പ്രതിമധ്വംസനവും ശ്രീശ്രീ ഭീഷണിയും ഇതോ അച്ഛേ ദിൻ?
text_fieldsത്രിപുരയിൽ അധികാരമേറും മുേമ്പ ബി.ജെ.പി വിവാദത്തിലേക്ക് കടന്നുകഴിഞ്ഞു. തലസ്ഥാനമായ അഗർതലയിൽ നിന്ന് 90 കിലോമീറ്റർ അകലെ ബെലോനിയയിൽ സ്ഥാപിച്ചിരുന്ന റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് ലെനിെൻറ പ്രതിമ ആളുകൾ ബുൾഡോസർ ഉപയോഗിച്ച് തള്ളിയിടുന്നതിെൻറ ദൃശ്യങ്ങൾ തിങ്കളാഴ്ച വൈകീട്ട് പുറത്തുവന്നുതുടങ്ങി. ‘ഭാരത് മാതാ കീ ജയ്’ വിളികളോടെ ആക്രമികൾ നടത്തിയ അഴിഞ്ഞാട്ടത്തിനുപിന്നിൽ ബി.െജ.പി പ്രവർത്തകരാണെന്ന് സി.പി.എം ആരോപിക്കുന്നു. കാവിപ്പാർട്ടി അത് നിഷേധിച്ചിട്ടുണ്ട്. സംസ്ഥാനത്തിെൻറ മറ്റു ഭാഗങ്ങളിലും അക്രമം വ്യാപിച്ചതോടെ പൊലീസ് 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ത്രിപുര ഗവർണർ തഥാഗത േറായിയുമായും പൊലീസുമായും ബന്ധപ്പെടുകയും പുതിയ ഗവൺമെൻറ് നിലവിൽ വരുന്നതുവരെ ത്രിപുരയിൽ അക്രമം തടയാനാവശ്യമായത് ചെയ്യണമെന്ന് ആവശ്യെപ്പടുകയും ചെയ്തിരിക്കുന്നു.
ബുൾഡോസർ ഒാടിച്ചിരുന്നയാളെ പിടികൂടി ജാമ്യത്തിൽ വിട്ടതായി ത്രിപുര പൊലീസ് പറഞ്ഞു. സംഭവത്തിൽ പാർട്ടിപ്രവർത്തകരുടെ പങ്ക് നിഷേധിക്കുേമ്പാഴും അക്രമത്തെ ന്യായീകരിക്കുന്ന ചില ശബ്ദങ്ങൾ പാർട്ടിയിൽ അങ്ങിങ്ങായി ഉയർന്നുകേൾക്കുന്നുണ്ട്. വർഷങ്ങളായി ഇൗ പ്രതിമയുടെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടായിരുന്നുവെന്ന് ബി.ജെ.പി ദക്ഷിണ ജില്ല സെക്രട്ടറി രാജുനാഥ് പറയുന്നു. ബെലോനിയയിൽ കണ്ടത് പൊതുജന രോഷമാണെന്നാണ് ബി.ജെ.പിവക്താവ് സുബ്രത ചക്രബർത്തിയുടെ കമൻറ്. വിദേശിയും ഭീകരനുമാണ് ലെനിനെന്നും സി.പി.എം വേണമെങ്കിൽ അയാളുടെ പ്രതിമ സ്വന്തം ഒാഫിസിൽ സ്ഥാപിച്ചുകൊള്ളെട്ട എന്നുമായിരുന്നു പാർട്ടി എം.പി സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം. ബി.െജ.പി നേതാവ് റാം മാധവ് പ്രതിമ പൊളിക്കുന്ന പടം കൊടുത്ത് ഇട്ട കമൻറ് അവസാനിപ്പിച്ചത് ‘ചലോ പാൽതായ്’ (നമുക്കു മാറാം) എന്ന മുദ്രാവാക്യവുമായാണ്. പ്രശ്നം വിവാദമായതോടെ റാം മാധവ് അത് ഡിലീറ്റ് ചെയ്ത് മുങ്ങി.
അത്യന്തം വഷളായ പ്രതികരണം ത്രിപുര ഗവർണർ തഥാഗത േറായിയുടേതായിരുന്നു. വർഗീയ മതഭ്രാന്തൻ ജൽപനങ്ങൾ ഇടക്കിടെ ട്വിറ്ററിൽ കുറിക്കാറുണ്ട് അദ്ദേഹം. ഗവർണർ എന്ന നിലയിൽ സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാൻ ബാധ്യസ്ഥനാണ് അദ്ദേഹം, വിശേഷിച്ചും ഒരു ഭരണം മാറി അടുത്തത് വരുന്നതുവരെയുള്ള ഇടക്കാലയളവിൽ. എന്നാൽ, അക്രമത്തെ അപലപിക്കുന്നതിനുപകരം റോയ് അതിന് ന്യായീകരണം ചമക്കുകയായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ചെയ്യുന്നത് ജനാധിപത്യത്തിലൂടെ ഭരണത്തിലേറുന്ന മറ്റൊരു ഗവൺമെൻറിന് അസാധുവാക്കാം എന്നായിരുന്നു അദ്ദേഹത്തിെൻറ ട്വീറ്റ്. മാർച്ച് ഒമ്പതുവരെ ത്രിപുരയിലെ ബി.െജ.പിസർക്കാർ സ്ഥാനമേൽക്കുന്നില്ലെന്ന് ഒാർക്കണം. ബി.ജെ.പിയാകെട്ട, ഇൗ അക്രമത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. എന്നിരിക്കെ, ഏതു ജനാധിപത്യ ഭരണകൂടത്തെക്കുറിച്ചാണ് റോയി സംസാരിക്കുന്നത്?
അക്രമത്തെ ന്യായീകരിക്കുകവഴി കൂടുതൽ അക്രമത്തിന് പ്രോത്സാഹനം നൽകുകയും അതിനെയൊക്കെ ബഹുജനരോഷമായി ചിത്രീകരിക്കുകയുമാണ് ഗവർണർ ചെയ്യുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം കാത്തുസൂക്ഷിക്കാൻ ഉത്തരവാദപ്പെട്ട ഒരു വ്യക്തി കേന്ദ്ര ആഭ്യന്തരമന്ത്രിയെ പ്രശ്നത്തിൽ ഇടപെടുവിക്കുന്ന വിധത്തിൽ ഫാഷിസ്റ്റ് നിലപാടുമായി രംഗത്തുവന്നതാണ് ആശ്ചര്യജനകം. പഴയ ട്വിറ്റർ കമൻററിക്കുശേഷവും ഗവർണർ സ്ഥാനത്ത് ഇദ്ദേഹം ഇനിയും തുടരുന്നുവെങ്കിൽ ആ പദവിക്കുള്ള റോയിയുടെ അർഹത കേന്ദ്രം അത്ര ഗൗനിക്കുന്നില്ല എന്നു തന്നെയാണ്.
ഇൗ വിഷയത്തെക്കുറിച്ച് ബി.ജെ.പിക്കാരും അവരുടെ സഹകാരികളും ഇപ്പോൾ ഒാൺൈലൻ ചർച്ചകളിൽ ലെനിനെക്കുറിച്ചും അദ്ദേഹത്തിെൻറ പ്രതിമക്ക് ഇന്ത്യയിലെ സാംഗത്യെത്തക്കുറിച്ചുമൊക്കെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് വിഷയത്തെ വഴിതിരിച്ചുവിടാനുള്ള സൂത്രമാണ്. പുതിയ സർക്കാർ ജനാധിപത്യപരമായും നിയമാനുസൃതമായും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനെ, അത് ഇടതുപക്ഷത്തിന് അപരാധമായി തോന്നിയാൽ പോലും ആരും എതിർക്കില്ല. എന്നാൽ, റോയിയും ബി.ജെ.പിയും ആൾക്കൂട്ട അതിക്രമവും ഗുണ്ടായിസവും തടയാൻ വല്ലതും ചെയ്യുന്നുണ്ടോ അതോ, ജനക്കൂട്ടം എവിടെ എന്തു ചെയ്താലും അതിനു ന്യായം ചമച്ച് ക്രമസമാധാനത്തിെൻറ പേരിൽ അധരവ്യായാമം നടത്തുക മാത്രമാണോ എന്നതാണ് ചോദ്യം. സംഭവിക്കുന്നത് അവസാനം പറഞ്ഞതാണ്.
ആൾക്കൂട്ടത്തിെൻറ ആവേശങ്ങൾ
ഭൂരിപക്ഷാധിപത്യത്തിെൻറ ഫാഷിസ്റ്റ് വീക്ഷണം രാജ്യത്തിെൻറ പല ഭാഗത്തും കണ്ടുവരുന്നതുപോലെ, കൂടുതൽ വ്യാപകമായിത്തീരുന്നത് അത്യന്തം അപകടകരമാണ്. മുമ്പ് ബി.ജെ.പിക്കാർ ഇടതുഗവൺമെൻറുകളെ എതിർത്തുപോന്നത് ഇത്തരം ചിന്താഗതികളുടെ പേരുപറഞ്ഞാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി കാലികളെ കടത്തുന്ന മുസ്ലിംകൾക്കെതിരെ നടന്ന ആക്രമണങ്ങൾ ന്യായീകരിക്കപ്പെട്ടത് ‘അത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നു’ എന്നു പറഞ്ഞാണ്. ഇപ്പോൾ തമിഴ്നാട്ടിലെ ബി.ജെ.പി അതാ, തമിഴ്ചിന്തകനും ദ്രാവിഡപ്രസ്ഥാനത്തിെൻറ സ്ഥാപകനുമായ പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കരുടെ പ്രതിമകൾ പൊളിക്കുകയാണ് അടുത്തപടിയെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്തരം പ്രസ്താവനകൾ അപലപിക്കെപ്പടാത്തതോ പോകെട്ട, അതിന് കൂടുതൽ പിന്തുണയും കരുത്തും പകരാൻ നടത്തുന്ന ശ്രമങ്ങൾ എവിടെയും ഭൂരിപക്ഷാധിപത്യചിന്താഗതിയെ വളർത്തുകയേ ഉള്ളൂ. ആർട്ട് ഒാഫ് ലിവിങ് ആചാര്യൻ, അനുയായികൾ ശ്രീ ശ്രീ ആയി ഗണിക്കുന്ന രവിശങ്കർ ഇൗയാഴ്ച ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിൽ പറഞ്ഞത് നോക്കുക.
ബാബരി മസ്ജിദ് കേസിൽ സമാധാനദല്ലാളാകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. രാമെൻറ ജന്മസ്ഥലമായി തങ്ങൾ കണക്കാക്കുന്ന സ്ഥലത്തുള്ള പള്ളി ഹിന്ദുത്വർ ആൾക്കൂട്ട ധ്വംസനത്തിനിടയാക്കിയ സംഭവം കൂടിയുൾപ്പെട്ടതാണ് കേസ്. നൊബേൽ സമാധാനസമ്മാനം ലക്ഷ്യമിട്ടായാലും അല്ലെങ്കിലും തെൻറ നീക്കത്തെ വിവേകപൂർവമായ സമീപനമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യ ടുഡേ ന്യൂസ് ചാനലിനുള്ള അഭിമുഖത്തിൽ തെൻറ ഭാഗം സമർഥിക്കാൻ അദ്ദേഹം ഉന്നയിച്ച വാദം വിസ്മയകരമാണ്. ഇപ്പോൾ അയോധ്യയിലെ ഭൂവുടമസ്ഥത സംബന്ധിച്ച് സുപ്രീംകോടതിയിൽ ഇരിക്കുന്ന കേസിൽ ഏതു തരം വിധി വന്നാലും അത് സിറിയയിലേതിനുസമാനമായ ആഭ്യന്തരയുദ്ധത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കുമെന്നായിരുന്നു രവിശങ്കറിെൻറ മുന്നറിയിപ്പ്. ‘‘കോടതിവിധി ക്ഷേത്രത്തിനെതിരായാൽ ഇവിടെ രക്തച്ചൊരിച്ചിലുണ്ടാകും. ഹിന്ദുഭൂരിപക്ഷം അത് അനുവദിക്കുമെന്ന് കരുതുന്നുണ്ടോ?’’-അദ്ദേഹം േചാദിച്ചു. ബി.ജെ.പി പൊതുവായി ഇൗ വാദം തള്ളിയെങ്കിലും അനുയായികൾക്കിടയിൽ യോഗി എന്നറിയപ്പെടുന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിെൻറ പിന്തുണ തനിക്കുള്ളതായി ആത്മീയനേതാവ് അവകാശപ്പെടുന്നുണ്ട്.
ഇത് ജനാധിപത്യമാണ്, ഭൂരിപക്ഷാധിപത്യമല്ല
രവിശങ്കറിെൻറ പ്രയത്നം വഴിതെറ്റിയോ, അദ്ദേഹത്തിെൻറ വാദം തള്ളിക്കളയേണ്ടതോ എന്നതൊന്നുമല്ല കാര്യം. ഹിന്ദു ഭൂരിപക്ഷം ഇത് അനുവദിക്കുമോ എന്നതല്ല, ക്രമസമാധാനപാലനത്തിന് ഉത്തരവാദിത്തമുള്ള ഗവൺമെൻറ് ഭൂമി സംബന്ധിച്ച പരമോന്നത കോടതിവിധി അംഗീകരിക്കുമോ എന്നതാണ് ചോദ്യം. സുപ്രീംകോടതി വിധി ആരും ചെവിക്കൊള്ളില്ലെന്നും നിയമയുദ്ധത്തിനൊടുവിൽ കാര്യങ്ങൾ കൈവിട്ടു പോകും മുമ്പ് കക്ഷികളെല്ലാം കോടതിക്കു പുറത്തുള്ള പ്രശ്നപരിഹാരത്തിന് തയാറാകണമെന്നുമാണ് രവിശങ്കറിെൻറ ഉള്ളിലിരിപ്പ്. ഒരു ഭീഷണിയായിട്ടാവില്ല അദ്ദേഹം അഭിപ്രായം പറഞ്ഞതെങ്കിലും അതിെൻറ ധ്വനി മറിച്ചല്ല.
1984 ലെ സിഖ്വിരുദ്ധ കലാപം, ബാബരിമസ്ജിദ് ധ്വംസനം, 2002ലെ ഗുജറാത്ത് വംശഹത്യ തുടങ്ങി ആൾക്കൂട്ടം മുമ്പും പറഞ്ഞറിയിക്കാനാവാത്ത അതിക്രമങ്ങൾ ചെയ്തുകൂട്ടിയ നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഭരണകൂടങ്ങളുടെയോ രാഷ്ട്രീയപാർട്ടികളുടെയോ പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണേയാടെയായിരുന്നു അതൊക്കെയും നടന്നത്. സർക്കാറുകൾ അതിക്രമങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചപ്പോഴൊക്കെ- 2002 നുശേഷം താൻ ഗുജറാത്തിൽ അത് ചെയ്തു എന്നാണല്ലോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം- അതിെൻറ കെടുതികൾ കുറക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഭൂരിപക്ഷവികാരത്തെ കെട്ടഴിച്ചുവിട്ടുകൊണ്ടുള്ള കൈവിട്ടകളിക്ക് ബി.ജെ.പി മുതിരുന്നത് അപകടകരമാണ്. ഇപ്പോൾ അത് താൽക്കാലികമായി പാർട്ടിക്ക് അനുകൂലമായി ഭവിച്ചേക്കാം. എന്നാൽ, പൊതുസ്മാരകങ്ങൾ കൊണ്ട് ജനത്തിന് തോന്നിയത് ചെയ്യാമെന്നും നിയമവ്യവഹാരത്തെ ഏതുവിധേനയും അവർക്ക് സ്വാധീനിക്കാമെന്നും വരുന്ന രീതിയിൽ ഇൗ ചെയ്തികൾ പൊതുവത്കരിക്കപ്പെട്ടാൽ അത് രാജ്യത്തിെൻറ ജനാധിപത്യസംവിധാനത്തിന് ഭീഷണിയായി മാറുമെന്ന് മറക്കരുത്.
(ഒാൺലൈൻ മാധ്യമമായ ‘സ്ക്രോൾ ഡോട്ട് ഇൻ’ൽ അസോസിയേറ്റ് എഡിറ്ററായ ലേഖകൻ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.