊപ്പം നടന്ന, പോരും പാരയും തന്ത്ര കുതന്ത്രങ്ങളുമെല്ലാം നന്നായറിയുന്ന, ബി.ജെ.പി മുൻ ജനറൽ സെക്രട്ടറി സഞ്ജയ് ജോഷി പോലും തോറ്റമ്പി മൂലക്കായി.
മോദ്യായ നമഃ എന്ന് ജപിക്കുന്നവർക്ക് അവസരങ്ങൾ ഉണ്ടുതാനും. ഗുജറാത്തിൽ മുഖ്യമന്ത്രിപ്പണി ഏൽപിച്ചുകൊടുത്തപ്പോഴും തിരിച്ചെടുത്തപ്പോഴും തെരഞ്ഞെടുപ്പു വീണ്ടും കഴിഞ്ഞപ്പോഴുമൊക്കെ അടങ്ങിയൊതുങ്ങിനിന്ന ആനന്ദിബെൻ പേട്ടലാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. മധ്യപ്രദേശിൽ ഗവർണറാകുന്നതിനപ്പുറം ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം? മോഹിക്കുന്നതു കിട്ടാനല്ല, കിട്ടുന്നതുകൊണ്ട് മോഹിക്കാനാണ് പഠിക്കേണ്ടത്. കോൺഗ്രസിൽ കലഹിക്കാൻ മുന്നിൽനിന്ന നജ്മ ഹിബത്തുല്ല ബി.ജെ.പിയിലെത്തിയപ്പോൾ എത്ര അടങ്ങിയൊതുങ്ങിയെന്നും മന്ത്രിയും പിന്നെ ഗവർണറുമായെന്നും നോക്കുക. അത്തരം ഗവർണർമാരാകെട്ട, കണ്ടറിഞ്ഞു ചെയ്യുന്നുമുണ്ട്. തങ്ങളെ രാജ്ഭവനുകളിൽ കുടിയിരുത്തിയതിെൻറ കൂറാണ് പ്രധാനം. ഭരണഘടന പദവിയുടെ മൂല്യബോധമൊന്നുമല്ല. ത്രിപുരയിൽ ഇരിക്കുന്ന തഥാഗത റോയി മുഖ്യമന്ത്രിയെ മറികടന്ന് ചീഫ് സെക്രട്ടറിെയയും ഡി.ജി.പിെയയുമൊക്കെ വിളിച്ചുവരുത്തുകയും തെരഞ്ഞെടുപ്പു കാര്യങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിനെ കാണുകയുമൊക്കെ ചെയ്യുന്നു.
അത് ഗവർണറുടെ രാഷ്ട്രീയ മുഖം. സംഘടനാ മുഖം വേറെയുണ്ട്. ആർ.എസ്.എസ് പിന്തുണയുള്ള സംഘടന നടത്തുന്ന വിവാദ അതിർത്തി സുരക്ഷാ യോഗത്തിൽ പെങ്കടുക്കാനുള്ള പശ്ചിമ ബംഗാൾ, ത്രിപുര ഗവർണർമാരുടെ തീരുമാനം അതിന് ഉദാഹരണം. കൊൽക്കത്തയിൽ ഫെബ്രുവരിയിൽ സീമന്ത ചേതനാ മഞ്ച് നടത്തുന്ന അതിർത്തി സുരക്ഷാ യോഗത്തിെൻറ ലക്ഷ്യം, ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം, പശുക്കടത്ത് എന്നിവ ഉയർത്തിക്കാണിക്കുകയാണ്. ഭരണഘടന പദവിയിലിരിക്കുന്നവർ ആർ.എസ്.എസ് സമ്മേളനത്തിന് പോകുന്നത് ചട്ട വിരുദ്ധമാണ്. അതിർവരമ്പുകൾ കിളച്ചു മറിക്കുന്നതിന് വേറെയുമുണ്ട് ഉദാഹരണങ്ങൾ. ത്രിപുര രാഷ്ട്രീയതന്ത്രം ചർച്ചചെയ്യാൻ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിെൻറ വസതിയിൽ വിളിച്ച ബി.ജെ.പി^ആർ.എസ്.എസ് നേതൃയോഗത്തിൽ പെങ്കടുത്ത പ്രധാനികളിൽ ഒരാൾ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ്.
വാജ്പേയി പ്രധാനമന്ത്രിയായപ്പോൾ ബി.ജെ.പി അംഗത്വം രാജിവെച്ചശേഷമാണ് ബ്രജേഷ് മിശ്ര ദേശീയ സുരക്ഷ ഉപദേഷ്ടാവായതെന്ന കാര്യം ഇതിനൊപ്പം ചേർത്തുവായിക്കണം. ഇന്ത്യയുടെ രാഷ്ട്രീയവും കാവിരാഷ്ട്രീയവും ഇങ്ങനെയെല്ലാം രൂപാന്തരം പ്രാപിച്ചിരിക്കുന്നു. രാഷ്ട്രീയ ഭരണ സംവിധാനങ്ങളെ അപ്പാടെ കൈപ്പിടിയിലൊതുക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നതിനിടയിൽ മോദിയും ആർ.എസ്.എസുമാണ് ഇന്ന് പരസ്പര പൂരകങ്ങൾ. വി.എച്ച്.പിയും ശ്രീരാമസേനയും ഇതര സംഘ്പരിവാർ ശാർദൂലവിക്രീഡിതങ്ങളുമൊക്കെ ആജ്ഞാനുവർത്തികൾ മാത്രം. പണ്ടത്തെ നിയന്ത്രക വേഷമൊന്നുമില്ല. അതിനൊത്തു നിന്നില്ലെങ്കിൽ, തൊഗാഡിയയെ മാത്രമല്ല, ടിയാെൻറ വെളിപാടുപുസ്തകവും പുറേമ്പാക്കിൽനിന്ന് കണ്ടെടുക്കേണ്ടി വന്നേക്കാം. ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.